പ്രമുഖ മലയാളഭാഷാ കവി (1705-1770) From Wikipedia, the free encyclopedia
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.
ചന്ദ്രികാവീഥി, ലീലാവതീവീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.[1] ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ് തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-
“ | ചെമ്പകനാട്ടിന്നലങ്കാരഭൂതനാം, തമ്പുരാൻ ദേവനാരായണസ്വാമിയും കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം; കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം |
” |
1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.
“ | കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി- ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ. |
” |
എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.
അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.
“ | പാൽക്കടൽത്തിര തള്ളിയേറി വരുന്നപോലെ പദങ്ങളെൻ നാവിലങ്ങനെ നൃത്തമാണൊരു ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ |
” |
എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട്:-
“ | ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്വരും |
” |
ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികൾ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് താഴെപ്പറയുന്ന നാല്പത് തുള്ളലുകളാണ്[2]:-
തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്. താഴെപ്പറയുന്നവ അവയിൽ ചിലതാണ്:-
സമൂഹവിമർശനം, നിശിതമായ ഫലിതപരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകർ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ഈ പ്രത്യേകതകൾ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്.
"ഇദ്ദേഹം ചിരിപ്പിച്ചു ദീർഘായുസാക്കീട്ടുള്ളവരും ഇനിയും ആക്കുന്നവരും ആയ ജനങ്ങളുടെ സംഖ്യ നിർണ്ണയിക്കാൻ പാടുള്ളതല്ല."
1926-ലെ മലയാളം പാഠപുസ്തകം കുഞ്ചൻ നമ്പ്യാരെക്കുറിച്ച്[3]
പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും എങ്കിലും അവയിൽ കഴിയുന്നത്ര നർമ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു. നളചരിതത്തിൽ, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകൾ വർണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.
“ | നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല; ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു. ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു. കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു. ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു; ചിരവയെടുത്തതാ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു; അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു. |
” |
കല്യാണസൗഗന്ധികത്തിൽ പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപ്പൂ തേടിപ്പോകുന്ന ഭീമൻ, ഒരു വൃദ്ധവാനരനെന്ന മട്ടിൽ വഴിമുടക്കി കിടന്ന ഹനുമാനോട് കയർക്കുന്ന ഭാഗം രസകരമാണ്:-
“ | നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാശ്ശെടാ! ദുർഘടസ്ഥാനത്തു വന്നുശയിപ്പാൻ നിനക്കെടാ തോന്നുവനെന്തെടാ സംഗതി? |
” |
തന്റെ അവശസ്ഥിതി അറിഞ്ഞ് വഴിമാറിപ്പോകാൻ ആവശ്യപ്പെടുന്ന ഹനുമാനോട് ഭീമൻ പിന്നെയും ഇടയുന്നു:-
“ | ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം; പൂരുവംശത്തിൽ പിറന്നു വളർന്നൊരു പൂരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു വീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ നേരായ മാർഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോൽക്കയുമില്ലേടോ, മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറിൽ പതിക്കും ഗദാഗ്രമെന്നോർക്കണം. |
” |
ഈ വീമ്പിന് മറുപടികൊടുത്ത ഹനുമാൻ, നാലഞ്ചു ഭർത്താക്കന്മാർ ഒരു പെണ്ണിന് എന്നത് നാലുജാതിക്കും വിധിച്ചതല്ല എന്ന് ഭീമനെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, ദുശ്ശാസനൻ പണ്ട് കൗരവസഭയിൽ വച്ച് പാഞ്ചാലിയോട് അതിക്രമം ചെയ്തത് കണ്ണും മിഴിച്ച് കണ്ട് നിന്നപ്പോൾ പൊണ്ണത്തടിയനായ ഭീമന്റെ പരാക്രമം കാശിക്കു പോയിരിക്കുകയായിരുന്നോ എന്നും നമ്പ്യാർ ഹനുമാനെക്കൊണ്ട് ചോദിപ്പിക്കുന്നുണ്ട്.
പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു.[4]
തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാർ കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കല്പിച്ചുകൊടുക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ , ദമയന്തി, ദ്രൗപദി, സീത, പാർവ്വതി തുടങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പകർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂ-സ്വർഗ്ഗ-പാതാളങ്ങൾ നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയോദ്ധ്യയിലും, അളകാപുരിയിലും, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടങ്ങളിൽ ഉണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. സന്താനഗോപാലത്തിലെ അർജുനൻ, യമപുരിയിൽ ചെന്നപ്പോൾ "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു" വത്രെ. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയിൽ അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, "പട്ടാണികൾ പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും" ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുൻപ് സേനകൾക്ക് നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:-
“ | ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു. വട്ടഞ്ചക്കര ചേർത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും ഒട്ടല്ലൂണിനു വട്ടം പലവിധമിഷ്ടമറിഞ്ഞു കൊടുത്തീടുന്നു |
” |
കാർത്തവീരാർജ്ജുനവിജയത്തിൽ രാവണൻ ചിത്രയോധിയെ അയച്ച് കാർത്തവീരാർജ്ജുനന്റെ അടുത്ത് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാഹചര്യങ്ങളും കേരളീയമാണ്:-
“ | വിളവിൽ പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം; തെങ്ങുകവുങ്ങുകൾ മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം; മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടിൽ; വീടന്മാരും വിളവുകൾ നെല്ലുകൾ വിത്തിലിരട്ടി നമുക്കുതരേണം; നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം; വീട്ടിലിരിക്കും നായന്മാർ പടവില്ലും കുന്തവുമേന്തിച്ചൊല്ലും- വേലയെടുത്തു പൊറുക്കണമെല്ലാനാളും പാർത്താ ദശമുഖഭവനേ; കള്ളുകുടിക്കും നായന്മാർക്കിടി കൊള്ളുന്താനുമതോർത്തീടേണം. |
” |
സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുന്നത് പലയിടത്തും കാണാം.
“ | രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ. |
” |
എന്ന ഹരിണീസ്വയംവരത്തിലെ വിമർശനം ഭരണാധികാരികളേയും ഉദ്യോഗസ്ഥവൃന്ദത്തേയും ആയിരിക്കണം ലക്ഷ്യമാക്കിയത്.
“ | വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ കാരസ്കരഘൃതം ഗുൽഗുലുതിക്തകം ചേരുന്ന നെയ്കളുമെണ്ണപൊടികളും സാരമായുള്ള ഗുളികയും കൊണ്ടുചെ- ന്നോരോവിധം പണം കൈക്കലാക്കീടുന്നു. |
” |
എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമർശിക്കുന്ന ധൃവചരിതത്തിലെ ഭാഗം പ്രസിദ്ധമാണ്.
ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാർ ഹരിണീസ്വയംവരത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്:-
“ | സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്വരും. നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു നാണിയം നാട്ടിൽ നടത്താതിരിക്കണം. |
” |
കാര്യമായൊരു ജോലിയും ചെയ്യാതെ, ഊണും ഉറക്കവും, പരദൂഷണവും മറ്റുമായി നടക്കുന്നവരെ നമ്പ്യാർ പാത്രചരിതത്തിൽ വരച്ചുകാട്ടുന്നതിങ്ങനെയാണ്:-
“ | ഉണ്ണണമെന്നുമുറങ്ങണമെന്നും, പെണ്ണുങ്ങളൊടു രസിക്കണമെന്നും കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു വസ്തുവിചാരമൊരിക്കലുമില്ല. |
” |
മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്നവയാണ്:-
തുടങ്ങിയവയുടെ ഉറവിടം കല്യാണസൗഗന്ധികമാണെങ്കിൽ, താഴെപ്പറയുന്നവ കിരാതത്തിൽ നിന്നാണ്.
