ആന്തിസ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് ആന്തിസ്. പടിഞ്ഞാറൻ തീരത്തിനു സമാന്തരമായി ഉയർന്ന ഭൂമേഖലകളുടെ ശൃംഖലകളായാണ് ഇത് നിലകൊള്ളുന്നത്. 7000 കി.മീറ്ററിൽ കൂടുതൽ നീളമുണ്ട് ഇതിന്, 200 കിമീ മുതൽ 700 കി.മീ. വരെ വീതിയും ഇതിനുണ്ട്. ശരാശരി ഉയരം 4000 മീറ്ററാണ് (13,000 അടി). ഭൗമോപരിതലത്തിലുള്ള ഏറ്റവും നീളം കൂടീയ
പർവ്വതനിരയാണ് ആന്തിസ്.
ആന്റീസ്
പർവ്വതനിര | |
Range | |
Aerial photo of a portion of the Andes between Argentina and Chile | |
പട്ടണങ്ങൾ | ബൊഗോട്ട, La Paz, സാന്റിയാഗൊ, Quito, Cusco, Mérida |
---|---|
Coordinates | 32°S 70°W |
Highest point | അകൊൻകാഗ്വ |
- location | അർജന്റീന |
- ഉയരം | 6,962 മീ (22,841 അടി) |
നീളം | 7,000 കി.മീ (4,350 മൈ) |
വീതി | 500 കി.മീ (311 മൈ) |
ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ പരവ്വതനിരയാണ് ആന്തിസ്. ഇതിലുള്ള ഉയരം കൂടിയ കൊടുമുടിയായ അകൊൻകാഗ്വയ്ക്ക് സമുദ്രനിരപ്പിൽ നിന്ന് 6,962 മീ ഉയരമുണ്ട്. ഇക്വഡോറിലെ ആന്തിസിലുള്ള ചിംബോറാസോ കൊടുമുടിയുടെ മേലഗ്രമാണ് ഭൂമിയുടെ ഉപരിതലത്തിൽവെച്ച് കേന്ദ്രത്തിൽ നിന്നും ഉപരിതലത്തിലെ ഏറ്റവും അകലെയുള്ള ഭാഗം, ഭൂമധ്യരേഖ ഭാഗം തള്ളി നിൽക്കുന്നതാണിതിനു കാരണം.
ആന്തിസിനെ മൂന്നു ഭാഗങ്ങളായി തിരിക്കാം: അർജന്റീന ചിലി എന്നീ രാജ്യങ്ങളിലായി സ്ഥിതിചെയ്യുന്ന ദക്ഷിണ ആന്തിസ്; ചിലിയിലേയും പെറുവിലേയും പർവ്വതശിഖരങ്ങളും ബൊളീവിയയുടേ ഭാഗങ്ങളും ഉൾപ്പെടുന്ന മധ്യ ആന്തിസ്; വെനസ്വേല, കൊളംബിയ, ഉത്തര ഇക്വഡോർ എന്നിവടങ്ങളിലുള്ള രണ്ട സമാന്തര നിരകളോടുകൂടിയ ഉത്തര ആന്തിസ്, കോർഡിലെറ ഓക്സിഡെന്റൽ, കോർഡിലെറ ഓറിയെന്റൽ ഇവയാണ് രണ്ട് സമാന്തര നിരകൾ. കൊളംബിയയിൽ ഇക്വഡോറിന്റെ വടക്കൻ അതിർത്തിയോട് ചേർന്ന് ഭാഗത്ത് ആന്തിസ് പടിഞ്ഞാറൻ, മധ്യം, കിഴക്കൻ എന്നിങ്ങനെ മൂന്ന് സമാന്തര നിരകളായി നിലകൊള്ളുന്നു. കിഴക്കൻ നിര മാത്രമേ വെൻസ്വേല വരെ നീണ്ടു കിടക്കുന്നുള്ളൂ. പാശം (കയർ) എന്നർത്ഥം വരുന്ന സ്പാനിഷ് വാക്കിൽ നിന്നാണ് കോർഡിലെറ എന്ന വാക്കിന്റെ ഉൽഭവം. ബൊളീവിയയിലെ വളവിലൊഴികെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഏകദേശം 200 കി.മീ. വീതിയുണ്ട് ആന്തിസിന്, ബൊളീവിയൻ ഭാഗത്ത് 640 കി.മീ. ആണ് വീതി.
