കോഴിക്കോട് ജില്ല
കേരളത്തിലെ ഒരു ജില്ല / From Wikipedia, the free encyclopedia
മലബാറിന്റെ തലസ്ഥാനമാന് കോഴിക്കോട് നഗരം. കേരള സംസ്ഥാനത്തിന്റെ വടക്കുവശത്തുള്ള ഒരു ജില്ലയാണ് കോഴിക്കോട് ജില്ല. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശത്താണ് ഈ ജില്ലയുടെ സ്ഥാനം. വടക്ക് മാഹി (പുതുച്ചേരി), കണ്ണൂർ ജില്ല, തെക്ക് മലപ്പുറം ജില്ല, കിഴക്ക് വയനാട് ജില്ല, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് കോഴിക്കോടിന്റെ അതിർത്തികൾ. 1957 ജനുവരി 1-ന് കോഴിക്കോട് ജില്ല രൂപീകൃതമായി. കാലക്രമത്തിൽ ഈ ജില്ല വീണ്ടും വിഭജിച്ച് മലപ്പുറം, വയനാട് എന്നീ ജില്ലകൾക്ക് രൂപം കൊടുത്തു.
- ഇതേ പേരിലുള്ള നഗരത്തിന്, ദയവായി കോഴിക്കോട് കാണുക.
കോഴിക്കോട് ജില്ല | |
അപരനാമം: സാമൂതിരിയുടെ നാട്, സത്യത്തിന്റെ നാട് | |
11.25°N 75.77°E / 11.25; 75.77 | |
{{{ബാഹ്യ ഭൂപടം}}} | |
ഭൂമിശാസ്ത്ര പ്രാധാന്യം | ജില്ല |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ആസ്ഥാനം | കോഴിക്കോട് |
ഭരണസ്ഥാപനങ്ങൾ | ജില്ലാ കലക്ട്രേറ്റ് |
ജില്ലാ കലക്ടർ പോലീസ് കമ്മീഷണർ പോലീസ് സൂപ്രണ്ട് (റൂറൽ) |
എ.ഗീത [1] രാജ്പാൽ മീണ ഐ.പി.എസ്. |
വിസ്തീർണ്ണം | 2344ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ (2011) പുരുഷൻമാർ സ്ത്രീകൾ സ്ത്രീ പുരുഷ അനുപാതം |
30,89,543[2] 14,73,028 16,16,515 1097 |
ജനസാന്ദ്രത | 1318/ച.കി.മീ |
സാക്ഷരത | 95.24 [3] % |
കോഡുകൾ • തപാൽ • ടെലിഫോൺ |
673 XXX +91 495, +91 496 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മിഠായിത്തെരുവ്, മാനാഞ്ചിറ സ്ക്വയർ, ബേപ്പൂർ തുറമുഖം, താമരശ്ശേരി ചുരം, തുഷാര ഗിരി വെള്ളച്ചാട്ടം, കാപ്പാട്, കക്കയം ഡാം, ഈസ്റ്റ് ഹിൽ പഴശ്ശിരാജാ മ്യൂസിയം |
കേരളത്തിലെ മഹാനഗരങ്ങളിൽ ഒന്നായ കോഴിക്കോട് നഗരമാണ് ജില്ലയുടെ ആസ്ഥാനം. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവയാണ് ജില്ലയിലെ നാല് താലൂക്കുകൾ.[4] മറ്റു പ്രധാന നഗരങ്ങൾ രാമനാട്ടുകര, ഫറോക്ക്, വടകര, കൊയിലാണ്ടി, മുക്കം, പേരാമ്പ്ര , കൊടുവള്ളി, താമരശ്ശേരി, കുറ്റ്യാടി, നാദാപുരം, തൊട്ടിൽപാലം എന്നിവയാണ്. കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ലയാണ് കോഴിക്കോട്.[5] കൂടാതെ ആദ്യ കോള വിമുക്ത ജില്ലയും കോഴിക്കോട് ആണ്.[6][7] ഏറ്റവും കൂടുതൽ ഇരുമ്പയിര് നിക്ഷേപമുള്ളതും[8] ഏറ്റവും കൂടുതൽ തേങ്ങ ഉല്പാദിപ്പിക്കുന്നതും കോഴിക്കോട് ജില്ലയിലാണ്.[9] കോഴിക്കോട് നഗരം കേരളത്തിന്റെ ഭക്ഷ്യ തലസ്ഥാനവും ഫാഷൻ തലസ്ഥാനവുമാണ്.[അവലംബം ആവശ്യമാണ്]. എൻഐടി കാലിക്കറ്റ്, എൻഐഇഐടി, ഐഐഎം കോഴിക്കോട് എന്നിവ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ്.
കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു മുൻപുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപ പ്രദേശങ്ങളും പോർളാതിരി രാജാവ് ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു. ഏറാൾ നാട് (എറനാട്ട്) നെടിയിരുപ്പിലെ ഏറാടികൾ സമുദ്രവാണിജ്യം നേരിട്ടു നടത്തുവാൻ പോർളാതിരിയെ യുദ്ധത്തിൽ പരാജയപ്പെടുത്തി പോളനാട് പിടിച്ചെടുത്തു. പോളനാട്ടിൽ വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും വലിയ മാളികയും (കോയിൽ/കോവിൽ) കെട്ടി അവരുടെ ആസ്ഥാനം നെടിയിരുപ്പിൽ നിന്ന് കോയിൽകോട്ടയിലേക്കു മാറ്റി. ഇവിടുത്തെ രാജാക്കന്മാർ പൊതുവിൽ അറിയപ്പെട്ടിരുന്നത് സ്വാമിതിരുമുല്പാട് എന്നായിരുന്നു. പിന്നീട് സ്വാമിതിരുമുല്പാട് എന്നത് സാമൂതിരി എന്ന് ചുരുങ്ങി. കോട്ടയാൽ ചുറ്റപ്പെട്ട കോയിൽ - കോയിൽക്കോട്ടയാണ് പിന്നീട് കോഴിക്കോടായത്. അറബികൾ ഈ നഗരത്തെ കാലിക്കൂത്ത് എന്നും ചൈനക്കാർ കലിഫോ എന്നും യൂറോപ്യന്മാർ കാലിക്കറ്റ് എന്നും വിളിച്ചു.[10]