ചാലക്കുടിപ്പുഴ

തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദി From Wikipedia, the free encyclopedia

ചാലക്കുടിപ്പുഴmap

കേരളത്തിലെ തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകുന്ന ഒരു നദിയാണ്‌ ചാലക്കുടിപ്പുഴ. 144 കിലോമീറ്റർ[1] നീളമുള്ള ( പെരിയാറിന്റെ ഭാഗമായ 14 കി മീ ചേർത്ത്‌) ചാലക്കുടിപ്പുഴ, ഇന്ത്യയിലെ ഏറ്റവും ജൈവവൈവിധ്യമാർന്ന പുഴകളിൽ ഒന്നാണ്.[2],[3] മത്സ്യങ്ങളുടെ വൈവിധ്യവും ഇന്ത്യയിൽ വച്ചു തന്നെ എറ്റവുമധികമാണ്.[4] തൃശൂർ ജില്ലയിലെ ചാലക്കുടി പട്ടണത്തിൽക്കൂടി ഒഴുകുന്നു എന്നതാണ് പേരിന് നിദാനം. കേരളത്തിലെ നദികളുടെ നീളത്തിന്റെ കാര്യത്തിൽ 5-ആം സ്ഥാനമാണ് ചാലക്കുടിപ്പുഴയ്ക്കുള്ളത്. നദിയുടെ വൃഷ്ടി പ്രദേശത്തിന്റെ വിസ്തീർണ്ണം 1704 ച.കി.മീ ആണ്. ഇതിൽ 1404 ച.കി.മീ കേരളത്തിലും ബാക്കി 300 ച.കി.മീ തമിഴ്‌നാട്ടിലുമാണ്.

വസ്തുതകൾ രാജ്യം, സംസ്ഥാനങ്ങൾ ...
ചാലക്കുടി പുഴ
(Chalakudy)
River
Thumb
ചാലക്കുടിപ്പുഴ-പാലത്തിൽ നിന്നുള്ള ദൃശ്യം.
രാജ്യം ഇന്ത്യ
സംസ്ഥാനങ്ങൾ കേരളം, തമിഴ് നാട്
പോഷക നദികൾ
 - വലത് കാരപ്പാറ പുഴ, കുര്യാർകുട്ടി ആറ്, പെരുവരിപ്പല്ലം ആറ്, തുണക്കടവ് ആറ്, ഷോളയാർ പുഴ
പട്ടണം ചാലക്കുടി പട്ടണം
സ്രോതസ്സ് ആനമല മലനിരകൾ
 - സ്ഥാനം കേരളം/തമിഴ് നാട് അതിർത്തി, ഇന്ത്യ
 - ഉയരം 1,250 മീ (4,101 അടി)
ദ്വിതീയ സ്രോതസ്സ്
 - നിർദേശാങ്കം 10°22′00″N 77°07′30″E
അഴിമുഖം അറബിക്കടൽ
 - സ്ഥാനം പുത്തൻവേലിക്കര,, ഇന്ത്യ
 - ഉയരം 0 മീ (0 അടി)
 - നിർദേശാങ്കം 10°09′44″N 76°15′56″E
നീളം 145.5 കി.മീ (90 മൈ)
നദീതടം 1,704 കി.m2 (658  മൈ)
Discharge mouth
 - ശരാശരി 52 m3/s (1,836 cu ft/s)
Thumb
ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശം
അടയ്ക്കുക
വസ്തുതകൾ കേരളത്തിലെ നദികൾ ...
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ
അടയ്ക്കുക
Thumb
ചാലക്കുടിപ്പുഴയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം
Thumb
കൂടപ്പുഴ കടവ്
Thumb
ചാലക്കുടിപ്പുഴ - കൂടപ്പുഴ ചെക്ക് ഡാം

ഈ നദിയിലെ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. അപൂർവമായി കാണാറുള്ള ഒരു ഓക്സ്ബൊ തടാകം ഈ നദിയിൽ വൈന്തലക്കടുത്തു കണ്ടെത്തിയിട്ടുണ്ട്.[5]

പാലക്കാട് നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന നിർദ്ദിഷ്ട കരിയകുറ്റി-കരപ്പാറ ജലവൈദ്യുത പദ്ധതി ചാലക്കുടിപ്പുഴയുടെയും അസംഖ്യം വരുന്ന ജൈവജാലങ്ങളുടെയും വിനാശത്തിന് കാരണമായേക്കാം എന്നത് ഒരു വൻ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.[6] [7] ഈ നദിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും തർക്കപ്രശ്നമായി നിലനിൽക്കുന്നു.

നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോർസസ് ചാലക്കുടിപ്പുഴയുടെ ആദ്യഘട്ടങ്ങളെ ഉൾപ്പെടുത്തി ഒരു മത്സ്യ സം‌രക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുകയുണ്ടായി. 104 ഇനം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുള്ളതിൽ 9 എണ്ണം വംശനാശഭീഷണി നേരിടുന്നതും 22 എണ്ണം എപ്പോൾ വേണമെങ്കിലും ഭീഷണിയുണ്ടാകാവുന്നവയും 11 ഇനങ്ങൾ ഭീഷണിയുടെ വക്കിലുമാണ്. [8]

