![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/0/04/%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25B0%25E0%25B4%25A3%25E0%25B4%2582-%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF-2.jpg/640px-%25E0%25B4%25A8%25E0%25B4%25BF%25E0%25B4%25B0%25E0%25B4%25A3%25E0%25B4%2582-%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF-2.jpg&w=640&q=50)
നിരണം സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളി
From Wikipedia, the free encyclopedia
കേരളത്തിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലുള്ള നിരണം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളി (St.Mary's Orthodox Syrian Church,Niranam) അഥവാ നിരണം പള്ളി. മലങ്കര ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ ഈ പള്ളി ക്രി.വ 54-ൽ യേശുവിന്റെ ശിഷ്യരിലൊരുവനായിരുന്ന തോമാശ്ലീഹ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്നു. പിന്നീട് പല പ്രാവശ്യം പുതുക്കിപ്പണിതിട്ടുണ്ട്. 1259-ൽ പുതുക്കിപ്പണിത വിവരം പള്ളിയിലുള്ള ശിലാഫലകത്തിലുണ്ട്. ഇപ്പോഴത്തെ പള്ളി 1912 ഫെബ്രുവരി 14-ന് കൂദാശ ചെയ്തതാണ്. പമ്പാനദിയിൽ നിന്നും പുറപ്പെട്ട് പമ്പയിൽതന്നെ ലയിക്കുന്ന കോവിലറയാറിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ പള്ളിയിൽ ഹൈന്ദവക്ഷേത്രങ്ങളിലേതുപോലെ കരിങ്കൽ വിളക്കുകളും കൊത്തുപണികളും ഉണ്ട് . കരിങ്കൽത്തൂണുകളിൽ കെട്ടിയുയർത്തിയ ഒരു നാടകശാല മുൻപ് പള്ളിക്കു മുന്നിലുണ്ടായിരുന്നുവത്രെ. ഇപ്പോൾ തിരുവിതാംകൂർ പ്രദേശത്തുള്ള പല പള്ളികളുടെയും തലപ്പള്ളിയായിരുന്നു നിരണം പള്ളി. വീരാടിയാൻ പാട്ടുകൾ, റമ്പാൻ പാട്ടുകൾ, മാർഗ്ഗംകളിപ്പാട്ടുകൾ തുടങ്ങിയ സാഹിത്യകൃതികളിൽ പുരാതന നിരണത്തെക്കുറിച്ചും നിരണം പള്ളിയെക്കുറിച്ചും വിവരണങ്ങളുണ്ട്.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/0/04/%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-2.jpg/320px-%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-2.jpg)