From Wikipedia, the free encyclopedia
ഏറ്റവും ലളിതമായ നിർവചനമനുസരിച്ച് തലക്കുണ്ടാകുന്ന വേദനയാണ് തലവേദന. ചിലപ്പോൾ കഴുത്തിലും മുതുകിന്റെ മുകൾ ഭാഗത്തും ഉണ്ടാകുന്ന വേദന തലവേദനയായി കരുതപ്പെടാറുണ്ട്. വൈദ്യശാസ്ത്രഭാഷയിൽ തലവേദനയെ Cephalalgia എന്നു വിളിക്കുന്നു. അത്ര ഗൗരവമല്ലാത്ത കാരണങ്ങൾ മൂലമാണ് പലപ്പോഴും തലവേദനയുണ്ടാകുന്നത്. എങ്കിലും തലവേദന ചില മാരകരോഗങ്ങളുടെ അടിസ്ഥാനലക്ഷണവുമാണ്[1]. ഈ അവസരങ്ങളിൽ തലവേദനയ്ക്ക് തീവ്രവൈദ്യപരിചരണം ആവശ്യമാണ്. തലച്ചോറിന് വേദനയറിയാനുള്ള ശേഷിയില്ല. വേദനയുണ്ടാകുന്നത് തലച്ചോറിനു ചുറ്റുമുള്ള കലകളിലെ വേദനതിരിച്ചറിയുന്ന റിസപ്റ്ററുകളുടെ ഉത്തേജനം മൂലമാണ്. തലയിലും കഴുത്തിലുമായി തലയോട്ടി, പേശികൾ, നാഡികൾ, ധമനികൾ, സിരകൾ, ത്വക്കിനടിയിലെ കല, കണ്ണുകൾ, ചെവി, സൈനസുകൾ, മ്യൂക്കസ് പാളി എന്നീ ഒൻപതു ഭാഗങ്ങളിൽ വേദനയറിയാനുള്ള സംവിധാനമുണ്ട്.
തലവേദന | |
---|---|
സ്പെഷ്യാലിറ്റി | ന്യൂറോളജി |
തലവേദനയെ പല രീതിയിൽ വർഗ്ഗീകരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഹെഡേക്ക് സൊസൈറ്റിയുടെ വർഗ്ഗീകരണമാണ് ഏറ്റവും പ്രശസ്തം. തലവേദനയ്ക്കുള്ള ചികിത്സ മിക്കപ്പോഴും അതിനു കാരണമായ രോഗത്തിനുള്ള ചികിത്സയാണ്. പല അവസരങ്ങളിലും തലവേദനയ്ക്ക് പരിഹാരമായി വേദനസംഹാരികളും ഉപയോഗിക്കാറുണ്ട്.
ഇന്റർനാഷണൽ ഹെഡേക്ക് സൊസൈറ്റിയുടെ തലവേദനയുണ്ടാക്കുന്ന രോഗങ്ങളുടെ അന്താരാഷ്ട്ര വർഗ്ഗീകരണമനുസരിച്ചാണ് സാധാരണഗതിയിൽ തലവേദനയെ തരംതിരിക്കുന്നത്. ഈ വർഗ്ഗീകരണത്തിന്റെ രണ്ടാമത്തെ എഡിഷൻ 2004-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.[2] ലോകാരോഗ്യസംഘടന ഈ വർഗ്ഗീകരണം സ്വീകരിച്ചിട്ടുണ്ട്.[3]
മറ്റു രീതികളിലുള്ള വർഗ്ഗീകരണങ്ങളും നിലവിലുണ്ട്. 1951-ലായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ വർഗ്ഗീകരണരീതി പുറത്തിറങ്ങിയത്.[4] 1962-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഒരു വർഗ്ഗീകരണ രീതി കൊണ്ടുവരുകയുണ്ടായി.[5]
ഇരുനൂറിൽ കൂടുതൽ തരം തലവേദനകളുണ്ട്. ചിലവ പ്രശ്നങ്ങളില്ലാത്ത തരമാണെങ്കിൽ ചിലവ ജീവന് ഭീഷണിയുണ്ടാക്കുന്നവയാണ്. തലവേദനയെപ്പറ്റി രോഗി നൽകുന്ന വിവരണവും പരിശോധനയിൽ ഡോക്ടർ കണ്ടുപിടിക്കുന്ന കാര്യങ്ങളും കൂടുതൽ ലബോറട്ടറി പരിശോധനകളും മറ്റും ആവശ്യമുണ്ടോ എന്നും ഏറ്റവും പറ്റിയ ചികിത്സ എന്താണെന്നും നിർണ്ണയിക്കാൻ ഡോക്ടറെ സഹായിക്കും. [6]
മാനസികസമ്മർദ്ദം, മൈഗ്രെയിൻ എന്നിവമൂലം ഉണ്ടാകുന്ന തലവേദനകളാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്നത്. ഇവയ്ക്ക് കൃത്യമായ ലക്ഷണങ്ങളുണ്ടാവാറുണ്ട്. ഉദാഹരണത്തിന് മൈഗ്രൈൻ എന്നയിനം തലവേദനയിൽ മിടിക്കുന്നതുപോലുള്ള തലവേദന ശിരസ്സിന്റെ ഒരു പകുതിയെ ബാധിക്കുകയാണ് ചെയ്യുന്നത്. ഇതോടൊപ്പം ഓക്കാനമുണ്ടാകാറുണ്ട്. തളർത്തുന്ന കാഠിന്യം ചിലപ്പോൾ വേദനയ്ക്കുണ്ടാകാം. 3 മണിക്കൂർ മുതൽ 3 ദിവസം വരെ വേദന നീണ്ടുനിൽക്കാറുണ്ട്. ട്രൈജെമിനൽ ന്യൂറാൾജിയ (മുഖത്തെ മിന്നൽ പോലുള്ള വേദന), ക്ലസ്റ്റർ ഹെഡേക്ക് (അടുത്തടുത്തുണ്ടാകുന്ന തലവേദനകൾ), ഹെമിക്രേനിയ കണ്ടിന്യൂവ (ശിരസ്സിന്റെ ഒരുവശത്ത് തുടർച്ചയായുണ്ടാകുന്ന വേദന) എന്നിവ പ്രാധമിക തലവേദനകൾക്ക് വല്ലപ്പോഴുമുണ്ടാകുന്ന ഉദാഹരണങ്ങളാണ്.[6]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.