ചരിത്രം

സംഘകാലങ്ങളിൽ അടവൂർ എന്ന ഗ്രാമത്തിന്റെ ഭാഗമായിരുന്നു (ക്രി.വ. 500). നിരവധി യാഗങ്ങൾക്കു മറ്റും അക്കാലത്ത് ചാലക്കുടി പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ക്രി.വ. 800 നും 1100 നും ഇടക്ക് അടുത്ത പ്രദേശമായ അങ്കമാലിയിലെ പ്രസിദ്ധമായ മൂഴിക്കളം യാഗശാലയിൽ ആയുധം, വേദം എന്നിവ പഠിക്കാനായി നിരവധി വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു. അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു. ഇത് കുടി എന്ന പേരിൽ അറിയപ്പെട്ടു. അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ‘ശാലൈ’ എന്നാണ് അറിയപ്പെട്ടിരുന്നത്. [9] [10] ആദ്യകാലങ്ങളിൽ ‘പെന്നൈ’ എന്നാണ് ചാലക്കുടിപ്പുഴ അറിയപ്പെട്ടിരുന്നത്. ശാലയുള്ള ആറ് എന്നർത്ഥത്തിൽ പുഴയെ ശാലിയാറ് എന്നും അത് ചാലൈയാർ എന്നു പരിണമിക്കുകയും ചെയ്തു. എന്നാൽ ഷോലകളിൽ (തിങ്ങിയ കാട്) നിന്നുത്ഭവിക്കുന്നതിനാൽ ഷോളയാർ എന്ന പേരും ചാലക്കുടിപ്പുഴക്കുണ്ട്.

ഭൂമിശാസ്ത്രം

വടക്ക് നെല്ലിയാമ്പതി കുന്നുകൾക്കും, കിഴക്ക് ആനമല പർവ്വതനിരകൾക്കും, തെക്ക് ഉയരം കുറഞ്ഞ ഇടമല താഴ്വാരത്തിനും, പടിഞ്ഞാറു തൃശ്ശൂർ സമതലങ്ങൾക്കും ഇടയ്ക്ക് കിടക്കുന്ന ഭൂമിയാണ് ചാലക്കുടി നദീ താഴ്വാരം. ഈ നദീ താഴ്വരയിലെ വനഭൂമി കേരളത്തിലെ ചാലക്കുടി, വാഴച്ചാൽ, നെന്മാറ എന്നീ ഡിവിഷനുകളിലും, തമിഴ്നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവിസങ്കേതത്തിലും പെടുന്നു. ആനമലയിൽ നിന്നും പറമ്പികുളം നെല്ലിയാമ്പതി മേഖലയിൽ നിന്നും ഉത്ഭവിക്കുന്ന ചാലക്കുടിപ്പുഴ, വലിപ്പത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ എന്നീ ജില്ലകളിലായി കിടക്കുന്ന ഈ നദീതടത്തിന്റെ ആകെ വൃഷ്ടിപ്രദേശം ഏകദേശം 1700 ചതുരശ്ര കിലോമീറ്ററാണ്.

ഉൽഭവം

ആനമല നിരകളുടെ തമിഴ്‌നാട്ടിന്റെ ഭാഗത്താണിതിന്റെ ഉൽഭവം. എങ്കിലും നദി അതിന്റെ പൂർണ്ണരൂപമെടുക്കുന്നത്‌ പറമ്പിക്കുളം, കുരിയാകുട്ടി, ഷോളയാർ, കാരപ്പറ, ആനക്കയം എന്നി ചെറിയ പോഷക നദികൾ ചേരുമ്പോഴാണ്‌. പ്രശസ്തമായ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ചാലക്കുടിപ്പുഴയിലാണ്. ചാലക്കുടിപ്പുഴയുടെ തീരത്താണ് പ്രസിദ്ധമായ സിൽവർസ്റ്റോം, ഡ്രീം വേൾഡ് വാട്ടർ തീം പാർക്കുകൾ സ്ഥിതി ചെയ്യുന്നത്.

കൈവഴികൾ

ആനമല നിരകളിൽ നിന്നുത്ഭവിക്കുന്ന ഷോളയാർ, പറമ്പികുളത്തിനു വടക്കുഭാഗത്തുനിന്നുത്ഭവിക്കുന്ന തേക്കടിയാർ, പറമ്പികുളം മേഖലയിലെ തൂണക്കടവ്, പെരുവാരിപ്പള്ളം, പറമ്പികുളം ആറുകൾ, നെല്ലിയാമ്പതി വനമേഖലയിൽനിന്നുത്ഭവിക്കുന്ന കാരപ്പാറയാർ എന്നിവയാണ് പ്രധാന കൈവഴികൾ. തേക്കടിയാറും, തൂണക്കടവാറും പെരുവാരിപ്പള്ളയാറും ചേർന്നുണ്ടാകുന്ന കൂരിയാർകുട്ടിയാർ, കൂരിയാർകുട്ടി പാലത്തിനു സമീപം പറമ്പിക്കുളമാറുമായി ചേരുന്നു.

കൂരിയാർകുട്ടിയാർ, പറമ്പിക്കുളമാറുമായി ചേരുകയും തൊട്ടുതാഴെ ഷോളയാറുമായി ചേർന്നതിനുശേഷം ഒരുകൊമ്പൻകുട്ടിയിൽ വെച്ച് കാരപ്പാറയാറുമായി ചേരുമ്പോൾ ചാലക്കുടിപ്പുഴയായി മാറുന്നു. വാഴച്ചാലിനു താഴെ ചാർപ്പത്തോട്, അതിരപ്പിള്ളിക്കു താഴെ കണ്ണൻകുഴിത്തോട്, പരിയാരത്ത് കപ്പത്തോട് തുടങ്ങിയവയും പുഴയിൽ ചേരുന്നു. മറ്റനേകം ചെറുചാലുകളും പലയിടത്തായി പുഴയിൽ ചേരുന്നുണ്ട്.

നദീതടം

ചാലക്കുടിപ്പുഴത്തടത്തിൽ കേരളത്തിലെ എറണാകുളം-തൃശ്ശൂർ ജില്ലകളിലായി 15 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉൾപ്പെടെ 16 സ്വയംഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങളും തമിഴ്നാട്ടിലെ വാൽപ്പാറ മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്നു. ഇതിലെ ഏറ്റവും വലിയ പ്രദേശം,489ച.കി.മീ. അതിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിനു കീഴിലാണ്.

