പേർഷ്യയുടെ ആദ്യ മംഗോൾ ഭരണാധികാരി From Wikipedia, the free encyclopedia
ഹുലഗു ഖാൻ, അഥവാ ഹ്യുലെഗ്യു അല്ലെങ്കിൽ ഹുലെഗു (ക്രി. വ. 1217 - 1265), പതിമൂന്നാം നൂറ്റാണ്ടിലെ ഒരു മംഗോൾ ഭരണാധികാരി ആയിരുന്നു. മംഗോളിയയിൽ ജനിച്ച ഇദ്ദേഹം പിന്നീട് പടിഞ്ഞാറൻ ഏഷ്യയുടെ വലിയ ഭാഗവും കീഴടക്കി. ജെങ്കിസ് ഖാന്റെ പൗത്രൻ ആയിരുന്ന ഇദ്ദേഹം അറീഖ് ബൊകെ, മൊൻഗ്കെ ഖാൻ, കുബ്ലൈ ഖാൻ എന്നിവരുടെ സഹോദരനും ആയിരുന്നു. തൊളൂയി, കെറെയ്ദ് രാജകുമാരി സുർഘാഘ്താനി ബേകി എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ. അറബികളിൽ നിന്ന് ബാഗ്ദാദ് കീഴടക്കിയ ഇദ്ദേഹമാണ് പേർഷ്യൻ ഇൽഖാനി സാമ്രാജ്യത്തിന് തുടക്കമിട്ടത്. ഇതിന്റെ പിന്തുടർച്ചയായി പിൽക്കാലത്ത് സ്വതന്ത്ര പേർഷ്യൻ, ഇറാനിയൻ രാഷ്ട്രങ്ങൾ നിലവിൽ വന്നു.
ഹുലഗു ഖാൻ
| |
---|---|
14ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷീദ്-അൽ-ദിൻ ഹമദാനി വരച്ച ഹുലാഗു ഖാന്റെ ചിത്രീകരണം. | |
ഭരണകാലം | 1256 - 1265 ഫെബ്രുവരി 8 |
പിൻഗാമി | അബാഖ ഖാൻ |
രാജവംശം | ബോർജിഗിൻ |
പിതാവ് | തൊളൂയി |
മാതാവ് | സുർഘാഘ്താനി ബേകി |
കബറിടം | ഷാഹി ദ്വീപ്, ഉർമിയ തടാകം |
ഒപ്പ് | |
മതം | ബുദ്ധമതം[1][2] |
1217ൽ മംഗോളിയയിൽ തൊളൂയി, സുർഘാഘ്താനി ബേകി എന്നീ ദമ്പതികളുടെ മകനായി ആണ് ഹുലഗു ഖാൻ ജനിച്ചത്. മംഗോൾ യുദ്ധപ്രഭുവും ഭരണാധികാരിയുമായ ജെങ്കിസ്ഖാന്റെ മക്കളിൽ ഒരാളായിരുന്നു തൊളൂയി. കെറെയ്ദ് രാജകുമാരിയും ഭരണത്തിൽ സ്വാധീനമുള്ളവളും ആയിരുന്നു ഇദ്ദേഹത്തിന്റെ അമ്മ സുർഘാഘ്താനി ബേകി. 1224ൽ കുബ്ലൈയ്ക്കൊപ്പം ഒൻപതു വയസ്സുകാരനായ ഹുലഗു ഒരിക്കൽ തന്റെ മുത്തച്ഛൻ ജെങ്കിസ് ഖാനെ കണ്ടുമുട്ടി എന്നുള്ള ജാമി അൽ-തവാരിഖിന്റെ ഒരു പരാമർശം ഒഴികെ മറ്റ് വിവരങ്ങൾ ഒന്നും ഹുലഗുവിന്റെ ബാല്യകാലത്തെക്കുറിച്ച് ലഭ്യമല്ല.[3]
1251-ൽ മഹാഖാൻ ആയി അവരോധിക്കപ്പെട്ട ഹുലഗുവിന്റെ മൂത്തസഹോദരൻ മൊൻഗ്കെ ഖാൻ വലിയ ഒരു സൈന്യവുമായി പടിഞ്ഞാറൻ ഏഷ്യയിലെ അവശേഷിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങൾ കീഴടക്കാൻ ഹുലഗുവിനെ ചുമതലപ്പെടുത്തി. സ്വമേധയാ കീഴടങ്ങുന്ന രാഷ്ട്രങ്ങൾക്ക് സമാധാനവും ചെറുത്തുനിൽക്കുന്നവർക്ക് സർവ്വനാശവും കൊടുക്കാൻ മൊൻഗ്കെ ഹുലഗുവിനോട് നിർദ്ദേശിച്ചു. 1253ൽ മൊൻഗ്കെയുടെ ഉത്തരവനുസരിച്ച്, സാമ്രാജ്യത്തിലെ പത്തിലൊന്ന് പോരാളികൾ ഹുലഗുവിന്റെ സൈന്യത്തിന് വേണ്ടി വിളിച്ചുചേർക്കപ്പെട്ടു. ഹുലഗു ഇതുവരെ അണിനിരത്തപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മംഗോളിയൻ സൈന്യവുമായിയാണ് പടയോട്ടത്തിന് ഇറങ്ങിപ്പുറപ്പെട്ടത്.[4]
1255-ൽ ഹുലഗു ട്രാൻസ്-ഓക്സിയാനയിൽ എത്തി. 1256ന്റെ തുടക്കത്തിൽ തെക്കൻ ഇറാനിലെ ലൂറുകളെ നിശ്ശേഷം കീഴടക്കിയ ഹുലഗു അലാമത്തിലെ അതിശക്തമായിരുന്ന അവരുടെ കോട്ട പിടിച്ചെടുത്ത് അവരിൽ നിന്ന് ലൂർ ജനങ്ങളുടെ പ്രാണരക്ഷാർത്ഥം ഒരു കരാർ ഒപ്പിട്ടു വാങ്ങുകയും ചെയ്തു.
ലൂറുകളെ കീഴ്പ്പെടുത്തിയശേഷം, ഹുലഗുവിന്റെ പട നിസ്സാറികളെ നശിപ്പിക്കുകയും ബാഗ്ദാദിലെ അബ്ബാസികളെയും ദമാസ്കസിലെ അയ്യൂബികളെയും ഈജിപ്തിലെ ബാഹ്റി മാമ്ലൂക്കുകളെയും കീഴടക്കുകയും ചെയ്തു.[3][5]
അസർബൈജാൻ തന്റെ ശക്തികേന്ദ്രമായി തിരഞ്ഞെടുത്ത ഹുലഗു ഖാൻ 1257 മുതൽ യൂറോപ്പ്, മദ്ധ്യപൂർവ്വദേശം, മറ്റ് ഏഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വ്യാപകമായി മുസ്ലിം, ക്രിസ്ത്യൻ ആളുകളെ തന്റെ സൈന്യത്തിന്റെ ഭാഗമാക്കി.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.