From Wikipedia, the free encyclopedia
ലൈംഗിക ഉത്തേജനമുണ്ടാകുമ്പോൾ വഴുവഴുപ്പ് നൽകുന്ന പ്രത്യേകതരം സ്നേഹദ്രവം ലൈംഗികാവയവത്തിൽ ലുബ്രിക്കേഷനുവേണ്ടി ഉൽപാദിപ്പിക്കപ്പെടും. ഇത് വഴുവഴുപ്പുള്ളതും നിറമില്ലാത്തതും ആയിരിക്കും. ഇത് സ്നേഹദ്രവം അഥവാ രതിസലിലം എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ 'വാജിനൽ ലൂബ്രിക്കേഷൻ അല്ലെങ്കിൽ ലൂബ്രിക്കേഷൻ (Vaginal lubrication)'. സ്ത്രീകളിൽ ശാരീരികമായ ലൈംഗികോത്തേജനം ഉണ്ടാകുന്നതിന്റെ പ്രധാന ലക്ഷണം കൂടിയാണ് ഇത്. ലൈംഗിക ഉത്തേജന സമയത്ത് ഇങ്ങനെ ഉണ്ടാവുക സ്വാഭാവികമാണ്. ലൈംഗികബന്ധം വേദനരഹിതവും എളുപ്പമാക്കാനും വേണ്ടി മാത്രമാണ് ലൂബ്രിക്കേഷൻ ഉത്പാദിപ്പിക്കപ്പെടുന്നത്. പൊതുവേ 'ലൂബ്രിക്കേഷൻ' എന്നറിയപ്പെടുന്ന സ്നേഹദ്രവം ഇരുപങ്കാളികളുടെയും, ലൈംഗിക ആസ്വാദനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നു. മഷ്തിഷ്ക്കത്തിലെ ഉത്തേജനത്തിന്റെ ഫലമായി യോനീകലകളിൽ രക്തപ്രവാഹം വർദ്ധിച്ചു അതിന്റെ പേശികൾ വികസിക്കുന്നു. അപ്പോൾ യോനിമുഖത്തിനടുത്തുള്ള 'ബർത്തൊലിൻ ഗ്രന്ഥികൾ, യോനീകലകൾ തുടങ്ങിയവ നനവ്/ വഴുവഴുപ്പുള്ള ദ്രാവകം പുറപ്പെടുവിക്കുന്നു.
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
സ്ത്രീകളിൽ സാധാരണഗതിയിൽ ആർത്താവാരംഭം മുതൽ ആർത്തവവിരാമം വരെ സ്നേഹദ്രവം ഉത്പാദിപ്പിക്കപ്പെടുന്നു. രതിസലിലം യോനിയുടെ ആരോഗ്യവും രക്തയോട്ടവും സൂചിപ്പിക്കുന്നു. സ്ത്രൈണ ഹോർമോണായ ഈസ്ട്രജനുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിൽ രതിസലിലത്തിന്റെ ഉത്പാദനം എല്ലാ കാലഘട്ടത്തിലും ഒരുപോലെയല്ല. ഇത് പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊതുവേ യുവതികളിൽ ആർത്തവചക്രത്തിന്റെ ഏകദേശം മധ്യത്തിലായി വരുന്ന അണ്ഡവിസർജനം അഥവാ ഓവുലേഷന്റെ സമയത്ത് ഇത് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുവാൻ സാധ്യതയുണ്ട്. സാധാരണ ഗതിയിൽ സ്ത്രീകളിൽ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലാണ് യോനി വരൾച്ച ഉണ്ടാകാറുള്ളത്. ആർത്തവചക്രവുമായി ബന്ധപ്പെട്ട്, പ്രസവശേഷം മുലയൂട്ടുന്ന കുറച്ചു മാസങ്ങളിൽ, ആർത്തവവിരാമത്തിനും