സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷന്റെ പദവി From Wikipedia, the free encyclopedia
അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ് (സുറിയാനി: ܦܛܪܝܪܟܐ ܕܐܢܛܝܘܟܝܐ ܘܕܟܘܠ ܡܕܢܚܐ) സുറിയാനി ഓർത്തഡോക്സ് സഭയുടെ (സുറിയാനി: ܥܺܕܬܳܐ ܣܽܘ̣ܪܝܳܝܬܳܐ ܬܪܺܝܨܰܬ ܫܽܘ̣ܒ̣ܚܳܐ) പരമാദ്ധ്യക്ഷനും അന്ത്യോഖ്യായുടെ സ്ഥാനീക മെത്രാനുമാണ്. സുറിയാനി ഓർത്തഡോക്സ് സഭയുടെ ആകമാന സുന്നഹദോസിന്റെ അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കാസനം | |
---|---|
വിവരണം | |
സഭാശാഖ | സുറിയാനി ഓർത്തഡോക്സ് സഭ |
ആചാരക്രമം | അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം |
സ്ഥാപിതം | അന്ത്യോഖ്യ |
ആദ്യ അധികാരി | പത്രോസ് ശ്ലീഹാ (അന്ത്യോഖ്യയുടെ ആദ്യ പാത്രിയാർക്കീസ്), സേവേറിയോസ് (ആദ്യ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസ്) |
ഭദ്രാസനപ്പള്ളി | കത്തീഡ്രൽ ഓഫ് സെന്റ് ജോർജ്, ദാമസ്കസ് |
ഭരണം | |
പാത്രിയർക്കീസ് | ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ |
അന്ത്യോഖ്യയിലെ പാത്രിയർക്കീസ് സ്ഥാനം സ്ഥാപിച്ചതും ആദ്യം അത് വഹിച്ചതും പത്രോസ് ശ്ലീഹാ (സുറിയാനി: ܫܹܡܥܘܿܢ ܟܹ݁ܐܦ݂ܵܐ ശെമഓൻ കീഫോ) ആണെന്നാണ് പൗരാണിക ക്രൈസ്തവ പാരമ്പര്യം. അന്ത്യോഖ്യയിലെ പാത്രിയാർക്കീസ് അന്ത്യോഖ്യയിലെ അപ്പസ്തോലിക സിംഹാസനത്തിന്റെ പിന്തുടർച്ച അവകാശപ്പെടുന്നു.[1][2] നിഖ്യാ സൂനഹദോസ് സ്ഥിരീകരിച്ച പ്രകാരം ക്രൈസ്തവ സഭയുടെ മൂന്ന് പാത്രിയാർക്കാസനങ്ങളിൽ ഒന്നാണ് അന്ത്യോഖ്യയിലെ പാത്രിയാർക്കേറ്റ്. അദ്ദേഹം അന്ത്യോഖ്യയുടെ മെത്രാനും, കിഴക്കൻ ഡയോസിസ് മുഴുവനിലെയും മെത്രാന്മാരുടെ ഇടയിലെ തുല്യരിൽ ഒന്നാമനും ആയിരുന്നു.
യേശുക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ പ്രധാനിയായിരുന്ന പത്രോസ് ശ്ലീഹാ ക്രി. വ. 34ൽ അന്ത്യോഖ്യായിൽ സഭ സ്ഥാപിച്ചു എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെട്ട് പോരുന്നു.
പത്രോസ് അന്ത്യോഖ്യയിൽ നിന്ന് റോമിലേക്ക് പോയപ്പോൾ എവോദിയോസിനെ അന്ത്യോഖ്യയിൽ ബിഷപ്പായി നിയമിച്ചു. എവോദിയോസിന്റെ പിൻഗാമിയായി ഇഗ്നാത്തിയോസും സ്ഥാനമേറ്റു.
