നവരാത്രി
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി / From Wikipedia, the free encyclopedia
ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. പ്രധാനമായും സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം. പൊതുവേ സർവ്വേശ്വരിയായ ഭഗവതി ആദിപരാശക്തിയായ ആരാധിക്കുന്ന നാളുകളാണ് നവരാത്രി. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തിൽ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ. ചിലർ നവരാത്രി നാളുകളിൽ വ്രതം അനുഷ്ഠിക്കുന്നു. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് വിശ്വാസം. ആഗ്രഹപൂർത്തിയും ദുരിതനാശവും കാര്യവിജയവും ഫലം. ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു. അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ ഭുവനേശ്വരിയായ ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. വേറൊരു രീതിയിൽ സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിവരുടെ കൂടെ ഐശ്വര്യദേവിയായ മഹാലക്ഷ്മിയെ കൂടി ചേർത്തു അഷ്ടമാതാക്കളായി ആരാധിക്കുന്നു. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. വിദ്യാവിജയത്തിന് സരസ്വതി പൂജ പ്രധാനമാണ് എന്നാണ് വിശ്വാസം. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ദേവി ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവിഭാഗവത നവാഹയജ്ഞം, ചണ്ഡികാഹോമം, ഐശ്വര്യപൂജ, അഷ്ടലക്ഷ്മിപൂജ, സരസ്വതിപൂജ തുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു.
നവരാത്രി | |
---|---|
ഇതരനാമം | നവരാത്രി അല്ലെങ്കിൽ നവരതം |
ആചരിക്കുന്നത് | ഹിന്ദുക്കൾ, ജൈനന്മാർ സിഖുകാർ |
ആഘോഷങ്ങൾ | 9 ദിവസങ്ങൾ |
അനുഷ്ഠാനങ്ങൾ | മണ്ഡപക്രമീകരണം, പ്രാർത്ഥനകൾ, നാടകങ്ങൾ, നിമജ്ജനം അല്ലെങ്കിൽ കത്തിക്കയറുക |
ആരംഭം | അശ്വിൻ ശുക്ല പ്രതാമ |
അവസാനം | അശ്വിൻ ശുക്ല നവാമി |
തിയ്യതി | Ashvin Shukla Pratipada, Ashvin Shukla Dwitiya, Ashvin Shukla Tritiya, Ashvin Shukla Chaturthi, Ashvin Shukla Panchami, Ashvin Shukla Shashthi, Ashvin Shukla Ashtami, Ashvin Shukla Navami |
ആവൃത്തി | ദ്വിവത്സരം |
ബന്ധമുള്ളത് | ദസറ, വിദ്യാരംഭം |