ആദിവാസികൾ

ഇന്ത്യയിലെ തന്നെ പ്രാകൃത ആദിവാസിഗോത്രങ്ങളിലൊന്നായ കാടർ ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ മാത്രം ജീവിച്ചുപോരുന്നവരാണ്. മീൻ പിടിച്ചും കിഴങ്ങു പറിച്ചും തേനെടുത്തുമുള്ള നാടോടി ജീവിതമാണ് ഇവർ നയിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് വഴികാട്ടികളായും വനചൂഷണത്തിനായും കൂലിക്കാരാക്കപ്പെട്ട ഈ ഗോത്രവർഗ്ഗക്കാർക്ക് കാടിനെ നേരിട്ടാശ്രയിച്ചേ ജീവിക്കാനാകൂ. പറമ്പികുളം മുതൽ വാഴച്ചാൽ വരെ ഇവരുടെ താമസസ്ഥലങ്ങൾ ഇപ്പോഴുമുണ്ട്. ഇതിനുപുറമേ മലയർ, മുതവാൻമാർ, മലമരശർ എന്നിവരും ഈ കാടുകളിൽ ജീവിച്ചുപോരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽക്കേ വ്യവസായിക പ്ലാന്റേഷൻ പദ്ധതികൾ മൂലവും, അണക്കെട്ടുകൾ മൂലവും പലപ്രാവശ്യം ഈ നദീതടത്തിൽ സ്വാഭാവിക ആവാസസ്ഥലത്തുനിന്നും ഇവർ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ട്. പൊകലപ്പാറയിലേയും വാഴച്ചാൽ വെള്ളച്ചാട്ടത്തിനു തൊട്ടുള്ള കോളനികളിലേയും കാടർ ആദിവാസികൾ ഇപ്പോൾ നിർദ്ദിഷ്ട്ര അതിരപ്പിള്ളി പദ്ധതിയുടെ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണ്.

പദ്ധതികൾ

ജലവൈദ്യുത പദ്ധതികളായ കേരളാ ഷോളയാർജല വൈദ്യുത പദ്ധതിയും പെരിങ്ങൽക്കുത്ത് ജലവൈദ്യുത പദ്ധതിയും ചാലക്കുടിപ്പുഴയിലാണ് സ്ഥിതിചെയ്യുന്നത്. പെരിയാർ- പമ്പ നദീ തട പ്രദേശങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജലവൈദ്യുത ഉത്പാദന സാദ്ധ്യത ചാലക്കുടിപ്പുഴയ്ക്കാണ് എന്നാണ് അനുമനിക്കുന്നത്.

അണക്കെട്ടുകൾ

ചാലക്കുടിപ്പുഴയിലും കൈവഴികളിലുമായി 6 വൻകിട അണക്കെട്ടുകൾ നിലവിലുണ്ട്.തമിഴ്നാട് ഷോളായാർ, കേരള ഷോളയാർ, പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ട്, പെരുവാരിപ്പള്ളം ,പൊരിങ്ങൽക്കുത്ത് എന്നിവയാണത്. കേരളാതിർത്തിയിൽ മലക്കപ്പാറയിലുള്ള അപ്പർ ഷോളയാർ അണക്കെട്ടിന്റേതാണ് തമിഴ്നാട്ടിലെ ഏറ്റവും വലിയ റിസർവോയർ. തമിഴ്നാട് ഷോളയാർ, പറമ്പിക്കുളം,തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളിൽ നിന്നുള്ള വെള്ളം തമിഴ്‌നാട്ടിലേക്ക് (ഭാരതപ്പുഴ നദീതടം) തിരിച്ചു വിടുന്നു. തമിഴ്‌നാട് ഷോളയാർ,കേരള ഷോളയാർ,പൊരിങ്ങൽകുത്ത് എന്നിവിടങ്ങളിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. തുമ്പൂർമുഴിയിലെ ഡൈവേർഷൻ വിയർ (ഇറിഗ്ഗേഷൻ ചെക്ക് ഡാം), പരിയാരം,ചാലക്കുടി എന്നിവിടങ്ങളിലെ ചെക്ക്ഡാമുകളും കൂടാതെ പെരിയാറുമായി യോജിക്കുന്നതിനു മുന്നിലായി പുത്തൻവേലിക്കരയിൽ കണക്കൻ കടവ് റെഗുലേറ്റർ കം ബ്രിഡ്ജും ഉണ്ട്.

കൂടുതൽ വിവരങ്ങൾ ചാലക്കുടിപ്പുഴയിലെ പദ്ധതികൾ (പട്ടിക), ക്രമ നമ്പർ ...
ചാലക്കുടിപ്പുഴയിലെ പദ്ധതികൾ (പട്ടിക)
ക്രമ നമ്പർപദ്ധതിയുടെ പേര്നിലവിൽ വന്ന വർഷംപദ്ധതിയുടെ ഉദ്ദ്യേശ്യംസംഭരണശേഷി
(എം.സി.എം)
നിർമ്മാണം, നിയന്ത്രണം
1പെരിങ്ങൽക്കുത്ത്1957വൈദ്യുതോത്പാദനം32കേരളാ വൈദ്യുതിബോർഡ്
2തൂണക്കടവ്1965ഡൈവേർഷൻ15.77തമിഴ്നാട് സർക്കാർ
3കേരളാഷോളയാർ1966വൈദ്യുതോത്പാദനം153.49കേരളാ വൈദ്യുതിബോർഡ്
4പറമ്പിക്കുളം1967ഡൈവേർഷൻ504.66തമിഴ്നാട് സർക്കാർ
5പെരുവാരിപ്പള്ളം1971ഡൈവേഷൻ17.56തമിഴ്നാട്
6തമിഴ്നാട് ഷോളയാർ1971വൈദ്യുതോത്പാദനം +
ഡൈവേർഷൻ
152.7തമിഴ്നാട് സർക്കാർ
7ചാലക്കുടി റിവർ ഡൈവേർഷൻ സ്കീം1956 (ഭാഗികമായി
ആരംഭിച്ചു)
ജലസേചനം------കേരള ജലസേചനവകുപ്പ്
8ഇടമലയാർ ഓഗ്മെന്റേഷൻ സ്കീം1990ഡൈവേഷൻ------കേരളാ വൈദ്യുതിബോർഡ്
അടയ്ക്കുക

