From Wikipedia, the free encyclopedia
വാല്മീകി രാമായണത്തിന്റെ നേപ്പാളി പരിഭാഷയാണ് ഭാനുഭക്ത രാമായണം. ആദികവി ഭാനുഭക്ത ആചാര്യയുടെ ഈ കൃതി 1887-ൽ അദ്ദേഹത്തിന്റെ മരണാനന്തരം അതിന്റെ പൂർണ്ണരൂപത്തിൽ പ്രസിദ്ധീകരിച്ചു.[1]ആദ്യത്തെ നേപ്പാളി ഇതിഹാസമായി പരക്കെ കണക്കാക്കപ്പെടുന്ന ഈ ഇതിഹാസത്തിന്റെ ഗദ്യശൈലിയെ ഭാനുഭക്തി ലയ [2]എന്ന് വിളിക്കുന്നു. കാരണം നേപ്പാളി സാഹിത്യത്തിൽ പൂർണ്ണമായും ആദ്യത്തെ രചനയായി ഇതിനെ കണക്കാക്കുന്നു. ഈ രചനയിലൂടെ രചയിതാവ്, കവി ഭാനുഭക്ത ആചാര്യ നേപ്പാളിലെ ആദികവി (ആദ്യത്തെ കവി) എന്നറിയപ്പെടുന്നു.
നേപ്പാളിലെ ഹിന്ദുമതത്തെ "ജനാധിപത്യവത്കരിക്കാനുള്ള" ഒരു പ്രധാന ആദ്യപടിയായി ഇതിഹാസം കണക്കാക്കപ്പെടുന്നു. കാരണം പൊതുജനങ്ങൾക്ക് അവരുടെ മാതൃഭാഷയിൽ ഹിന്ദു ഇതിഹാസങ്ങളെ ഭനസ്സിലാക്കാനും വിശുദ്ധ ഗ്രന്ഥങ്ങളുടെ പഠനത്തിലും വ്യാഖ്യാനത്തിലും പഠിച്ച ബ്രാഹ്മണ പുരോഹിതരുടെ ആധിപത്യം കുറയ്ക്കാനും ഇത് സഹായിച്ചു. [3][4] മറുവശത്ത്, മറ്റ് തദ്ദേശീയ ഭാഷകളുടെ സഹായത്തോടെ നേപ്പാളിൽ നേപ്പാളി ഭാഷയുടെയും സാഹിത്യത്തിന്റെയും മേധാവിത്വം സ്ഥാപിക്കുന്നതിനുള്ള ഒരു ഉപകരണമായി ഈ കൃതി വഹിച്ച പങ്കിനെ പലരും അപലപിക്കുന്നു.[4]
പുസ്തകവും കവിയും നേപ്പാളിന് പുറത്തുള്ള നേപ്പാളി വംശജരിൽ, പ്രത്യേകിച്ച് ഡാർജിലിംഗിൽ വളരെ പ്രാധാന്യമർഹിക്കുന്നു. നേപ്പാളികൾക്ക് മുമ്പുതന്നെ ഭാനുഭക്ത രാമായണത്തിന്റെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞത് ഡാർജിലിംഗ് സാഹിത്യ സമൂഹമായിരുന്നുവെന്നത് ശ്രദ്ധേയമാണ്.[1]
ഭാനുഭക്ത സ്വയം അവതരിപ്പിച്ച വിശദാംശങ്ങളിൽ ചെറിയ വ്യത്യാസങ്ങളോടെ (കഥ മാറ്റാതെ) ഭാനുഭക്ത രാമായണം കൂടുതലും വാല്മീകി രാമായണത്തിൽ നിന്നാണ് വിവർത്തനം ചെയ്തത്. 1844 ഓടെ അദ്ദേഹം ബാലകാണ്ഡം അധ്യായത്തിന്റെ വിവർത്തനം പൂർത്തിയാക്കി. 1853 ഓടെ യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവ വിവർത്തനം ചെയ്യപ്പെട്ടു. 1869-ൽ ഭാനുഭക്ത അന്തരിച്ചു. സമ്പൂർണ്ണ ഭാനുഭക്ത രാമായണം 1887-ൽ പ്രസിദ്ധീകരിച്ചു.[1]
ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഈ പുസ്തകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [5] 1990 കളിൽ നേപ്പാൾ റേഡിയോ നടത്തിയ മതപരമായ പ്രക്ഷേപണത്തിന്റെ ഭാഗമായി ഇതിഹാസത്തിന്റെ ഓഡിയോ ടേപ്പുകളും പ്രക്ഷേപണം ചെയ്തു. നേപ്പാൾ മ്യൂസിക് ഒരേ സമയം പാരായണത്തിന്റെ ഓഡിയോ കാസറ്റുകളും പുറത്തിറക്കി. [6] ഇതിഹാസത്തിലെ വിവിധ ഭാഗങ്ങൾ വിലപ്പെട്ട ഹ്രസ്വകവിതകളായി കണക്കാക്കപ്പെടുന്നു. കൂടാതെ നേപ്പാളി ഭാഷയുടെയും സാഹിത്യത്തിന്റെയും വിവിധ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1814 ജൂലൈ 13 ന് (29 ആശാർ 1871 ബി.എസ്.) നേപ്പാളിലെ തനാഹു ജില്ലയിൽ രാംഘ ഗ്രാമത്തിൽ ആണ് ഭാനുഭക്ത ആചാര്യ ജനിച്ചത്. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആചാര്യ വീട്ടിൽ മുത്തച്ഛനിൽ നിന്ന് വിദ്യാഭ്യാസം നേടി. എല്ലാ സഹോദരന്മാരിലും മൂത്തവനായിരുന്ന പിതാവ് ധനഞ്ജയ ആചാര്യ ഒരു ഭരണ ഉദ്യോഗസ്ഥനായിരുന്നു.
നേപ്പാളി കവിയും പരിഭാഷകനും എഴുത്തുകാരനുമായിരുന്നു ഭാനുഭക്ത ആചാര്യ. സംസ്കൃതത്തിൽ നിന്ന് നേപ്പാളി ഭാഷയിലേക്ക് വിവർത്തനം ചെയ്ത മഹത്തായ ഇതിഹാസം രാമായണം ഭാനുഭക്ത രാമായണം എന്നപേരിൽ ഇതറിയപ്പെടുന്നു. രാമായണ ഇതിഹാസം സംസ്കൃതത്തിൽ നിന്ന് വിവർത്തനം ചെയ്ത ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. അക്കാലത്ത് മറ്റ് സമകാലിക കവികൾ രാജ്യത്തുണ്ടായിരുന്നിട്ടും, നേപ്പാളി ഭാഷയിലെ ആദികവി (ആദ്യത്തെ കവി) എന്ന പദവിയിൽ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു.[7]ആചാര്യ ഏറ്റവും ശ്രഷ്ഠമായ രണ്ട് കൃതികൾ എഴുതിയിട്ടുണ്ട്. അതിൽ ഒന്ന് ഭാനുഭക്ത രാമായണവും മറ്റൊന്ന് ജയിലിൽ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിക്ക് ശ്ലോക രൂപത്തിൽ എഴുതിയ കത്തുമാണ്.
കവിതയിലും, നേപ്പാളി സാഹിത്യരംഗത്തും നൽകിയ സംഭാവനകൾക്ക് ആദികവി എന്ന പദവി നൽകി ആദരിക്കുന്നു. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം ഭാനു ജയന്തി (ജൂലൈ 13) ആയി ആചരിക്കുന്നു. അദ്ദേഹത്തെ ബഹുമാനിക്കാൻ വിവിധ സാഹിത്യ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.