ഇമ്മാനുവേൽ കാന്റ്
From Wikipedia, the free encyclopedia
പതിനെട്ടാം നൂറ്റാണ്ടിലെ പ്രഖ്യാത ജർമ്മൻ തത്ത്വചിന്തകനാണ് ഇമ്മാനുവേൽ കാൻറ് (1724 ഏപ്രിൽ 22-1804 ഫെബ്രുവരി 12) . പൊതുവേ, ആധുനികകാലത്തെ ഏറ്റവും ശ്രദ്ധേയനായ തത്ത്വചിന്തകനായി അദ്ദേഹം കണക്കാക്കപ്പെട്ടുപോരുന്നു.[1] ശുദ്ധയുക്തിയുടെ വിമർശനത്തിൽ (Critique of Pure Reason) താൻ അവതരിപ്പിച്ച സിദ്ധാന്തങ്ങളുടെ പ്രാധാന്യത്തെ സംഗ്രഹിച്ച് അദ്ദേഹം തന്നെ പറഞ്ഞത് അവ "തത്ത്വചിന്തയിൽ ഒരു കോപ്പർനിക്കൻ വിപ്ലവം സാധിച്ചു" എന്നാണ്. [ക] അദ്ദേഹത്തിന്റെ പ്രധാനകൃതിയായ "ശുദ്ധയുക്തിയുടെ വിമർശനം" യുക്തിയെക്കുറിച്ചുതന്നെയുള്ള ഒരന്വേഷണമാണ്. പരമ്പരാഗതമായ തത്ത്വമീമാംസയുടേയും (Metaphysics) ജ്ഞാനസിദ്ധാന്തത്തിന്റേയും (Epistemology) നിശിതമായ വിമർശനവും ഈ വിഷയങ്ങളെക്കുറിച്ചുള്ള കാന്റിന്റെ നിലപാടുകളും അതിൽ അടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ പക്വമായ ചിന്തകളടങ്ങുന്ന മറ്റൊരു കൃതിയായ പ്രായോഗിക യുക്തിയുടെ വിമർശനത്തിന്റെ (Critique of Practical Reason) വിഷയം ധർമ്മശാസ്ത്രമാണ്. വേറൊരു കൃതിയായ "തീരുമാനങ്ങളുടെ വിമർശനം" (Critique of Judgement) ചർച്ച ചെയ്യുന്നത് സൗന്ദര്യശാസ്ത്രവും (aesthetics) പ്രയോജനവാദവുമാണ് (teleology).
കാലഘട്ടം | പതിനെട്ടാം നൂറ്റാണ്ടിലെ തത്ത്വചിന്ത |
---|---|
പ്രദേശം | പടിഞ്ഞാറൻ തത്ത്വചിന്ത |
ചിന്താധാര | കാന്റിയനിസം, ജ്ഞാനോദയ തത്ത്വചിന്ത |
പ്രധാന താത്പര്യങ്ങൾ | ജ്ഞാനസിദ്ധാന്തം, തത്ത്വമീമാംസ, സന്മാർഗശാസ്ത്രം |
ശ്രദ്ധേയമായ ആശയങ്ങൾ | സാർവത്രിക അനുപേക്ഷണീയത, അതീന്ദ്രിയ ആശയവാദം, Synthetic a priori, Noumenon, Sapere aude, Nebular hypothesis |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
| |
ഒപ്പ് |
കാന്റിന്റെ ജീവിതകാലത്തുതന്നെ അദ്ദേഹത്തിന്റെ തത്ത്വചിന്തക്ക് യൂറോപ്പിൽ പ്രത്യേകിച്ച് ജർമ്മനിയിൽ, വലിയ പ്രചാരം കിട്ടി. ഫിച്ചേ, ഷില്ലർ, ഹേഗൽ, ഷോപ്പൻഹോവർ തുടങ്ങിയവർ അദ്ദേഹത്തിന്റെ ചിന്താപദ്ധതിയെ തിരുത്തുകയും വികസിപ്പിക്കുകയും ചെയ്യുകവഴി ജർമ്മൻ ആശയവാദത്തിന് ജന്മം കൊടുത്തു. തത്ത്വചിന്തയുടെ ലോകത്തിൽ കാന്റ് ഇന്നും ഒരു വലിയ സ്വാധീനമാണ്.