പഴയ തിരുവിതാംകൂർ രാജ്യത്ത് 1926-ൽ അച്ചടിച്ച മലയാളം മൂന്നാം പാഠപുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള പാഠം സമാപിക്കുന്നത്[3] നിർല്ലോഭമായ പ്രശംസയിൽ ഈ വിധമാണ്:
“ | ഇദ്ദേഹത്തിന്റെ കൃതികൾ വായിച്ചു രസിക്കാതെ മലയാളനാട്ടിൽ ഒരുവനും വിദ്വാൻ എന്നോ മലയാളി എന്നോ ഉള്ള പേരിന് അർഹനാകുന്നതല്ല. ഇദ്ദേഹം ചിരിപ്പിച്ചു ദീർഘായുസാക്കീട്ടുള്ളവരും ഇനിയും ആക്കുന്നവരും ആയ ജനങ്ങളുടെ സംഖ്യ നിർണ്ണയിക്കാൻ പാടുള്ളതല്ല. മലയാളഭാഷ നിലനിൽക്കുന്നിടത്തോളം കാലം കുഞ്ചൻ നമ്പ്യാരുടെ യശസ്സും നിലനിൽക്കുന്നതാണ്. | ” |
അതേസമയം, എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. നമ്പ്യാരുടെ 'സംസ്കാരലോപത്തെ'-പ്പറ്റി ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമർശകനായിരുന്ന കുട്ടികൃഷ്ണമാരാരും, പി.കെ.ബാലകൃഷ്ണനും പരാതിപ്പെട്ടിട്ടുണ്ട്.[5] ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാഗ്വ്യഭിചാരമായാണ് മാരാർ വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമൽസംവാദ' ത്തിന്റെ നിശിതമായ വിമർശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു:-
“ | പാണ്ഡവന്മാരുടെ തീർഥയാത്രയുടെ ഒടുക്കം ഗന്ധമാദനത്തിൽ വച്ചു പഞ്ചാലിക്കുവേണ്ടി സൗഗന്ധിപ്പൂക്കൾ തേടിപ്പോകുന്ന ഭീമസേനനെ, അദ്ദേഹത്തിന്റെ യുഗാന്തജ്യേഷ്ഠനായ ഹനുമാൻ വഴി തടഞ്ഞു പരിഹസിച്ച ഒരു സന്ദർഭമുണ്ടല്ലോ. അതിന്റെ പിന്നിലുള്ള അഗാധമായ ഭ്രാതൃവാത്സല്യത്തിന്നെതിരായി മഹാഭാരതത്തിൽ ഒരക്ഷരവുമില്ല. ഈ കഥയെടുത്തു നമ്മുടെ ഒരു 'ഹാസസാഹിത്യസാമ്രാട്ട്' എഴുതിയ തുള്ളലിൽ ആ സഹോദരസമാഗമം എന്തായിരിക്കുന്നു എന്നു നോക്കുക. അവിടെ ഹനുമാൻ വഴിപോകുന്നവരെ ചെന്നു തടഞ്ഞു വഴക്കുണ്ടാക്കി അവരെ പൊതിരെ തെറി പറഞ്ഞുവിടുന്ന അങ്ങാടിക്കൂളനും, ഭീമസേനൻ എന്തു തെറി കേട്ടാലും നാണമില്ലാതെ ഒഴിച്ചുപോകാതെ അതിനൊക്കെ പകരം വീമ്പിളക്കുവാൻ മിനക്കെടുന്ന മേനിക്കണ്ടപ്പനുമായി മാറിയിരിക്കുന്നു. ഇത്തരം വാഗ്വ്യഭിചാരങ്ങളെ ഉൽകൃഷ്ടസാഹിത്യത്തിന്റെ പന്തിയിലിരത്തുന്ന നമ്മുടെ വകതിരിവില്ലായ്മയെയാണ് ഞാനിവിടെ എതിർക്കുന്നത്.[6] | ” |
നമ്പ്യാരുടെ കാലദർശനത്തെ അപഗ്രഥിക്കുന്ന ഒരു പ്രബന്ധത്തിൽ മലയാളത്തിലെ മറ്റൊരു പ്രസിദ്ധനിരുപകനായ കെ.പി. അപ്പൻ ഈ വിമർശനത്തിനു മറുപടി പറയുന്നതിനൊപ്പം നമ്പ്യാരെ "ഉന്നതജ്ഞാനിയായ....കോമിക് ജീനിയസ്", "ജ്ഞാനിയായ വിദൂഷകൻ", എന്നൊക്കെ വിശേഷിപ്പിക്കുന്നു:-
“ | ദേവന്മാരേയും പുരാണകഥാപാത്രങ്ങളേയും സമകാലികതയുടെ ഹൃദ്യമായ കളങ്കത്തിലേക്കു കൂട്ടിക്കൊണ്ടു വരുക വഴി പുരാണകഥകളിലെ കാലത്തെയും സമകാലിക ചരിത്രകാലത്തേയും പരസ്പരം കലർത്തുകയാണ് നമ്പ്യാർ ചെയ്ത്. മനുഷ്യവർഷവും ദേവവർഷവും കൂടിക്കലരുമ്പോൾ ഒരു ദേവവർഷം അനേകം മനുഷ്യവർഷങ്ങൾ ചേർന്നതാണെന്ന കാലഗണന കീഴ്മേൽ മറിയുന്നു. ദേവവർഷവും മനുഷ്യവർഷവും ഒരേപ്രവാഹപാതയിൽ എന്നവണ്ണം ചലിക്കുന്ന അനുഭവം ഉണ്ടാകുന്നു. വായനയുടെ സർഗ്ഗാത്മകമായ വേളയിൽ രണ്ടിന്റേയും ഏകകാലികമായ നിലനില്പ് സ്പർശിച്ചറിയുന്ന നല്ല വായനക്കാരൻ ഒരേ ഘട്ടത്തിൽ രണ്ടു കാലങ്ങളിൽ ജീവിക്കുന്നു. ഈ സങ്കീർണ്ണമായ കാലദർശനം അവതരിപ്പിക്കാനുള്ള ഉപാധി ആയിരുന്നു നമ്പ്യാർക്ക് പുരാണങ്ങളും സമകാലിക ജീവിതവും. ഉപാധികൾക്കപ്പുറത്തേക്കു പോയി കറുപ്പും വെളുപ്പും പോലെ സുവ്യക്തമായി തെളിയുന്ന ഈ കാലദർശനത്തിൽ എത്താൻ കഴിയാതിരുന്നതു കൊണ്ടാണ് നമ്പ്യാർ എന്ന ഉന്നതജ്ഞാനിയായ കോമിക് ജീനിയസ്സിന്റെ സംസ്കാരലോപത്തെക്കുറിച്ച് മാരാരും പി.കെ. ബാലകൃഷ്ണനും പരാതി പറഞ്ഞത്.[5] | ” |
സാധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാർ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാൽ നമ്പ്യാരുടെ കവിത പോലും നായന്മാർ വരെയുള്ള ജനവിഭാഗങ്ങളെ മാത്രമേ കണക്കിലെടുത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകൾ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ വിരളമാണെന്നുമാണ് വിമർശനം.[7]
കുഞ്ചൻ നമ്പ്യാർ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയിൽ കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ കീഴിൽ കുഞ്ചൻ നമ്പ്യാർ സ്മാരകം നിർമിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലും തൃശ്ശൂർജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂർ മയിൽ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടർ സ്ഥലം കുഞ്ചൻ നമ്പ്യാരുടെ ഓർമ്മയ്ക്കായി കുഞ്ചൻ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെയാണ്.
നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.
“ | ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം, ഇത്യർത്ഥ ഏഷാം ശ്ളോകാനാം അല്ലാതൊന്നും ന വിദ്യതേ. |
” |
“ | രണ്ടേകാലെന്നു കല്പിച്ചു, രണ്ടേ, കാലെന്നിതയ്യനും, ഉണ്ടോ, കാലെന്നു പണ്ടാല ഉണ്ടില്ലിന്നിത്ര നേരവും. |
” |
ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.