From Wikipedia, the free encyclopedia
കാന്റർബറി ആർച്ചുബിഷപ്പിന്റെ നേതൃത്വത്തിലുള്ള ആംഗ്ലിക്കൻ സഭയോട് (ചർച്ച് ഓഫ് ഇംഗ്ലണ്ട്) കൂട്ടായ്മ പുലർത്തുകയും അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കയും ആംഗ്ലിക്കൻ വിശ്വാസാചാരങ്ങൾ പാലിക്കയും ചെയ്യുന്ന ക്രൈസ്തവസമൂഹമാണ് ആംഗ്ലിക്കൻ സഭാസംസർഗ്ഗം അഥവാ ആംഗ്ലിക്കൻ സഭാ കൂട്ടായ്മ (ഇംഗ്ലീഷ്: Anglican communion).[1]
ചർച്ച് ഓഫ് ഇംഗ്ലണ്ടിനെ കൂടാതെ ചർച്ച് ഓഫ് അയർലൻഡ്, ചർച്ച് ഇൻ വെയിൽസ്, എപ്പിസ്കോപ്പൽ ചർച്ച് ഇൻ സ്കോർട്ട്ലൻഡ്, പ്രോട്ടസ്റ്റന്റ് എപ്പിസ്കോപ്പൽ ചർച്ച് ഇൻ യു.എസ്.എ., കനേഡിയൻ ചർച്ച്, ചർച്ച് ഓഫ് ബർമ, ചർച്ച് ഓഫ് സിലോൺ, ചർച്ച് ഓഫ് വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയൻ ചർച്ച്, ചർച്ച് ഓഫ് ന്യൂസിലൻഡ്, ചർച്ച് ഓഫ് ദി പ്രോവിൻസ് ഓഫ് വെസ്റ്റ് ആഫ്രിക്ക മുതലായി ആംഗ്ലിക്കൻ സഭയുടെ ശാഖകൾ ലോകത്തിന്റെ നാനാഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. സഭാസംബന്ധമായ ഐക്യം രൂപം പ്രാപിച്ചതോടുകൂടി ഇന്ത്യയിലെ ആംഗ്ലിക്കൻ സഭയുടെ ദക്ഷിണേന്ത്യാ മഹായിടവകകൾ 1947-ൽ ദക്ഷിണേന്ത്യാസഭയിലും ഉത്തരേന്ത്യൻ മഹായിടവകകൾ 1971-ൽ ഉത്തരേന്ത്യാസഭയിലും പാകിസ്താനിലെ ആംഗ്ലിക്കൻ സഭകൾ 1971-ൽ പാകിസ്താനിലെ ഐക്യസഭയിലും ലയിച്ചു. അതുകൊണ്ട് ഇന്ത്യയിലും പാകിസ്താനിലും ഇപ്പോൾ ആംഗ്ലിക്കൻ സഭയുടെ ശാഖകളില്ല. ശ്രീലങ്കയിലും ബർമയിലും ഈ സഭ നിലവിലുണ്ട്. മേല്പറഞ്ഞ മൂന്നു ഐക്യസഭകളുമായി ആംഗ്ലിക്കൻ സമൂഹം കൂട്ടായ്മബന്ധം പുലർത്തുന്നു.
ഇംഗ്ലണ്ടിൽ ക്രിസ്തുമതം ആരംഭം എപ്പോഴാണെന്നതിനു വ്യക്തമായ തെളിവുകളില്ല. എന്നാൽ നാലാം ശതകാരംഭത്തിൽ ബിഷപ്പുമാരുടെ നേതൃത്വത്തിൽ ക്രൈസ്തവസഭ നിലവിലിരുന്നു എന്നതിനു തെളിവുകളുണ്ട്. പതിനൊന്നാം ശതകത്തിലാണ് ഇംഗ്ലണ്ടിലെ ക്രൈസ്തവസഭകളുടെ മേൽ കാന്റർബറി ആർച്ചു ബിഷപ്പിന്റെ ഭരണാധിപത്യം സ്ഥിരപ്പെട്ടത്. ആറാം ശതകം മുതൽ പതിനാറാം ശതകം വരെ ