ഓപ്പറേറ്റിങ് സിസ്റ്റം From Wikipedia, the free encyclopedia
ആപ്പിൾ വികസിപ്പിച്ച് വിപണിയിലെത്തിക്കുന്ന യുണിക്സ് അധിഷ്ടിത ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ ശ്രേണിയാണ് മാക് ഒഎസ്.[3] 2012 വരെ മാക് ഒ.എസ്. ടെൻ എന്നും, 2012 മുതൽ 2016 വരെ ഒ.എസ്. ടെൻ എന്നും അറിയപ്പെട്ടിരുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ശ്രേണിയെ 2016 ജൂണിലായിരുന്നു ആപ്പിൾ ഔദ്യോഗികമായി ''മാക് ഒഎസ്'' എന്ന് പുനർനാമാകരണം ചെയ്തത്.[4] ആപ്പിൾ തന്നെ വികസിപ്പിച്ച് പുറത്തിറക്കുന്ന മാക്കിന്റോഷ് കംപ്യൂട്ടറുകൾക്ക് വേണ്ടി മാത്രം പ്രത്യേകം രൂപകല്പന ചെയ്ത ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു ഒ.എസ്. ടെൻ. 2002 മുതൽ എല്ലാ മാക്കിന്റോഷ് കംപ്യൂട്ടറുകളിലും ഒ.എസ്. ടെൻ അഥവാ മാക് ഒ.എസ്. ടെൻ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉൾപെടുത്തിയാണു വിപണിയിൽ എത്തിക്കുന്നത്. "ഒ.എസ്. ടെൻ" -ലെ "ടെൻ" അഥവാ X എന്നത് റോമൻ സംഖ്യാസമ്പ്രദായത്തിലെ "പത്ത്" എന്ന അക്കത്തിനെ സൂചിപ്പിക്കുന്നു. 1980-കളിൽ നെക്സ്റ്റ് (NeXT) എന്ന സ്ഥാപനത്തിൽ വികസിപ്പിച്ച സാങ്കേതികവിദ്യകളുടെയും, ഉൽപ്പന്നത്തിന്റെ നാമത്തിന്റെയും (brand identity) ഉത്തമമായ സൂചകം എന്ന നിലയിലാണു ആപ്പിൾ X-നു പ്രാധാന്യം നൽകിയിരിക്കുന്നത്. യുണിക്സുമായുള്ള ബന്ധത്തിനു പ്രാധാന്യം കൊടുക്കാൻ വേണ്ടിയും ആപ്പിൾ 'ഒ.എസ്. ടെൻ' -ൽ X ഉപയോഗിക്കുന്നു. 1984 മുതൽ ആപ്പിളിന്റെ പ്രഥമ ഓപ്പറേറ്റിങ്ങ് സിസ്റ്റമായിരുന്ന ക്ലാസിക്കൽ മാക് ഒ.എസ്. കുടുംബത്തിലെ അവസാന പതിപ്പായ മാക് ഒഎസ് 9-ന്റെ പിൻഗാമിയായിട്ടാണു 1999-ൽ മാക് ഒ.എസ്. ടെൻ പുറത്തിറങ്ങിയത്.