അതിന് ശേഷവുമുള്ള കാലങ്ങളിൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിൽ സ്ത്രീകളിൽ യോനി വരൾച്ച സാധാരണമാണ്. ആർത്തവത്തിന് ശേഷം ഓവുലേഷന് മുൻപായി വരുന്ന കുറച്ചു ദിവസങ്ങളിൽ യോനിയിൽ ലൂബ്രിക്കേഷൻ കുറഞ്ഞു വരൾച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രസവത്തിന് ശേഷം കുട്ടിക്ക് മുലയൂട്ടുന്ന കുറച്ചു മാസങ്ങളിലും ഹോർമോൺ വ്യതിയാനം മൂലം ഇങ്ങനെ സംഭവിക്കാം. ആർത്തവവിരാമം എന്ന ഘട്ടത്തിലെത്തിയ (Menopause) 45, 50 അല്ലെങ്കിൽ 55 വയസ് പിന്നിട്ട സ്ത്രീകളിലും വർദ്ധക്യത്തിലുമാണ് ഈ അവസ്ഥ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. യോനീ വരൾച്ച കാരണം മധ്യവയസിൽ എത്തിയ പല സ്ത്രീകളും, വൃദ്ധരും ലൈംഗിക ജീവിതം അവസാനിപ്പിക്കാറുണ്ട്. ഈ അവസ്ഥയിൽ ലൈംഗിക ബന്ധം നടന്നാൽ ചിലപ്പോൾ ജനനേന്ദ്രിയത്തിൽ കടുത്ത വേദനയും പൊറലുകളും ചെറിയ മുറിവുകളും രക്തസ്രാവവും മറ്റും ഉണ്ടാകാം.[1].
പുരുഷന്മാരിലും ഉത്തേജനം ഉണ്ടാകുമ്പോൾ സ്നേഹദ്രവം ഉണ്ടാകാറുണ്ട്. ഇംഗ്ലീഷിൽ പ്രീ ഇജാക്കുലേറ്ററി ഫ്ലൂയിഡ് (Pre Ejaculatory Fluid) അഥവാ പ്രീകം (Precum) എന്നറിയപ്പെടുന്നു. ലിംഗത്തിന് ഉദ്ധാരണം സംഭവിച്ചശേഷം മിക്കവരിലും രണ്ടോ മൂന്നോ തുള്ളി നിറമില്ലാത്ത ദ്രാവകം സ്രവിക്കപ്പെടുന്നു. കൗപ്പേഴ്സ് ഗ്രന്ഥികൾ ആണ് ഇവ ഉത്പാദിപ്പിക്കുന്നത്. ഇത് ശുക്ലമല്ല. ലിംഗത്തിലേ പിഎച്ച് ക്രമീകരിക്കുക, അതുവഴി ബീജത്തിനെ സംരക്ഷിക്കുക, ലൈംഗികബന്ധം സുഗമമാകാൻ വഴുവഴുപ്പ് നൽകുക, ഘർഷണം കുറക്കുക തുടങ്ങിയവയാണ് ഇതിന്റെ ധർമങ്ങൾ; പ്രത്യേകിച്ചും സ്ത്രീ പങ്കാളിക്ക് ലൂബ്രിക്കേഷൻ കുറവുള്ള സമയത്ത് ഇത് ഗുണകരമാണ്. പുരുഷന്റെ മൂത്രനാളിയിലെയും അമ്ലത കുറക്കുന്നത് ഈ ദ്രാവകത്തിന്റെ പ്രവർത്തന ഫലമായാണ്. ഇതിൽ കുറഞ്ഞ അളവിൽ ബീജവും കാണപ്പെടുന്നു. അതിനാൽ ഇത് ഗർഭധാരണത്തിനും കാരണമാകാറുണ്ട്. ശുക്ലം സ്ഖലിക്കുന്നതിന് തൊട്ട് മുൻപ് ലിംഗം യോനിയിൽ നിന്നും പിൻവലിച്ചാൽ പോലും പുരുഷ ലൂബ്രിക്കേഷൻ കാരണം ചിലപ്പോൾ സ്ത്രീ ഗർഭം ധരിക്കാം. പിൻവലിക്കൽ രീതി (Withdrawal method) എന്നറിയപ്പെടുന്ന ഗർഭനിരോധന മാർഗം പരാജയപ്പെടാനുള്ള കാരണം ഇതാണെന്ന് വിലയിരുത്തപ്പെടുന്നു[2].
