കോവിഡ് 19 സംബന്ധിച്ച അശാസ്ത്രീയ മാർഗ്ഗങ്ങളുടെ പട്ടിക
From Wikipedia, the free encyclopedia
കോവിഡ്-19 രോഗ നിർണ്ണയം, രോഗബാധ തടയൽ, ചികിത്സ എന്നിവക്കായി വ്യാജവും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതുമായ നിരവധി ആരോഗ്യ ഉൽപ്പന്നങ്ങളും രീതികളും നിലവിലുണ്ട്.[1] കോവിഡ്-19 ഭേദപ്പെടുത്താം എന്ന അവകാശവാദത്തോടെ വിൽക്കുന്ന വ്യാജ മരുന്നുകളിൽ അവകാശപ്പെടുന്ന ഘടകങ്ങൾ ഉണ്ടാവണമെന്നില്ല എന്ന് മാത്രമല്ല, അവയിൽ ദോഷകരമായ ചേരുവകൾ ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്.
ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിലുള്ള സോളിഡാരിറ്റി ട്രയൽ ഉൾപ്പെടെ കോവിഡ് മരുന്നിനായി പല രാജ്യങ്ങളിലും ഗവേഷണം നടക്കുന്നുണ്ട്. 12 വയസ്സിനു മുകളിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി എഫ്ഡിഎ അംഗീകരിച്ച ആദ്യത്തെ മരുന്നാണ് റെംഡെസിവിർ. 2020 ഒക്ടോബറിൽ ആണ് ഇതിന് അംഗീകാരം ലഭിച്ചത്.[2] അതിന് ശേഷം മറ്റ് ചില മരുന്നുകളും എഫ്ഡിഎ അംഗീകരിച്ചിട്ടുണ്ട്.[2] അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കാൻ x1 $ അനുമതിയുള്ള മരുന്ന് ആയിട്ടു കൂടി $റെംഡെസിവിർ പോലും “കോവിഡ് -19 ലെ ജീവൻ രക്ഷാ മരുന്നല്ല” എന്നും ഇത് മരണനിരക്ക് കുറയ്ക്കുന്നില്ലെന്നും ആണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പറയുന്നത്.[3] കോവിഡ് രോഗികളിൽ ഇത് "അനാവശ്യമായോ യുക്തിരഹിതമായോ" ഉപയോഗിക്കുന്നത് അനീതിയാണെന്നും, ഇത് വീട്ടു സാഹചര്യങ്ങളിൽ ഉപയോഗിക്കരുത് എന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.[4] അംഗീകരിച്ച മരുന്നുകൾ അല്ലാതെ ഏതെങ്കിലും വ്യാജ മരുന്നുകളോ വ്യാജ ഉൽപ്പന്നങ്ങളോ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടന അംഗരാജ്യങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലുള്ള ഉൽപ്പന്നങ്ങൾ കോവിഡ്-19 നെതിരെ ഉപയോഗിക്കാനാവുമെന്ന് നിരവധി അവകാശവാദങ്ങളുണ്ട്; പരമ്പരാഗത പരസ്യങ്ങളേക്കാൾ ഓൺലൈനിൽ കിംവദന്തികളിലൂടെയാണ് ഇവ പ്രചരിക്കുന്നത്.
കോവിഡ്-19 നെക്കുറിച്ചുള്ള ഉത്കണ്ഠ ആളുകളെ എന്തും പരീക്ഷിക്കാൻ തയ്യാറാണ് എന്ന മാനസികാവസ്ഥയിൽ എത്തിക്കുന്നു. ഇത് കബളിപ്പിക്കപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു എന്ന് സതേൺ കാലിഫോർണിയ സർവകലാശാലയിലെ മനശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഏപ്രിൽ തേംസ് അഭിപ്രായപ്പെടുന്നു. കോവിഡ്-19 നെതിരായ ചികിത്സ സംബന്ധിച്ച നിരവധി തെറ്റായ അവകാശവാദങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്, ചിലത് മെസേജുകൾ, യൂട്യൂബ്, ചില മുഖ്യധാരാ മാധ്യമങ്ങൾ എന്നിവയിലും പ്രചരിച്ചിരുന്നു. തെറ്റായ സന്ദേശങ്ങൾ ഭയപ്പെടുത്തുന്ന തന്ത്രങ്ങളോ മറ്റ് ഉയർന്ന സമ്മർദ്ദ വാചാടോപങ്ങളോ ഉപയോഗിച്ചേക്കാം. ചില സന്ദേശങ്ങൾ യുണിസെഫ്, സർക്കാർ ഏജൻസികൾ എന്നിവപോലുള്ള ഔദ്യോഗിക സ്ഥാപനങ്ങളിൽ നിന്നുള്ളതാണെന്ന് തെറ്റായി അവകാശപ്പെടുന്നുണ്ട്. [5]
കോവിഡ്-19 അപകടസാധ്യത തടയുന്നുവെന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ അപകടകരമായ തെറ്റായ ആത്മവിശ്വാസം നൽകുകയും അണുബാധയുടെ തോത് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അത്തരം ഉൽപ്പന്നങ്ങൾ ലോക്ക് ഡൌൺ ചട്ടങ്ങൾ ലംഘിക്കുന്നതിനും സാമൂഹിക അകലം കുറയ്ക്കുന്നതിനും ആളുകളെ പ്രേരിപ്പിച്ചേക്കാം. ഇത്തരം പല ചികിത്സകളും വിഷമാണ് എന്നതും പ്രസ്താവ്യമാണ്; വ്യാജ കോവിഡ്-19 ചികിത്സകൾ ഉപയോഗിച്ച് നൂറുകണക്കിന് ആളുകൾ മരിക്കുകയുണ്ടായിട്ടുണ്ട്. [6] [7]