നിഖ്യാ സൂനഹദോസിന്റെ സമയത്ത്, അന്ത്യോഖ്യായിലെ ബിഷപ്പ് റോമാ സാമ്രാജ്യത്തിലെ സഭയിലെ മൂന്ന് പാത്രിയാർക്കാസനങ്ങളിൽ ഒന്നായി അംഗീകരിക്കപ്പെട്ടു. പാശ്ചാത്യ മേഖലയിൽ റോമും പൗരസ്ത്യ മേഖലയിൽ ഈജിപ്ത്, ലിബിയ മുതലായ പ്രദേശങ്ങളിൽ അലക്സാണ്ട്രിയയും ശേഷിച്ച കിഴക്കൻ പ്രദേശങ്ങളിൽ അന്ത്യോഖ്യയും സ്വാധീനം നേടി. കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിനു ശേഷം കോൺസ്റ്റാന്റിനോപ്പിളും പാത്രിയാർക്കാസനമായി ഉയർത്തപ്പെട്ടു. കാൽക്കിദോനിയാ സൂനഹദോസിൽ വെച്ച് ജെറുസലേമിനെ കൂടി ഉൾപ്പെടുത്തി അഞ്ച് പാത്രിയാർക്കാസനങ്ങൾ ഉള്ള ക്രമീകരണം കൊണ്ടുവന്നു. കാൽക്കിദോനിയാ സൂനഹദോസിൽ വെച്ച് സൂനഹദോസിനെ അനുകൂലിക്കുന്നവർ, എതിർത്തിരുന്നവർ എന്നിങ്ങനെ രണ്ടായി ഭിന്നിച്ചു. അന്ത്യോഖ്യയിൽ ഈ ഭിന്നത രൂക്ഷമായിരുന്നു. സേവേറിയോസ് അന്ത്യോഖ്യാ പാത്രിയർക്കീസ് ആയതോടെ ഭിന്നത പിളർപ്പിലേക്ക് നീങ്ങി. കാൽക്കിദോനിയാ സൂനഹദോസിനെ പൂർണ്ണമായി തള്ളിപ്പറഞ്ഞ അദ്ദേഹത്തെ ചക്രവർത്തിയും മറ്റു സഭാ നേതാക്കളും സഭയിൽ നിന്നും മുടക്കി പാത്രിയർക്കീസ് പദവിയിൽ നിന്ന് സ്ഥാനഭ്രഷ്ടനാക്കി. ഇതേ തുടർന്ന് അദ്ദേഹം ഈജിപ്തിലേക്ക് നാടുകടത്തപ്പെടുകയും അവിടെ കാൽക്കിദോനിയാ സൂനഹദോസിനെ പൂർണ്ണമായി തള്ളി പറഞ്ഞിരുന്ന സഭാ നേതാക്കളുടെ പിന്തുണ നേടിയെടുക്കുകയും ചെയ്തു. ഇവർ ഓറിയൻറൽ ഓർത്തഡോക്സ് സഭകൾ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. അതേസമയം റോമിലെ മാർപാപ്പയുടെയും കോൺസ്റ്റാന്റിനോപ്പിളിലെ റോമാ ചക്രവർത്തിയുടെയും പാത്രിയർക്കീസിന്റെയും അംഗീകാരത്തോടെ അന്ത്യോഖ്യയിൽ പത്രോസ് പാത്രിയർക്കീസിനെ പുതിയ പാത്രിയർക്കീസ് ആയി വാഴിക്കപ്പെട്ടു.
ചക്രവർത്തിയെയും മാർപാപ്പയെയും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയർക്കീസിനെയും പിന്താങ്ങിയിരുന്നവർ സേവേറിയോസിന് പകരം പുതിയ അന്ത്യോഖ്യ പാത്രിയർക്കീസ് പത്രോസിനെ സ്വീകരിച്ചു. ഇദ്ദേഹവും ഇദ്ദേഹത്തിൻറെ പിൻഗാമികളും കാൽക്കിദോനിയ സൂനഹദോസിന്റെ തീരുമാനങ്ങൾ ശിരസ്സാൽവഹിച്ച് സാമ്രാജ്യത്തിലെ ഔദ്യോഗിക സഭയിൽ തുടർന്നു. അന്ത്യോഖ്യയിലെ സഭാ ആസ്ഥാനവും സംവിധാനങ്ങളും ഇവർക്ക് ലഭിച്ചു. ഇവർ പിൽക്കാലത്ത് അന്ത്യോഖ്യായുടെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസുമാർ എന്നറിയപ്പെട്ടു.
