ടെറിജിയം (കൺജങ്റ്റൈവ)
From Wikipedia, the free encyclopedia
കണ്ണിലെ കോർണിയയിലേക്ക് പിങ്ക് കലർന്ന, ത്രികോണാകൃതിയിലുള്ള കൺജങ്റ്റൈവൽ ടിഷ്യു വളർച്ചയാണ് ടെറിജിയം. ഇത് സാധാരണയായി മൂക്കിന്റെ ദിശയിലാണ് കാണുന്നത്.[3] സാധാരണയായി രണ്ട് കണ്ണുകളെയും ബാധിക്കാറുള്ള[5] ഇത് വളരുന്നത് വളരെ പതുക്കെയാണ്. അപൂർവ്വമായി ടെറിജിയം വളരെ വലുതായി പ്യൂപ്പിൾ മൂടുകയും കാഴ്ചയെ ബാധിക്കുകയും ചെയ്യുന്നു.[2]
ടെറിജിയം (കൺജങ്റ്റൈവ) | |
---|---|
മറ്റ് പേരുകൾ | സർഫേഴ്സ് ഐ[1] |
Pterygium growing onto the cornea | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
ലക്ഷണങ്ങൾ | കോർണിയയിലേക്ക് പിങ്ക് നിറത്തിലുള്ള, ത്രികോണാകൃതിയിലുള്ള ടിഷ്യു വളർച്ച[2] |
സങ്കീർണത | കാഴ്ച നഷ്ടം[2] |
സാധാരണ തുടക്കം | ക്രമേണ[2] |
കാരണങ്ങൾ | അജ്ഞാതം[2] |
അപകടസാധ്യത ഘടകങ്ങൾ | അൾട്രാവയലറ്റ് ലൈറ്റ്, പൊടി, ജനിതകം[2][3][4] |
ഡിഫറൻഷ്യൽ ഡയഗ്നോസിസ് | പിംഗുക്കുല, ട്യൂമർ, ടെറിയൻസ് മാർജിനൽ ഡീജനറേഷനൻ[5] |
പ്രതിരോധം | സൺഗ്ലാസുകൾ, തൊപ്പി[2] |
Treatment | ഒന്നുമില്ല, കണ്ണ് ലൂബ്രിക്കന്റ്, ശസ്ത്രക്രിയ[2] |
രോഗനിദാനം | തീവ്രമല്ലാത്ത[6] |
ആവൃത്തി | 1% to 33%[7] |
ടെറിജിയം ഉണ്ടാകാനുള്ള യഥാർഥ കാരണം ഇനിയും വ്യക്തമല്ല.[2] അൾട്രാവയലറ്റ് വെളിച്ചവും പൊടിയും കണ്ണിൽ കൂടുതലായി പതിക്കുന്നത് ഇതുമായി ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു.[3] ജനിതക ഘടകങ്ങളും ടെറിജിയത്തിനുള്ള കാരണങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നുണ്ട്.[4] ഇത് തീർത്തും അപകടകരമല്ലാത്ത വളർച്ചയാണ്.[6] സമാനമായി കാണപ്പെടുന്ന മറ്റ് അവസ്ഥകളിൽ പിംഗുക്കുല, ട്യൂമർ അല്ലെങ്കിൽ ടെറിയൻസ് മാർജിനൽ കോർണിയൽ ഡീജനറേഷൻ എന്നിവ ഉൾപ്പെടുന്നു.[5]
ശക്തമായ സൂര്യപ്രകാശം ഉള്ള പ്രദേശത്ത് സൺഗ്ലാസും തൊപ്പിയും ധരിക്കുന്നത് ടെറിജിയം വരുന്നത് തടയുന്നതിനുള്ള നടപടികളിൽ ഉൾപ്പെടുന്നുണ്ട്.[2] സൌന്ദര്യപരമായ കാരണങ്ങളിൽ അല്ലാതെ, കാഴ്ചയെ ബാധിച്ചാൽ മാത്രമേ ശസ്ത്രക്രിയ ശുപാർശ ചെയ്യുന്നുള്ളൂ. ശസ്ത്രക്രിയയെത്തുടർന്ന് പകുതിയോളം കേസുകളിൽ ഇത് വീണ്ടും തിരിച്ച് വരുന്നതായി കാണുന്നുണ്ട്.[6]
ഈ അവസ്ഥയുടെ വ്യാപനം ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ 1% മുതൽ 33% വരെ വ്യത്യാസപ്പെടുന്നു. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ഇത് കൂടുതൽ കാണുന്നത്, അതേപോലെ ഭൂമദ്ധ്യരേഖയോട് അടുത്ത് താമസിക്കുന്നവരിലും ഇത് സാധാരണയായി കാണപ്പെടുന്നുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ കൂടുതൽ സാധാരണമായിത്തീരുന്നു.[7] കുറഞ്ഞത് ബിസി 1000 മുതൽ ഈ അവസ്ഥയെക്കുറിച്ച് വിവരിക്കുന്നുണ്ട്.[8]