സാധാരണയായി രതിസലിലത്തിന് പുളിരസമാണുള്ളത്. ഇതിന്റെ നിറം അല്പം വെളുപ്പു കലര്ന്നത് മുതൽ നിറമില്ലാത്തത് വരെ ആകാം, അത് സ്ത്രീകളുടെ ആർത്തവ ചക്രത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അണ്ഡവിസർജനത്തിനോട് അനുബന്ധിച്ചു യോനീസ്രവം നേർത്ത് കാണപ്പെടാറുണ്ട്. [3]
ലൈംഗികബന്ധം അല്ലെങ്കിൽ സ്വയംഭോഗം സുഗമമാകാൻ സ്നിഗ്ദത (വഴുവഴുപ്പ്) നൽകുക, വേദനയും ബുദ്ധിമുട്ടും കുറയ്ക്കുക, രതിമൂർച്ഛ അനുഭവപ്പെടാൻ (Orgasm) സഹായിക്കുക എന്നിവയാണ് ലൂബ്രിക്കേഷന്റെ ധർമ്മം. ഇത് അനായാസമായി ലിംഗം യോനിയിലേക്ക് പ്രവേശിക്കുവാൻ സഹായിക്കുന്നു.
ചില ഗവേഷണങ്ങൾ സ്ത്രീ സ്ഖലനവും സ്ക്വിർട്ടിംഗ് അല്ലെങ്കിൽ ഗഷിംഗ് എന്നറിയപ്പെടുന്നതും തമ്മിൽ വേർതിരിച്ചറിയുന്നു. ഈ പദങ്ങൾ പൊതുജനങ്ങൾ പരസ്പരം മാറിമാറി ഉപയോഗിക്കുന്നു, ഇത് പലപ്പോഴും ആശയക്കുഴപ്പത്തിലേക്ക് നയിക്കുന്നു. ഈ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ, "യഥാർത്ഥ" സ്ത്രീ സ്ഖലനം എന്നത് സ്ത്രീ പ്രോസ്റ്റേറ്റിൽ നിന്ന് വളരെ ചെറിയതും കട്ടിയുള്ളതും വെളുത്തതുമായ ദ്രാവകം രതിമൂർച്ഛ ഉണ്ടാകുന്ന സമയത്ത് പുറത്തു വിടുന്നതാണെന്ന് നിർദ്ദേശിക്കപ്പെടുന്നു. സ്കീൻ ഗ്രന്ഥികൾ (Skene glands ) ഇതിൽ പങ്കു വഹിക്കുന്നു[4].
അതേസമയം "സ്കിർട്ടിംഗ്" അല്ലെങ്കിൽ "ഗഷിംഗ്" (പ്രായപൂർത്തി ആയവർക്കുള്ള ചിത്രങ്ങളിൽ പതിവായി കാണിക്കുന്നത്) വ്യത്യസ്തമാണ്. പ്രതിഭാസം: വ്യക്തവും സമൃദ്ധവുമായ ദ്രാവകം പുറന്തള്ളൽ, ഇത് മൂത്രാശയത്തിൽ നിന്ന് നേർപ്പിച്ച ദ്രാവകമാണെന്ന് കാണിക്കുന്നു[5].