കുടിവെള്ളം, ജലസേചനം

അതിരപ്പിള്ളി പഞ്ചായത്ത് മുതൽ തീരപ്രദേശമായ എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകൾ വരെ ഇരുപത്തിയഞ്ച് പഞ്ചായത്തുകളിലും രണ്ട് മുൻസിപ്പാലിറ്റികളിലും (ചാലക്കുടി, കൊടുങ്ങല്ലൂർ) കുടിവെള്ള വിതരണം ഭാഗികമായോ പൂർണ്ണമായോ ചാലക്കുടിപ്പുഴയെ ആശ്രയിച്ചാണ്. വാട്ടർ അതോററ്റിയുടെ മുപ്പത്തോളം പമ്പിങ്ങ് സ്റ്റേഷനുകൾ പുഴയെ ആശ്രയിക്കുന്നു.

കേരളത്തിൽ ഏറ്റവും അധികം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൽ നിലവിലുള്ളത് ഈ പുഴയിലാണ്. 85 മേജർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും (25HP ക്ക് മുകളിൽ) 615 മൈനർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും (25HP ക്ക് താഴെ) ഈ പുഴയിൽ നിന്ന് വെള്ളമെടുക്കുന്നു. കൂടാതെ നീറ്റാ ജലാറ്റിൻ കമ്പനിയടക്കം നിരവധി വ്യവസായങ്ങളും പുഴയെ ആശ്രയിക്കുന്നു. നെല്ലിനു പുറമേ നാണ്യവിളകളായ ജാതി, തെങ്ങ്, കവുങ്ങ്, വാഴ മുതലായ കൃഷികൾ ജലസേചനത്തെ ആശ്രയിച്ചാണ് നടക്കുന്നത്. ഭൂഗർഭജലം താഴുന്നത് മൂലം നദീതടത്തിലെ കിണറുകളിലെ ജലവിതാനം നിലനിർത്താനും ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ ഉപയോഗപ്പെടുത്തിവരുന്നു.

പറമ്പികുളം -അളിയാർ കരാർ

ചാലക്കുടിപ്പുഴയിലെ അപ്പർ ഷോളയാർ ഡാം -സംഭരണ ശേഷി 152.7 mcm( million cubic meters),പറമ്പികുളം ഡാം( 504.66 mcm) ,തൂണക്കടവ് ഡാം(15.77 mcm ),പെരുവാരിപ്പള്ളം ഡാം (17.56 mcm ) എന്നിവയിൽ നിന്നും ഉള്ള ജലം ഈ കരാറിന്റെ ഭാഗമായി തമിഴ്നാട്ടിലെ ആളിയാർ ഡാമിലെക്ക് ടണൽ വഴി തിരിച്ചു വിടുന്നു .1960 കളിലാണ് ഈ കരാർ നിലവിൽ വരുന്നത് .കരാർ പ്രകാരം ചാലക്കുടിപ്പുഴയിലെ കേരള ഷോളയാർ ഡാമിലെക്കും ചിറ്റൂർ പുഴയിലേക്കും (ഭാരതപുഴ ) നിശ്ചിത ശതമാനം വെള്ളം തുറന്നു വിടണമെന്ന് വ്യവസ്ഥ ഉണ്ട് [11].

തുമ്പൂർമുഴി ജലസേചന പദ്ധതി

ഒന്നാം ഘട്ടം 1957-ലിം രണ്ടാം ഘട്ടം 1966-ലും പൂർത്തിയായ ഒരു പദ്ധതിയാണ് തുമ്പൂർമുഴി ജലസേചന പദ്ധതി (CHALAKUDY RIVER dIVERSION SCHEME). ആദ്യ ഘട്ടത്തിൽ തുമ്പൂർമുഴി എന്ന സ്ഥലത്ത് ഈ നദിക്കു കുറുകെ ഒരു ചെറിയ അണയും ഇരു വശങ്ങളിൽ കനാലുകളും നിർമ്മിച്ചു. ഈ അണയ്ക്ക് 185 മീ. നീളവും 3.66 മീ. ഉയരവും ഉണ്ട്. പ്രധാനകനാലുകളുടെ ആകെ നീളം 100.40 കി.മീറ്റർ ആണ്. വിതരണച്ചാലുകൾ 257 കി.മീറ്ററോളം ഉണ്ട്. [12] കനാലുകൾ വികസിപ്പിക്കുകയായിരുന്നു രണ്ടാം ഘട്ടത്തിൽ പ്രധാനമായും ചെയ്തത്. ചാലക്കുടിയുടെ മേൽ ഭാഗങ്ങളിൽ നിർമ്മിച്ചിരിക്കുന്ന രണ്ടു ജല വൈദ്യുത സംഭരണികളിൽ നിന്ന് ഉപയോഗശേഷം പുറത്തേയ്ക്ക് ഒഴുകുന്ന ജലവും മറ്റു ചെറിയ അരുവികളിൽ നിന്നുള്ള ജലവും കെട്ടി നിർത്തി ചേറിയ തോടുകൾ വഴി ജലസേചനം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.രണ്ട് പ്രധാന കനാലുളിലൂടെയും (ഇടതു-വലതുകര കനാലുകൽ) അതിന്റെ (അറുപതോളം) ശാഖാ കനാലുകളിലൂടെയും വിവിധ പ്രദേശങ്ങളിലേയ്ക്ക് ജലം എത്തിക്കുന്നു. കനാലുകൾ ജലക്ഷാമമുള്ള സമയത്ത് തുറന്നാൽ പരിസരപ്രദേശങ്ങളിലെ കുളങ്ങളും കിണറുകളും പെട്ടെന്ന് നിറയുന്നു. ചാലക്കുടി നദീതടത്തിലും കരുവന്നൂർ, പെരിയാർ നദീ തടങ്ങളിലുമായി 14000 ഹെക്ടറിലധികം പ്രദേശത്തു ഈ പദ്ധതിയിൽ നിന്ന് ജലസേചനത്തിനും കുടിവെള്ളത്തിനും ഉള്ള സൗകര്യം ലഭിക്കുന്നു.[13]