നിർമ്മാതാവ് | Apple Inc. |
---|---|
പ്രോഗ്രാമിങ് ചെയ്തത് | |
ഒ.എസ്. കുടുംബം | Unix, Macintosh |
തൽസ്ഥിതി: | Current |
സോഴ്സ് മാതൃക | Closed source (with open source components) |
പ്രാരംഭ പൂർണ്ണരൂപം | മാർച്ച് 24, 2001 |
വാണിജ്യപരമായി ലക്ഷ്യമിടുന്ന കമ്പോളം | Personal computing |
ലഭ്യമായ ഭാഷ(കൾ) | [മാകോസ് കാറ്റലീന പ്രകാരം]: അറബിക്, കറ്റാലൻ, ക്രൊയേഷ്യൻ, ചൈനീസ് (ഹോങ്കോംഗ്), ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ചെക്ക്, ഡാനിഷ്, ഡച്ച്, ഇംഗ്ലീഷ് (ഓസ്ട്രേലിയ), ഇംഗ്ലീഷ് (യുണൈറ്റഡ് കിംഗ്ഡം), ഇംഗ്ലീഷ് (യുണൈറ്റഡ് സ്റ്റേറ്റ്സ്) ), ഫിന്നിഷ്, ഫ്രഞ്ച് (കാനഡ), ഫ്രഞ്ച് (ഫ്രാൻസ്), ജർമ്മൻ, ഗ്രീക്ക്, ഹീബ്രു, ഹിന്ദി, ഹംഗേറിയൻ, ഇന്തോനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്, കൊറിയൻ, മലായ്, നോർവീജിയൻ, പോളിഷ്, പോർച്ചുഗീസ് (ബ്രസീൽ), പോർച്ചുഗീസ് (പോർച്ചുഗൽ), റൊമാനിയൻ, റഷ്യൻ, സ്ലൊവാക്, സ്പാനിഷ് (ലാറ്റിൻ അമേരിക്ക), സ്പാനിഷ് (സ്പെയിൻ), സ്വീഡിഷ്, തായ്, ടർക്കിഷ്, ഉക്രേനിയൻ, വിയറ്റ്നാമീസ് |
പുതുക്കുന്ന രീതി | |
സപ്പോർട്ട് പ്ലാറ്റ്ഫോം | |
കേർണൽ തരം | Hybrid (XNU) |
Userland | SUS |
യൂസർ ഇന്റർഫേസ്' | Aqua (Graphical) |
സോഫ്റ്റ്വെയർ അനുമതി പത്രിക | Commercial software, proprietary software |
Preceded by | Classic Mac OS, NeXTSTEP |
വെബ് സൈറ്റ് | www |
Support status | |
Supported |
ആരംഭത്തിൽ പവർ പിസി അടിസ്ഥാനമായുള്ള മാക്കിന്റോഷ് കംപ്യൂട്ടറുകളിൽ മാത്രമാണു ഒ.എസ്. ടെൻ പ്രവർത്തിച്ചിരുന്നത്. 2006-ൽ ആദ്യത്തെ ഇന്റൽ മാക്കിൽ പ്രത്യേക പതിപ്പായ മാക് ഒ.എസ്. ടെൻ v10.4 "ടൈഗർ" പ്രവർത്തിച്ചു തുടങ്ങി. 2007-ൽ പുറത്തിറങ്ങിയ മാക് ഒ.എസ്. ടെൻ v10.5 "ലെപ്പേർഡ്", യൂണിവേഴ്സൽ ബൈനറി എന്ന ആപ്പിൾ സാങ്കേതികത്വത്തിന്റെ ഉപയോഗത്തോടെ പവർ പിസി മാക്കിലും ഇന്റൽ മാക്കിലും പ്രവർത്തിക്കുന്ന ആദ്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമായി. തുടർന്നുവന്ന മാക് ഒ.എസ്. ടെൻ v10.6 "സ്നൊ ലെപ്പേർഡ്" പവർ പിസി മാക്കിനുള്ള പിന്തുണ നിർത്തലാക്കി. 2011-ൽ പുറത്തിറങ്ങിയ മാക് ഒ.എസ്. ടെൻ v10.7 "ലയൺ" 32-ബിറ്റ് ഇന്റൽ പ്രൊസസ്സറിനു പിന്തുണ നിർത്തലാക്കി, 64-ബിറ്റ് ഇന്റൽ പ്രൊസസ്സറിൽ മാത്രം പ്രവർത്തിക്കുന്ന ആദ്യ ഓപ്പറേറ്റിങ്ങ് സിസ്റ്റമായി.