അതേസമയം ഐക്യസ്വഭാവവാദികൾ സേവേറിയോസിനെ മരണം വരെ പിന്തുണച്ചിരുന്നു. സഭയിലെ ഭിന്നതയും ചക്രവർത്തിയുടെ ശിക്ഷാനടപടികളും കാരണം 518ൽ പാത്രിയാർക്കീസ് സേവേറിയോസ് അന്ത്യോക്യയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതനായി. അദ്ദേഹം ആദ്യം ഈജിപ്തിലേക്ക് പോയി. അവിടെയുള്ള കാൽക്കിദോനിയ സുന്നഹദോസിനെ എതിർത്തിരുന്ന ആളുകളുമായി സഖ്യത്തിൽ അദ്ദേഹം എത്തിച്ചേർന്നു. ഇവർ കോപ്റ്റിക്ക് ഓർത്തഡോക്സ് സഭ എന്നറിയപ്പെട്ടു. അവിടെ അവർ ചക്രവർത്തിയെ പിന്താങ്ങുന്നവരേക്കാൾ ഭൂരിപക്ഷം ആയിരുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭാകൂട്ടായ്മയുടെ ഉൽഭവം ഇങ്ങനെയാണ്.
544 ആയപ്പോഴേക്കും സുറിയാനി ഓർത്തഡോക്സ് സഭയിൽ മൂന്ന് ബിഷപ്പുമാർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. സേവേറിയോസ് ഇതിനോടകം മരണപ്പെട്ടിരുന്നു. ഈ സമയത്ത്, യാക്കോബ് എന്ന് പേരുള്ള ഒരു സന്യാസി വൈദികൻ കോൺസ്റ്റാന്റിനോപ്പിളിലേക്ക് പോയി അവിടെ കാൽക്കിദോനിയ വിരുദ്ധ ചേരിയോട് കൂറുപുലർത്തിയിരുന്ന തിയോദോറ രാജ്ഞിയുടെ സഹായം തേടി. ഇതിനെത്തുടർന്ന് രാജ്ഞിയുടെ നിർദ്ദേശപ്രകാരം അദ്ദേഹം യാക്കോബ് ബുർദ്ദാന എന്ന പേരിൽ മെത്രാനായി അഭിഷിക്തനായി (സുറിയാനി: ܝܥܩܘܒ ܒܘܪܕܥܝܐ). കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ അലക്സാണ്ട്രിയാ പാത്രിയർക്കീസ് തിയോഡോഷ്യസ് 1ാമനാണ് മെത്രാഭിഷേകം നടത്തിയത്. ഇതിനുശേഷം നിരവധി സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങിയ യാക്കോബ് ബുർദ്ദാന സുറിയാനി ഓർത്തഡോക്സ് സഭയെ പുനരുജ്ജീവിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. 27 ബിഷപ്പുമാരെയും നൂറുകണക്കിന് വൈദികരെയും ശെമ്മാശന്മാരെയും സഭയ്ക്കായി വാഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.[3] 544ൽ അന്ത്യോഖ്യയുടെ ആദ്യ സ്വതന്ത്ര സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസായി തെല്ലായിലെ സെർജിയൂസിനെ അദ്ദേഹം വാഴിച്ചു. ഇങ്ങനെ യാക്കോബ് ബുർദ്ദാന നടത്തിയ പ്രവർത്തനങ്ങളാണ് സുറിയാനി ഓർത്തഡോക്സ് സഭയുടെ പുനരുജ്ജീവനത്തിന് കാരണമായത്. അതുകൊണ്ട് സഭ യാക്കോബായ സഭ എന്ന പേരിൽ അറിയപ്പെട്ടു.[3]