ഷോളയാർ ജലവൈദ്യുത പദ്ധതി

ചാലക്കുടിപ്പുഴയുടെ പോഷക നദിയായ ഷോളയാറിലാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. 396.24 മീറ്റർ നീളവും 57.6 മീറ്റർ ഉയരവും ഉള്ള ഈ അണക്കെട്ടിന് 150 ദശലക്ഷം കു.മീ. സംഭരണശേഷി ഉണ്ട്. ചാലക്കുടിപ്പുഴയുടെ മറ്റൊരു പോഷകനദിയായ ആനക്കയം നദിയുടെ വലതു തീരത്താണ് വൈദ്യുത നിലയം സ്ഥാപിച്ചിരിക്കുന്നത്. ഷോളയാർ സംഭരണിയിൽ നിന്ന് തുരങ്കം വഴിയാണ് ജലം വൈദ്യുത നിലയത്തിലേയ്ക്ക് എത്തിക്കുന്നത്. വളരെ താഴെയായിയാണ് വൈദ്യുത നിലയം എന്നതിനാൽ ഭൂഗുരുത്വം മൂലം ജനറേറ്ററുകൾ കറങ്ങാനുള്ള ശക്തി ജലത്തിന് ലഭിക്കുന്നു. 56 മെഗാ വാട്ടാണ് ഇതിന്റെ സ്ഥാപിത ശേഷി. 1966 മുതൽ ഇവിടെ വിദ്യുത്ച്ഛക്തി ഉത്പാദിപ്പിക്കുന്നു.

ഈ പദ്ധതിയ്ക്കുള്ള അനുവാദം രണ്ടാം പഞ്ചവത്സരപദ്ധതിക്കാലത്തു ലഭിച്ചെങ്കിലും പദ്ധതിപ്രദേശത്തുകൂടി ഒഴുകുന്ന ജലത്തിന് തമിഴ്‌നാട് അവകാശം ഉന്നയിച്ചതിന്റെ ഫലമായി നിർമ്മാണ പ്രവർത്തനങ്ങൾ ഏറെ നാൾ നീണ്ടു. 1960-ല് സംസ്ഥാനങ്ങൾ തമ്മിൽ ഒത്തുതീർപ്പുണ്ടായതിനുശേഷമാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോയത്. [14]

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി

Thumb
പെരിങ്ങൽകുത്ത് അണക്കെട്ട്

1957-ലാണ് ഇത് പൂർത്തിയായത്. ചാലക്കുടി നദിയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതിയാണിത്. ആനക്കയം താഴവാത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. 32 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള ഒരു ജലവൈദ്യുതകേന്ദ്രവും അനുബന്ധമായി 16 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് ഇടതുതീര പദ്ധതിയും ഇവിടെയുണ്ട്. [15]

ഇടമലയാർ ഒഗ്മെന്റെഷൻ സ്കീം

ചാലകുടി പുഴതടതിലെ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും പെരിയാർ നദീ തടത്തിലെ ഇടമലയാർ ഡാമിലെക്ക് കനാൽ വഴി വെള്ളം തിരിച്ചു കൊണ്ട് പോകുന്നതിനുള്ള പദ്ധതിയാണ് ഇടമലയാർ ഒഗ്മെന്റെഷൻ സ്കീം (idamalayar Augmentation ) .250 ദശ ലക്ഷം ലിറ്റർ വെള്ളമാണ് ഒരു വര്ഷം പെരിയാറിലേക്ക് തിരിച്ചു കൊണ്ട് പോകുന്നത് .പെരിയാറിലെ ജലക്ഷാമം പരിഹരിക്കുന്നതിനും ഏലൂർ ഭാഗത്തെ വ്യവസായ ശാലകൾക്കു വെള്ളം നൽകുന്നതിനും ഉപ്പുവെള്ള ക്കയറ്റം നിയന്ത്രിക്കുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തത് .ഇടമലയാർ ഡാമിൽ നിന്ന് ഭൂതത്താൻ കെട്ടു ബരാഷിൽ വെള്ളമെത്തിച്ചാണ് പെരിയാരിലെക്കുള്ള ഒഴുക്ക് നിയന്ത്രിക്കുന്നത് .[16]

പരിഗണനയിലിരിക്കുന്ന പദ്ധതികൾ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി

കാരപ്പാറ - കൂരിയാർകുട്ടി പദ്ധതി

പൊരിങ്ങൽകുത്ത് വലതുകര പദ്ധതി

Thumb
2018 ലെ പ്രളയത്തിനുശേഷം ചാലക്കുടിപുഴയുടെ കരകൾ

നിലവിലുള്ള പൊരിങ്ങൽക്കുത്ത് റിസർവോയറിനും ഒരുകൊമ്പൻകൂട്ടിയ്ക്കും ഇടയിൽ നടപ്പാക്കാൻ ഉദ്ദ്യേശിക്കുന്ന പദ്ധതിയാണ് പൊരിങ്ങൽകുത്ത് വലതുകര പദ്ധതി . പറമ്പികുളം വന്യജീവിസങ്കേതത്തിലേതടക്കം ധാരാളം വനഭൂമി ഈ പദ്ധതിയിൽ മുങ്ങിപ്പോകും. ഉപേക്ഷിച്ച മട്ടിലായിരുന്ന ഈ പദ്ധതിയുടെ നിർദ്ദേശം ഇന്ന് അധികൃതരുടെ സജീവപരിഗണനയിലാണ്.

