വിശുദ്ധവിഡ്ഢി
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
വിരക്തിയും ലോകതിരസ്കാരവും വഴിയുള്ള പുണ്യപ്പൂർണ്ണതയ്ക്കായി ലൗകികമര്യാദകളേയും കീഴവഴക്കങ്ങളേയും മനഃപൂർവം ലംഘിച്ചു പെരുമാറുകയും ജീവിക്കുകയും ചെയ്യുന്ന വ്യക്തിയുടെ വിശേഷണമാണ് വിശുദ്ധവിഡ്ഢി (Holy Fool). ഈ സങ്കല്പത്തിന് ഏറെ പ്രചാരമുണ്ടായിരുന്ന ക്രിസ്തുമതത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയുള്ള ആൾ "അനുഗൃഹീതവിഡ്ഢി" (Blessed Fool) എന്നും വിശേഷിപ്പിക്കടാറുണ്ട്. 'അനുഗൃഹീതൻ' എന്ന പദം ഇവിടെ വിനീതമനസ്സിനേയും നിഷ്കളങ്കതയേയും സൂചിപ്പിക്കുന്നു.[1] "ക്രിസ്തുവിനെ പ്രതിയുള്ള വിഡ്ഢി" എന്ന വിശേഷണവും ഇത്തരം താപസന്മാർക്കുണ്ട്.
"ദൈവികജ്ഞാനം ലോകദൃഷ്ടിയിൽ മൂഢത്വമായിരിക്കും" എന്ന പൗലോസ് അപ്പസ്തോലന്റെ വാദത്തിലാണ് ഈ സങ്കല്പം അടിയുറച്ചിരിക്കുന്നത്. ക്രൈസ്തവസന്യാസത്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള മരുഭൂമിയിലെ പിതാക്കന്മാരിലും (Desert Fathers) പൗരസ്ത്യക്രിസ്തീയതയിലെ യുറോദിവിമാരിലും (Yurodivy) പലരും വിശുദ്ധവിഡ്ഢികളായിരുന്നു. അംഗീകൃതമായ കീഴ്വഴക്കങ്ങളെ വെല്ലുവിളിക്കാനും ദീർഘദർശനങ്ങൾ വെളിപ്പെടുത്താനും സ്വന്തം വിശുദ്ധി മറച്ചുവയ്ക്കാനും വേണ്ടി ഇവർ പലപ്പോഴും മറ്റുള്ളവർക്ക് ഞെട്ടലും വെറുപ്പും ഉളവാക്കുന്ന വിധത്തിൽ പെരുമാറി.[2]
അഞ്ചാം നൂറ്റാണ്ടിൽ സിറിയയിലാണ് ഈ താപോമാർഗ്ഗത്തിന്റെ തുടക്കമെന്നു കരുതപ്പെടുന്നു. യവനസംസ്കാരത്തിൽ നിന്നു ക്രൈസ്തവലോകത്തിനു കിട്ടിയ ഡയോജനസിന്റെ ലോകനിന്ദ ഈ താപസന്മാരിൽ ചിലരെയെങ്കിലും ആകർഷിച്ചിരിക്കാം എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സിറിയയിലെ താപസന്മാർക്കിടയിൽ ഈവഴിക്കു പ്രശസ്തനായ ആദ്യത്തെയാൾ ആറാം നൂറ്റാണ്ടിലെ "വിശുദ്ധവിഡ്ഢി ശിമയോൻ" (Simeon the Holy Fool) ആയിരുന്നു. ഒരിക്കൽ ഈ താപസൻ സിറിയയിലെ എമേസ നഗരത്തിലെത്തിയത് സ്വയം നായ് എന്നു വിശേഷിപ്പിച്ച ഡയോജനസിനെ അനുസ്മരിപ്പിക്കും വിധം, ഒരു ചത്ത പട്ടിയെ അരയിൽ കെട്ടിയിട്ടു വലിച്ചു കൊണ്ടായിരുന്നു. ദേവാലയശുശ്രൂഷകളിൽ സ്ത്രീകൾക്കു നേരെ അതുമിതും വാരിയെറിഞ്ഞതും, നഗരത്തിലെ സ്നാനഘട്ടത്തിലെ സ്ത്രീകക്ഷത്തിൽ നഗ്നനായി ഓടിയതും മറ്റും അദ്ദേഹത്തിന്റെ മറ്റു വിഡ്ഢിത്തങ്ങളിൽ പെടുന്നതായി പറയപ്പെടുന്നു.[3]
റഷ്യയിലേയും മറ്റും ഓർത്തഡോക്സ് ക്രിസ്തീയതയിലും വിശുദ്ധവിഡ്ഢിയുടെ താപസമാർഗ്ഗം പിന്തുടർന്നവർ ഉണ്ടായിരുന്നു. താപസധാർമ്മികതയുടെ സമാനമാർഗ്ഗങ്ങൾ ക്രിസ്തീയതക്കു പുറമേയും ഇല്ലാതില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.