സഹോദരൻ എന്ന ആദ്യകാലദിനപത്രം From Wikipedia, the free encyclopedia
1917 മുതൽ 1956 വരെ കേരളത്തിൽ പ്രചാരത്തിലിരുന്ന ഒരു വർത്തമാനപ്പത്രമാണ് സഹോദരൻ. കേരളത്തിലെ സാമൂഹികപരിഷ്ക്കർത്താക്കളിലൊരാളായ കെ. അയ്യപ്പൻ സ്ഥാപിച്ച സഹോദരസംഘത്തിന്റെ മുഖപത്രമായാണ് ‘സഹോദരൻ’ പ്രസിദ്ധീകരണം ആരംഭിച്ചത്.
1917 മെയ് 29നു സഹോദര സംഘത്തിന്റെ നേതൃത്വത്തിൽ ചെറായിൽ അരങ്ങേറിയ മിശ്രഭോജനത്തിനുശേഷം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിയേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു ലേഖനമെഴുതി അയ്യപ്പൻ ‘മിതവാദി’ എന്ന പ്രസിദ്ധീകരണത്തിനയച്ചു. “ലേഖനം നല്ലതുതന്നെ; പക്ഷേ പ്രസിദ്ധപ്പെടുത്താൻ നിവൃത്തിയില്ല” എന്ന കുറിപ്പുമായി അയ്യപ്പന്റെ ലേഖനം മടക്കിയയച്ചു. തന്റെ ആദർശപ്രചരണത്തിന് ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന് ഇതോടെ അദ്ദേഹം തീർച്ചപ്പെടുത്തി. ‘സഹോദരൻ’ പ്രസിദ്ധീകരണം തുടങ്ങാൻ നിമിത്തമായത് പ്രസ്തുത സംഭവമാണ്[1].
1917-ൽ(1093 കന്നിമാസത്തിൽ) മാസിക എന്ന നിലയിൽ സഹോദരന്റെ ആദ്യ ലക്കം പുറത്തിറങ്ങി. അയ്യപ്പൻ തന്നെയായിരുന്നു പത്രാധിപർ. പറവൂർ എസ്.പി. പ്രസ്സിൽ അച്ചടിച്ച് പള്ളിപ്പുറത്തു നിന്നുമാണ് ഈ മാസികയുടെ പ്രഥമ ലക്കങ്ങൾ പ്രസിദ്ധീകൃതമായത്[2].
ജാതിമതചിന്തകൾക്കതീതമായി മനുഷ്യരെല്ലാവരും ഒന്നിക്കേണ്ടതിന്റെ ആവശ്യകത സമർത്ഥിക്കാനാണ് സഹോദരന്റെ ആദ്യ ലക്കം ശ്രമിച്ചത്. “ഞാൻ, ഞങ്ങൾ എന്നീ നീചമായ സ്വാർത്ഥക്കുഴികളിൽനിന്നു ലോകരെപ്പിടിച്ചുവലിച്ചു നാം നാം എന്ന ഉന്നതവും വിശാലവുമായ സാഹോദര്യസൌധത്തിൽ കയാറ്റാനാണ് പുരുഷാകാരം ഉപയോഗിക്കേണ്ടത്” എന്ന് സഹോദരന്റെ ആദ്യ മുഖപ്രസംഗത്തിൽ രേഖപ്പെടുത്തിയിരുന്നു.
1918-ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്കു മാറ്റി. ലക്കങ്ങൾ മാസത്തിൽ രണ്ടുവീതമായി. 1920-ൽ പ്രസിദ്ധീകരണം വീണ്ടും എറണാകുളത്തേക്കു മാറ്റുകയും വാരികയാവുകയും ചെയ്തു. 1926, ‘27, ‘28 വർഷങ്ങളിൽ സഹോദരൻ ഓരോ വാർഷികപ്പതിപ്പും പ്രസിദ്ധീകരിച്ചു. ഓരോ വാർഷികപ്പതിപ്പും ഓരോ സന്ദേശവുമായാണ് പുറത്തിറങ്ങിയത്.1919-ൽ സഹോദരൻ പത്രം പ്രസിദ്ധീകരിച്ചു [3]
യുക്തിവാദം, സോഷ്യലിസം, തൊഴിലാളിപ്രസ്ഥാനം, മിശ്രവിവാഹം, അധ:സ്ഥിതരുടെ ക്ഷേത്രപ്രവേശനം, ഉത്തരവാദഭരണം തുടങ്ങിയ ചിന്താസരണികൾക്കുവേണ്ടി സഹോദരൻ ശക്തിയുക്തം വാദിച്ചിരുന്നു. കമ്മ്യൂണിസ്റ്റു ചിന്താധാരയെക്കുറിച്ച് സഹോദരനിൽ നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു[4]. 1929-ൽ പുറത്തിറങ്ങിയ വാർഷികപ്പതിപ്പിൽ ലെനിന്റെ ജീവചരിത്രം ചിത്രസമേതം പ്രസിദ്ധീകരിച്ചിരുന്നു. അതായിരുന്നു മലയാളപത്രലോകത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്ന ലെനിന്റെ ചിത്രം[5]. 1956 ജൂൺ മാസത്തോടെ പ്രസിദ്ധീകരണം നിലച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.