ജൈവവൈവിദ്ധ്യം

Thumb
സുലഭമായി കാണപ്പെടുന്ന മഞ്ഞക്കൂരി
Thumb
ചാലക്കുടിയാറ്റിലും പെരിയാറ്റിലും മാത്രം കാണപ്പെടുന്ന മോഡോൻ എന്ന മീൻ
Thumb
മലയണ്ണാൻ ധാരളമായി കാണപ്പെടുന്ന പ്രദേശമാണ് ചാലക്കുടിപ്പുഴയുടേ തീരം

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജൈവവൈവിദ്ധ്യമുള്ള നദി എന്ന നിലയിൽ വളരെ പ്രശസ്തമാണ് ചാലക്കുടിപ്പുഴ.[3] അത്യപൂർവമായ നിരവധി മത്സ്യങ്ങൾ ഈ പുഴയിൽ കണ്ടെത്തിയിട്ടുണ്ട്.[17] [18]. ഈ പുഴയിൽ കണ്ടെത്തിയ 104 ഇനങ്ങളിൽ 5 എണ്ണം 1997ൽ നടത്തിയ സർവ്വേയിൽ കണ്ടെത്തിയതും, ശാസ്ത്രലോകത്തിനു തന്നെ പുതിയതുമാണ്. കരിംകഴുത്തൻ മഞ്ഞക്കൂരി ( Horabagrus nigricollaris), നെടും കൽനക്കി (Travancoria elongata),[19] മോഡോൻ (Osteochilus longidorsalis),[20] ഗാറ സുരേന്ദ്രനാഥിനീയ്(Garra surendranathinii),[21] സളാരിയാസ് റെറ്റികുലേറ്റസ് (Salarias reticulatus) [22]എന്നീ മത്സ്യങ്ങൾ ലോകത്തിൽ ഇവിടെ മാത്രമേ കാണപ്പെടുന്നുള്ളൂ. പൊരിങ്ങൽ അണക്കെട്ടിനു മുകളിൽ കാരപ്പാറ കൈവഴിയിൽ മാത്രം 32 ഇനങ്ങളാണുള്ളത്. അണകെട്ടിയ കൈവഴികളിൽ ഈ മത്സ്യങ്ങളില്ല എന്നതും സർവ്വേ വ്യക്തമാക്കുന്നു.

പുഴയോരക്കാടുകളും തുരുത്തുകളും (Riparian forests) അങ്ങിയ ആവാസവ്യവസ്ഥ ഈ പുഴയിൽ മാത്രമേ കേരളത്തിൽ ഇന്ന് ബാക്കിയുള്ളൂ. പല കൈവഴികളിലും അണകെട്ടിയതിനാൽ വെള്ളം ഒഴുകാതെ പുഴയോരവനങ്ങളുടെ സ്വാഭാവികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

കടുവ, പുള്ളിപുലി, കാട്ടുപോത്ത്, ആന, സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, മലയണ്ണാൻ, മലമുഴക്കി വേഴാമ്പൽ, മീൻ പരുന്ത് മുതലായ വലിയ ജീവികൾ മുതൽ ചെറിയ ജീവികൾ വരെ ഈ കാടിന്റെ പ്രത്യേകതയാണ്. വംശനാശം സംഭവിച്ചു എന്നു കരുതിയ ചൂരലാമയെ (Cochin Forest Cane Turtle) 70 കൊല്ലത്തിനുശേഷം 1982ൽ കണ്ടെത്തിയതും വാഴച്ചാൽ മേഖലയിൽ നിന്നാണ്. കേരളത്തിൽ കാണപ്പെടുന്ന നാലുതരം വേഴാമ്പലുകളേയും ഈ കാടുകളിൽ കാണാൻ കഴിയും.

പറമ്പിക്കുളം മേഖലയിൽ നിന്ന് പൂയ്യംകുട്ടി വനത്തിലേക്കുള്ള ആനകളുടെ പ്രധാന സഞ്ചാരമാർഗ്ഗമാണ് വാഴച്ചാൽ മുതൽ വാച്ചുമരം വരെയുള്ള ഭാഗങ്ങൾ. പൊരിങ്ങൽ, ഷോളയാർ അണക്കെട്ടുകൾ വന്നതോടെ വാഴച്ചാലിലെ ആനത്താര (Elephant Corridor) മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്.

പശ്ചിമഘട്ടമലനിരകളിലെ ഒരു പ്രധാന ജൈവ വൈവിധ്യമേഖലയാണ് ആനമല. ഈ പ്രദേശത്തുമാത്രം കാണപ്പെടുന്ന നിരവധി സസ്യങ്ങളും ഔഷധച്ചെടികളുമുണ്ട്.

