ചെമ്മീൻ (നോവൽ)
തകഴി ശിവശങ്കരപ്പിള്ളയുടെ നോവൽ / From Wikipedia, the free encyclopedia
തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ ഒരു മലയാള നോവലാണ് ചെമ്മീൻ. മത്സ്യതൊഴിലാളിയുടെ മകൾ 'കറുത്തമ്മ'യും മത്സ്യ മൊത്തവ്യാപാരിയുടെ മകൻ 'പരീക്കുട്ടി'യും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്.[1] കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു് നോവലിസ്റ്റ് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം (താഴെ, വിമർശനങ്ങൾ എന്ന ഭാഗവും കാണുക). തീരപ്രദേശങ്ങളിൽ നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലിൽ ആവിഷ്കരിച്ചത്.
- ചെമ്മീൻ എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ചെമ്മീൻ (ചലച്ചിത്രം) കാണുക.
- ചെമ്മീൻ എന്ന നാടകത്തെക്കുറിച്ചറിയാൻ, ദയവായി ചെമ്മീൻ (നാടകം) കാണുക.
ഈ നോവലിനെ അടിസ്ഥാനപ്പെടുത്തി രാമു കാര്യാട്ട് ഇതേപേരിൽ തന്നെ ചലച്ചിത്രവും സംവിധാനം ചെയ്യുകയുണ്ടായി. നിരൂപകപ്രശംസയും വാണിജ്യവിജയവും ഒരു പോലെ നേടിയ ഒന്നായിരുന്നു ചെമ്മീൻ എന്ന ചിത്രം.
പ്രണയത്തിന്റെയും കാവ്യാത്മകതയുടെയും തെന്നൽ പോലെ വായനക്കാര തഴുകിയ തകഴിയുടെ ഈ നോവൽ റിയലിസത്തിൽ നിന്നുള്ള ഒരു തിരിഞ്ഞുനടത്തമായിരുന്നു[അവലംബം ആവശ്യമാണ്]. മുക്കുവ ജീവിതത്തിന്റെ വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലെന്ന നിലയിൽ ഇത് മികച്ചു നിൽക്കുന്നു. മുക്കുവന്റെ ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ എന്നു തുടങ്ങി ദൈനദിന ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളെ വരെ തകഴി തന്റെ മാന്ത്രികത്തൂലികയാൽ ജീവിപ്പിച്ചു നിർത്തുന്നു.