വിവർത്തനിക (tectonic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്ന പർവതനിരയാണ് ആൻഡീസ്. ആൻഡീസ് നിരകൾ വിവർത്തനിക പ്രക്രിയകളിലൂടെ മടക്കി ഉയർത്തപ്പെട്ടപ്പോൾ തന്നെ സമീപസ്ഥങ്ങളായ സമുദ്രതടപ്രദേശം ഭൂഭ്രംശത്തിനു വിധേയമായി അടിഞ്ഞുതാണതാണ് ആൻഡീസിന്റെ താരതമ്യേനയുള്ള ഉയരക്കൂടുതലിനു കാരണമെന്ന് ഭൂവിജ്ഞാനികൾ കരുതുന്നു.
പൊതുവേ നോക്കുമ്പോൾ മടക്കുപർവതങ്ങളാണെങ്കിലും ആൻഡീസിന്റെ വിവിധഭാഗങ്ങൾതമ്മിൽ സംരചനാപരമായി പ്രകടമായ വ്യത്യാസമുണ്ട്. എല്ലാഭാഗത്തും തന്നെ നിർജീവഅഗ്നിപർവതങ്ങൾ കാണാം. പഴക്കംചെന്ന പ്രീകാമ്പ്രിയൻ ശിലാസമൂഹങ്ങൾക്കു മുകളിലാണ് ആഗ്നേയശിലകളും അവസാദശിലകളും ഉൾക്കൊള്ളുന്ന നൂതന ശിലാക്രമങ്ങൾ രൂപംകൊണ്ടിട്ടുള്ളത്.
ആൻഡീസ് പർവതനം (orogeny) ആരംഭിച്ചത് ക്രിട്ടേഷ്യസ് യുഗത്തിന്റെ അവസാനത്തോടെയാണെന്നു കരുതപ്പെടുന്നു. ഈ കാലഘട്ടത്തിൽ വൻകരയുടെ പശ്ചിമതീരം ഒന്നാകെത്തന്നെ പ്രോത്ഥാനവിധേയമാവുകയും മടക്കുപർവതങ്ങൾ ഉണ്ടാവുകയും ചെയ്തു. തുടർന്നുള്ള സീനോസോയിക് യുഗത്തിൽ വ്യാപകമായ അപരദനംമൂലം, ഈ മടക്കുപർവതങ്ങളുടെ എല്ലാഭാഗത്തും തന്നെ വിശിഷ്യാ മധ്യഭാഗങ്ങളിൽ സമതലങ്ങൾ രൂപംകൊണ്ടു. സീനോസോയിക് യുഗത്തിന്റെ അവസാനഘട്ടത്തിൽ പ്രോത്ഥാനപ്രക്രിയകൾ വീണ്ടും സജീവമായി, മേല്പറഞ്ഞ സമതലങ്ങൾ 1,000-2,500 മീ. ഉയർത്തപ്പെട്ടു. പ്ലയോസീൻ-പ്ലീസ്റ്റോസീൻ കാലഘട്ടങ്ങളിലും വലനം (folding) മൂലം ആൻഡീസിലെ പല ഭാഗങ്ങളും മടങ്ങി ഉയർന്നു. ഇപ്പോഴും ഒരു ഭൂകമ്പമേഖലയായി തുടരുന്ന ആൻഡീസ് പ്രദേശത്ത് പർവതനപ്രക്രിയകൾ തീർത്തും അവസാനിച്ചിട്ടില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു.
പ്ലീസ്റ്റോസീൻ യുഗത്തിൽ ആൻഡീസിന്റെ തെക്കൻ ഭാഗങ്ങളിൽ ഒന്നാകെയും മറ്റുയർന്ന ഭാഗങ്ങളിലും വ്യാപകമായ ഹിമബാധയുണ്ടായിരുന്നുവെന്നതിന് ഇന്ന് നിലവിലുള്ള ശതക്കണക്കിന് ഹിമാനീഭൂതതടാകങ്ങൾ സാക്ഷ്യം വഹിക്കുന്നു.
