From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവും റോയ് കപൂർ ഫിലിംസിന്റെ സ്ഥാപകനുമാണ് സിദ്ധാർഥ് റോയ് കപൂർ (ജനനം: 2 ഓഗസ്റ്റ് 1974). വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെ ഡയറക്ടറായിരുന്നു.[1][2] ഇന്ത്യയിലെ ചലച്ചിത്ര - ടെലിവിഷൻ നിർമ്മാതാക്കളുടെ ഗിൽഡിന്റെ പ്രസിഡന്റാണ്.
സിദ്ധാർഥ് റോയ് കപൂർ | |
---|---|
ജനനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ | 2 ഓഗസ്റ്റ് 1974
ദേശീയത | ഇന്ത്യൻ |
തൊഴിൽ(s) | ചലച്ചിത്ര നിർമ്മാതാവ്, റോയ് കപൂർ ഫിലിംസിന്റെ സ്ഥാപകൻ |
ജീവിതപങ്കാളി | വിദ്യാ ബാലൻ (2012-ൽ വിവാഹം ചെയ്തു) |
ബന്ധുക്കൾ | ആദിത്യ റോയ് കപൂർ, കുനാൽ റോയ് കപൂർ |
1974 ഓഗസ്റ്റ് 2ന് മുംബൈയിൽ ജനിച്ചു. ജി.ഡി. സൊമാനി മെമ്മോറിയൽ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മുംബൈയിലെ സിഡെൻഹാം കോളേജ് ഓഫ് കൊമേഴ്സ് ആന്റ് ഇക്കണോമിക്സിൽ ബിരുദം പഠനം ആരംഭിച്ചു. ഈ കോളേജിലെ നാടക സൊസൈറ്റിയുടെ ചെയർമാനും മാഗസിൻ എഡിറ്ററുമായിരുന്നു. കൊമേഴ്സിലുള്ള ബിരുദപഠനം പൂർത്തിയാക്കിയ ശേഷം ജമ്നാലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ (JBIMS) നിന്നും കൊമേഴ്സിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.
മുംബൈയിലുള്ള പ്രോക്ടർ & ഗാംബിൾ കമ്പനിയിലെ ബ്രാൻഡ് മാനേജ്മെന്റിൽ ജോലിയിൽ പ്രവേശിച്ചു. തുടർന്ന് P&G യിൽനിന്നും സിദ്ധാർഥ്, സ്റ്റാർ ടി.വിയിൽ പ്ലാനിങ് ഡിവിഷനിൽ ജോലി ചെയ്യാൻ ആരംഭിച്ചു. ന്യൂസ്കോർപ്പ് എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ പങ്കെടുത്തതിനു ശേഷം വീണ്ടും മുംബൈയിൽ തിരിച്ചെത്തുകയും സ്റ്റാർ പ്ലസ് ടി.വിയിൽ സംപ്രേഷണം ആരംഭിച്ച കോൻ ബനേഗാ ക്രോർപതി എന്ന റിയാലിറ്റി ഷോയുടെ ആദ്യ സീസണിന്റെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലി ചെയ്യുകയും ചെയ്തു. ഈ ടെലിവിഷൻ പരമ്പരയുടെ വിജയത്തിനായി മാർക്കറ്റിങ് മേഖലയിൽ ധാരാളം മാറ്റങ്ങൾ സിദ്ധാർഥ് വരുത്തുകയുണ്ടായി. സ്റ്റാർ ടി.വിയിലെ ഈ പ്രവർത്തനങ്ങളുടെ ടീം ന്യൂസ്കോർപ്പ് ഗ്ലോബൽ എക്സലൻസ് അവാർഡിന് സിദ്ധാർഥ് നാമനിർദ്ദേശം ചെയ്യപ്പെട്ടു. തുടർന്ന് സ്റ്റാർ ടി.വിയുടെ ദുബായ് ആസ്ഥാനമാക്കിയുള്ള മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നെറ്റ്വർക്ക്, പരസ്യ വിൽപ്പന, മാർക്കറ്റിങ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നീ വിഭാഗങ്ങളുടെ ചുമതലയുള്ള റീജണൽ മാർക്കറ്റിങ് മാനേജരായി ദുബായിൽ പ്രവർത്തിച്ചിരുന്നു. [2]
