ഉബുണ്ടു
ഓപ്പറേറ്റിങ് സിസ്റ്റം / From Wikipedia, the free encyclopedia
പ്രമുഖ ഗ്നു/ലിനക്സ് വിതരണമായ ഡെബിയൻ ആധാരമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു സ്വതന്ത്ര കമ്പ്യൂട്ടർ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു (ഇംഗ്ലീഷിൽ IPA: [ uːˈbuːntuː],[7] സുലുവിൽ IPA: [ùbúntú]). വളരെ അധികം ജനപ്രീതിയാർജ്ജിച്ചൊരു ലിനക്സ് വിതരണമാണിത്. ദക്ഷിണാഫ്രിക്കൻ വ്യവസായിയായ മാർക്ക് ഷട്ടിൽവർത്തിന്റെ നേതൃത്വത്തിലുള്ള കാനോനിക്കൽ ലിമിറ്റഡ് എന്ന കമ്പനിയാണ് ഉബുണ്ടു സ്പോൺസർ ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറായ ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പേര് ദക്ഷിണാഫ്രിക്കയിലെ ഉബുണ്ടു തത്ത്വചിന്തയിൽ നിന്നും സൃഷ്ടിച്ചതാണ്.[8]
ഉബുണ്ടു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉബുണ്ടു (വിവക്ഷകൾ) എന്ന താൾ കാണുക. |
നിർമ്മാതാവ് | Canonical Ltd. |
---|---|
ഒ.എസ്. കുടുംബം | Linux (Unix-like) |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Open-source[1][2] |
പ്രാരംഭ പൂർണ്ണരൂപം | Ubuntu 4.10 (Warty Warthog) / 20 ഒക്ടോബർ 2004 (19 വർഷങ്ങൾക്ക് മുമ്പ്) (2004-10-20) |
നൂതന പൂർണ്ണരൂപം | Ubuntu 22.04 (Jammy Jellyfish) / 21 ഏപ്രിൽ 2022 (2 വർഷങ്ങൾക്ക് മുമ്പ്) (2022-04-21)[3] |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Cloud computing, personal computers, servers, supercomputers, IoT |
ലഭ്യമായ ഭാഷ(കൾ) | More than 55 languages by LoCos |
പുതുക്കുന്ന രീതി | Software Updater, Ubuntu Software, apt |
പാക്കേജ് മാനേജർ | GNOME Software, dpkg (APT), Snap, Flatpak – graphical front-end: Snap Store |
സപ്പോർട്ട് പ്ലാറ്റ്ഫോം | |
കേർണൽ തരം | Monolithic (Linux kernel) |
Userland | GNU |
യൂസർ ഇന്റർഫേസ്' | GNOME |
സോഫ്റ്റ്വെയർ അനുമതി പത്രിക | Free software + some proprietary device drivers[6] |
വെബ് സൈറ്റ് | ubuntu |
ലളിതമായ ഇൻസ്റ്റലേഷനും ഉപയോഗക്ഷമതയുമുള്ള തുടർച്ചയായി നവീകരിക്കുന്ന, സ്ഥിരതയുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉബുണ്ടു. ജനപ്രിയങ്ങളായ ലിനക്സ് വിതരണങ്ങൾ കണ്ടെത്താനുള്ള സർവേയിൽ desktoplinux.com 2006-ലും, 2007-ലും ഉബുണ്ടുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. 2007ൽ www.desktoplinux.com സംഘടിപ്പിച്ച, 38500 പേർ പങ്കെടുത്ത ഉപയോഗ നിർണ്ണയത്തിൽ, ലിനക്സ് ഡെസ്ക്ടോപ്പ് ഇൻസ്റ്റലേഷനുകളിൽ ഏകദേശം 30% പേർ ഉബുണ്ടു ഉപയോഗിച്ചിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.[9][10] 2010 ഏപ്രിലിൽ കാനോനിക്കൽ നടത്തിയ അവകാശവാദമനുസരിച്ച് ഉബുണ്ടു 1.2 കോടി ആൾക്കാർ ഉപയോഗിക്കുന്നുണ്ട്.[11] ഇപ്പോൾ ലിനക്സ് ഉപയോഗിക്കുന്നവരിൽ ഉബുണ്ടു ഉപയോഗിക്കുന്നവർ 50% ആണെന്ന് ഇന്റർനെറ്റ് ഉപയോഗത്തിന്റെ കണക്കുകളിൽ സമർത്ഥിക്കപ്പെടാറുണ്ട്,[12][13] വെബ് സെർവറുകൾക്കിടയിലും ഉബുണ്ടു വ്യാപകമായിക്കൊണ്ടിരിക്കുന്നു.[14]
ഓപ്പൺ സോഴ്സ് അനുമതിയുള്ള വിവിധ സോഫ്റ്റ്വേർ പാക്കേജുകൾ ഉപയോഗിച്ചാണ് ഉബുണ്ടു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഗ്നു സാർവ്വ ജനിക അനുമതി (GNU General Public License) ആണ് പ്രധാന അനുമതി, ഒപ്പം തന്നെ ഗ്നു ലഘു സാർവ്വ ജനിക അനുമതിയും (GNU Lesser General Public License) ഉപയോഗിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക്, ഉബുണ്ടു പ്രവർത്തിപ്പിക്കാനും, വിതരണം ചെയ്യാനും, പകർത്താനും, മാറ്റം വരുത്താനും, പഠനങ്ങൾ നടത്താനും, വികസിപ്പിക്കാനും, അഴിച്ചുപണിയാനുമുള്ള അവകാശം നൽകുന്നു. കാനോനിക്കൽ ലിമിറ്റഡ് ആണ് ഉബുണ്ടുവിനായി പണം മുടക്കുന്നതെങ്കിലും, ഉബുണ്ടുവിനെ സ്വതന്ത്ര സോഫ്റ്റ്വേറായി നിർവ്വചിച്ചിരിക്കുന്നതിനാൽ സമൂഹത്തിലുള്ള വിദഗ്ദ്ധരുടെയും അവിദഗ്ദ്ധരുടെയും സേവനവും പ്രയോജനപ്പെടുത്താൻ കഴിയുന്നു. ഉബുണ്ടു വിൽക്കുന്നതിനു പകരം ഉബുണ്ടുവിനാവശ്യമായ സേവനങ്ങളും സാങ്കേതികസഹായവും പണം വാങ്ങി നൽകുന്നതുവഴിയാണ് കാനോനിക്കൽ പണം ശേഖരിക്കുന്നത്.
ഉബുണ്ടുവിന്റെ പുതിയ പതിപ്പുകൾ എല്ലാ ആറുമാസവും പുറത്തിറങ്ങുന്നു. അതിനു ശേഷം 18 മാസം ആ പതിപ്പിന് സഹായങ്ങളും ലഭ്യമാണ്. എൽ.ടി.എസ് (LTS - Long Term Support) എന്നറിയപ്പെടുന്ന പതിപ്പുകൾ രണ്ട് വർഷം കൂടുമ്പോൾ പുറത്തിറങ്ങുന്നു.[15] ഇത്തരം പതിപ്പുകളുടെ ഡെസ്ക്ടോപ്പ് പതിപ്പുകൾക്ക് 3 വർഷവും, സെർവർ പതിപ്പുകൾക്ക് 5 വർഷവും ഔദ്യോഗിക സഹായം ലഭ്യമാണ്.[16]