ആൻഡീസ് മേഖലയെ പാറ്റഗോണിയാ പ്രദേശം, ദക്ഷിണ ചിലിപ്രദേശം, പ്യൂണാ ദെ അറ്റക്കാമ, മധ്യ ആൻഡീസ്, ഉത്തര ആൻഡീസ് എന്നീ ഉപമേഖലകളായി വിഭജിക്കാവുന്നതാണ്. എന്നാൽ ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ ദക്ഷിണ-മധ്യ-ഉത്തര മേഖലകളായി തിരിക്കുകയാണ് സൗകര്യപ്രദം.
ദക്ഷിണ അക്ഷാശം 30oമുതൽ വൻകരയുടെ തെക്കേ അറ്റം വരെയുള്ള പർവതപ്രദേശം ഈ മേഖലയിൽപ്പെടുന്നു. അവിച്ഛിന്നമായി ഒരേ പർവതപംക്തിയായി കാണുന്നുവെന്നതാണ് ഈ ഭാഗത്തിന്റെ സവിശേഷത. ആൻഡീസിലെ ഏറ്റവും ഉയർന്നതും നന്നേ താണതുമായ ഭാഗങ്ങളെ ഉൾക്കൊള്ളുന്നതും ഈ മേഖലതന്നെ. ഇതിന്റെ തെക്കേ അറ്റം ഹിമബാധയ്ക്കു വിധേയമാണ്. ഹിമാനീകൃതതടാകങ്ങളും മഞ്ഞുമൂടിയ പർവതശിഖരങ്ങളും സമുദ്രതീരത്തോളം തുടർന്നുകാണുന്ന ഹിമാനികളുമൊക്കെച്ചേർന്ന ഈ ഭൂവിഭാഗം ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. എന്നാൽ, പരിഷ്കൃതജനപദങ്ങളിൽ നിന്നും വളരെയകലത്തായി സ്ഥിതിചെയ്യുന്നതിനാൽ സന്ദർശകരുടെ സംഖ്യ തുലോം കുറവായിരിക്കുന്നു.
പാറ്റഗോണിയാ പ്രദേശത്തുദ്ഭവിച്ച് പസിഫിക്കിലേക്കൊഴുകുന്ന അനേകം ചെറു നദികളുണ്ട്. ചിലിക്കും അർജന്റീനയ്ക്കുമിടയ്ക്കുള്ള ഉസ്പലാതാ മലമ്പാതയും (4,230 മീ.), പ്രസ്തുത രാജ്യങ്ങൾ തമ്മിലുണ്ടായിരുന്ന അതിർത്തിപ്രശ്ന പരിഹാരാർഥം സ്ഥാപിക്കപ്പെട്ടിട്ടുള്ള ആൻഡീസിലെ ക്രിസ്തുരൂപവും (Christ of the Andes-സ്ഥാപനം 1904 മാ. 13) ഈ മേഖലയിലാണ്. ബ്യൂനസ് അയർസും വാൽപറൈസോയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാത ഈ മേഖലയിലൂടെ കടന്നുപോകുന്നു. ജനസാന്ദ്രത വളരെ കുറവായ ഒരു പ്രദേശമാണിത്.
