ഒ.എസ്.ഐ. മാതൃക
From Wikipedia, the free encyclopedia
ഇന്റർനാഷണൽ സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ അഥവാ ഐഎസ്ഒ (ISO) യുടെ പ്രയത്ന ഫലമായി, പല കമ്പനികളുടെ ഉടമസ്ഥതയിലായി പല മാതൃകകളിൽ പ്രവർത്തിച്ചിരുന്ന കമ്പ്യൂട്ടർ ശ്രംഖലകളെ ഏകോപിപ്പിക്കുന്നതിനായി 1982ൽ വികസിപ്പിച്ച ഒരു അടിസ്ഥാനമാതൃകയാണ് ഓപ്പൺ സിസ്റ്റംസ് ഇന്റർകണക്ഷൻ ബേസിക്ക് റഫറൻസ് മോഡൽ (Open Systems Interconnection Basic Reference Model) എന്ന ഒഎസ്ഐ മോഡൽ അഥവാ ഓഎസ്ഐ റഫറൻസ് മോഡൽ. നെറ്റ്വർക്കിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു ഉപകരണം ആശയവിനിമയത്തിൽ ഇടപെടുമ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ 7 പാളികളിലൂടെ കടന്നു പോകുന്ന രീതിയിലാണ് ഇത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
ഒ.എസ്.ഐ. മാതൃക | |
---|---|
7 | ആപ്ലിക്കേഷൻ ലെയർ |
6 | പ്രസന്റേഷൻ ലേയർ |
5 | സെഷൻ ലേയർ |
4 | ട്രാൻസ്പോർട്ട് ലേയർ |
3 | നെറ്റ്വർക് ലേയർ |
2 | ഡാറ്റാ ലിങ്ക് ലേയർ
|
1 | ഫിസിക്കൽ ലേയർ |
വ്യത്യസ്ത കമ്പനികൾ നിർമിച്ചിച്ചിട്ടുള്ള ഉപകരണങ്ങളിലെ വ്യത്യാസങ്ങൾകൊണ്ടോ, പരസ്പരം ആശയവിനിമയം നടത്താൻ ഉപയോഗിക്കുന്ന സിഗ്നലുകളുടെയോ, വ്യവസ്ഥകളുടെയോ വ്യത്യാസം കൊണ്ടോ ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ഒരു ശൃംഖല രൂപീകരിക്കാൻ കഴിഞ്ഞില്ലെന്നുവരാം. ഈ അപര്യാപ്തത (incompatibility) തരണം ചെയ്യാനുള്ള പരിഹാരമാർഗ്ഗമാണു് പാളികൾ (layer) അടിസ്ഥാനമാക്കിയുള്ള മാതൃകകൾ രൂപകൽപ്പന ചെയ്തത് (കമ്പ്യൂട്ടർ ശാസ്ത്രത്തിൽ ഇത്തരം മാതൃകകൾക്കു് അമൂർത്തമായ അടരുകളുടെ മാതൃക (abstraction layer model) എന്നു പറയുന്നു). ഒരു ഉപകരണം ആശയ വിനിമയം നടത്തുമ്പോൾ ചെയ്യുന്ന പ്രവർത്തികളെ ചെറിയ പ്രവർത്തനങ്ങളായി തിരിക്കുകയും, ഓരോ പ്രവർത്തനത്തെയും പ്രത്യേകം പാളികളായി ക്രമീകരിച്ച്, ആശയവിനിമയത്തെ രണ്ട് ഉപകരണങ്ങൾ തമ്മിലുള്ള സംവേദനം എന്നതിലുപരി, പാളികൾ തമ്മിലുള്ള പരസ്പരസംവേദനം എന്ന രീതിയിലേക്ക് ലഘൂകരിക്കുക എന്നതാണു് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതു്. ലളിതമായി പറഞ്ഞാൽ ഒരു ശൃംഖലയിലെ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ഉപകരണങ്ങൾ തമ്മിലുള്ള ഇലക്ട്രിക്ക് സിഗ്നലുകളുടെ കൈമാറ്റം ഒരു പാളിയുടെ ഉത്തരവാദിത്തമാണെന്നു കരുതുക. നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിട്ടുള്ള രണ്ട് കമ്പ്യൂട്ടറുകൾ തമ്മിലുള്ള ആശയവിനിമയം കൈകാര്യം ചെയ്യുന്നത് മറ്റൊരു പാളിയുടെ ഉത്തരവാദിത്തവും, ഓരോ കമ്പ്യൂട്ടറിലുമുള്ള ആപ്ലിക്കേഷനുകൾ തമ്മിലുള്ള (ഉദാഹരണത്തിന് വെബ് ബ്രൗസറും, മറ്റൊരു കമ്പ്യൂട്ടറിലെ വെബ് സെർവറും തമ്മിൽ) ആശയവിനിമയം മറ്റൊരു പാളിയുടെയും ഉത്തരവാദിത്തമാണെന്നും കരുതുക. ഇങ്ങനെയിരിക്കെ ഇലക്ട്രിക് സിഗ്നലുകളുടെ കൈമാറ്റം വയറുകളിലൂടെ ചെയ്യുന്നതിനു പകരം അന്തരീക്ഷത്തിലൂടെ റേഡിയോ സിഗ്നലുകളായി മാറ്റുന്നതിന് ഈ സംവിധാനത്തിലെ ഒരു പാളിയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയാകും. അതുപോലെ മറ്റ് രണ്ട് ആപ്ലിക്കേഷനുകൾ തമ്മിൽ ആശയവിനിമയം ചെയ്യുന്നതിന് നിലവിലുള്ള പാളികൾ പുനരുപയോഗിക്കുന്നതിനും സാധിക്കും. മറ്റ് പാളികളെയൊന്നും ഈ മാറ്റം ബാധിക്കുകയില്ല. സങ്കീർണ്ണമായ പ്രവർത്തനങ്ങളെ ലഘൂകരിക്കുന്നതിനും എളുപ്പത്തിൽ മനസിലാക്കുന്നതിനും പാളികളായുള്ള ക്രമീകരണം സഹായകമാണ്.