From Wikipedia, the free encyclopedia
തിരുവതാംകൂറിലെ നായർ സമുദായിക ഉന്നമനം ലക്ഷ്യമാക്കി പ്രസിദ്ധീകരണം ആരംഭിച്ച മലയാള പത്രമാണ് മലയാളി. 1886-ൽ തിരുവനന്തപുരത്തുനിന്നാണ് മലയാളി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്..[1] തിരുവതാംകൂറിലെ നായർ സമുദായ സംഘടനയായ "മലയാളി സഭ" യുടെ പ്രസിദ്ധീകരണമായിരുന്നു ഇത്.ഇ. വി . കൃഷ്ണപിള്ളയായിരുന്നു പത്രത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നത്. പിന്നീട് സി.വി. രാമൻപിള്ള മലയാളിയുടെ പത്രാധിപരായി ചുമതലയേറ്റു. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസം ആദ്യമായി അച്ചടിച്ചുവന്നത് മലയാളിയിലാണ്.[2]
തരം | വർത്തമാന പത്രം |
---|---|
എഡീറ്റർ | സി.വി. രാമൻപിള്ള കെ. രാമകൃഷ്ണപിള്ള കെ.ജി. വാര്യർ |
സ്ഥാപിതം | 1886 |
ഭാഷ | മലയാളം |
ആസ്ഥാനം | തിരുവനന്തപുരം കൊല്ലം |
തിരുവതാംകൂറിലെ ഭരണ വ്യവസ്ഥിതിയിൽ നിലനിന്നിരുന്ന തമിഴ് ബ്രാമണ മേധാവിത്വത്തിനെ എതിരെ നടന്ന സമരങ്ങളിൽ മലയാളി അണിചേർന്നു. ഉന്നത ഉദ്യോഗങ്ങൾ മുഴുവനും തമിഴ് ബ്രാമണർക്ക് മാത്രം ലഭിച്ചിരുന്ന രീതിക്കെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിലും വിവേചനം ഇല്ലാതാക്കുന്നതിലും മലയാളി പ്രധാന പങ്കു വഹിച്ചു . പത്രാധിപരായിരുന്ന സി.വി. രാമൻപിള്ള തിരുവതാംകൂർ സർക്കാർ ഉദ്യോഗസ്തനുമായിരുന്നു. അദ്ദേഹത്തിന്റെ പത്രപ്രവർത്തങ്ങൾക്ക് തടയിടുവാൻ, സർക്കാർ ഉദ്യോഗസ്തർ പത്രസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് തടഞ്ഞുകൊണ്ട് പുതിയ നിയമം കൊണ്ടുവന്നു. സി.വി. രാമൻപിള്ള മലയാളിയുടെ പ്രവർത്തനങ്ങളിൽ നിന്ന് മാറിയതോടുകൂടി ക്രമേണ പ്രചാരം കുറഞ്ഞ പത്രം പ്രവർത്തനം അവസാനിപ്പിച്ചു.
1903-ൽ കൊല്ലത്തിനടുത്ത് തങ്കശ്ശേരിയിൽ നിന്ന് പത്രം പുനപ്രസിദ്ധീകരിച്ചു തുടങ്ങി. കെ. രാമകൃഷ്ണപിള്ളയായിരുന്നു പുതിയ പത്രാധിപർ. "കേരളൻ" എന്ന പേരിൽ ദിവാനെയും, സർക്കാരിന്റെ ദുർഭരണങ്ങളെയും നിശിതമായി വിമർശിച്ചുകൊണ്ട് രാമകൃഷണപിള്ള ലേഖനങ്ങളും മുഖപ്രസംഗങ്ങും എഴുതി.[3] വിമർശനങ്ങളുടെ തോത് കുറക്കുവാനുള്ള പത്ര ഉടമകളുടെ ആവശ്യം രാമകൃഷ്ണപിള്ള ചെവികൊണ്ടില്ല. ഇതേ തുടർന്നുണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് വൈകാതെ അദ്ദേഹം പത്രത്തിൽനിന്ന് രാജി വച്ചു.
1919-ൽ കുറച്ചുകാലം മലയാളി ദിനപത്രം എന്ന രൂപത്തിൽ പുറത്തിറങ്ങിയിരുന്നു. പത്രത്തിന്റെ ആസ്ഥാനം വീണ്ടും തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ഏറേ വൈകാതെ ദിവാൻ സി.പി. രാമസ്വാമി അയ്യർ പത്രം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. അന്നത്തെ പത്രാധിപരായിരുന്ന കെ.ജി. വാര്യർ ദിവാന്റെ പോലീസിനാൽ മാരകമായ ശാരീരിക ഉപദ്രവത്തിന് വിധേയനായി. പത്രം സർക്കാർ കണ്ടുകെട്ടി സീൽ വച്ചതിനെ തുടർന്ന് മലയാളിയുടെ പ്രവർത്തനം നിലച്ചു.[4]
സ്വതന്ത്രാനന്തരം വീണ്ടും ദിനപത്ര രൂപത്തിൽ മലയാളി തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം ഉടമസ്ഥത നായർ സർവീസ് സൊസൈറ്റി ഏറ്റെടുക്കുകയും ആസ്ഥാനം ചങ്ങനാശ്ശേരിയിലേക്ക് മാറ്റുകയും ചെയ്തു.[4]പിന്നീട് പത്രം നിലച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.