From Wikipedia, the free encyclopedia
ഒരു വാക്കിനേയോ വാക്യത്തേയോ ചുരുക്കിയെഴുതുന്നതിനെയാണ് ചുരുക്കെഴുത്ത് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഇവ പലപ്പോഴും വിശദമായ വാക്യത്തിൽ നിന്നെടുത്ത ഒരക്ഷരമോ അക്ഷരക്കൂട്ടങ്ങളോ ആയിരിക്കും. വ്യാകരണപരമായി യാതൊരുവിധ സാധുതയുമില്ലാത്തതാണു ചുരുക്കെഴുത്തുകൾ. സർവ്വസാധാരണമായി ഉപയോഗിക്കുന്ന വാക്കുകളും ആവർത്തിക്കുന്ന വാക്കുകളുമാണ് ചുരുക്കെഴുത്തായി ഉപയൊഗിക്കുക. ഉപയോഗിക്കാനുള്ള എളുപ്പം എന്നതിനു പുറമേ, സ്ഥലം പാഴാക്കാതിരിക്കുവാനും എഴുത്തിന്റെ വേഗം വർദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഇംഗ്ലീഷിലെ abbreviation ചുരുക്കെഴുത്തിന്റെ ആംഗലേയ തത്തുല്യമാണ്. സംസ്കൃതത്തിൽ ചുരുക്കെഴുത്തുകളുടെ ഉപയോഗം വ്യാപകമാണ്. പ്രണവമന്ത്രമായ ഓം തന്നെ അത്തരത്തിലുള്ള ചുരുക്കെഴുത്തിന്റെ മകുടോദാഹരണമാണ്. ശതവാഹനരുടേയും കുശാനരുടേയും കാലം മുതൽക്കുതന്നെ ചുരുക്കെഴുത്തുകൾ എഴുത്തിൽ ദൃശ്യമാണ്. [1]
ദ്രാവിഡഭാഷകളുടെ രീതി വെച്ചുനോക്കുമ്പോൾ ചുരുക്കെഴുത്തുകൾ ഇല്ലാ എന്നുതന്നെ പറയാം. സംസ്കൃതത്തിന്റേയും ഇംഗ്ലീഷിന്റേയും അമിതമായ കടന്നു കയറ്റത്തിലൂടെ ഭാഷയിൽ കടന്നുകൂടിയവയാണ് ഇവിടെയുള്ള ചുരുക്കെഴുത്തുകൾ. K. S. R. T. C. എന്നും D. G. P. എന്നുമൊക്കെ പറയുന്നതുപോലുള്ള ചുരുക്കെഴുത്തുകൾ തനതു മലയാളത്തിലില്ല. മലയാളത്തിൽ പൊതുവേ ഉപയോഗിച്ചു വരുന്നത് വ്യക്തികളുടെ നാമങ്ങൾക്കു മുമ്പിലോ പിമ്പിലോ ആയി ചേർക്കുന്ന വീട്ടുപേരിന്റേയോ പിതാവിന്റേയോ പേരിന്റെ ആദ്യാക്ഷരങ്ങളാണ്. ഇത്തരം ചുരുക്കെഴുത്തുകൾ ചില വാക്കുകളുടെ ആദ്യാക്ഷരങ്ങൾ എന്നതിലുപരിയായി കെ. എസ്. ആർ. ടി. സി. എന്ന ചുരുക്കെഴുത്തു പ്രദാനം ചെയ്യുന്നതു പോലുള്ള വിശദമായൊരു വാക്യാർത്ഥത്തെ ജനിപ്പിക്കുന്നില്ല. അങ്ങനെ നോക്കുമ്പോൾ ശുദ്ധ മലയാളത്തിലുള്ള ചുരുക്കെഴുത്തുകളിൽ ഒന്നാമത് എന്ന പദവി ഈ 'കമ' കൊണ്ടുപോകുന്നു. മറ്റൊന്ന് സ്വ.ലേ ആണ്. പത്രമാധ്യമത്തിൽ മാത്രമേ ഉപയോഗിക്കുന്നുള്ളു എങ്കിൽകൂടി സാധാരണ മലയാളിക്കുകൂടി സ്വ.ലേ എന്നത് സ്വന്തം ലേഖകനാണെന്നറിയാം. ഇതിനെ മുമ്പുപറഞ്ഞ K. S. R. T. C. എന്നും D. G. P. എന്നുമൊക്കെ പറയുന്നതുപോലുള്ള ഗണത്തിൽ പെടുത്താവുന്നതാണ്.
