![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/de/Aischylos_B%25C3%25BCste.jpg/640px-Aischylos_B%25C3%25BCste.jpg&w=640&q=50)
എസ്കിലസ്
From Wikipedia, the free encyclopedia
പുരാതനഗ്രീസിലെ പ്രശസ്തരായ മൂന്നു ദുരന്തനാടകൃത്തുക്കളിൽ ആദ്യത്തെയാളാണ് എസ്കിലസ് (ജനനം: ക്രി.മു. 524/525; മരണം ക്രി.മു. 455/456). സോഫക്കിൾസും യൂറിപ്പിഡിസുമാണ് മറ്റു രണ്ടുപേർ. ദുരന്തനാടകത്തിന്റെ പിതാവായി എസ്കിലസ് കണക്കാക്കപ്പെടുന്നു.[1] 'ലജ്ജ' എന്നർത്ഥമുള്ള ഐസ്കൊസ് (αισχος),എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ പേരുണ്ടായത്.[2] നാടകങ്ങളിൽ സംഘർഷസാദ്ധ്യത വർദ്ധിപ്പിക്കാനായി കഥാപാത്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത് എസ്കിലസാണെന്ന് അരിസ്റ്റോട്ടിൽ പറയുന്നു; നേരത്തേ കഥാപാത്രങ്ങൾ സംവദിച്ചിരുന്നത് കോറസുമായി മാത്രമായിരുന്നു. 70 മുതൽ 90 വരെ നാടകങ്ങൾ എസ്കിലസ് എഴുതിയതായി പറയപ്പെടുന്നെങ്കിലും അവയിൽ ഏഴെണ്ണം മാത്രമാണ് ഇന്നു ലഭ്യമായുള്ളത്.
എസ്കിലസ് | |
---|---|
![]() റോമിലെ കാപ്പിറ്റോലിൻ മ്യൂസിയത്തിലുള്ള എസ്കിലസിന്റെ അർത്ഥകായ പ്രതിമ | |
ജനനം | ഏകദേശം ക്രി.മു. 525 /524 എലൂസിസ് |
മരണം | ക്രി.മു. 456-നടുത്ത് സിസിലി |
തൊഴിൽ | നാടകകൃത്ത്, സൈനികൻ |
എസ്കിലസിന്റെ ഒരു നാടകമെങ്കിലും അദ്ദേഹത്തിന്റെ ജീവിതകാലത്ത് യവനസഖ്യവും പേർഷ്യാക്കാരുമായി നടന്ന യുദ്ധത്തിന്റെ സ്വാധീനത്തിൽ എഴുതിയതാണ്. "പേർഷ്യാക്കാർ" എന്ന അദ്ദേഹത്തിന്റെ നാടകം, ഗ്രീക്കു ചരിത്രത്തിലെ ആ കാലഘട്ടത്തെക്കുറിച്ചുള്ള അറിവിന്റെ നല്ല മൂല സ്രോതസ്സുകളിൽ ഒന്നാണ്. ക്രി.മു. 456-ൽ എസ്കിലസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ചരമഫലകം അനുസ്മരിച്ചത് നാടകകൃത്തെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിജയത്തിനു പകരം പേർഷ്യാക്കാർക്കെതിരെ മാരത്തണിൽ ഗ്രീക്കു സഖ്യം നേടിയ വിജയത്തിലെ പങ്കാളിത്തമാണെന്നതിൽ നിന്ന്, ഈ യുദ്ധം ഗ്രീസിനെന്നപോലെ എസ്കിലസിനും എത്ര പ്രധാനപ്പെട്ടതായിരുന്നു എന്നു മനസ്സിലാക്കാം.