ഇന്ത്യയിൽ ഗ്രാമതലത്തിലുള്ള തദ്ദേശീയസ്വയംഭരണസ്ഥാപനം From Wikipedia, the free encyclopedia
ഇന്ത്യയിലെ ഗ്രാമീണ തലത്തിലുള്ള ഏറ്റവും ചെറിയ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. 2002 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏതാണ്ട് 2,65,000 ഗ്രാമപഞ്ചായത്തുകൾ ഉണ്ട്.
സ്വാതന്ത്ര്യത്തിനുശേഷം ഭാരതത്തിൽ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ വന്നെങ്കിലും, ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കല്പ്പത്തിലൂന്നിയ സർക്കാരുകൾ രൂപവത്കരിക്കുന്നത് സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഭരണഘടനയിലെ നിർദ്ദേശക തത്ത്വങ്ങളിൽ പ്രാദേശിക സർക്കാരുകളായ വില്ലേജ് പഞ്ചായത്തുകൾഎന്നിവ, സംസ്ഥാനങ്ങളുടെ ഇംഗിതമനുസരിച്ച് രൂപവത്കരിക്കുവാൻ മാത്രമേ വ്യവസ്ഥയുണ്ടായിരുന്നുള്ളൂ. ഇതിനനുസരിച്ച് സംസ്ഥാനങ്ങളിൽ അതതു സ്ഥലങ്ങളിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പഞ്ചായത്തുകൾ നിലവിൽ വന്നു. എന്നാൽ ഗാന്ധിജിയുടെ കാഴ്ചപ്പാടിലുള്ള പഞ്ചായത്തുകൾ നിലവിൽ വരുന്നതിന് ഭരണഘടന ഭേദഗതിചെയ്യേണ്ടിവന്നു. 1992-ൽ ഇന്ത്യൻ ഭരണഘടനയിൽ 73,74 ഭേദഗതികൾ വരുത്തി, ഗ്രാമങ്ങളിൽ ഗ്രാമപഞ്ചായത്തുകളും നഗരങ്ങളിൽ നഗരപാലികാ സ്ഥാപനങ്ങളും രൂപവത്കരിച്ചു. ഇതിലേക്കായി 11,12 എന്നീ പട്ടികകളും ഉൾപ്പെടുത്തി. കേരളത്തിൽ ത്രിതലപഞ്ചായത്ത് സംവിധാനം രൂപവത്കരിച്ചുകൊണ്ട് 1994-ലെ കേരളാ പഞ്ചായത്തീരാജ് നിയമം പാസ്സാക്കുകയും ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ 1995 ഒക്ടോബർ 2ന് നിലവിൽ വരികയും ചെയ്തു.
ഭരണ സമിതി
ഒരു പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, നാല് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. ഇതിനെല്ലാം ഉപരിയായി ഗ്രാമഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലേയ്ക്കായി ഗ്രാമസഭകളും ഉണ്ടായിരിക്കും. പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവരാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃതം നൽകുന്നത്. ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിങ്ങനെ നാലു സ്ഥിരം സമിതികളും ഇതിൽ ഉൾപ്പെടുന്നു. ധനകാര്യ കമ്മിറ്റി ചെയർമാൻ പൊതുവെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരിക്കും. ഓരോ പഞ്ചായത്ത് അംഗവും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗം ആയിരിക്കും.
ഉദ്യോഗസ്ഥ വിഭാഗം
പഞ്ചായത്ത് സെക്രട്ടറി ആണ് കാര്യനിർവഹണത്തിന് നേതൃതം നൽകുന്നത്. സെക്രട്ടറിയെ നിയമിക്കുന്നത് സംസ്ഥാന സർക്കാർ ആണ്. പഞ്ചായത്ത് നയങ്ങളും പദ്ധതികളും തീരുമാനങ്ങളും നടപ്പിലാക്കുക എന്നതാണ് സെക്രട്ടറിയുടെ പ്രധാന ചുമതല. കൂടാതെ, പൊതുമരാമത്ത് വിഭാഗം, ആരോഗ്യ വിഭാഗം, ഭരണ വിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളും പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഒരു ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ അനുസരിച്ച് അവയെ നിശ്ചിത ജനങ്ങൾ അടങ്ങിയ വാർഡുകളായി തിരിക്കുന്നു. ഓരോ വാർഡിൽ നിന്നും ഒരു അംഗത്തെ പ്രായപൂർത്തിവോട്ടവകാശത്തിലൂടെ ഒരു വാർഡ് മെമ്പറായി തിരഞ്ഞെടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന അംഗങ്ങൾ ചേർന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ധനകാര്യം, വികസനം, ക്ഷേമകാര്യം, വിദ്യാഭ്യാസം-ആരോഗ്യം എന്നീ സ്റ്റാൻറിംഗ് കമ്മിറ്റികളേയും തെരഞ്ഞെടുക്കും. ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ ചെയർമാൻ വൈസ് പ്രസിഡണ്ടായിരിക്കും. മറ്റ് സ്റ്റാൻറിംഗ് കമ്മിറ്റികളുടെ ചെയർമാൻമാരെ അതത് സ്റ്റാൻറിംഗ് കമ്മിറ്റി അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുക എന്നതാണ് പ്രസിഡൻറിൻറെ പ്രധാന ചുമതല. ഒരു പഞ്ചായത്തിന്റെ കാര്യനിർവഹണ അധികാരികൂടിയാണ് പ്രസിഡൻറ്.