സ്ത്രീകളുടെ ലൈംഗിക ആസ്വാദനത്തെ തടയുന്നതും യോനിയിൽ മുറിവുകളോ അണുബാധയോ ഉണ്ടാകുവാനുള്ള സാധ്യത വർധിപ്പിക്കുന്നതുമായ ഒരു അവസ്ഥയാണ് ഇത്. സ്ത്രീകളിൽ രതിസലിലം അഥവാ ലൂബ്രിക്കേഷന്റെ അഭാവത്തെ യോനീ വരൾച്ച എന്ന് പറയുന്നു. ഇംഗ്ലീഷിൽ വാജിനൽ ഡ്രൈനെസ് (Vaginal dryness) എന്നറിയപ്പെടുന്നു. ലൂബ്രിക്കേഷന്റെ അഭാവത്തിൽ യോനി വരണ്ടും പേശികൾ മുറുകിയും കാണപ്പെടുന്നു. ഈ അവസ്ഥയിൽ ലൈംഗികബന്ധം നടന്നാൽ ഘർഷണം മൂലം ഇരുവർക്കും ലൈംഗികബന്ധം കടുത്ത വേദനയോ ബുദ്ധിമുട്ടോ ഉള്ളതും, പുരുഷന് ലിംഗപ്രവേശനം ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട്. ഇത്തരക്കാർക്ക് രതിമൂർച്ഛ ഉണ്ടാകാൻ സാധ്യത കുറവാണ്. ഇത് സ്ത്രീക്ക് ലൈംഗിക താല്പര്യക്കുറവ് ഉണ്ടാകുവാനും ചിലപ്പോൾ യോനീസങ്കോചത്തിനും (vaginismus) പങ്കാളിയോട് വിരോധത്തിനും ഇടയാക്കുന്നു. സംഭോഗം ഒഴിവാക്കുവാനുള്ള ഒരു പ്രധാന കാരണം കൂടിയാണ് ഇത്. ഏതു പ്രായക്കാരായ സ്ത്രീകളിലും യോനിവരൾച്ച ഉണ്ടാകാം. എന്നിരുന്നാലും സ്ത്രീകളിൽ സ്വാഭാവികമായും യോനി വരൾച്ച ഉണ്ടാകുന്നത് മൂന്ന് ഘട്ടങ്ങളിലാണ്. ആർത്തവത്തിന് ശേഷം ഓവുലേഷന് മുൻപായി വരുന്ന കുറച്ചു ദിവസങ്ങളിൽ യോനിയിൽ വരൾച്ച ഉണ്ടാകാൻ സാധ്യതയുണ്ട്. മറ്റൊന്ന് പ്രസവത്തിന് ശേഷം മുലയൂട്ടുന്ന സ്ത്രീകളിൽ ഹോർമോൺ വ്യതിയാനം മൂലവും ലൂബ്രിക്കേഷൻ കുറയാം. മൂന്നാമത്തേത് ആർത്തവവിരാമം എന്ന ഘട്ടത്തിലെത്തിയ (Menopause) സ്ത്രീകളിലും പ്രായമായവരിലുമാണ്. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ കുറവാണ് കാരണം. പൊതുവേ 45 മുതൽ 55 വയസ് പ്രായമുള്ള സ്ത്രീകളിലാണ് ഇത് ഉണ്ടാകാറുള്ളത്. ഇത് മേനോപോസിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണ്. സ്ത്രീ ഹോർമോണായ ഈസ്ട്രജന്റെ കുറവാണ് കാരണം. യോനിവരൾച്ച, വേദനാജനകമായ ലൈംഗികബന്ധം എന്നിവ കാരണം പല മധ്യവയസ്ക്കരും പ്രായമായ സ്ത്രീകളും തങ്ങളുടെ ലൈംഗിക ജീവിതത്തോട് വിരക്തി കാണിക്കാറുണ്ട്. യോനി വരണ്ടിരിക്കുമ്പോൾ ലൈംഗിക ബന്ധം നടന്നാൽ ചിലപ്പോൾ ജനനേന്ദ്രിയത്തിൽ വേദനയും ചെറിയ മുറിവുകളും രക്തസ്രാവവും ഉണ്ടാകാം[6][7].