2002ൽ സ്റ്റാർ ടി.വിയുടെ ആസ്ഥാനമായ ഹോങ് കോങ്ങിലേക്ക് തിരിച്ചെത്തുകയും ഡയറക്ടർ (മാർക്കറ്റിങ്) ആയി പ്രവർത്തിക്കുകയും ചെയ്തു. 2003ൽ വൈസ് പ്രസിഡന്റായി പദവി ഉയർത്തപ്പെട്ടു. ഹോങ് കോങ്ങിലെ ആസ്ഥാനത്തുള്ള സ്റ്റാർ ടി.വിയുടെ കേന്ദ്ര മാർക്കറ്റിങ് & ക്രിയേറ്റീവ് സർവീസ് ടീമിന് നേതൃത്വം നൽകി. ഇന്ത്യ, ചൈന, തായ്വാൻ, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലായി മാർക്കറ്റിങ് ക്യാംപെയിനുകൾ സിദ്ധാർത്ഥിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി. [1]
2005ൽ മുംബൈയിലുള്ള യു.ടി.വിയിൽ ജോലിയിൽ പ്രവേശിച്ചു. ആനിമേഷൻ, ടി.വി. പ്രൊഡക്ഷൻ, പ്രക്ഷേപണം, കോർപ്പറേറ്റ് എന്നിവയുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റായാണ് ഈ സ്ഥാപനത്തിൽ ജോലി ചെയ്തത്. ഹംഗാമാ ടി.വിയുടെ മാർക്കറ്റിങ്ങിലും പ്രധാന പങ്ക് വഹിച്ചിരുന്നു. 2006ൽ പുറത്തിറങ്ങിയ BAFTA പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്ത രംഗ് ദേ ബസന്തി, ഖോസ്ല കാ ഖോസ്ല എന്നീ ചലച്ചിത്രങ്ങളുടെ മാർക്കറ്റിങ്ങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് യു.ടി.വി മോഷൻ പിക്ചേഴ്സിൽ ജോലിയിൽ പ്രവേശിച്ചു. 2008 ജനുവരിയിൽ യു.ടി.വി മോഷൻ പിക്ചേഴ്സിന്റെ സി.ഇ.ഒ ആയി ചുമതലയേറ്റു. [2]
യു.ടി.വി. മോഷൻ പിക്ചേഴ്സിന്റെയും വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും ലയനത്തിനു ശേഷം താരെ സമീൻ പർ, ജനേ തു യാ ജാന നാ, ജോധാ അക്ബർ, ഫാഷൻ, ആമിർ, എ വെനസ്ഡേ, കമീനെ, വേക്ക് അപ്പ് സിദ്ധ്, ഉദാൻ, പീപ്പ്ലി ലൗ, വെൽക്കം ടു സജ്ജൻപൂർ, നോ വൺ കിൽഡ് ജസീക്ക, ഡൽഹി ബെല്ലി, പാൻ സിങ് തോമർ, ഷഹീദ്, റൗഡി റത്തോർ, ബാർഫി, എബിസിഡി, കൈ പോ ചെ, യേ ജവാനി ഹേയ് കിസാനി, ദ ലഞ്ച്ബോക്സ്, ചെന്നൈ എക്സ്പ്രസ് എന്നീ ചലച്ചിത്രങ്ങൾ ഈ കമ്പനിയുടെ ബാനറിൽ നിർമ്മിച്ചു. [1]
2017 ജനുവരിയിൽ ഡിസ്നിയിൽ നിന്നും പുറത്തിറങ്ങി റോയ് കപൂർ ഫിലിംസ് എന്ന പേരിൽ സ്വന്തമായി നിർമ്മാണ സംരംഭം ആരംഭിക്കുകയും ചെയ്തു.
സിദ്ധാർഥിന്റെ മാതാവ് സലോമി റോയ് കപൂർ നർത്തകിയും, നൃത്താധ്യാപികയും നൃത്തസംവിധായികയുമായിരുന്നു. മുൻ മിസ്സ് ഇന്ത്യ കൂടിയായിരുന്നു സലോമി റോയ് കപൂർ. മുത്തച്ഛൻ രഘുപത് റോയ് കപൂർ ചലച്ചിത്ര നിർമ്മാതാവായിരുന്നു. സിദ്ധാർഥിന്റെ ഇളയ സഹോദരങ്ങളായ ആദിത്യ റോയ് കപൂർ, കുനാൽ റോയ് കപൂർ എന്നിവർ ഹിന്ദി ചലച്ചിത്ര അഭിനേതാക്കളാണ്. 2012ൽ ഹിന്ദി ചലച്ചിത്ര അഭിനേത്രിയായ വിദ്യാ ബാലനെ വിവാഹം ചെയ്തു. [3][4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.