1662ൽ, ഒഴിഞ്ഞുകിടക്കുന്ന പാത്രിയർക്കാസനത്തിലേക്ക് കത്തോലിക്കാ സഭയുടെ അനുഭാവിയായ ഇഗ്നാത്തിയോസ് അന്ത്രയോസ് അകിജാൻ തിരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്കരെ എതിർത്തിരുന്നവർ ഇഗ്നാത്തിയോസ് അബ്ദുൾമാസിഹ് 1ാമന്റെ നേതൃത്വം സ്വീകരിച്ചു. 1677ൽ അന്ത്രയോസ് അകിജാന്റെ മരണശേഷം അബ്ദുൾമാസിഹ് 1ാമൻ കത്തോലിക്ക വിശ്വാസം ഏറ്റ് പറയാൻ തയ്യാറായി. ഇതിനെ തുടർന്ന് കത്തോലിക്ക അനുഭാവികളും അല്ലാത്തവരും ഒരുമിച്ച് ചേർന്ന് അബ്ദുൾമാസിഹ് 1ാമനെ പാത്രിയർക്കീസായി തിരഞ്ഞെടുത്തു. എന്നാൽ ഉടനെ തന്നെ അദ്ദേഹം കത്തോലിക്കാ ബന്ധം തള്ളിപ്പറഞ്ഞു. ഇതേത്തുടർന്ന് 1678ൽ കത്തോലിക്കാ അനുഭാവികൾ ജറുസലേം മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് പത്രോസ് ഷാഹ്ബാദ്ദീനെ തങ്ങളുടെ പാത്രിയാർക്കീസായി തിരഞ്ഞെടുത്തു. ഇക്കാലഘട്ടമത്രയും സഭയിൽ അങ്ങോട്ടുമിങ്ങോട്ടും കൂറുമാറ്റങ്ങൾ ഉണ്ടായി. ഇതിനേത്തുടർന്ന് സഭയിൽ രക്തരൂക്ഷിതമായ കലാപംതന്നെ ഉണ്ടായി. 1702ൽ ഷഹ്ബാദ്ദീൻ പാത്രിയാർക്കീസ് കൊല്ലപ്പെട്ടു. അതോടെ കത്തോലിക്ക പാത്രിയാർക്കീസുമാരുടെ പരമ്പര താൽക്കാലികമായി എങ്കിലും നിലച്ചു.[4]
ഈ കാലയളവിൽ ഇന്ത്യയിലെ കിഴക്കിന്റെ സഭയിൽ പോർച്ചുഗീസ് കത്തോലിക്കാ മിഷനറിമാരുടെ ഇടപെടലുകളെ തുടർന്ന് ഭിന്നത രൂപപ്പെട്ടിരുന്നു. രണ്ട് വിഭാഗമായി പിളർന്ന മാർത്തോമാ നസ്രാണികളിലെ ഒരു വിഭാഗത്തിന്റെ അപേക്ഷാപ്രകാരം 1665ൽ ജറുസലേം മെത്രാപ്പോലീത്ത ഗ്രിഗോറിയോസ് അബ്ദുൽ ജലീൽ മലബാറിലേക്ക് വരുകയും പുത്തങ്കൂർ മാർത്തോമാ നസ്രാണികളുടെ ഇടയിൽ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് സ്വധീനം ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഇതിനുശേഷം സുറിയാനി യാക്കോബായ സഭയിലെ ഇരുവിഭാഗവും മലബാറിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയച്ചു. എന്നാൽ തുടർച്ചയായ ബന്ധം നിലനിർത്താനായത് കത്തോലിക്കാ വിരുദ്ധ ചേരിയിലെ പാത്രിയർക്കീസുമാർക്കാണ്.[5]
1782ൽ അന്ത്യോഖ്യാ പാത്രിയാർക്കീസ് മരണപ്പെട്ട ഒഴിവിൽ സഭയുടെ സുന്നഹദോസ് ചേരുകയും മിഖായേൽ 3ാമൻ ജാർവേഹിനെ തിരഞ്ഞെടുക്കുകയും ചെയ്തു. കത്തോലിക്കാ അനുഭാവി ആയിരുന്ന ഇദ്ദേഹം ഉടനെതന്നെ മാർപ്പാപ്പയോട് കൂറ് പ്രഖ്യാപിച്ചു. തുടർന്നുണ്ടായ കലാപകലുഷിതമായ കാലഘട്ടത്തിനുശേഷം, കത്തോലിക്കാ വിരുദ്ധ ചേരി സ്വന്തമായി മറ്റൊരു പാത്രിയർക്കീസിനെ വാഴിച്ചു. അവർ അവരുടെ പാത്രിയർക്കീസിന്റെ ഒപ്പം നിലകൊണ്ട് സ്വതന്ത്ര സുറിയാനി ഓർത്തോഡോക്സ് സഭയായി സംഘടിക്കപ്പെട്ടു. കത്തോലിക്കാ പാത്രിയർക്കീസിനൊപ്പം നിലകൊണ്ട മറുവിഭാഗം സുറിയാനി കത്തോലിക്കാ സഭ എന്ന് അറിയപ്പെടുകയും ചെയ്തു.
