മുല്ല മുഹമ്മദ് ഒമർ
From Wikipedia, the free encyclopedia
താലിബാന്റെ പരമോന്നതനേതാവും, 1996 മുതൽ 2001 വരെ അഫ്ഗാനിസ്താനിൽ ഭരണത്തിലിരുന്ന താലിബാൻ ഭരണകൂടത്തിന്റെ ഉന്നതാദ്ധ്യക്ഷനുമായിരുന്നു മുല്ല മുഹമ്മദ് ഒമർ (പഷ്തു: ملا محمد عمر; ജനനം ഏകദേശം. 1959) (മുല്ല ഒമർ എന്ന പേരിൽ മാത്രമായും അറിയപ്പെടുന്നു). മൂന്നു രാജ്യങ്ങൾ മാത്രം അംഗീകരിച്ചിരുന്ന ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്താൻ എന്ന താലിബാൻ ഭരണകൂടത്തിൽ ഉന്നതസമിതിയുടെ തലവൻ എന്ന പരമോന്നതപദവിയായിരുന്നു മുല്ല ഒമർ വഹിച്ചിരുന്നത്. വിശ്വാസികളുടെ പടത്തലവൻ എന്ന അർത്ഥത്തിൽ അമീറുൾ മുമീനിൻ എന്ന സ്ഥാനനാമവും ഇദ്ദേഹം സ്വീകരിച്ചിരുന്നു.
മുഹമ്മദ് ഒമർ ملا محمد عمر | |
പരമോന്നതസമിതിയുടെ തലവൻ | |
പദവിയിൽ 1996 സെപ്റ്റംബർ 27 – 2001 നവംബർ 13 | |
പ്രധാനമന്ത്രി | മുഹമ്മദ് റബ്ബാനി അബ്ദുൾ കബീർ (കാവൽ) |
---|---|
മുൻഗാമി | ബുർഹാനുദ്ദീൻ റബ്ബാനി (അഫ്ഗാനിസ്താന്റെ പ്രസിഡണ്ട്) |
പിൻഗാമി | ബുർഹാനുദ്ദീൻ റബ്ബാനി (അഫ്ഗാനിസ്താന്റെ പ്രസിഡണ്ട്) |
ജനനം | 1959 നോദേഹ്, അഫ്ഗാനിസ്താൻ |
മരണം | 2013,(aged 52-53) സാബുൽ, അഫ്ഗാനിസ്താൻ |
രാഷ്ട്രീയകക്ഷി | ഇസ്ലാമിക് നാഷണൽ റെവല്യൂഷൻ മൂവ്മെന്റ് ഓഫ് അഫ്ഗാനിസ്താൻ താലിബാൻ |
മതം | സുന്നി ഇസ്ലാം |
സെപ്റ്റംബർ 11-ലെ ആക്രമണത്തിനു ശേഷം, ഒസാമ ബിൻ ലാദനും അൽ-ഖ്വയ്ദ ശൃഖലക്കും സംരക്ഷണം നൽകുന്നു എന്ന് ആരോപിച്ച്, അമേരിക്ക, ഒമറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്.[1] പാകിസ്താനിലിരുന്നുകൊണ്ട്, അഫ്ഗാനിസ്താനിലെ ഹമീദ് കർസായ് സർക്കാരിനെതിരെയും, നാറ്റോ സേനക്കെതിരെയുമുള്ള താലിബാൻ ആക്രമണങ്ങൾ നിയന്ത്രിക്കുന്നത് മുല്ല ഒമർ ആണെന്ന് കരുതപ്പെടുന്നു.[2]
ഉന്നത രാഷ്ട്രീയസ്ഥാനങ്ങൾ വഹിച്ചിരുന്നിട്ടും, എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ മുൻനിരയിലായിരുന്നിട്ടും,[1] മുല്ല ഒമറിനെ പുറംലോകം കാര്യമായി അറിഞ്ഞിട്ടില്ല. മാത്രമല്ല ഇദ്ദേഹത്തിന്റെ വിശ്വസനീയമായ ചിത്രങ്ങളൊന്നും തന്നെ ലഭ്യവുമല്ല എന്നതും കൗതുകകരമാണ്.[3] ഒരു കണ്ണില്ലാത്തയാൾ എന്ന വിവരത്തിനു പുറമേ ഒമറിന്റെ ശരീരപ്രകൃതിയെക്കുറിച്ചും വലിയ അറിവുകളൊന്നുമില്ല. ഒമറിനെ കണ്ടുവെന്നു പറയുന്ന ചിലർ, അദ്ദേഹം ഒരു ഉയരമുള്ള വ്യക്തിയാണെന്നും,[4][5] മറ്റുചിലർ, അദ്ദേഹം കുറിയ മനുഷ്യനാണെന്നും, നാണംകുണുങ്ങിയാണെന്നും വിദേശീയരോട് സംസാരിക്കാനിഷ്ടപ്പെടാത്തയാളാണെന്നും വിവരിക്കുന്നു.[3][3][6]
അഫ്ഗാനിസ്താനിലെ അമീർ ആയുള്ള തന്റെ ഭരണകാലത്ത്, കന്ദഹാർ വിട്ട് ഒമർ പുറത്ത് പോയിരുന്നേയില്ല. പകരം വിദേശമന്ത്രിയായിരുന്ന വകീൽ അഹ്മദ് മുത്താവകീൽ ആയിരുന്നു നയതന്ത്രകാര്യങ്ങൾ പ്രധാനമായും നടത്തിയിരുന്നത്.