ഇതിന് ശാരീരികവും മാനസികവുമായ പല കാരണങ്ങൾ ഉണ്ട്. യുവതികളിൽ ആമുഖലീല അഥവാ ഫോർപ്ലേയുടെ കുറവ് മൂലമാണ് പ്രധാനമായും യോനി വരൾച്ച ഉണ്ടാകുന്നത്. ഇത്തരം ആളുകൾ ആവശ്യത്തിന് സമയം ആമുഖലീലകൾ അഥവാ ഫോർപ്ലേ ആസ്വദിച്ചെങ്കിൽ മാത്രമേ യോനിയിൽ നനവും ഉത്തേജനവും ഉണ്ടാവുകയുള്ളൂ. ആരോഗ്യ പ്രശ്നങ്ങളായ ഹോർമോൺ അസന്തുലിതാവസ്ഥ, യോനിയിലെ അണുബാധ, പ്രമേഹം, ഓവറി നീക്കം ചെയ്യൽ, തൈറോയ്ഡ് പ്രശ്നങ്ങൾ, ഗര്ഭനിരോധന ഗുളികകൾ, ചില മരുന്നുകൾ, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, നിർജലീകരണം, സ്ത്രീരോഗങ്ങൾ, മലബന്ധം, കാൻസർ രോഗത്തിനുള്ള കീമോതെറാപ്പി എന്നിവയൊക്കെ കാരണം യോനി വരൾച്ച ഉണ്ടാകാം. യോനി മുറുകി ഇരിക്കുന്നതിനാൽ പുരുഷനും ലിംഗ പ്രവേശനം ബുദ്ധിമുട്ടാകാം. മാനസിക കാരണങ്ങളിൽ വിഷാദം, വാജിനിസ്മസ് അഥവാ യോനീസങ്കോചം, നിർബന്ധിച്ചുള്ള ലൈംഗികബന്ധം, പങ്കാളിയോടുള്ള താല്പര്യക്കുറവ്, ലൈംഗികതയോടുള്ള വെറുപ്പ്, സ്ട്രെസ്, പങ്കാളിയുടെ ശുചിത്വക്കുറവ്, വായ്നാറ്റം തുടങ്ങിയ പലവിധ കാരണങ്ങൾ ലൂബ്രിക്കേഷനെ മോശമായി ബാധിച്ചേക്കാം. അലൈംഗികർക്ക് ചിലപ്പോൾ ഇതുണ്ടായില്ലെന്നും വരാം. രതിജലത്തിന്റെ അഭാവത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ജനനേന്ദ്രിയങ്ങളിൽ ഉണ്ടാകുന്ന പോറലുകളിലൂടെ എയ്ഡ്സ് മുതലായ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളും (STDs) പെട്ടെന്ന് പകരാൻ സാധ്യതയുണ്ട്. യോനിവരൾച്ച ഉള്ളവർ ഒരു ഡോക്ടറെ കണ്ടു ശാസ്ത്രീയമായ ചികിത്സ എടുക്കുന്നത് തന്നെയാണ് ഏറ്റവും നല്ലത്. [8]
രതിസലിലം (ലൂബ്രിക്കേഷൻ) ഉണ്ടാകാത്ത അവസ്ഥയിൽ ഉപയോഗിക്കുന്നതാണ് ലൂബ്രിക്കന്റ് ജെല്ലി, പേഴ്സണൽ ലൂബ്രിക്കന്റ് അഥവാ കൃത്രിമ സ്നേഹകങ്ങൾ (Lubricant gel). ലൂബ്, ജൽ എന്നൊക്കെ അറിയപ്പെടുന്ന ഇവ യോനീ വരൾച്ച, വേദനാജനകമായ ലൈംഗികബന്ധം, യോനിയിലേക്കുള്ള ലിംഗ പ്രവേശനത്തിന് ബുദ്ധിമുട്ട് തുടങ്ങിയവ അനുഭവപ്പെടുന്നവർക്ക് അവ ഇല്ലാതാക്കി ലൈംഗികബന്ധം ആഹ്ലാദകരമാക്കാനും രതിമൂർച്ഛ അനുഭവപ്പെടാനും ഇത്തരം ലൂബ്രിക്കന്റുകൾ, വജൈനൽ മൊയിസ്ച്ചറൈസറുകൾ എന്നിവ ഏറെ ഫലപ്രദമാണ്. ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും, ലൂബ്രിക്കേഷൻ കുറഞ്ഞവർക്കും, ആമുഖലീലകൾക്ക് താല്പര്യമില്ലാത്ത പെട്ടന്ന് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവർക്കും, കൂടുതൽ സ്നിഗ്ദ്ധത ആവശ്യമുള്ളവർക്കും ഇവ ഗുണകരമാണ്. 