1999 മാർച്ച് 16-നു പുറത്തിറങ്ങിയ മാക് ഒ.എസ്. ടെൻ സെർവർ 1.0 ആയിരുന്നു മാക് ഒ.എസ്. ടെൻ ശ്രേണിയിലെ ആദ്യ പതിപ്പ്. തുടർന്ന് 2001 മാർച്ച് 24-നു ഡെസ്ക്ടോപ്പ് പതിപ്പായ മാക് ഒ.എസ്. ടെൻ v10.0 "ചീറ്റ" പുറത്തിറക്കി. ഒ.എസ്. ടെൻ പതിപ്പുകളുടെ പേരുകൾ എല്ലാം തന്നെ "വലിയ പൂച്ചകൾ" (Big Cats) എന്നറിയപ്പെടുന്ന ജീവികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ആദ്യ ഡെസ്ക്ടോപ്പ് പതിപ്പായ v10.0-നെ "ചീറ്റ" എന്നും, ഈ ശ്രേണിയിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ v10.8-നെ "മൗണ്ടൻ ലയൺ" എന്നും നാമകരണം ചെയ്തിരിക്കുന്നു. ഒ.എസ്. ടെൻ-ന്റെ പത്താമത്തെ പതിപ്പായ മാവെറിക്ക്സ് മുതൽ ഒ.എസ്. ടെൻ കാലിഫോർണിയയിലെ സ്ഥലങ്ങളുടെ പേരിലാണ് പുറത്തിറങ്ങുക.
സെർവർ പതിപ്പായ ഒ.എസ്. ടെൻ സെർവർ അഥവാ മാക് ഒ.എസ്. ടെൻ സെർവർ അതിന്റെ രൂപഭംഗിയിലും ഘടനയിലും ഡെസ്ക്ടോപ്പ് പതിപ്പുമായി സാദൃശ്യം പുലർത്തിയിരുന്നു. സെർവർ പതിപ്പുകളിൽ ഒ.എസ്. ടെൻ കംപ്യൂട്ടർ ശൃംഖലകളെ എളുപ്പമായ രീതിയിൽ നിയന്ത്രിക്കാനും കൈകാര്യം ചെയ്യാനുമുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. മാക് ഒ.എസ്. ടെൻ v10.6 വരെ സെർവർ പതിപ്പുകൾ പ്രത്യേകമായി പുറത്തിറക്കിയിരുന്നു എങ്കിലും മാക് ഒ.എസ്. ടെൻ v10.7-നോട് കൂടി ഒ.എസ്. ടെൻ സെർവർ സമ്പ്രദായം നിർത്തലാക്കുകയും ഒറ്റപ്പെട്ട സെർവർ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന രീതിക്ക് പകരം, സെർവർ നിയന്ത്രണ സംവിധാനങ്ങൾ പ്രത്യേകമായി ലഭ്യമാക്കാം എന്ന രീതി നിലവിൽ വരികയും ചെയ്തു. ആപ്പിളിന്റെ സെർവർ മോഡലായ മാക് പ്രോ, മാക് മിനി എന്നിവയിൽ സെർവർ സംവിധാനങ്ങൾ മുൻകൂട്ടി ഉള്ളടക്കം ചെയ്ത ഒ.എസ്. ടെൻ പതിപ്പുകൾ ഉൾപ്പെടുത്തിയിരുന്നു.
പെഴ്സണൽ കമ്പ്യൂട്ടർ - ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് എന്നീ വിപണികളിലും, വെബ് ഉപയോഗത്തിന്റെ അടിസ്ഥാനത്തിലും, മൈക്രോസോഫ്റ്റ് വിൻഡോസ് കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്ന രണ്ടാമത്തെ ഡെസ്ക്ടോപ്പ് ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒഎസ്.