പശ്ചിമ ആൻഡീസ്, ആൾട്ടിപ്ലെനോ, പ്യൂണാ ദെ അറ്റക്കാമ, പെറു, ഇക്വഡോർ എന്നീ രാജ്യങ്ങളിലെ പാംപസ് ഉന്നത തടം, പെറുവിലെ മധ്യപർവതപ്രദേശം, പൂർവപർവത പ്രദേശം എന്നിവിടങ്ങളാണ് മധ്യമേഖല ഉൾക്കൊള്ളുന്നത്. ലോകത്തിലെ ഗതാഗതയോഗ്യമായ ഉൾനാടൻ ജലാശയങ്ങളിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന (3,800 മീ.)ടിറ്റിക്കാക്ക തടാകം ഇവിടെയാണ്. മേഖലയുടെ തെക്കേ അറ്റത്തുള്ള ആൾട്ടിപ്ലെനോ ഉന്നതതടത്തിന്റെ ഇരുവശത്തുമായി നീളുന്ന ഉയർന്ന മലനിരകൾ ടിറ്റിക്കാക്ക തടാകത്തോളം നീണ്ടു കാണുന്നു. തടാകത്തിന്റെ മറുകരയിലുള്ള മൂന്നു മലനിരകൾ മധ്യപെറുവിൽ സന്ധിച്ച് വീണ്ടും പിരിയുകയും, ഇക്വഡോറിന്റെ തെക്കരികാവുമ്പോൾ വീണ്ടും ഒന്നുചേരുകയും ചെയ്യുന്നു. അതിനും വ. രണ്ടു സമാന്തര മലനിരകളും അവയ്ക്കിടയ്ക്കായി വിസ്തൃത പീഠപ്രദേശവുമാണുള്ളത്; കൊളംബിയയുടെ തെക്കൻഭാഗത്ത് ഇവ വീണ്ടും കൂടിച്ചേരുന്നു.
നിമ്നോന്നതവും സങ്കീർണവുമായ ഭൂപ്രകൃതിമൂലം ദുർഗമമായ പ്രദേശമാണിവിടം. ഖനിപ്രദേശമായ സെറോ ദെ പാസ്കോ (4,575 മീ.)യിലേക്കുള്ള റെയിൽപ്പാതയിൽ 65 തുരങ്കങ്ങളും, 67 പാലങ്ങളും, 16 കൊടും വളവുകളും ഉണ്ട്. ഈ മേഖലയുടെ പല ഭാഗത്തേക്കും റെയിൽപ്പാതകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇവിടത്തെ അധിവാസകേന്ദ്രങ്ങളിൽ മിക്കവയും വളരെ ഉയരത്തിലാണ്. ബൊളീവിയയുടെ തലസ്ഥാനവും ജനനിബിഡവുമായ ലാപാസ് നഗരത്തിന് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം ഏകദേശം 3,632 മീ. ആണ്. പുരാതനസംസ്കാരകേന്ദ്രങ്ങളിലൊന്നായ ഇങ്കാസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു മധ്യ ആൻഡീസ് മേഖല. തദ്ദേശീയരാണ് ഇന്നും ഇവിടെ അധികമായുള്ളത്.
പശ്ചിമ-മധ്യ-പൂർവ പ്രദേശങ്ങളായി വേർതിരിക്കാവുന്ന പർവതമേഖലയാണിത്. ഇവയിൽ പശ്ചിമഘട്ടം മധ്യഭാഗത്തെ അപേക്ഷിച്ച് ഉയരം കുറഞ്ഞതാണ്. ഇവയ്ക്കിടയിലാണ് കാക്കാ താഴ്വര; മധ്യ-പൂർവഘട്ടങ്ങൾക്കിടയ്ക്കുള്ള താഴ്വര മഗ്ദലെന എന്നറിയപ്പെടുന്നു. പൂർവഘട്ടവും മധ്യഘട്ടത്തെ അപേക്ഷിച്ച് പൊക്കം കുറഞ്ഞതാണ്.
കൊളംബിയയിലെ ആൻഡീസ് പ്രദേശം പുരാതന ചിബ്ക്കൻ സംസ്കാരത്തിന്റെ കേന്ദ്രമായിരുന്നു. സ്പാനിഷ് അധിനിവേശത്തോടെ ഈ സംസ്കാരം നാമാവശേഷമായി. ഈ പ്രദേശത്ത് ഇപ്പോഴുള്ളത് സങ്കരവിഭാഗമായ മെസ്റ്റിസോകളും, ചിബ്ക്കൻ വംശജരും അപൂർവമായി യൂറോപ്യൻമാരുമാണ്. ഇവിടെ കാപ്പിക്കൃഷി വികസിച്ചിട്ടുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ഈ മേഖല, ആൻഡീസിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച് ഗതാഗതക്ഷമവും കൃഷിയോഗ്യവുമാണ്. തൻമൂലം ജനവാസം അഭിവൃദ്ധിപ്പെട്ടിരിക്കുന്നു.