ബൈസാന്റിയൻ റോമാ സാമ്രാജ്യത്തിന് കീഴിൽ വലിയ മതമർദ്ദനങ്ങൾക്ക് സുറിയാനി ഓർത്തഡോക്സ് സഭ വിധേയമായി. റോമാ സാമ്രാജ്യത്തിന് ശേഷം മദ്ധ്യപൂർവ്വദേശത്ത് ഭരണംനടത്തിയ അറബികൾ, മംഗോളിയർ, കുരിശുയുദ്ധക്കാർ, മാമ്ലുക്കുകൾ, ഒട്ടോമൻ തുർക്കികൾ എന്നിവരുടെ കീഴിലും മതപീഡനങ്ങൾ തുടർന്നു. 1915ൽ അരങ്ങേറിയ കൂട്ടക്കൊല ഒട്ടോമൻ തുർക്കിയിലെ 250,000 സുറിയാനി ക്രിസ്ത്യാനികളുടെ ഉന്മൂലനത്തിലേക്ക് നയിച്ചു. ഇത് സയ്ഫോ (സുറിയാനി: ܨܝܦ) എന്നറിയപ്പെടുന്നു. നിരവധി യാക്കോബായ ഗ്രാമങ്ങൾ ശൂന്യമാക്കപ്പെട്ടു, ചരിത്രപരമായ ആശ്രമങ്ങളും പള്ളികളും നശിപ്പിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധസമയത്ത്, ഓട്ടോമൻ സാമ്രാജ്യത്തിന്റെ അക്രമം മൂലം പാത്രിയാർക്കാസനം വീണ്ടും മാറ്റി സ്ഥാപിക്കാൻ സഭ നിർബന്ധിതരായി. 1953ൽ സിറിയയിലെ ഹോംസിലേക്കും പിന്നീട് 1957ൽ ഡമാസ്കസിലേക്കും സഭാ ആസ്ഥാനം മാറ്റി.
പാത്രിയർക്കീസിന്റെ കീഴിൽ സുറിയാനി ഓർത്തഡോക്സ് സഭ ഇന്നും വളർന്നു കൊണ്ടിരിക്കുന്നു. സുറിയാനി ഓർത്തഡോക്സ് സഭ, ബാക്കിയുള്ള ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, മദ്ധ്യപൂർവ്വദേശത്തെ ഇതരസഭകൾ, കത്തോലിക്കാ സഭ എന്നിവയുമായി എല്ലാം ശക്തമായ സഹകരണ ബന്ധത്തിലാണ്. നിലവിൽ ക്രൈസ്തവസഭാ ഐക്യത്തിനായി പ്രവർത്തിക്കുന്ന ലോകമാസകലമുള്ള എല്ലാ പ്രസ്ഥാനങ്ങളിലും സഭ പങ്കാളിയാണ്.
