![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/ae/Chottanikkara_Temple.jpg/640px-Chottanikkara_Temple.jpg&w=640&q=50)
ചോറ്റാനിക്കര ഭഗവതിക്ഷേത്രം
എറണാകുളം ജില്ലയിലെ ഭഗവതി ക്ഷേത്രം / From Wikipedia, the free encyclopedia
കേരളത്തിലെ എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ ചോറ്റാനിക്കരയിലുള്ള പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം[1]. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ എറണാകുളം നഗരഹൃദയത്തിൽ നിന്ന് ഏകദേശം പതിനഞ്ച് കിലോമീറ്റർ തെക്കുകിഴക്കുമാറി, തൃപ്പൂണിത്തുറ പട്ടണത്തിൽ നിന്ന് ആറു കിലോമീറ്റർ അകലെ ചോറ്റാനിക്കരയിൽ സ്ഥിതിചെയ്യുന്ന ഈ മഹാക്ഷേത്രം, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭഗവതി ക്ഷേത്രമാണ്. ജഗദീശ്വരിയായ ആദിപരാശക്തിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. 'ചോറ്റാനിക്കര അമ്മ' എന്ന് അറിയപ്പെടുന്ന ഭഗവതിയെ മഹാവിഷ്ണുവിനൊപ്പമാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. അതിനാൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിന് ഇവിടെ പ്രത്യേക പ്രാധാന്യം വരുന്നു. കൂടാതെ ഭദ്രകാളി സങ്കല്പത്തിലുള്ള മറ്റൊരു ക്ഷേത്രവും ഇവിടെയുണ്ട്. പ്രധാന ക്ഷേത്രത്തിന് താഴെ സ്ഥിതിചെയ്യുന്ന ഇത്, തന്മൂലം കീഴ്ക്കാവ് എന്ന് അറിയപ്പെടുന്നു. ഭഗവതിക്കും മഹാവിഷ്ണുവിനും ഭദ്രകാളിയ്ക്കും തുല്യപ്രാധാന്യമാണ് ഈ ക്ഷേത്രത്തിൽ ഉള്ളത്. ഇക്കാരണത്താലാണ് "അമ്മേ നാരായണാ, ദേവി നാരായണാ, ലക്ഷ്മീ നാരായണാ, ഭദ്രേ നാരായണാ" എന്ന പ്രസിദ്ധമായ നാമങ്ങൾ ഇവിടെ ഉടലെടുത്തത്. മൂന്നു പ്രധാന ഭാവങ്ങളിലാണ് ഈ ക്ഷേത്രത്തിൽ പ്രധാനമായും ആരാധിയ്ക്കുക. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് മഹാസരസ്വതിയായി (കൊല്ലൂർ മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞു ശ്രീ ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ ദുർഗ്ഗാ പരമേശ്വരിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. കൂടാതെ, മഹാലക്ഷ്മിയായും ക്ഷേത്രത്തിൽ ശിവ സാന്നിദ്ധ്യവുമുള്ളതിനാൽ പാർവതിയായും സങ്കല്പിയ്ക്കുന്നുണ്ട്. ഇങ്ങനെ പരാശക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ഭാവങ്ങളിൽ ആരാധിയ്ക്കപ്പെടുന്നതിനാൽ ചോറ്റാനിക്കരയമ്മയെ 'രാജരാജേശ്വരീ' അഥവാ ‘ആദിപരാശക്തി ’ ഭാവത്തിലാണ് സങ്കൽപ്പിയ്ക്കുന്നത്. മാനസികരോഗങ്ങളും സ്വഭാവദൂഷ്യങ്ങളും തീരാത്ത ദുഃഖങ്ങളും ചോറ്റാനിക്കരയമ്മ പരിഹരിയ്ക്കും എന്നാണ് വിശ്വാസം. തന്മൂലം ദുരിതം അനുഭവിക്കുന്ന നിരവധി ഭക്തർ ഇവിടെ ഭജനം പാർക്കാൻ എത്താറുണ്ട്. പുരാതന കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നാണ് ചോറ്റാനിക്കര.[2]ശബരിമലയും ഗുരുവായൂരും ആറ്റുകാലും കൊടുങ്ങല്ലൂരും കഴിഞ്ഞാൽ ഏറ്റവുമധികം ഭക്തർ ദർശനത്തിനെത്തുന്ന കേരളീയക്ഷേത്രവും ചോറ്റാനിക്കരയാണ്.[3][അവലംബം ആവശ്യമാണ്]
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം | |
---|---|
ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം | |
![]() ചോറ്റാനിക്കര ക്ഷേത്രം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ചോറ്റാനിക്കര |
നിർദ്ദേശാങ്കം | 9.933°N 76.391°E / 9.933; 76.391 |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ഭഗവതി ആദിപരാശക്തി (സരസ്വതി, മഹാലക്ഷ്മി, ഭദ്രകാളി, ദുർഗ്ഗ, പാർവ്വതി സങ്കല്പങ്ങളിൽ) |
ആഘോഷങ്ങൾ | മകം- പൂരം തൊഴൽ, നവരാത്രി, ദീപാവലി, തൃക്കാർത്തിക |
ജില്ല | എറണാകുളം |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
Governing body | കൊച്ചിൻ ദേവസ്വം ബോർഡ് |
ചോറ്റാനിക്കരയിൽ മേൽക്കാവ്, കീഴ്ക്കാവ് എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. മേൽക്കാവാണ് പ്രധാനക്ഷേത്രം. കീഴ്ക്കാവ് പ്രധാനക്ഷേത്രത്തിന്റെ താഴെയായി സ്ഥിതിചെയ്യുന്നു. ആദിപരാശക്തിയുടെ മറ്റൊരു ഭാവമായ ഭദ്രകാളിയാണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് "ഗുരുസിപൂജ" എന്ന പ്രസിദ്ധമായ വഴിപാട് നടത്താറുള്ളത്. കീഴ്ക്കാവിലേയ്ക്ക് പോകാനായി മേൽക്കാവിൽ നിന്ന് അനേകം പടികളുള്ള വഴിയുണ്ട്. ബ്രഹ്മാവ്, ശിവൻ, ഗണപതി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഹനുമാൻ, ജ്യേഷ്ഠാഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. ഇവരിൽ ശാസ്താവിന് ഈ ക്ഷേത്രത്തിൽ പ്രത്യേക പ്രാധാന്യം കല്പ്പിച്ചുകാണുന്നു. ഭഗവതിയുടെ അംഗരക്ഷകന്റെ ഭാവമാണ് ശാസ്താവിന് ഇവിടെ. അതിനാൽ ശബരിമല തീർത്ഥാടകർ ഇവിടം ധാരാളമായി സന്ദർശിച്ചുകാണുന്നു. കുംഭമാസത്തിൽ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന മകം, പൂരം തൊഴലുകളുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിലെ നവരാത്രി, വിദ്യാരംഭം, വൃശ്ചികമാസത്തിലെ തൃക്കാർത്തിക എന്നിവ ഇവിടെ വിശേഷ ദിവസങ്ങളാണ്. ലക്ഷ്മി നാരായണ പ്രധാനമായ ദീപാവലിയും ഇവിടെ പ്രധാനമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.