പഞ്ചായത്തിന്റെ മുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥനാണ് പഞ്ചായത്ത് സെക്രട്ടറി.
ഒരു പഞ്ചായത്തിലെ വാർഡിലെ വോട്ടർമാരുടെ സഭയാണിത്. ഒരു ഗ്രാമസഭ വർഷത്തിൽ കുറഞ്ഞത് 4(നാല്) പ്രാവശ്യമെങ്കിലും കൂടേണ്ടതാണ്. വാർഡ് മെമ്പർമാരാണ് ഗ്രാമസഭ വിളിച്ചുകൂട്ടുന്നത്. ഇതിൽ വാർഡിലെ വിവിധ ആവശ്യങ്ങൾ, വികസനപ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടുകയും പഞ്ചായത്തിലേയ്ക്ക് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും വേണം. ഒരു പഞ്ചായത്തിലെ ഒരു വാർഡിലെ വോട്ടർ ആ വാർഡിലെ ഗ്രാമസഭയിലെ മെമ്പറാണ്. വാർഡ് മെമ്പറാണ് ഗ്രാമസഭയുടെ കൺവീനർ.
ചുമതലകൾ
ഗ്രാമപഞ്ചായത്ത് നടപ്പാക്കേണ്ട പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദേശങ്ങൾ തയ്യാറാക്കുക, (ഏതു പ്രോജകറ്റ് വേണം, എവിടെ തുടങ്ങണം തുടങ്ങിയവ) അവയുടെ മുൻഗണന നിശ്ചയിക്കുക. പദ്ധതിയിൽ ഉൾപ്പെടുത്തുന്ന പ്രോജകറ്റുകൾ ഗ്രാമസഭ അംഗീകരിച്ചവയാവണം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതിയുടെ കർമപദ്ധതി നീര്ത്ത്ടാധിഷ്ടിത വികാസന മാസ്റ്റർ പ്ലാൻ എന്നിവ (ഗ്രാമസഭ) അംഗീകരിക്കുക.
പൊതുസൗകര്യ പദ്ധതികളുമായി ബന്ധപ്പെട്ടവ;
തെരുവുവിളക്കുകൾ (street lights), പോതുവാട്ടർ ടാപ്പുകൾ, പൊതുകിണറുകൾ, പൊതു ശൗചാലയങ്ങൾ, ജലസേചന സൗകര്യങ്ങൾ, മറ്റു പൊതുസൗകര്യ പദ്ധതികൾ എന്നിവ എവിടെ സ്ഥാപിക്കണമെന്ന് നിർദേശിക്കുക.
ഗുണഭോക്താക്കളുടെ അർഹതാ പരിശോധനയും തിരഞ്ഞെടുപ്പും;
പെൻഷൻ, സബ്സിഡി പോലുള്ള വിവിധതരം ക്ഷേമ സഹായങ്ങൾ ലഭിക്കുനവരുടെ അർഹത പരിശോധിക്കുക. (ഗുണഭോക്താക്കളെ തിരഞ്ഞെടുക്കെണ്ടിവരുമ്പോൾ അതിനുള്ള അർഹതയുടെയും മുൻഗണനയുടെയും മാനദണ്ടങ്ങൾ എന്തൊക്കെയാണെന്ന് മുൻകൂട്ടി പരസ്യപ്പെടുത്തെണ്ടതും ഗ്രാമസഭയെ അറിയിക്കേണ്ടതുമാണ്.)
അപേക്ഷകൾ സ്വീകരിക്കുകയും അന്വേഷണം നടത്തുകയും ചെയ്ത ശേഷം അപേക്ഷകരുടെ കരടു മുൻഗണന ലിസ്റ്റ് ഗ്രാമസഭയിൽ നൽകേണ്ടതും അപേക്ഷകരെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് അവിടെ വെച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടതും അതിനു ശേഷം അർഹരായ ഗുനഭോക്തക്കളുടെ മുൻഗണനാ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമപഞ്ചായത്തിന് ഗ്രാമസഭ സമർപ്പിക്കേണ്ടതുമാണ്. (ഗ്രാമസഭ അംഗീകരിച്ച മുൻഗണനാ ക്രെമം തദ്ദേശഭരണ സ്ഥാപനം മാറ്റം വരുത്തുവാൻ പാടില്ല)
ഗ്രാമപഞ്ചായത് നടപ്പിലാക്കുന്ന പദ്ധതികളുടെ മാത്രമല്ല, മറ്റു പഞ്ചായത്തുകളോ (ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകൾ) മറ്റു വകുപ്പുകളോ നടപ്പാക്കുന്ന പദ്ധതികളുടേയും ഗുണഭോക്താക്കളെ മുൻഗണനാ ക്രമത്തിൽ തെരഞ്ഞെടുക്കേണ്ടത് ഗ്രാമസഭയാണ്.
ബി.പി.എൽ. കുടുംബങ്ങൾ, ആശ്രയ ഗുണഭോക്താക്കൾ പൊതു വിതരണ സംവിധാനത്തിൽ പ്രത്യേക ആനുകൂല്യം ലഭിക്കുന്നവർ, ക്ഷേമ പെൻഷനുകൾ, തൊഴിലില്ലായ്മ വേതനം എന്നിവ ലഭിക്കുന്നവർ വികസന പദ്ധതികളുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവർ എന്നിവർ ആരോക്കെയാണെന്ന വിവരം (അങ്ങനെയുള്ളവരുടെ ലിസ്റ്റ്) ഗ്രാമസഭയില് വിതരണം ചെയ്യേണ്ടതാണ്.