ആറാം നൂറ്റാണ്ടിൽ അന്ത്യോഖ്യയിലെ സഭാ ആസ്ഥാനം നഷ്ടപ്പെട്ട സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസുമാർക്ക് സ്വന്തമായി ഒരു സഭാ ആസ്ഥാനം സ്ഥിരപ്പെടുത്തി എടുക്കാൻ ആദ്യം കഴിഞ്ഞിരുന്നില്ല. നൂറ്റാണ്ടുകളോളം വിവിധ ആശ്രമങ്ങൾ, പള്ളികൾ, സഭാംഗങ്ങളുടെ താമസസ്ഥലങ്ങൾ എന്നിവടങ്ങളെല്ലാം പാത്രിയാർക്കീസുമാർ ആസ്ഥാനമാക്കി. 1106ൽ മർദ്ദീനിലെ ദയ്റോ ദ്-മോർ ഹാനാന്യോ (കുർകുമോ ദയ്റോ, ദെയ്ർ അസ്സ്-സ്സഫറാൻ) സ്ഥിരമായ പാത്രിയർക്കാസനകേന്ദ്രം ആകുന്നത് വരെ ഈ സാഹചര്യം തുടർന്നു.[6][3][7]
ഒന്നാം ലോകമഹായുദ്ധത്തെയും 1915ലെ സുറിയാനി കൂട്ടക്കൊലയെയും തുടർന്ന് തുർക്കിയിൽ നിന്ന് സഭാ ആസ്ഥാനം സിറിയയിലെ ഹോംസിലേക്കും പിന്നീട് ദമാസ്കസിലേക്കും മാറ്റി. സിറിയൻ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ലബനോനിലെ ബെയ്റൂട്ട് പട്ടണത്തിനടുത്തുള്ള അച്ചാനേ എന്ന സ്ഥലത്ത് പാത്രിയർക്കാസനത്തിന് ഒരു ഇടക്കാല കാര്യാലയവും തുറന്നു.
518മുതലാണ് വ്യതിരിക്തമായ അന്ത്യോഖ്യാ സുറിയാനി പാത്രിയർക്കാസനം രൂപപ്പെടുന്നത്. അതുകൊണ്ട് അതിനുശേഷമുള്ള പാത്രിയാർക്കീസുമാർ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുന്നത്. ഇതിന് പുറമേ 518ലെ ശീശ്മയ്ക്ക് മുൻപുള്ള പൊതുവായ അന്ത്യോഖ്യ പാത്രിയർക്കീസുമാരുടെ പട്ടികയും പിന്തുടർച്ചാ പട്ടികയുടെ ആദ്യം ഉൾപ്പെടുത്താറുണ്ട്. അതിനാൽ ക്രമസംഖ്യ സഭയുടെ ഔദ്യോഗിക ഭാഷ്യത്തിന് അനുസൃതമായി ചേർത്തിരിക്കുന്നു.[8]
1282ൽ ഫിലക്സീനോസ് 1ാമൻ നമ്റൂദിന്റെ മരണശേഷം സുറിയാനി ഓർത്തഡോക്സ് സഭ സീസ് (പാശ്ചാത്യ പാത്രിയാർക്കാസനം), മർദ്ദീൻ, മെലിത്തീൻ എന്നീ പാത്രിയാർക്കാസനങ്ങളായി പിളർന്നു. മെലിത്തീനിലെ പാത്രിയാർക്കാസനം 1360ൽ ഇല്ലാതായി. 1364ൽ മർദ്ദീനിലെ പാത്രിയാർക്കാസനത്തിൽ നിന്ന് തുർ ആബ്ദീൻ പാത്രിയാർക്കാസനം വേർപെട്ടു. ഇവയിൽ 1445നുമുമ്പ് സീസ് പാത്രിയർക്കാസനത്തെയും 1445നുശേഷം മർദ്ദീനിലെ പാത്രിയാർക്കാസനത്തെയും ആണ് ആധുനിക സുറിയാനി ഓർത്തഡോക്സ് സഭ ഔദ്യോഗികമായി അംഗീകരിക്കുന്നത്.
സീസിലെ പാത്രിയാർക്കാസനം |
മെലിത്തീൻ പാത്രിയാർക്കാസനം
|
മർദ്ദീൻ പാത്രിയാർക്കാസനം
|
1364 മുതൽ 1840 വരെ തുർ ആബ്ദീൻ പ്രദേശത്ത് സുറിയാനി ഓർത്തഡോക്സ് സഭയുടെ തന്നെ വ്യതിരിക്തമായ ഒരു പാത്രിയാർക്കാസനം നിലനിന്നിരുന്നു. അവിടത്തെ പാത്രിയർക്കീസുമാരുടെ പട്ടിക:[27]
1804നും 1840നുമിടയിൽ പരിമിതമായ അധികാരം മാത്രം കൈയാളിയിരുന്ന സമാന്തര പാത്രിയർക്കീസുമാർ:[28]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.