മക് കെർണൽ അടിസ്ഥാനമായുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു ഒ.എസ്. ടെൻ. പ്രാരംഭഘട്ടത്തിൽ, ഫ്രീ ബി.എസ്.ഡി. യുടെയും, നെറ്റ് ബി.എസ്.ഡി. യുടെയും ചില യുണിക്സ് സാങ്കേതിക ഭാഗങ്ങൾ മാക് ഒ.എസ്. ടെൻ -ന്റെ കോർ ആയ നെക്സ്റ്റ്-സ്റ്റെപ്പിലേക്ക് കൂട്ടിയിണക്കിയിരുന്നു. 1985-ൽ സ്റ്റീവ് ജോബ്സ് ആപ്പിൾ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷം സ്ഥാപിച്ച കമ്പനിയായ നെക്സ്റ്റ് (NeXT) ആയിരുന്നു നെക്സ്റ്റ്-സ്റ്റെപ്പ് എന്ന യുണിക്സ് അധിഷ്ടിത, ഗ്രാഫിക്കൽ, ഒബ്ജക്റ്റ് ഓറിയന്റഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം രൂപപ്പെടുത്തിയത്.[5] ജോബ്സിന്റെ അഭാവത്തിൽ, മികച്ച ഒരു "പുതു-തലമുറ" (next-generation) ഓപ്പറേറ്റിങ്ങ് സിസ്റ്റം നിർമ്മിക്കാനായി റ്റലിജെന്റ്, കൊപ്ലൻട്, ഗെഷ്വിൻ എന്നീ സംരംഭങ്ങളിലൂടെയുള്ള ആപ്പിളിന്റെ ശ്രമങ്ങൾ ചെറു വിജയങ്ങളിൽ ഒതുങ്ങി.[6]
നെക്സ്റ്റ് (NeXT) പിന്നീട് സൺ മൈക്രോസിസ്റ്റംസിന്റെ സഹകരണത്തോടെ നെക്സ്റ്റ്-സ്റ്റെപ്പിനെ വികസിപ്പിച്ചപ്പോൾ, ഓപ്പൺ-സ്റ്റെപ്പ് എന്ന പേരിലാണു അത് അറിയപ്പെട്ടിരുന്നത്. തുടർന്ന്, നെക്സ്റ്റ് (NeXT)-നെ പൂർണമായും ആപ്പിൾ സ്വന്തമാക്കുകയും, ഓപ്പൺ-സ്റ്റെപ്പിനെ ആപ്പിളിന്റെ അടുത്ത ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ അടിസ്ഥാനമായി തിരഞ്ഞെടുക്കുകയും ചെയ്തു.[7] സ്റ്റീവ് ജോബ്സിന്റെ തിരിച്ചുവരലൂടെ ആപ്പിളിൽ വീണ്ടും നൂതനമായ ആശയങ്ങൾ ഉടലെടുക്കാൻ തുടങ്ങി. ഗാർഹിക ഉപഭോക്താക്കളെയും ക്രിയേറ്റീവ് പ്രൊഫഷനലുകളെയും ആപ്പിളിലേക്ക് ആകർഷിക്കുന്ന തരത്തിൽ ഓപ്പൺ-സ്റ്റെപ്പിനെ രൂപാന്തരപ്പെടുത്താൻ സ്റ്റീവ് മാർഗ്ഗനിർദ്ദേശം ചെയ്തു. റാപ്സൊഡി (Rhapsody) എന്ന് അറിയപ്പെട്ടിരുന്ന സംരംഭത്തെ പിന്നീട് മാക് ഒ.എസ് എന്നും, മാക് ഒ.എസ്. ടെൻ എന്നും ഏറ്റവും ഒടുവിലായി ഒ.എസ്. ടെൻ എന്നും പേരുകൾ നൽകിപ്പോരുന്നു.[8]
പ്രഥമ മാക് ഒ.എസ്-നു വേണ്ടി രൂപപ്പെടുത്തിയ സോഫ്റ്റ്വെയറുകൾ പലതും ആദ്യ പതിപ്പായ മാക് ഒ.എസ്. ടെൻ സെർവർ 1.0-ൽ അപര്യാപ്തമായിരുന്നു. കൂടാതെ, ആപ്പിളിന്റെ തന്നെ ഫയർവയർ (ഐ.ഇ.ഇ.ഇ 1394 ഇന്റർഫേസ്) പിന്തുണ ഇല്ല എന്നതും ആദ്യ പതിപ്പിന്റെ പോരായ്മയായിരുന്നു. രണ്ടാം പതിപ്പായ v10.0 "ചീറ്റ" പിൽക്കാല പോരായ്മകൾ എല്ലാം തന്നെ പരിഹരിച്ചായിരുന്നു അവതരിപ്പിച്ചത്. കാർബൺ എപിഐ-യിലൂടെ കൂടുതൽ സൗകര്യങ്ങൾക്ക് പുറമെ, ഫയർവയറിനെ പിന്തുണക്കും എന്നതും ചീറ്റയെ മികവുറ്റതാക്കി. ഓപ്പറേറ്റിങ്ങ് സിസ്റ്റം വികസിച്ചതോടെ, പഴയ മാക് ഒ.എസ് ശൈലികളിൽ നിന്നും മാറി പുതിയ "ഡിജിറ്റൽ ലൈഫ്സ്റ്റൈൽ" ആപ്ലിക്കേഷനുകളായ ഐ ലൈഫ് സ്യൂട്ട്, ഓഫീസ് സ്യൂട്ടായ ഐ വർക്ക്, വിനോദങ്ങൾക്കായുള്ള ഫ്രണ്ട് റൊ മീഡിയ സെന്റർ തുടങ്ങിയവക്ക് ഊന്നൽ നൽകി.