സ്ഥാനം, അക്ഷാംശം, കടലുമായുള്ള അകലം എന്നിവയ്ക്കനുസരിച്ച് ആന്തിസിലെ കാലാവസ്ഥയിൽ വലിയ വ്യതിയാനം കാണപ്പെടുന്നു. ദക്ഷിണ ആന്തിസ് മഴപെയ്യുന്നതും തണുത്തതുമാണ്, മധ്യ ആന്തിസ് വരണ്ടതാണ്, ഉത്തര ആന്തിസ് ചൂടുള്ളതും മഴപെയ്യുന്നതുമാണ്, കൊളംബിയയിലെ ശരാശരി താപനില 18 ° സെൽഷ്യസാണ്. ചെറിയ ദൂരങ്ങൾക്കിടയിൽ തന്നെ കാലാവസ്ഥയിൽ വലിയ മാറ്റം കാണപ്പെടാറുണ്ട്. കോട്ടോപാക്സി എന്ന മഞ്ഞുമൂടിയ കൊടുമുടിയിൽ നിന്ന് മൈലുകൾക്കകലെ മഴക്കാടുകൾ നിലനിൽക്കുന്നു. അടുത്തുള്ള മറ്റ് പ്രദേശങ്ങളിൽ പർവ്വതങ്ങൾ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. മഞ്ഞു രേഖ സ്ഥനത്തിനനുസരിച്ച് മാറുന്നു. ഉഷമേഖലകളായ ഇക്വഡോർ, കൊളംബിയ, വെനസ്വേല, ഉത്തര പെറു എന്നിവിടങ്ങളിലെ ആന്തിസിൽ മഞ്ഞു രേഖ 4,500-4,800 മീറ്ററുകൾക്കിടയിലാണ്, ദക്ഷിണ പെറു മുതൽ ഉത്തര ചിലിയിൽ 30° ദക്ഷിണ അക്ഷാംശം വരെയുള്ള ആന്തിസിൽ ഇത് 4,800-5,200 മീറ്ററുകൾക്കിടയിലായി ഉയരുന്നു, അതിനുശേഷം ദക്ഷിണഭാഗത്ത് ഇതു താഴുന്നു 32° ദക്ഷിണ അക്ഷാംശത്തിലുള്ള അകൊൻകാഗ്വയിൽ ഇത് 4,500 മീറ്ററും, 40°S യിൽ 2,000 മീറ്ററും, 50°S ൽ 500 മീറ്ററിലും, 55°S ൽ ഉള്ള ടിയെറ ദെൽ ഫ്യൂഗോവിൽ വെറും 300 മീറ്റർ ഉയരത്തിലുമാണ്, 50°S നു ശേഷം ഏതാനു വലിയ ഹിമാനികൾ സമുദ്രനിരപ്പ് വരെ താഴ്ന്നു സ്ഥിതിചെയ്യുന്നുണ്ട്.[1]
ചിലിയിലും അർജന്റീനയിലുമുള്ള ആന്തിസിനെ വരണ്ട ആന്തിസ്, ആർദ്ര ആന്തിസ് എന്നിങ്ങനെ രണ്ട് കാലാവസ്ഥ മേഖലകളായി വിഭജിക്കവുന്നതാണ്.
ഏതാണ്ട് 65o വരുന്ന അക്ഷാംശമേഖലയിലായി നീണ്ടുകിടക്കുന്ന ആൻഡീസ് പ്രദേശത്തെ നൈസർഗിക സസ്യജാലം വ്യത്യസ്ത കാലാവസ്ഥാപ്രകാരങ്ങൾക്കനുസൃതമായ വൈവിധ്യം പ്രദർശിപ്പിക്കുന്നു. ഉയരത്തിലുള്ള ഏറ്റക്കുറച്ചിലുകളും, മലഞ്ചരിവുകളുടെ വാതാനുകൂലവും വാതപ്രതിമുഖവുമായ സ്ഥിതിയും, സസ്യപ്രകൃതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
പെറുവിന്റെ കിഴക്കൻഭാഗത്തുള്ള പർവതങ്ങളിൽ സസ്യപ്രകൃതി ഉയരം അനുസരിച്ച് വ്യത്യാസപ്പെട്ടു കാണുന്നു. കിഴക്കൻ ചരിവുകളിൽ 1,200 മീ. ഉയരത്തോളം സെൽവാ മാതൃകയിലുള്ള മഴക്കാടുകളാണുള്ളത്. അതിനുമുകളിൽ ഉപോഷ്ണമേഖലാവനങ്ങളും വീണ്ടും ഉയരത്തേക്കു പോകുമ്പോൾ യഥാക്രമം പൊക്കംകുറഞ്ഞ വൃക്ഷങ്ങളുള്ള തുറന്ന കാടുകൾ, കുറ്റിക്കാടുകൾ, പുൽമേടുകൾ, ആൽപ്സ് മാതൃകാ സസ്യങ്ങൾ എന്നിവയും കാണാം. ഹിമരേഖയ്ക്കു മുകളിൽ എഴുന്ന പർവതശിഖരങ്ങൾ സദാ മഞ്ഞുമൂടിക്കിടക്കുന്നു.