സംസ്കൃതത്തിൽ, പാണിനിമഹർഷിയെഴുതിയ പാണിനീയമെന്ന വ്യാകരണപുസ്തകത്തിലെ പല സൂത്രങ്ങളും (സ്ലോകങ്ങൾ) ഇത്തരം ചുരുക്കെഴുത്തുകളാൽ നിറഞ്ഞിരിക്കുന്നതാണ്. ശക്തമായൊരു ഭാഷാപ്രയോഗത്തെ ചുരുക്കെഴുത്തുകൾ സാധ്യമാക്കുന്നു. വ്യക്തമായ ഒരു അർത്ഥഘടനയെ ജനിപ്പിക്കുന്നതാകണം ചുരുക്കെഴുത്തുകൾ. വിപുലീകരണത്തിലൂടെ ശക്തമായൊരു ഭാഷാപ്രയോഗം, അല്ലെങ്കിൽ അർത്ഥസമ്പുഷ്ടി ജനിപ്പിക്കാനുതകുന്നതാവണമത്. ഓം എന്ന പ്രണവാക്ഷരം കൊണ്ടുവരുന്ന വിപുലമായ അർത്ഥത്തെക്കുറിച്ചുള്ള ചിന്തകൾ പ്രസിദ്ധമാണല്ലോ. സബ്ദാർത്ഥസംയോഗത്തിന്റെ തന്ത്രവിധാനമാണ് ഓംങ്കാരം. ത്രിമൂർത്തിസങ്കൽപ്പവും അനാഹതത്തിൽ ആരംഭിച്ച് വിശുദ്ധിയിലവസാനിക്കുന്ന അക്ഷരോച്ചാരണ തന്ത്രഞ്ജതയും പ്രണവ മന്ത്രത്തിലൂടെ പ്രതിധ്വനിക്കുന്നുണ്ട്.
ഗായത്രീമന്ത്രത്തിന്റെ വിപുലീകരണമാണ് രാമായണ കാവ്യം. ഇരുപത്തിനാലായിരം ശ്ലോകങ്ങളിലൂടെ അനാവൃതമാകുന്ന രാമായണ മഹാകാവ്യത്തിന്റെ ഓരോ ആയിരം സ്ലോകങ്ങളുടേയും ആരംഭം ഇരുപത്തിനാലു അക്ഷരങ്ങളിലുള്ള ഗായത്രീമന്ത്രാക്ഷരങ്ങളാണ്. ഗയത്രീരാമായണമെന്ന പേര് രാമായണത്തിനു സിദ്ധിക്കാനുണ്ടായ കാരണവുമിതാണ്. മലയാളത്തിന്റെ പുണ്യമായ കുമാരനാശന്റെ വീണപൂവും 'ഹാ കഷ്ടം!' എന്ന വാക്യത്തിന്റെ വിപുലീകരണമായി സ്വാമി നിത്യചൈതന്യാ യതി 'ആശാനെപ്പറ്റിയുള്ള മൂന്നു പ്രബന്ധങ്ങൾ' എന്ന കൃതിയിൽ പറഞ്ഞിരിക്കുന്നു. 'ഹാ പുഷ്പമേ അധികതുംഗപദത്തിലെത്ര.....' എന്നു തുടങ്ങി "....കണ്ണീരിനാൽ? അവനിവാഴ്വു കിനാവു, കഷ്ടം!' എന്ന വരിയിലവസാനിക്കുന്ന 164 വരികളുള്ള 'വീണപൂവി'ന്റെ ആകത്തുകയെന്നത് ആദ്യ വരിയുടെ ആദ്യാക്ഷരവും അവസാനവരിയിലെ അവസാനത്തെ വാക്കും കൂട്ടി വായിക്കുന്നതാണത്രേ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.