[9] പിന്നീട് പുറത്തുവന്ന ഒരോ പതിപ്പിലും - v10.3-ലെ ബ്രഷ്ഡ് മെറ്റൽ ഇന്റർഫേസ്, v10.4-ലെ നൊൻ-പിൻസ്റ്റ്രൈപ്ട് ട്ടൈറ്റ്ല് ബാർ, v10.5-ൽ ബ്രഷ്ഡ് മെറ്റൽ ശൈലി ഉപേക്ഷിച്ച് "ഏകീകൃത" ഗ്രേഡിയന്റ് വിൻഡൊ ശൈലി തുടങ്ങിയ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്താൻ ആപ്പിൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.[10][11]
2011-ൽ ഒ.എസ്. ടെൻ v10.7 "ലയൺ" പുറത്തിറങ്ങിയശേഷം ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പേരിലെ "മാക്" എന്ന പരാമർശം എല്ലാ പരസ്യങ്ങളിൽ നിന്നും ഔദ്യോഗികമായി ഒഴിവാക്കിയ ആപ്പിൾ, 2012-ൽ v10.8 "മൗണ്ടൻ ലയൺ" പുറത്തായതോടെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ നിന്നും "മാക്" മുൻപദം പൂർണമായും ഉപേക്ഷിച്ചു.[12] എന്നിരുന്നാൽ തന്നെയും അപ്പിളിന്റെ വെബ്സൈറ്റ്, പരസ്യങ്ങൾ, ബ്രൗഷറുകൾ തുടങ്ങിയവയിലൊക്കെ "മാക് ഒ.എസ്. ടെൻ" എന്നും "ഒ.എസ്. ടെൻ" എന്നും മാറി മാറി ഉപയോഗിച്ചു വരുന്നു.
മാക്കിന്റോഷ് കംപ്യൂട്ടറുകൾക്ക് വേണ്ടി ആപ്പിൾ വികസിപ്പിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പത്താമത്തെയും നിലവിലെയും ശ്രേണിയാണ് ഒ.എസ്. ടെൻ. മുൻകാല മാക്കിന്റോഷ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പേരുകളായ "മാക് ഒ.എസ് 8", "മാക് ഒ.എസ് 9" എന്നിവ അറബി സംഖ്യകൾ ഉപയോഗിച്ചാണു നൽകിയിരുന്നത്. "ഒ.എസ്. ടെൻ" -ലെ "ടെൻ" അഥവാ X എന്ന അക്ഷരം റോമൻ സംഖ്യാസമ്പ്രദായത്തിലെ "പത്ത്" (10) എന്ന അക്കത്തിനെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ "ഒ.എസ്. ടെൻ" ന്റെ ശരിയായ ഉച്ചാരണം "ടെൻ" എന്നാണു.[3][13] എന്നിരുന്നാലും, പത്താമത്തെ പതിപ്പാണു ആദ്യ യുണിക്സ് (Unix) അധിഷ്ടിതമെന്നതും, റോമൻ അക്കം അതിനോടുള്ള ബഹുമതി എന്നോണം നൽകിയതാണു എന്നീ കാരണങ്ങളാൽ "ഒ.എസ്. എക്സ്" എന്നത് പൊതുവിലെ ഒരു ഉച്ചാരണ രീതിയായി മാറി.[14]
2011 സെപ്റ്റംബർ വരെ W3കൗണ്ടർ ശേഖരിച്ച വേൾഡ് വൈഡ് വെബ് ഉപയോഗത്തിന്റെ കണക്കുകൾ അനുസരിച്ച്, 8.45% ഉപയോഗ-ഓഹരിയോടുകൂടി ലോകത്തിലെ ഏറ്റവും കൂടുതൽ സജീവമായ രണ്ടാമത്തെ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു ഒ.എസ്. ടെൻ.[15] കൂടാതെ, ഏറ്റവും കൂടുതൽ വിജയകരമായ യുണിക്സ്-ലൈക് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ, 1.5% ഉപയോഗമുള്ള ലിനക്സിനേക്കാൾ 5 മടങ്ങ് ഉപയോഗമുള്ള ഒ.എസ്. ടെൻ ആണു ഒന്നാമത്. [15]
ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനെ ഇൻസ്റ്റളേഷൻ സമയത്ത് ഉപയോഗ്താവിനായി നിലവിൽ 22 ഭാഷകൾ ("System Languages") ലഭ്യമാണ്.
