From Wikipedia, the free encyclopedia
ജർമ്മനിയിലെ ഹാംബർഗിലുള്ള ബ്ലോം + വൊഷ് കപ്പൽശാലയിലെ തൊഴിലാളിയായിരുന്നു ഓഗസ്റ്റ് ലാൻഡ്മെസ്സർ (ജനനം: 24 മേയ് 1910; [1] KIA മരണം: 17 ഒക്ടോബർ 1944; 1949 ൽ സ്ഥിരീകരിച്ചു). 1936-ലെ ഒരു ചിത്രത്തിൽ മറ്റ് തൊഴിലാളികൾ നാസി സല്യൂട്ട് ചെയ്യുമ്പോൾ അതിന് വിസമ്മതിക്കുന്നതായി കാണുന്നത് ഓഗസ്റ്റ് ലാൻഡ്മെസ്സർ ആണെന്ന് കരുതപ്പെടുന്നു. [2] [3] ഇർമ എക്ലർ എന്ന ജൂത സ്ത്രീയുമായുള്ള നിയമവിരുദ്ധമായ ബന്ധത്തിന്റെ പേരിൽ നാസി പാർട്ടിയുമായി തെറ്റുകയും ശിക്ഷയായി ജയിൽ വാസവും നിർബന്ധിത പട്ടാള സേവനവും നേരിടേണ്ടിവന്നു. ലാൻഡ്മെസ്സർ യുദ്ധരംഗത്ത് വെച്ച് മരിക്കുകയും എക്ലറെ കോൺസണ്ട്രേഷൻ ക്യാമ്പിൽ അയക്കുകയും ചെയ്തു.
ഓഗസ്റ്റ് ഫ്രാൻസ് ലാൻഡ്മെസ്സറിന്റെയും വിൽഹെൽമൈൻ മഗ്ഡലീന്റെയും (നീ ഷ്മിഡ്പോട്ട്) ഏകമകനായിരുന്നു ഓഗസ്റ്റ് ലാൻഡ്മെസ്സർ. 1931 ൽ ജോലി നേടാൻ സഹായിക്കുമെന്ന് കരുതി നാസി പാർട്ടിയിൽ ചേർന്നു. 1935 ൽ, ഇർമാ എക്ലർ എന്ന ജൂത സ്ത്രീയുമായി വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. [4] അവർ ഹാംബർഗിൽ ബന്ധം രജിസ്റ്റർ ചെയ്തെങ്കിലും, ഒരു മാസത്തിനുശേഷം പ്രാബല്യത്തിൽ വന്ന ന്യൂറെംബർഗ് നിയമങ്ങൾ ഇത് നിയമവിരുദ്ധമാക്കി. 1935 ഒക്ടോബർ 29 ന് ലാൻഡ്മെസ്സറുടെയും എക്ലറുടെയും ആദ്യ മകളായ ഇൻഗ്രിഡ് ജനിച്ചു. [4]
1937 ൽ ലാൻഡ്മെസ്സറും എക്ലറും ഡെൻമാർക്കിലേക്ക് പലായനം ചെയ്യാൻ ശ്രമിച്ചെങ്കിലും പിടികൂടപ്പെട്ടു. ആ സമയത്ത് അവർ രണ്ടാമതും ഗർഭിണിയായിരുന്നു. 1937 ജൂലൈയിൽ അവരുടെമേൽ നാസി വംശീയ നിയമപ്രകാരം " വംശത്തെ അപമാനിച്ചു " എന്ന കുറ്റം ചുമത്തപ്പെട്ടു. എക്ലർ പൂർണമായും യഹൂദയാണെന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു എന്ന് വാദിച്ചതിനാൽ തെളിവുകളുടെ അഭാവത്തിൽ 1938 മെയ് 27 ന് കുറ്റവിമുക്തരാക്കപ്പെട്ടു. തെറ്റ് ആവർത്തിച്ചാൽ ദീർഘമായ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന താക്കീതോടെയാണ് വിട്ടയച്ചത്. എന്നാൽ ലാൻഡ്മെസ്സറും എക്ലറും പരസ്യമായി ബന്ധം തുടർന്നു. 1938 ജൂലൈ 15 ന് അദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്ത് ബർഗർമൂർ തടങ്കൽപ്പാളയത്തിൽ രണ്ടര വർഷം തടവിന് ശിക്ഷിച്ചു.
എക്ലറെ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്ത് ഫുഹ്ല്സ്ബുത്തെലിൽ തടവിൽ വെച്ച സമയത്താണ് രണ്ടാമത്തെ മകളായ ഐറീന് ജന്മം നൽകുന്നത്. [5] അവിടെ നിന്ന് അവളെ ഒറാനിയൻബർഗ് തടങ്കൽപ്പാളയത്തിലേക്കും സ്ത്രീകൾക്കായുള്ള ലിച്ചെൻബർഗ് തടങ്കൽപ്പാളയത്തിലേക്കും തുടർന്ന് റാവൻസ്ബ്രൂക്കിലെ വനിതാ തടങ്കൽപ്പാളയത്തിലേക്കും അയച്ചു. ഇർമ എക്ലറിൽ നിന്ന് 1942 ജനുവരി വരെ കുറച്ച് കത്തുകൾ വന്നിരുന്നു. 1942 ഫെബ്രുവരിയിൽ അവളെ ബെർൺബർഗ് ദയാവധ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നും അവിടെ കൊല്ലപ്പെട്ട 14,000 പേരിൽ ഇർമയും ഉണ്ടായിരുന്നു എന്നും കരുതപ്പെടുന്നു; 1949 ൽ യുദ്ധാനന്തര ഡോക്യുമെന്റേഷന്റെ സമയത്ത്, അവൾ 1942 ഏപ്രിൽ 28-ആം തീയതി നിയമപരമായി മരിച്ചുവെന്ന് പ്രഖ്യാപിക്കപ്പെട്ടു.
അതേസമയം, ലാൻഡ്മെസ്സറിനെ 1941 ജനുവരി 19 ന് ജയിലിൽ നിന്ന് വിട്ടയച്ചു. [4] തുടർന്ന് അദ്ദേഹം ഹൗലാഗ് കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തു. ഹൌലാഗ് കമ്പനിക്ക് വാർനെമുന്തെയിലെ ഹൈങ്കൽ-വെർക്കെയിൽ ഒരു ബ്രാഞ്ച് ഉണ്ടായിരുന്നു. [6] ഫെബ്രുവരി 1944 ൽ അദ്ദേഹം 999 ആമത് ഫോർട്ട് ഇൻഫാൻട്രി ബറ്റാലിയനിൽ നിയോഗിക്കപ്പെട്ടു. ക്രോയേഷ്യയിൽ യുദ്ധം ചെയ്യുമ്പോൾ കൊലചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ടു. [7] എക്ലറെപ്പോലെ അദ്ദേഹത്തെ 1949 ൽ നിയമപരമായി മരിച്ചതായി പ്രഖ്യാപിച്ചു. [7]
അവരുടെ കുട്ടികൾ ആദ്യം നഗരത്തിലെ അനാഥാലയത്തിൽ എത്തി. 1941 ൽ ഐറിന് വളർത്തു മാതാപിതാക്കളോടൊപ്പവും ഇൻഗ്രിഡിന് അമ്മൂമ്മയോടൊപ്പവും താമസിക്കാൻ അനുവാദം കിട്ടി. 1953 ൽ മുത്തശ്ശിയുടെ മരണശേഷം ഇൻഗ്രിഡും ദത്തെടുക്കപ്പെട്ടു.