45, 50 അഥവാ 55 വയസ് പിന്നിട്ട സ്ത്രീകൾ, പ്രത്യേകിച്ചും ആർത്തവവിരാമം (Menopause) എന്ന ഘട്ടത്തിൽ എത്തിയവർ കഴിവതും ഇത്തരം ലൂബ്രിക്കന്റ് ജെല്ലുകൾ ഉപയോഗിക്കുന്നത് ഉത്തമമാണ്. മധ്യവയസ്ക്കാരായ സ്ത്രീകളുടെ ലൈംഗിക താല്പര്യവും രതിമൂർച്ഛയും നിലനിർത്തുന്നതിൽ ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ മികച്ച ലൂബ്രിക്കൻറ്റുകൾക്ക് വലിയ പങ്കുണ്ട് എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
ഇവ പല തരത്തിലുണ്ട്. ജലം അടിസ്ഥാനമാക്കിയവ (Water based), സിലിക്കൺ അടിസ്ഥാനമാക്കിയവ (Silicon based), എണ്ണ അടിസ്ഥാനമാക്കിയവ (Oil based), ഈസ്ട്രജൻ ഹോർമോൺ അടങ്ങിയവ (Oestrogen gel), ബീജനാശിനി (Spermicide) അടങ്ങിയവ തുടങ്ങിയത് അവയിൽ ചിലതാണ്. ലൈംഗിക ബന്ധത്തിന് മുൻപായി ഇവ യോനീയിലും ലിംഗത്തിലും പുരട്ടാവുന്നതാണ്. ഫാർമസികൾ, സൂപ്പർ മാർക്കെറ്റുകൾ, ഓൺലൈൻ മുഖാന്തിരം തുടങ്ങിയ മർഗങ്ങളിൽ കൂടി ഇവ ലഭ്യമാണ്. കേവൈ ജെല്ലി, ഡ്യുറക്സ്, കെഎസ് തുടങ്ങിയ വിവിധ ബ്രാൻഡുകൾ വിപണിയിൽ കണ്ടുവരുന്നു. കൃത്രിമ ലൂബ്രിക്കേഷന് വേണ്ടി സസ്യ എണ്ണകൾ അഥവാ വെളിച്ചെണ്ണ, ഉമിനീർ, വാസലിൻ, ബേബി ഓയിൽ തുടങ്ങിയവ യോനിയിൽ അണുബാധയ്ക്ക് സാധ്യത വർധിപ്പിക്കും എന്നതിനാൽ അവ ഒഴിവാക്കുന്നതാണ് ഉചിതം. ഇത് പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കാം. ഉമിനീർ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു, ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത ഉള്ളവർ വെളിച്ചെണ്ണ ഒഴിവാക്കുന്നതാവും ഉചിതം. എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളുടെ (Oil based lubricants) കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ ജലാംശമടങ്ങിയവയാണ് ഉറകൾക്കൊപ്പം നല്ലത്. ഇവ ശുദ്ധജലത്താൽ കഴുകി കളയാനും എളുപ്പമാണ്. എണ്ണ അടങ്ങിയ സ്നേഹകങ്ങൾ ബാത്ത് ടാബ്ബിലും മറ്റും ബന്ധത്തിൽ ഏർപ്പെടുമ്പോൾ ഉപയോഗിക്കാവുന്നതാണ് [9][10].
ആർത്തവവിരാമത്തിന് ശേഷം സാധാരണ ലൂബ്രിക്കന്റുകൾ ഫലപ്രദമാകാത്തവർക്ക് ഈസ്ട്രജൻ ഹോർമോൺ അടങ്ങിയ ഗുണമേന്മയുള്ള ജെല്ലുകൾ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നത് യോനിയുടെ സ്വാഭാവികമായ ആരോഗ്യവും ഈർപ്പവും സംരക്ഷിക്കുന്നതിനും, യോനിചര്മത്തിന്റെ കട്ടി വർധിക്കാനും, ഇടയ്ക്ക് ഉണ്ടാകുന്ന അണുബാധ കുറയ്ക്കുവാനും, രതിമൂർച്ഛ ഉണ്ടാകുവാനും ഏറ്റവും സഹായകരമാണ്. ഇത് ഒരു ഡോക്ടറുടെ നിർദേശപ്രകാരമാണ് ഉപയോഗിക്കേണ്ടത്. ബീജനാശിനി അടങ്ങിയ ലൂബ്രിക്കന്റുകൾ ഗര്ഭനിരോധനത്തിനും സഹായിക്കും. [11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.