പഴയ മാക് ഒ.എസ് പതിപ്പുകളും ഒ.എസ്. ടെനും തമ്മിലുള്ള വ്യത്യാസങ്ങളിൽ ഏറ്റവും പ്രധാനം അക്വ ഇൻറർഫേസിന്റെ കൂട്ടിച്ചേർക്കൽ ആയിരുന്നു. മാക് ഒ.എസ് 8, മാക് ഒ.എസ് 9 എന്നിവയിലെ "പ്ലാറ്റിനം" ഇൻറർഫേസിന്റെ തുടർച്ചയായി വന്ന അക്വ ഗ്രാഫിക്കൽ യൂസർ ഇൻറർഫേസ്, അതിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ ജല സാദൃശ്യമുള്ള ജാലകങ്ങളും, രൂപങ്ങളും മറ്റും കൊണ്ട് ഒ.എസ്. ടെന്നിനു പുതിയ ദൃശ്യഭംഗി നൽകി. ഒ.എസ്. ടെൻ-ന്റെ ജാലകങ്ങൾ, അക്ഷരങ്ങൾ, ചിത്രങ്ങൾ, വിഡ്ജെറ്റുകൾ തുടങ്ങിയവ എല്ലാം തന്നെ "സ്പാഷ്യൽ ആന്റി-എലിയാസിങ്ങ്" (spatial anti-aliasing) സാങ്കേതികതയാൽ രൂപപ്പെടുത്തിയതാണു.[16] വർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ച കളർസിങ്ക് സാങ്കേതികതയെ കൂടുതൽ മെച്ചപ്പെടുത്തി ഒ.എസ്. ടെൻ-ന്റെ കോർ ഡ്രായിങ്ങ് എഞ്ചിനിലേക്കു കൂട്ടിച്ചേർത്തതോടെ പ്രിന്റിങ്ങിനും, മൾട്ടിമീഡിയ ജോലികൾക്കുമായുള്ള കളർ മാറ്റ്ച്ചിങ്ങ് കൂടുതൽ സൗകര്യമായി.[17] ജാലകങ്ങളുടെയും ഒറ്റപ്പെട്ട അക്ഷരങ്ങളുടെയും പ്രദർശന ഭംഗിയും സൂക്ഷ്മതയും വർദ്ധിപ്പിക്കുന്നതിനായി "ഡ്രോപ് ഷാഡൊ"-യും, കൂടാതെ ഷീറ്റ്സ്, ഡ്രാവെർ തുടങ്ങിയ പുതിയ ഇൻറർഫേസ് ഘടകങ്ങളും ഒ.എസ്. ടെന്നിൽ ഉൾപ്പെടുത്തി.
