![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f8/Martin_Luther%252C_1529.jpg/640px-Martin_Luther%252C_1529.jpg&w=640&q=50)
മാർട്ടിൻ ലൂഥർ
From Wikipedia, the free encyclopedia
പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന (ജനനം: 10 നവംബർ 1483; മരണം 18 ഫെബ്രുവരി 1546) പുരോഹിതനും ദൈവശാസ്ത്രജ്ഞനും സർവകലാശാലാദ്ധ്യാപകനും സഭാനവീകർത്താവുമായിരുന്നു[1] മാർട്ടിൻ ലൂഥർ. പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉത്ഭവത്തിന് കാരണമായ ഇദ്ദേഹത്തിന്റെ ചിന്തകൾ പാശ്ചാത്യക്രിസ്തീയതയുടേയും, പാശ്ചാത്യ സംസ്കാരത്തിന്റെ തന്നെയും ഗതിയെ മാറ്റിമറിച്ചു.[2]
മാർട്ടിൻ ലൂഥർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മാർട്ടിൻ ലൂഥർ (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
മാർട്ടിൻ ലൂഥർ | |
---|---|
![]() ലൂക്കാസ് ക്രാനാച്ച് 1529-ൽ വരച്ച ചിത്രം | |
ജനനം | (1483-11-10)നവംബർ 10, 1483 സാക്സ്ണി, ജർമ്മനി |
മരണം | ഫെബ്രുവരി 18, 1546(1546-02-18) (പ്രായം 62) സാക്സ്ണി, ജർമ്മനി |
തൊഴിൽ | ദൈവശാസ്ത്രജ്ഞൻ, പുരോഹിതൻ |
ജീവിതപങ്കാളി(കൾ) | കാഥറീന വോൺ ബോറ |
കുട്ടികൾ | ഹാൻസ്, ഇലിസബത്ത്, മഗ്ദലേന, മാർട്ടിൻ, പോൾ, മർഗരീത്തെ |
മാതാപിതാക്ക(ൾ) | ഹാൻസ് ലൂഥർ, മാർഗരീത്തെ ലൂഥർ |
ഒപ്പ് | |
![]() |
റോമൻ കത്തോലിക്ക സഭയുടെ വിശ്വാസാചാരങ്ങളിൽ പലതും ബൈബിളിന് നിരക്കാത്തതാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്.[3] മതപരമായ ആധികാരികതയുടെ ഏകമാത്രമായ ഉറവിടം വേദപുസ്തകമാണെന്നു വാദിച്ച ഇദ്ദേഹം മാർപ്പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തു.[4] യേശുവിന്റെ നാമത്തിൽ ജ്ഞാനസ്നാനം ലഭിച്ചവരെല്ലാം പുരോഹിത വർഗ്ഗമാണെന്നും ഇദ്ദേഹം വാദിച്ചു.[5] ലൂഥറിന്റെ അഭിപ്രായത്തിൽ, നിത്യരക്ഷ ദൈവത്തിൽനിന്നുള്ള സൗജന്യ ദാനമാണ്. അത് നന്മപ്രവർത്തികളിലൂടെ നേടാവുന്നതല്ല. യഥാർത്ഥ പശ്ചാത്താപവും യേശുവാണ് രക്ഷകൻ എന്ന വിശ്വാസവുമാണ് അതിലേയ്ക്കുള്ള വഴി. പാപമോചനത്തിനായി പള്ളിക്ക് സംഭാവനകൾ നൽകുന്നതിനോടുള്ള എതിർപ്പിലായിരുന്നു, സഭയിലെ വ്യവസ്ഥാപിത നേതൃത്വത്തിനെതിരായുള്ള ലൂഥറുടെ കലാപത്തിന്റെ തുടക്കം.[3]
ഒരു ജർമ്മൻ ദേശീയവാദി കൂടി ആയിരുന്ന ലൂഥർ, ആരാധനയിലും മതപ്രബോധനങ്ങളിലും ലത്തീനിനു പകരം തദ്ദേശീയമായ ഭാഷകളുടെ ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുകയും ബൈബിളിനെ ജർമ്മൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.[3] വിവർത്തനകലയിൽ പ്രാമാണികമായ നിയമങ്ങൾ കൊണ്ടുവന്ന ഈ പരിഭാഷ, ജർമ്മൻ ഭാഷയിലും സംസ്കാരത്തിലും വലിയ സ്വാധീനം ചെലുത്തി.[6] ബൈബിളിന്റെ ഇംഗ്ലീഷ് പരിഭാഷയായ കിങ് ജെയിംസ് ബൈബിളിനേയും ലൂഥറിന്റെ ജർമൻ വിവർത്തനം സ്വാധീനിച്ചു.[7] ലൂഥർ രചിച്ച കീർത്തനങ്ങൾ, ക്രിസ്തീയ സഭകളിൽ ആരാധനാസമൂഹം ഒത്തുചേർന്ന് ഗാനങ്ങൾ ആലപിക്കുന്ന സമ്പ്രദായത്തിന്റെ വളർച്ചക്ക് വഴിയൊരുക്കി.[8] കാഥറീന വോൺ ബോറ എന്ന മുൻ കന്യാസ്ത്രീയുമായുള്ള ലൂഥറുടെ വിവാഹം, പ്രൊട്ടസ്റ്റന്റ് സഭകളിൽ പുരോഹിതരുടെ വിവാഹത്തിന് തുടക്കംകുറിച്ചു.[9]
അവസാനകാലത്ത് ലൂഥർ ജൂതരേക്കുറിച്ചെഴുതിയ കാര്യങ്ങൾ വിവാദപരമായിരുന്നു. ജൂതന്മാരുടെ ഭവനങ്ങൾ നശിപ്പിക്കണമെന്നും സിനഗോഗുകൾ കത്തിച്ച്കളയണമെന്നും സമ്പാദ്യം കണ്ടുകെട്ടണമെന്നും സ്വാതന്ത്ര്യം പരിമിതമാക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ പ്രസ്താവനകൾ നാത്സികൾ 1933–45 കാലയളവിൽ അവരുടെ യഹൂദവിരുദ്ധ പ്രചാരണത്തിൽ ഉപയോഗിച്ചിരുന്നു.[10]