വാതാനുകൂലവശങ്ങളിൽ ഉഷ്ണമേഖലാമാതൃകയിലുള്ള മഴക്കാടുകൾ വളരുന്നു. പടിഞ്ഞാറ് ഭാഗത്തെ മഴയില്ലാത്ത ചരിവുകൾ കള്ളിച്ചെടികൾ മാത്രം അപൂർവമായി വളരുന്ന മരുപ്രദേശങ്ങളുമാണ്.
ചിലിയിലെ ആൻഡീസ് പ്രദേശത്ത് സമശീതോഷ്ണവനങ്ങളും പുൽമേടുകളും കാണാം. കൊളംബിയയിലും ഇക്വഡോറിന്റെ വടക്കൻ ഭാഗത്തുമുള്ള ആൻഡീസ് മേഖലയുടെ കിഴക്കേച്ചരിവുകളിൽ മധ്യരേഖാമാതൃകയിലുള്ള മഴക്കാടുകൾ കാണപ്പെടുന്നു.
പുകയില, ഉരുളക്കിഴങ്ങ് എന്നിവയുടെ ഉത്ഭവസ്ഥാനമായ ഇവിടെ സിങ്കോണ വംശത്തിൽപ്പെട്ട സസ്യങ്ങളും കാണാൻ കഴിയും.
അറൂനൂറോളം ഇനങ്ങളിലുള്ള സസ്തനികളും 17000 - ലേറെ പക്ഷിവർഗങ്ങളും 400 - ലധികം മത്സ്യയിനങ്ങളും അറൂനൂറോളം വ്യത്യസ്ത ഉരഗങ്ങളും ആയിരത്തോളം ഉഭയജീവികളും ആൻഡീസ് പ്രദേശത്ത് കാണപ്പെടുന്നു. [2] പെറു, ബൊളീവിയ എന്നിവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ലാമകൾ കാണപ്പെടുന്നു.
വ്യാപകമായ പർവതനപ്രക്രിയ ഈ പ്രദേശത്ത് വിവിധ ധാതുക്കളുടെ സമ്പന്ന നിക്ഷേപങ്ങൾ രൂപംകൊള്ളുന്നതിനു സഹായകമായി. ലോഹനിക്ഷേപങ്ങളാണ് അധികമായുള്ളത്. താരതമ്യേന പ്രായം കുറഞ്ഞ അഗ്നിപർവതശിലകൾ ഉപരിതലത്തിനുനോടടുത്തു തന്നെ ഗന്ധകം, ബോറാക്സ് തുടങ്ങിയവയുടെ അവസ്ഥിതിക്കു കളമൊരുക്കിയിരിക്കുന്നു. എന്നാൽ ലോഹഅയിരുകൾ സിരാരൂപത്തിൽ, അഗാധതയിലാകയാൽ അവയുടെ ഖനനം സുകരമല്ല.