ഒ.എസ്. ടെൻ-നു വേണ്ടി ആപ്പിൾ പ്രസിദ്ധീകരിച്ച "ഹ്യുമൻ ഇന്റർഫേസ് മാർഗ്ഗരേഖകൾ" പിന്തുടരുന്ന പല ആപ്ലിക്കേഷൻസും സ്ഥിരതയുള്ള യൂസർ ഇന്റർഫേസും കീബോഡ് ഷോർട്ട്-കട്ടുകളും ഉപയോഗിച്ചു വരുന്നു.[18] കൂടാതെ, ആപ്ലിക്കേഷനുകൾക്കു വേണ്ടിയുള്ള സേവനങ്ങളിൽ "സ്പെല്ലിങ് ആൻഡ് ഗ്രാമർ ചെക്കേഴ്സ്", "സ്പെഷ്യൽ ക്യാരക്ടേർസ് പാലെറ്റ്", "കളർ പിക്കർ", "ഫോണ്ട് ചൂസർ", "ഡിക്ഷ്നറി" തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി. "ഗ്ലോബൽ ഫീച്ചേഴ്സ്" എന്നറിയപ്പെടുന്ന ഇത്തരം സർവീസുകൾ സ്ഥിരമായിതന്നെ ഒട്ടുമിക്ക കൊകൊ (Cocoa) ആപ്ലിക്കേഷനുകളിലും ലഭ്യമാകുന്നു. "ഹാർഡ്വെയർ ആക്സിലെറേറ്റഡ് ഡ്രായിങ്" സാധ്യമാകുന്നതിനായി ഗ്രാഫിക്സ് സംവിധാനമായ ഓപ്പൺജിഎൽ ജാലകങ്ങളെ സ്ക്രീനുമായി യോജിപ്പിക്കുന്നു. v10.2-ൽ അവതരിപ്പിച്ച ഈ സാങ്കേതിക "ക്വാറ്റ്സ് എക്സ്ട്രീം" എന്നാണു അറിയപ്പെടുന്നത്. ക്വാറ്റ്സ് എക്സ്ട്രീം എന്നത് ഒ.എസ്. ടെൻ ഗ്രാഫിക്സ് മോഡലായ "ക്വാറ്റ്സ്"-ന്റെ ഭാഗമാണു. ക്വാറ്റ്സിന്റെ ആന്തരിക ഇമേജിങ് മോഡൽ, പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (പി.ഡി.എഫ്) ഇമേജിങ് മോഡലുമായി ബന്ധപ്പെടുത്താൻ കഴിയുന്നതുകൊണ്ട് ഒന്നിലധികം ഡിവൈസുകളിലേക്കുള്ള പി.ഡി.എഫ് ഉത്പാദനം എളുപ്പമാകുന്നു.[17] അതുകൊണ്ടുതന്നെ, പി.ഡി.എഫ് കാണുന്നതും, ഏതൊരു ആപ്ലിക്കേഷനിൽ നിന്നും നിർമ്മിക്കുന്നതും ഒ.എസ്. ടെൻ-ലെ അടിസ്ഥാന സൗകര്യങ്ങളിൽ ഒന്നാകുന്നു.[19]
v10.3-ൽ വിൻഡോകളും ഡെസ്ക്ടോപ്പും ഏളുപ്പത്തിൽ തിരഞ്ഞെടുത്ത് ഉപയോഗിക്കാനായി മൂന്ന് സംവിധാനങ്ങൾ ഉൾപ്പെടുന്ന "എക്സ്പോസ്" (നിലവിൽ "മിഷൻ കൺട്രോൾ") അവതരിപ്പിച്ചു. വിവിധ ആവശ്യങ്ങൾക്കായി എല്ലാ വിൻഡോകളെയും ഒരേ സമയം തംബ്നെയിൽ രൂപത്തിൽ കാണുക, നിലവിലിരിക്കുന്ന ആപ്ലിക്കേഷനിൽ നിന്നും എല്ലാ വിൻഡോകളെയും തംബ്നെയിൽ രൂപത്തിൽ കാണുക, എല്ലാ വിൻഡോകളെയും മറച്ചുകൊണ്ട് ഡെസ്ക്ടോപ് ദൃശ്യമാക്കുക തുടങ്ങിയവയായിരുന്നു എക്സ്പോസ്-ന്റെ പ്രത്യേകതൾ.[20]
പതിപ്പ് | കോഡ് നാമം | പ്രഖ്യാപിച്ച ദിവസം | പുറത്തിറങ്ങിയ ദിവസം | ഏറ്റവും പുതിയ പതിപ്പ് |
---|---|---|---|---|
റാപ്സൊഡി ഡെവലപ്പർ പതിപ്പ് | ഗ്രെയിൽ-1Z4 / റ്റൈറ്റൻ-1U | 1997 ഓഗസ്റ്റ് 31 | ഡി.ആർ-2 (1998 മേയ് 14) | |