മത്സ്യങ്ങൾ

നമ്പർ തദ്ദേശീയ നാമം ശാസ്ത്രീയ നാമം സംരക്ഷണ പദവി
1കൊയ്മMesonoemacheilus herreiഗുരുതരമായ വശനാശഭീഷണിയിൽ
2നെടും കൽനക്കിTravancoria elongata[23]വംശനാശഭീഷണിയിൽ
3കുള്ളൻ കൽനക്കിTravancoria jonesiവംശനാശഭീഷണിയിൽ
4കാളക്കൊടിയൻDawkinsia assimilisവംശനാശസാധ്യതയുള്ളവ
5ഞെഴു/കല്ലേമുട്ടിGarra surendranathaniiവംശനാശഭീഷണിയിൽ
6കുഴികുത്തിGonoproktopterus thomassiഗുരുതരമായ വശനാശഭീഷണിയിൽ
7വെള്ളിച്ചി/വരയൻ ചീലLaubuca fasciataവംശനാശസാധ്യതയുള്ളവ
8മോഡോൻOsteochilus longidorsalisവംശനാശഭീഷണിയിൽ
9ചെങ്കണ്ണിയാൻSahyadria chalakkudiensisവംശനാശഭീഷണിയിൽ
10കറ്റിTor khudreeവംശനാശഭീഷണി ഇല്ല
11നീലക്കൂരിBatasio travancoriaവംശനാശസാധ്യതയുള്ളവ
12മഞ്ഞക്കൂരിHorabagrus brachysomaവംശനാശസാധ്യതയുള്ളവ
13കറുകഴുത്തൻ മഞ്ഞക്കൂരിHorabagrus nigricollarisവംശനാശഭീഷണിയിൽ
14വെള്ളിവാളPseudeturopius mitchelliവംശനാശഭീഷണിയിൽ
15ആറ്റുണ്ടCarinotteraodon travancoricusവംശനാശസാധ്യതയുള്ളവ

മരങ്ങൾ

ആറ്റുപേഴ്(Barringtonia acutangula), ആറ്റുവഞ്ചി(Homonoia riparia), ആറ്റുചാമ്പ(Syzygium occidentale), കൊറത്തി(Humboldtia vahliana), ആറ്റിലിപ്പ(Madhuca neriifolia), ആറ്റുവയന(Cinnamomum riparium), നീർമാതളം (Crateva magnum), കൈത (Pandanus, ഈറ്റ (Ochlandra wightii), മുള (Bambusa bambos) തുടങ്ങിയവയാണ് പ്രധാനമായും ആദ്യഘട്ടങ്ങളിൽ കണ്ടുവരുന്ന മരങ്ങൾ. തമ്പകം, കാര, വെട്ടി, വീട്ടി, തേക്ക്, മൂട്ടിത്തൂറി, വല്ലഭം, മരോട്ടി, അത്തി, വേങ്ങ, ചാമ്പ, ഇരിമ്പ, ഇരിങ്ങ, പൈൻ, ആമത്താളി, ഞങ്ങണ, കൈത പരത്തി, പൂപ്പരത്തി തുടങ്ങിയ മരങ്ങളും ഇതിന്റെ തീരത്തായി വളരുന്നുണ്ട്. നിരവധി കണ്ടൽ വർഗ്ഗങ്ങളും ചാലക്കുടിപ്പുഴയിൽ വളരുന്നു.

ഓക്സ്ബൊ തടാകം

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള വൈന്തലയിൽ കാണപ്പെടുന്ന പ്രകൃതിദത്ത ഓക്സ്ബോ തടാകമാണ് വൈന്തല തടാകം. ചാലക്കുടി നദിയുടെ സമീപത്തായി ഒഴുകുന്ന "കട്ട്ഓഫിൽ" നിന്നാണ് ഇത് രൂപം കൊണ്ടത്. [24] കേരളത്തിൽ മുഴുവൻ സ്വാഭാവികമായും രൂപംകൊണ്ട ഒരേയൊരു ഓക്സ്ബോ തടാകമാണിത്. [25]

മീൻപിടുത്തം

നെല്ലിയാമ്പതി-പറമ്പിക്കുളം മുതൽ വാഴച്ചാൽ വരെയുള്ള കാട്ടിൽ, ആദിവാസികൾ സ്ഥിരമായി മീൻപിടിച്ച് നിത്യജീവിതത്തിലെ ഭക്ഷണാവശ്യത്തിന് സുരക്ഷയൊരുക്കുന്നു. ഒഴുകുന്ന വെള്ളത്തിൽ ചൂണ്ടയിട്ട് മീൻപിടുത്തം ശ്രമകരമായ കാര്യമാണ്. അതിരപ്പിള്ളിക്കു താഴെയുള്ള സമതലപ്രദേശങ്ങളിൽ തൊഴിലായും ഒഴിവുസമയവിനോദമായും മീൻപിടുത്തം നടക്കുന്നുണ്ട്. പുത്തൻവേലിക്കര പഞ്ചായത്തിൽ മാത്രം 1500ഓളം പേരാണ് മീൻപിടുത്തത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർ[അവലംബം ആവശ്യമാണ്]. അടക്കംകൊല്ലിവല, പെരുവല എന്നിങ്ങനെ വിവിധ തരം വലകൾ ഉപയോഗിച്ച് മീൻപിടിയ്ക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ വിഭാഗങ്ങൾ തന്നെയുണ്ട്.

നിയന്ത്രണമില്ലാതിരുന്ന മണലൂറ്റും അണക്കെട്ടിലെ വെള്ളമൊഴുക്കിന്റെ വ്യതിയാനങ്ങളും മലമട്ടും മറഞ്ഞത് കാരണം മത്സ്യസമ്പത്ത് വളരെയധികം കുറഞ്ഞുകൊണ്ടിരിക്കുന്നു. കൂടാതെ നിയമവിരുദ്ധമായി തോട്ട, ഡൈനാമൈറ്റ്, നഞ്ച് വിഷം, ഇലക്ട്രിക്ക് ഷോക്ക് ഉപകരണങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുള്ള മീൻപിടുത്തവും മത്സ്യസമ്പത്തും മറ്റ് ജല ജീവികളും ഒരു പോലെ നശിക്കുന്നതിന് കാരണമാവുന്നു.

