![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/92/John_McAfee_by_Gage_Skidmore_%2528cropped%2529.jpg/640px-John_McAfee_by_Gage_Skidmore_%2528cropped%2529.jpg&w=640&q=50)
ജോൺ മക്അഫി
From Wikipedia, the free encyclopedia
ജോൺ ഡേവിഡ് മക്അഫി (/ˈmækəfiː/ MAK-ə-fee;[2][3]; ജീവിതകാലം: സെപ്റ്റംബർ 18, 1945 - ജൂൺ 23, 2021)[4][5] ഒരു ബ്രിട്ടീഷ്-അമേരിക്കൻ കമ്പ്യൂട്ടർ പ്രോഗ്രാമറും വ്യവസായിയുമായിരുന്നു. 1987 ൽ മക്അഫി അസോസിയേറ്റ്സ് എന്ന സോഫ്റ്റ്വെയർ കമ്പനി സ്ഥാപിച്ച അദ്ദേഹം 1994 ൽ കമ്പനിയിൽ നിന്ന് രാജിവയ്ക്കുന്നതുവരെ അത് നടത്തിക്കൊണ്ടുപോയി.[6] ആദ്യ വാണിജ്യ ആന്റിവൈറസ് സോഫ്റ്റ്വെയറായ മക്അഫിയുടെ സ്രഷ്ടാവെന്ന നിലയിൽ ആദ്യകാല വിജയം നേടിയ മക്അഫി അസോസിയേറ്റ്സ് ഇപ്പോൾ എന്റർപ്രൈസ് സെക്യൂരിറ്റി സോഫ്റ്റ്വെയറുകളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 2011 ൽ കമ്പനി ഇന്റൽ കോർപ്പറേഷന്റെ നിയന്ത്രണത്തിലായെങ്കിലും അത് മക്അഫി എന്ന ബ്രാൻഡ് നാമം ഇപ്പോഴും വഹിക്കുന്നു. 2007-2008 സാമ്പത്തിക പ്രതിസന്ധിയിൽ നിക്ഷേപം ഇടിയുന്നതിന് മുമ്പായി 2007 ൽ മക്അഫിയുടെ സമ്പത്ത് 100 മില്യൺ ഡോളറിലെത്തിയിരുന്നു.
ജോൺ മക്അഫി | |
---|---|
![]() മക്അഫി 2016ൽ | |
ജനനം | ജോൺ ഡേവിഡ് മക്അഫി (1945-09-18)സെപ്റ്റംബർ 18, 1945 |
മരണം | ജൂൺ 23, 2021(2021-06-23) (പ്രായം 75) |
മരണ കാരണം | തൂങ്ങിമരണം[1] |
വിദ്യാഭ്യാസം | റോണോക്ക് കോളജ് (BA) |
തൊഴിൽ |
|
അറിയപ്പെടുന്നത് | മക്കഫീയുടെ സ്ഥാപകൻ |
രാഷ്ട്രീയ കക്ഷി | Libertarian (before 2015, 2016–2021) Cyber (2015–2016) |
ജീവിതപങ്കാളി(കൾ) | ജാനിസ് ഡെയ്സൺ (m. 2013) |
മക്അഫി അസോസിയേറ്റ്സിൽ നിന്ന് പുറത്തുപോയ ശേഷം, ട്രൈബൽ വോയ്സ് (പോവ്വോവ് ചാറ്റ് പ്രോഗ്രാമിന്റെ നിർമ്മാതാക്കൾ), ക്വോറംഎക്സ്, ഫ്യൂച്ചർ ടെൻസ് സെൻട്രൽ തുടങ്ങിയ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു. എവരികീ, എംജിടി ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻറ്, ലൿസ്കോർ തുടങ്ങിയ കമ്പനികളുടെ നേതൃസ്ഥാനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. സ്മാർട്ട്ഫോൺ അപ്ലിക്കേഷനുകൾ, ക്രിപ്റ്റോകറൻസി, യോഗ, ഹെർബൽ ആൻറിബയോട്ടിക്കുകൾ എന്നിവ അദ്ദേഹത്തിന്റെ സ്വകാര്യ, ബിസിനസ് താൽപ്പര്യങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹം വർഷങ്ങളോളം ബെലീസിൽ താമസിച്ചുവെങ്കിലും ഒരു കൊലപാതക്കേസിൽ സംശയിക്കപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി ബെലീസ് ആവശ്യപ്പെട്ടപ്പോൾ 2013 ൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് മടങ്ങി.[7]
മക്ആഫി ഒരു രാഷ്ട്രീയ പ്രവർത്തകൻകൂടിയായിരുന്നു. 2016 ലും 2020 ലും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലിബർട്ടേറിയൻ പാർട്ടി നോമിനിയായിരുന്നു അദ്ദേഹം. 2016 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ നിരവധി നികുതിവെട്ടിപ്പുകേസുകളിൽ പ്രതിയായ മെക്കാഫി 2020 ഒക്ടോബറിൽ സ്പെയിനിൽവച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.[8] നാലുവർഷത്തിനിടെ വരുമാനനികുതി അടയ്ക്കുന്നതിൽ മക്അഫി പരാജയപ്പെട്ടുവെന്ന് ആരോപിച്ചുകൊണ്ട് യു.എസ്. ഫെഡറൽ പ്രോസിക്യൂട്ടർമാർ ക്രിമിനൽ, സിവിൽ കുറ്റങ്ങളും അദ്ദേഹത്തിന്റെമേൽ ചുമത്തിയിരുന്നു.[9][10]
യു.എസിലേക്ക് കൈമാറുന്നതിന് ഉത്തരവിട്ടതിനു തൊട്ടുപിന്നാലെ 2021 ജൂൺ 23 ന് മക്അഫിയെ ബാഴ്സലോണയ്ക്കടുത്തുള്ള ജയിലിലെ സെല്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.[11]