ഇന്ത്യൻ ഭാഷാശാസ്ത്രജ്ഞൻ, പ്രൊഫസർ, ഗവേഷകൻ From Wikipedia, the free encyclopedia
മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്, ഗവേഷകൻ എന്നീ നിലകളിൽ പ്രസിദ്ധനായ വ്യക്തിയായിരുന്നു സ്കറിയ സക്കറിയ (1947 - 2022 ഒക്ടോബർ 18). ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തിയതിൽ ഇദ്ദേഹം പങ്ക് വഹിച്ചിരുന്നു. ജൂതമലയാളം, മലയാളം എന്നിവയാണ് ഇദ്ദേഹത്തിന് താല്പര്യമുള്ള വിഷയങ്ങൾ.[1]
സ്കറിയാ സക്കറിയ 1947-ൽ എടത്വാ ചെക്കിടിക്കാട് കരിക്കംപള്ളിൽ കുടുംബത്തിൽ ജനിച്ചു.
ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ നിന്ന് 1969-ൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടി. 1968-ൽ കേരള സർവ്വകലാശാലയുടെ സചിവോത്തമസ്വർണ്ണമെഡൽ ലഭിച്ചു.
1992-ൽ കേരള സർവ്വകലാശാലയിലെ ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിൽ നിന്ന് ഇദ്ദേഹത്തിന് പി.എച്ച്.ഡി. ലഭിച്ചു. ‘’പ്രാചീനമലയാളഗദ്യത്തിന്റെ വ്യാകരണവിശകലനം‘’ (A Grammatical Analysis of Early Missionary Malayalam Prose Texts) ആയിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. 1990-ൽ ഫ്രെയ്ബർഗ്ഗിലെ ഗെയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമ്മൻ ഭാഷാപഠനം. അലക്സാണ്ടർ ഫോൺ ഹുംബോൾട്ട് ഫെല്ലോ എന്ന നിലയിൽ ജർമ്മനിയിലും സ്വിറ്റ്സർലാണ്ടിലുമുള്ള സർവ്വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങൾ നടത്തി.
1962 മുതൽ 82 വരെ ചങ്ങനാശ്ശേരി എസ്.ബി. കോളേജിൽ ഇദ്ദേഹം ലക്ചററും 1982 മുതൽ 94 വരെ പ്രഫസറും ആയി ജോലി ചെയ്തിരുന്നു. 1994 മുതൽ 1997 വരെ ഇദ്ദേഹം കാലടിയിലെ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാളം വിഭാഗത്തിൽ റീഡറായും 1997 മുതൽ 2007 വരെ മലയാളം പ്രഫസറായും അതോടൊപ്പം കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചു.
കോട്ടയത്ത് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിലും കേരള കലാമണ്ഡലത്തിലും ഇദ്ദേഹം വിസിറ്റിംഗ് പ്രഫസറായിരുന്നു. കേരളത്തെപ്പറ്റിയുള്ള പഠനങ്ങൾക്കായുള്ള താപസം[പ്രവർത്തിക്കാത്ത കണ്ണി] എന്ന മൂന്നു മാസം കൂടുമ്പോൾ പുറത്തിറങ്ങുന്ന മലയാളം ഇംഗ്ലീഷ് ഭാഷകളിലുള്ള ജേണലിന്റെ എഡിറ്ററാണിദ്ദേഹം. ഓശാന മൗണ്ടിന്റെ ബൈബിൾ തർജമയിൽ എൻ.വി. കൃഷ്ണവാര്യരുമായി സഹകരിച്ചു.കേരള സർക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയുടെ മുതിർന്ന ഉപദേഷ്ടാവായും പ്രവർത്തിച്ചു. തലശ്ശേരി ഹെർമൻ ഗുണ്ടർട്ട് മ്യൂസിയത്തിൻ്റെ ക്യുറേറ്റർ.
ബെൻ സ്വി ഇൻസ്റ്റിറ്റ്യൂട്ട്, ജെറുസലേമിലെ ഹീബ്രൂ സർവ്വകലാശാല എന്നിവയുമായി സഹകരിച്ച് ഡോ. സ്കറിയാ സക്കറിയ "ജൂതരുടെ മലയാളം പെൺപാട്ടുകൾ" ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.[2]
2022 ഒക്ടോബർ 18ന് അന്തരിച്ചു.
ഭാര്യ- മേരിക്കുട്ടി (അടുക്കളയിൽ നിന്ന് കിച്ചനിലേക്ക് എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.) മക്കൾ: ഡോ.സുമ സ്കറിയ, ഡോ.അരുൾ ജോർജ് സ്കറിയ. മരുമക്കൾ: ഡോ. വി ജെ വർഗീസ്, ഡോ. നീത മോഹൻ.
Seamless Wikipedia browsing. On steroids.