നാണ്യവിള
From Wikipedia, the free encyclopedia
വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കൃഷിചെയ്യപ്പെടുന്ന വിളകളാണ് നാണ്യവിളകൾ(cash crops) . വികസിത രാജ്യങ്ങളിൽ പൊതുവേ എല്ലാ കാർഷികവിളകളും ധനസമ്പാദനത്തിനുവേണ്ടി കൃഷിചെയ്യുമ്പോൾ അവികസിതരാജ്യങ്ങളിൽ ഇവ പ്രധാനമായും ധനാഗമമാർഗ്ഗമായിട്ടാണ് കരുതപ്പെടുന്നത്. കാർഷിക വ്യാവസായിക രംഗത്തും കയറ്റുമതിരംഗത്തും നാണ്യവിളകൾ അത്യധികം പ്രാധാന്യമർഹിക്കുന്നുണ്ട്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലകളിലും സ്ഥിതിചെയ്യുന്ന രാജ്യങ്ങളിൽ ചണം, കാപ്പി, കൊക്കോ, കരിമ്പ്, വാഴ, ഓറഞ്ച്, പരുത്തി എന്നിവയും ശൈത്യമേഖലകളിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങളിൽ ധാന്യവിളകൾ, എണ്ണക്കുരുക്കൾ, പച്ചക്കറികൾ എന്നിവയും നാണ്യവിളകളായി പരിഗണിക്കപ്പെടുന്നു. അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിൽ ചോളം, ഗോതമ്പ്, കഞ്ചാവ്,[1] സോയാബീൻ എന്നിവയെയാണ് പ്രധാന നാണ്യവിളകളായി പരിഗണിക്കുന്നത്. എന്നാൽ കാപ്പി, തേയില, കമുക്, പരുത്തി, റബ്ബർ, ഏലം, കുരുമുളക്, കശുമാവ്, സോയാബീൻ മുതലായ കാർഷികവിളകളാണ് ഇന്ത്യയ്ക്ക് വിദേശനാണ്യം നേടിത്തരുന്നതിൽ പ്രധാനപങ്കുവഹിക്കുന്നത്.