കോഹിനൂർ
From Wikipedia, the free encyclopedia
ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതിയുണ്ടായിരുന്ന രത്നമാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ (ഹിന്ദി: कोहिनूर, പേർഷ്യൻ: کوہ نور, തെലുഗു: కోహినూరు). പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു.
ഭാരം | 105.6 |
---|---|
നിറം | finest white |
രൂപംകൊണ്ട രാജ്യം | India |
ഖനനം ചെയ്ത സ്ഥലം | Kollur Mine, Guntur District, Andhra Pradesh |
നിലവിലെ ഉടമസ്ഥാവകാശം | The British Crown (part of the British Crown Jewels) |
ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ എന്ന സ്ഥലത്തു നിന്ന് ഖനനം ചെയ്തെടുത്ത ഈ വജ്രക്കല്ല്, ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്തു.
വിക്റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്നം അവരുടെ കിരീടത്തിന്റെ ഭാഗമായി. ഇതിനുവേണ്ടിയാണ്, 186 1/16 കാരറ്റ് (37.21 ഗ്രാം) ഭാരമുണ്ടായിരുന്ന ഈ വജ്രക്കല്ലിനെ ഇന്നത്തെ 105.602 കാരറ്റ് (21.61 ഗ്രാം) ആയി ചെത്തിമിനുക്കിയത്.