![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/e5/Thirunavaya_%25285%2529.jpg/640px-Thirunavaya_%25285%2529.jpg&w=640&q=50)
മാമാങ്കം
കേരളത്തിൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവം / From Wikipedia, the free encyclopedia
കേരളത്തിൽ അറിയപ്പെടുന്ന ചരിത്രകാലത്തിനും മുൻപു മുതൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് ഏഴു കിലോമീറ്റർ തെക്കുമാറിയുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അരങ്ങേറിയിരുന്നത്. മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. കേരളത്തിലെ മറ്റു ചില ക്ഷേത്രങ്ങളിലും മാമാങ്കം നടക്കാറുണ്ടെങ്കിലും അവയെല്ലാം സ്ഥലപ്പേരു കൂട്ടിയാണ് അറിയപ്പെടുന്നത്.
Māmāngam മാമാങ്കം | |
---|---|
![]() Tirunavaya Temple | |
തരം | Trade Fair cum Religious Festival |
ആവർത്തനം | 12 years |
സ്ഥലം (കൾ) | Tirunāvāya (Kēral̥a) |
രാജ്യം | India |
ഏതാണ്ട് ഒരു മാസക്കാലം (28 ദിവസം)[1] നീണ്ടുനിൽക്കുന്ന ഒരു ആഘോഷമായാണ് അവസാനകാലങ്ങളിൽ മാമാങ്കം നടത്തിവന്നിരുന്നത്. ഇക്കാലമായപ്പോഴേക്കും ഭാരതത്തിലെ മറ്റു പ്രദേശങ്ങളിൽനിന്നെല്ലാം നിരവധി ജനങ്ങൾ ഇതിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കായിക പ്രകടനങ്ങൾ, കാർഷികമേളകൾ, സാഹിത്യ, സംഗീത, കരകൗശല വിദ്യകളുടെ പ്രകടനങ്ങൾ, എന്നിവയും അരങ്ങേറിയിരുന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു.
മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നത് ആഭിജാത്യം നൽകിയിരുന്ന ഒരു പദവിയായിരുന്നു. അതിനായി വള്ളുവക്കോനാതിരിയും സാമൂതിരിയും തമ്മിൽ നടന്ന വഴക്കും യുദ്ധങ്ങളും ചരിത്രപ്രസിദ്ധമാണ്. മാമാങ്കത്തിന് ഇതുമൂലം കൈവന്ന രാഷ്ട്രീയപ്രാധാന്യത്തെ തുടർന്ന് കാലാന്തരേണ മാമാങ്കവേദിയിൽ ചാവേറുകളായി പോരാടാനെത്തിയിരുന്ന വള്ളുവനാടൻ സേനാനികളുടെ പോരാട്ടം മാമാങ്കത്തിലെ പ്രധാന ഇനമായിത്തീർന്നു.
ഈ മഹോത്സവത്തിന്റെ ഉത്ഭവത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ ഏകാഭിപ്രായമില്ല. ആദ്യം ചേരരാജാക്കന്മാരും പിന്നീട് പെരുമ്പടപ്പു മൂപ്പീന്നും അതിനുശേഷം വള്ളുവനാട്ടു രാജാക്കന്മാരും അവസാനമായി നാനൂറിലധികം വർഷക്കാലം സാമൂതിരിമാരുമായിരുന്നു മാമാങ്കം കൊണ്ടാടിയിരുന്നത്.[2]. ഹൈദരാലിയുടെ മലബാർ ആക്രമണത്തിനുശേഷം സാമൂതിരിവംശത്തിന്റെ രാഷ്ട്രീയ - സാമ്പത്തികപ്രസക്തി ചോദ്യം ചെയ്യപ്പെടുകയും, പിന്നീട് ബ്രിട്ടീഷുകാർ മലബാറിൽ സ്വാധീനം നേടുകയും ചെയ്തതോടെ ഇത് നിലച്ചുപോയി.