ഓഗസ്റ്റ് ലാൻഡ്മെസ്സറിന്റെയും ഇർമാ എക്ലറുടെയും വിവാഹം 1951 ലെ വേനൽക്കാലത്ത് ഹാംബർഗ് സെനറ്റ് മുൻകാലപ്രാബല്യത്തോടെ അംഗീകരിച്ചു. ആ വർഷം ശരത്കാലത്തിലാണ് ഇൻഗ്രിഡ് ലാൻഡ്മെസ്സർ എന്ന വിളിപ്പേര് സ്വീകരിച്ചത്. ഐറിൻ എക്ലർ എന്ന കുടുംബപ്പേര് ഉപയോഗിക്കുന്നത് തുടർന്നു.
1991 മാർച്ച് 22 ന് ഡൈ സീറ്റിൽ പ്രസിദ്ധീകരിച്ച 1936 ജൂൺ 13 ന് എടുത്ത ഒരു ഫോട്ടോയിൽ ഐറിൻ എക്ലർ ഓഗസ്റ്റ് ലാൻഡ്മെസ്സറെ തിരിച്ചറിഞ്ഞു. ഹാംബർഗിലെ ബ്ലോം + വോസ് കപ്പൽശാലയിൽ നാവികസേന പരിശീലന കപ്പലായ ഹോർസ്റ്റ് വെസ്സൽ നീറ്റിലിറക്കുന്നതിനായി നടത്തിയ ചടങ്ങിലെ തൊഴിലാളികളുടെ ഒരു വലിയ ഒത്തുചേരലാണ് ചിത്രത്തിൽ കാണുന്നത് . മിക്കവാറും എല്ലാവരും നാസി സല്യൂട്ടിൽ കൈ ഉയർത്തി നിൽക്കുമ്പോൾ ജനക്കൂട്ടത്തിന്റെ പുറകുവശത്തുള്ള ഒരു മനുഷ്യൻ നെഞ്ചിന് കുറുകെ കൈകൾ കെട്ടിക്കൊണ്ട് വഴങ്ങാത്ത ഭാവത്തിൽ നിൽക്കുന്നത് വ്യക്തമായി കാണാം. [5]
1996-ൽ എക്ലർ ഡൈ വോർമുണ്ട്ഷാഫ്റ്റ്സാക്റ്റെ 1935–1958: വെർഫോൾഗംഗ് ഐനർ ഫാമിലി വെഗൻ "റാസെൻസ്ചാൻഡെ" ( The Guardianship Documents 1935–1958: Persecution of a Family for "Racial Disgrace") പ്രസിദ്ധീകരിച്ചു . പുസ്തകം അവളുടെ കുടുംബത്തിന്റെ കഥയാണ് പറയുന്നത്, കൂടാതെ അവളുടെ അമ്മയുടെ കത്തുകളും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളും ഉൾപ്പെടെ ആ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ധാരാളം യഥാർത്ഥ രേഖകളും ഉൾപ്പെടുന്നു. [5]
ഫോട്ടോയിലെ പുരുഷനെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ല. മറ്റൊരു കുടുംബം അവകാശപ്പെടുന്നത് ഇത് മതപരമായ കാരണങ്ങളാൽ അഭിവാദ്യം ചെയ്യാൻ വിസമ്മതിച്ച ബ്ലോം + വോസിലെ ലോഹപ്പണിക്കാരനായ ഗുസ്താവ് വെഗെർട്ട് (1890-1959) ആണെന്നാണ്. അക്കാലത്ത് ബ്ലോം + വോസിലെ വെഗേർട്ടിന്റെ ജോലിയുടെ ഡോക്യുമെന്റേഷനും പ്രശസ്ത ഫോട്ടോയിലെ ആളുമായി സാമ്യമുള്ള കുടുംബ ഫോട്ടോകളും അവരുടെ അവകാശവാദത്തിന്റെ തെളിവായി അവർ അവതരിപ്പിച്ചിരുന്നു. [8] [9] [10] [11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.