മാക് ഒ.എസ്. ടെൻ സെർവർ 1.0 | ഹിറ | 1999 മാർച്ച് 16 | 1.2v3 (2000 ഒക്ടോബർ 27) | |
മാക് ഒ.എസ്. ടെൻ ഡെവലപ്പർ പ്രിവ്യു | 1999 മാർച്ച് 16 | ഡി.പി-4 (2000 ഏപ്രിൽ 5) | ||
മാക് ഒ.എസ്. ടെൻ പബ്ലിക് ബീറ്റ | കൊഡിയാക് | 2000 സെപ്റ്റംബർ 13[21] | ||
മാക് ഒ.എസ്. ടെൻ v10.0 | ചീറ്റ | 2001 മാർച്ച് 24[22] | 10.0.4 (2001 ജൂൺ 22) | |
മാക് ഒ.എസ്. ടെൻ v10.1 | പ്യൂമ | 2001 ജൂലൈ 18[23] | 2001 സെപ്റ്റംബർ 25[24] | 10.1.5 (2002 ജൂൺ 6) |
മാക് ഒ.എസ്. ടെൻ v10.2 | ജാഗ്വാർ | 2002 മേയ് 6[25] | 2002 ഓഗസ്റ്റ് 24[26] | 10.2.8 (2003 ഒക്ടോബർ 3) |
മാക് ഒ.എസ്. ടെൻ v10.3 | പാന്തർ | 2003 ജൂൺ 23[27] | 2003 ഒക്ടോബർ 24[28] | 10.3.9 (2005 ഏപ്രിൽ 15) |
മാക് ഒ.എസ്. ടെൻ v10.4 | ടൈഗർ | 2004 മേയ് 4[29] | 2005 ഏപ്രിൽ 29[30] | 10.4.11 (2007 നവംബർ 14) |
മാക് ഒ.എസ്. ടെൻ v10.5 | ലെപ്പേർഡ് | 2006 ജൂൺ 26[31] | 2007 ഒക്ടോബർ 26[32] | 10.5.8 (2009 ഓഗസ്റ്റ് 5) |
മാക് ഒ.എസ്. ടെൻ v10.6 | സ്നൊ ലെപ്പേർഡ് | 2008 ജൂൺ 9[33] | 2009 ഓഗസ്റ്റ് 28[34] | 10.6.8 v1.1 (2011 ജൂലൈ 25) |
മാക് ഒ.എസ്. ടെൻ v10.7 | ലയൺ | 2010 ഒക്ടോബർ 20[35] | 2011 ജൂലൈ 20[36] | 10.7.5 (2012 സെപ്റ്റംബർ 19) |
ഒ.എസ്. ടെൻ v10.8 | മൗണ്ടൻ ലയൺ | 2012 ഫെബ്രുവരി 16[37] | 2012 ജൂലൈ 25[38] | 10.8.5 (12F45) (2013 ഒക്ടോബർ 3) |
ഒ.എസ്. ടെൻ v10.9 | മാവെറിക്ക്സ് | 2013 ജൂൺ 10[39] | 2013 ഒക്ടോബർ 22[40] | 10.9.5 (13F34) (2014 സെപ്റ്റംബർ 18) |
ഒ.എസ്. ടെൻ v10.10 | യോസ്സെമിറ്റി | 2014 ജൂൺ 2[41] | 2014 ഒക്ടോബർ 16[42] | 10.10.1 (14B25) (2014 നവംബർ 17) |
ഒ.എസ്. ടെൻ v10.11 | എൽ കാപിറ്റൻ | 2015 ജൂൺ 8[43] | 2015 സെപ്റ്റംബർ 30[44] | 10.11.6 (15G31) (2016 ജൂലൈ 18) |
മാക് ഒഎസ് v10.12 | സിയെറ | 2016 ജൂൺ 13[45] | 2016 സെപ്റ്റംബർ 20[46] | 10.12.6 (16G29) (2017 ജൂലൈ 19) |
മാക് ഒഎസ് v10.13 | ഹൈ സിയെറ | 2017 ജൂൺ 5[47] | 2017 സെപ്റ്റംബർ 25[48] | 10.13.6 (17G65) (2018 ജൂലൈ 9) |
മാക് ഒഎസ് v10.14 | മൊഹാവി | 2018 ജൂൺ 4[49] | 2018 സെപ്റ്റംബർ 24[50] | 10.14.5 (18F132) (2019 മേയ് 13) |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.