പുരാതനകാലത്ത് ഇങ്കാകൾ ചെമ്പുപകരണങ്ങളും, സ്വർണവും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളും ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ബൊളീവിയയിലെ പൊഡോസി പ്രദേശത്തെ വെള്ളിയുത്പാദനം 1545 മുതൽ അഭംഗുരം തുടർന്നുപോരുന്നു. ചെമ്പും തകരവുമാണ് ഏറ്റവുമധികം ഖനനം ചെയ്തുവരുന്നത്. പെറുവിന്റെ മധ്യഭാഗം, ബൊളീവിയയുടെ മധ്യത്തും പൂർവഭാഗത്തുമുള്ള പർവതപ്രദേശങ്ങൾ, ചിലിയുടെ വ. പ. ഭാഗം എന്നിവിടങ്ങളാണ് ഖനനമേഖലകൾ.
കൽക്കരിയുടെ അഭാവം സുഗമമായ ഖനനത്തിനു തടസ്സം നില്ക്കുന്നു. മിക്ക ധാതുസഞ്ചയങ്ങളും വൃക്ഷരഹിതമായ ഉന്നതതടങ്ങളിലോ മരുപ്രദേശങ്ങളിലോ അവസ്ഥിതമായിരിക്കുക നിമിത്തം മരക്കരിയുടെ ഉപഭോഗവും സാധ്യമല്ലാതായിരിക്കുന്നു; ഗതാഗതസൗകര്യങ്ങളും കുറവാണ്. വിദേശീയവിദഗ്ദ്ധൻമാരുടെ സഹകരണത്തോടെ വൻകിടനിക്ഷേപമുള്ള കമ്പനികളാണ് ഖനനം നടത്തിവരുന്നത്. ചരക്കുകൾ കയറ്റിയിറക്കുന്നതിന് ചില ഖനികൾ വിമാനങ്ങളെപ്പോലും ആശ്രയിക്കുന്നുണ്ട്.
തകരം, വെള്ളി, ചെമ്പ്, ടങ്സ്റ്റൺ, ആന്റിമണി, കറുത്തീയം, നാകം, ബിസ്മത് തുടങ്ങി സാമ്പത്തിക പ്രാധാന്യമുള്ള പല ധാതുക്കളും ആൻഡീസ് പ്രദേശത്തുനിന്നു ലഭ്യമാണ്. ചിലിയിലെ നൈട്രേറ്റ്, ഇരുമ്പ് എന്നിവയുടെ കനത്ത നിക്ഷേപങ്ങൾ (ആൻഡീസ് അതിർത്തിക്കു പുറത്താണെങ്കിലും) രൂപംകൊള്ളുന്നതിനു പ്രധാന നിദാനം ആൻഡീസ് പർവതനം തന്നെയാണ്. അർജന്റീനയിലെ ആൻഡീസ് മേഖലയിലും ധാതുനിക്ഷേപങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഗതാഗതസൗകര്യങ്ങളുടെ കുറവുനിമിത്തം ഖനനം അഭിവൃദ്ധിപ്പെട്ടിട്ടില്ല. വെള്ളി, ബിസ്മത്, വനേഡിയം, ചെമ്പ് എന്നിവ കയറ്റുമതി ചെയ്യുന്നതിൽ പെറു ലോകരാഷ്ട്രങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിലാണ്. ഇവിടത്തെ സെറോ ദെ പാസ്കോ, മീനാ റാഗ്ര എന്നീ പ്രധാന ഖനികൾ 5,000 മീറ്ററോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇക്വഡോർ, കൊളംബിയ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ പ്രധാനപ്പെട്ട ഉത്പന്നം പെട്രോളിയമാണ്; വിവിധ ലോഹങ്ങളും ഖനനം ചെയ്യപ്പെടുന്നു. കൊളംബിയയിലെ പ്രധാന ഉത്പന്നം മരതകം (emerald) ആണ്. വൻകരയിലെ തെക്കൻ രാജ്യങ്ങളിലും ആൻഡീസ്മേഖലയുടെ പൂർവഭാഗത്തും പെട്രോളിയം നിക്ഷേപങ്ങളുള്ളതായി കരുതപ്പെടുന്നു.
ആന്തിസ് പർവ്വതനിരയിലുള്ള പ്രധാന കൊടുമുടികൾ താഴെ നൽകിയിരിക്കുന്നു. ഏറ്റവും ഉയരമുള്ളത അർജന്റീനയിലെ അകൊൻകാഗ്വയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.