മണൽ വാരൽ

Thumb
അശാസ്ത്രീയമായ മണ്ണ് ഖനനം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്

വനനശീകരണം

നേരത്തെ ചോലയാർ എന്നറിയപ്പെട്ടിരുന്ന ഈ പുഴ ഉയർന്ന വൃഷ്ടിപ്രദേശത്തെ വനസമ്പന്നതയ്ക്കും സമൃദ്ധമായ ശുദ്ധജലത്തിനും പേരുകേട്ടതായിരുന്നു. 19ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലാണ് വൃഷ്ടിപ്രദേശത്തിന്റെ വനനാശത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. നെല്ലിയാമ്പതിയിലേയും വാൽപ്പാറയിലേയും തേയില-കാപ്പിത്തോട്ടങ്ങൾക്ക് വേണ്ടിയായിരുന്നു വനനശീകരണത്തിന്റെ ആരംഭം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചാലക്കുടി മുതൽ പറമ്പികുളം വരെ ട്രാംവേ (കൊച്ചിൻ ഫോറസ്റ്റ് ട്രാംവേ) നിർമ്മിക്കുകയും തുടർന്ന് പറമ്പികുളം മേഖലയിലെ സ്വാഭാവിക വനം മിക്കവാറും പൂർണ്ണമായും വെട്ടിമാറ്റപ്പെടുകയായിരുന്നു. 1940കളിലെ ഗ്രോ മോർ ഫുഡ് കാമ്പയിന്റെ ഭാഗമായി കണ്ണങ്കുഴിത്തോടിനു താഴെയുള്ള പല ഭാഗങ്ങളും കൃഷിയിടങ്ങളായി. 1960കളോടെ അതിരപ്പിള്ളി ജലപാതം വരെ ജനവാസമേഖലകളായി. അവശേഷിക്കുന്ന സ്വാഭാവികവനങ്ങളുള്ളിടത്ത് തേക്ക് തോട്ടങ്ങൾ വനം വകുപ്പ് തന്നെ വച്ചുപിടിപ്പിച്ചു. അവശേഷിക്കുന്ന നല്ലൊരു ഭാഗം സ്വാഭാവിക വനങ്ങൾ അണക്കെട്ടുകളുടെ നിർമ്മാണത്തെ തുടന്ന് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിലെ മനുഷ്യന്റെ ഇടപെടൽ പ്രത്യേകിച്ച് 1950നു ശേഷമുള്ള ഇടപെടലുകൾ വനങ്ങൾക്കൊപ്പം ചാലക്കുടിപ്പുഴയേയും നാശോമുഖമാക്കിക്കൊണ്ടിരിക്കുന്നു.

ടൂറിസം

കേരളത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളായ അതിരപ്പിള്ളി - വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഈ പുഴയിലാണ്. വിനോദസഞ്ചാരികളും യാത്രികരും പ്രകൃതിസ്നേഹികളും അടക്കം 6 ലക്ഷത്തോളം പേർ പ്രതിവർഷം ഇവിടെയെത്തുന്നതായി കരുതുന്നു[അവലംബം ആവശ്യമാണ്]. തുമ്പൂർമുഴി ചാർപ്പ വെള്ളച്ചാട്ടം, ആനക്കയം, ഷോളയാർ, നെല്ലിയാമ്പതി, മലക്കപ്പാറ എന്നീ സ്ഥലങ്ങളും പറമ്പികുളം വന്യജീവിസങ്കേതവും സഞ്ചാരികളെ ആകർഷിക്കുന്നവയാണ്.

ടൂറിസ്റ്റുകൾ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങൾ പുഴയ്ക്കും കാടിനും കാട്ടുമൃഗങ്ങൾക്കും പുഴയോരവാസികൾക്കും ഭീഷണിയാകണ്.

അതിരപ്പിള്ളി വെള്ളച്ചാട്ടം

കേരളത്തിലെ നയാഗ്രാ എന്നു അറിയപ്പെടുന്ന മനോഹരമായ വെള്ളചാട്ടം. ചാലക്കുടി പുഴയുടെ ഉൽഭവം മുതൽ 80ആം കിലൊമീറ്റരിൽ നിലകൊള്ളുന്നു.

വാഴച്ചാൽ വെള്ളച്ചാട്ടം

ചാർപ്പ വെള്ളച്ചാട്ടം

തുമ്പൂർമുഴി ശലഭോദ്യാനം

ഏഴാറ്റുമുഖം പ്രകൃതിഗ്രാമം

റഗുലേറ്റർ

ലക്ഷദീപ് കടലിൽ നിന്നും ഉപ്പുവെള്ളം പുഴയിലേക്ക് വ്യാപിക്കാതിരിക്കാനായി അഴിമുഖത്ത് നിന്ന് 10കിലോമീറ്റർ അകലെ കണക്കൻ കടവിൽ സ്ഥിരം റെഗുലേറ്റർ നിലവിൽ വന്നിട്ടുണ്ട്.

ലയനം

എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കരയിൽ വച്ച്‌ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട്‌ കൊടുങ്ങല്ലൂർ കായലിൽ ചേരുകയും  കൊടുങ്ങല്ലൂർ-അഴീക്കോട് അഴിമുഖത്തിൽ വച്ചു അറബിക്കടലിൽ വിലയം പ്രാപിക്കുന്നു. വളരെകാലമായി ഈ പ്രദേശത്തെ നീരൊഴുക്ക് കുറവായതിനാൽ വേലിയേറ്റസമയത്ത് ഉപ്പുവെള്ളം ഉള്ളിലേയ്ക്ക് കയറുന്ന പ്രതിഭാസം വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ച് വേനൽകാലങ്ങളിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്.

സമരങ്ങൾ

കോടതിവിധികൾ

ചാലക്കുടി പുഴ സംരക്ഷണ സമിതി

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.