സഹോദരൻ അയ്യപ്പൻ
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാൾ / From Wikipedia, the free encyclopedia
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ.എറണാകുളത്ത് വൈപ്പിൻ ദ്വീപിലെ ചെറായിയിൽ കുമ്പളത്ത് പറമ്പിൽ എന്ന പുരാതന കുടുംബത്തിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി 1889 ഓഗസ്റ്റ് 22-ന് അയ്യപ്പൻ ജനിച്ചു.[1]"ഒരു ജാതി ഒരു മതം മനുഷ്യന്" എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ.[2] ഓജസ്സ് നഷ്ടപ്പെട്ട അപകടകരങ്ങളായ ആശയങ്ങളെ നവീകരിച്ച് ജാതിരഹിതവും വർഗ്ഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച ഒരു നവോത്ഥാനനായകൻ കൂടിയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ മനുഷ്യദർശനത്തെ ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തിൽ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു അയ്യപ്പൻ. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് മിശ്രഭോജനം നടത്തി. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്തു.[3] ശ്രീ നാരായണഗുരുവിന്റെ "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്", എന്ന് അദ്ദേഹം ഭേദഗതി വരുത്തി.[4][5] കൊച്ചി നിയമസഭയുടെ 1928-ൽ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
അയ്യപ്പൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അയ്യപ്പൻ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
സഹോദരൻ അയ്യപ്പൻ | |
---|---|
![]() സഹോദരൻ അയ്യപ്പൻ | |
ജനനം | അയ്യപ്പൻ (1889-08-21)ഓഗസ്റ്റ് 21, 1889 |
മരണം | 6 മാർച്ച് 1968(1968-03-06) (പ്രായം 77) |
ദേശീയത | ![]() |
മറ്റ് പേരുകൾ | അയ്യപ്പൻ മാസ്റ്റർ പുലയനയ്യപ്പൻ |
തൊഴിൽ | സാമൂഹ്യപരിഷ്കർത്താവ്, രാഷ്ട്രീയപ്രവർത്തകൻ, നിയമസഭാസാമാജികൻ,അദ്ധ്യാപകൻ |
അറിയപ്പെടുന്നത് | സാമൂഹികപരിഷ്കർത്താവ്, യുക്തിവാദി, സയൻസ് പ്രചാരകൻ |
ജീവിതപങ്കാളി(കൾ) | ഇ.എ.പാർവ്വതി |
കുട്ടികൾ | ഐഷ സുഗതൻ |
ഗാന്ധിജിയുടെ ആദർശങ്ങളോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു.[6] കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യമുള്ളയാളായിരുന്നു അയ്യപ്പൻ. ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന അയ്യപ്പനിൽ മിശ്രഭോജനം എന്ന വിപ്ലവകരമായ കാര്യം ചെയ്യാൻ, അതിനും ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന റഷ്യൻവിപ്ലവത്തിന്റെ ആദ്യഘട്ടവും ഒരു കാരണമായിരിക്കാം.[7] 1920കൾ മുതൽ ദേശീയമായി പടർന്നു പന്തലിച്ച അംബേദ്കർ പ്രസ്ഥാനത്തോട് ഐക്യപ്പെട്ട കേരളീയനാണ് സഹോദരൻ അയ്യപ്പൻ[അവലംബം ആവശ്യമാണ്]. അതുപോലെ ബുദ്ധമത ചിന്തയെ കേരളത്തിൽ നവീകരിച്ചു കൊണ്ടുവരുന്നതിന് അദ്ദേഹം മുൻകയ്യെടുത്തു.