ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം
From Wikipedia, the free encyclopedia
ഇന്ത്യയിൽ, തെലങ്കാന സംസ്ഥാനത്തെ ഭദ്രാദ്രി-കോത്തഗുഡം ജില്ലയിൽ ഭദ്രാചലം എന്ന സ്ഥലത്ത് ഗോദാവരീനദിയുടെ തീരത്ത് ഒരു കുന്നിന്മുകളിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീ സീതാരാമചന്ദ്രസ്വാമിക്ഷേത്രം (തെലുഗു: భద్రాచలం శ్రీ సీతారామచంద్రస్వామి దేవస్ఠానం). ഭദ്രാദ്രി, ഭദ്രഗിരി എന്നീ പേരുകളിലും അറിയപ്പെടുന്ന ക്ഷേത്രം ഗോദാവരീതീരത്തെ ദിവ്യക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 'ദക്ഷിണ അയോദ്ധ്യ' എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്. ഈ ക്ഷേത്രത്തിൽ ശംഖ്,ചക്രം, അമ്പ്, വില്ല് എന്നിവ ധരിച്ച ചതുർബാഹുവായ ശ്രീരാമഭഗവാനാണ് പ്രതിഷ്ഠ. കൂടാതെ, ഭഗവാന്റെ ഇടത്തേ തുടയിൽ സീതാദേവിയും സമീപം ലക്ഷ്മണനുമുണ്ട്. ഈ രൂപത്തിലുള്ള ശ്രീരാമപ്രതിഷ്ഠ മറ്റെങ്ങുമില്ല എന്നതാണ് ശ്രദ്ധേയം. ഐതിഹ്യമനുസരിച്ച്, മേരുപർവ്വതത്തിന്റെ പുത്രനായ ഭദ്രന്റെ തപസ്സിൽ സംപ്രീതനായ മഹാവിഷ്ണുഭഗവാൻ വൈകുണ്ഠത്തിൽ നിന്നുവന്ന് ശ്രീരാമരൂപത്തിൽ പ്രത്യക്ഷപ്പെടുകയും, എന്നാൽ, തന്റെ അവതാരമായിരുന്ന രാമൻ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം ഭഗവാൻ മറക്കുകയും തുടർന്ന്, ശംഖ്-ചക്രങ്ങളോടുകൂടിയ ശ്രീരാമനായി മാറുകയും ചെയ്തു എന്നാണ് കഥ. കൂടെ, സീതയും ലക്ഷ്മണനും കൂടിച്ചേർന്നപ്പോൾ സ്വയംഭൂവായ മുഖ്യപ്രതിഷ്ഠയായി എന്നാണ് കഥ. പിൽക്കാലത്ത് ഒരു ക്ഷേത്രം അവിടെ വന്നു. എന്നാൽ, കാലാന്തരത്തിൽ ക്ഷേത്രം നശിച്ചുപോകുകയും വിഗ്രഹങ്ങൾ ചിതലരിച്ചുപോകുകയും ചെയ്തു.
ഭദ്രാചലം സീതാരാമചന്ദ്രസ്വാമിക്ഷേത്രം | |
---|---|
ക്ഷേത്രഗോപുരം | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | ഭദ്രാചലം |
നിർദ്ദേശാങ്കം | 17°40′0.92″N 80°52′57.94″E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ശ്രീരാമൻ, സീത, ലക്ഷ്മണൻ |
ആഘോഷങ്ങൾ | ശ്രീരാമനവമി വൈകുണ്ഠ ഏകാദശി വിജയദശമി |
ജില്ല | ഭദ്രാദ്രി കോത്തഗുഡം ജില്ല |
സംസ്ഥാനം | തെലങ്കാന |
രാജ്യം | ഇന്ത്യ |
വെബ്സൈറ്റ് | http://www.bhadrachalamonline.com |
സ്ഥാപകൻ | ഭദ്രാചലം രാമദാസ് |
ഉയരം | 500 m (1,640 ft) |
പിന്നീട്, പതിനേഴാം നൂറ്റാണ്ടിൽ ദമ്മക്ക എന്ന ആദിവാസി സ്ത്രീയാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. അവർ പ്രതിഷ്ഠകൾക്കായി ആദ്യം ഒരു മണ്ഡപം പണിതു. പിൽക്കാലത്ത്, ഭക്തകവിയും ഭദ്രാചലത്തെ തഹസിൽദാരുമായിരുന്ന ഭദ്രാചലം രാമദാസ് എന്ന കഞ്ചർല ഗോപണ്ണ ഇവിടെയൊരു ക്ഷേത്രം പണിതു. ഗോൽക്കൊണ്ട രാജവംശത്തിലെ രാജാവായിരുന്ന അബുൽ ഹസൻ താനാഷായുടെ കാലത്തായിരുന്നു ഇത്. ഇതിന്റെ പേരിൽ അദ്ദേഹം ജയിൽ ശിക്ഷ അനുഭവിയ്ക്കുകയുണ്ടായി. രാമദാസിന്റെ കാലശേഷം, തുമു ലക്ഷ്മീനരസിംഹദാസും വരദ രാമദാസുമാണ് ക്ഷേത്രകാര്യങ്ങൾ നോക്കിയത്. പഞ്ചരാത്രവിധിയനുസരിച്ച് പൂജകൾ നടക്കുന്ന ഭദ്രാചലത്തെ ആചാരങ്ങൾ, ശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രം മാതൃകയാക്കിയാണ് നടത്തിപ്പോരുന്നത്. ക്ഷേത്രത്തിന് നാലുഭാഗത്തും ഗോപുരങ്ങളുണ്ട്. അവയിൽ, വടക്കുഭാഗത്തുള്ളതാണ് രാജഗോപുരം. ഇതിലെ വാതിൽ, 'വൈകുണ്ഠദ്വാരം' എന്നറിയപ്പെടുന്നു. ക്ഷേത്രത്തിൽ, നിരവധി ഉപദേവതാസന്നിധികളും മണ്ഡപങ്ങളുമുണ്ട്.
ഭദ്രാചലത്തെ പ്രധാന പ്രതിഷ്ഠ 'വൈകുണ്ഠ രാമൻ' എന്ന പേരിൽ അറിയപ്പെടുന്നു. ലോകത്ത് മറ്റൊരിടത്തും കാണാൻ കഴിയാത്ത രൂപമാണിത്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ പുറകിലെ ഇരുകൈകളിലും ശംഖചക്രങ്ങളും, മുന്നിലെ കൈകളിൽ ശ്രീരാമപ്രതീകങ്ങളായ അമ്പും വില്ലും കാണുന്നതാണ് ഈ രൂപം. ഭദ്രാചലം രാമദാസ് ഈ ക്ഷേത്രം ഭജനയ്ക്കായും മറ്റും ഉപയോഗിച്ചു. വർഷം തോറും ചൈത്രമാസത്തിൽ നടക്കുന്ന ബ്രഹ്മോത്സവമാണ് ഭദ്രാചലത്തെ ഏറ്റവും വലിയ ഉത്സവം. ശ്രീരാമനവമിയോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തിവരുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന സീതാ-രാമ തിരുക്കല്യാണമഹോത്സവം പ്രസിദ്ധമാണ്. വൈകുണ്ഠ ഏകാദശി, വസന്തോത്സവം, വിജയദശമി എന്നിവയാണ് മറ്റ് പ്രധാന ചടങ്ങുകൾ.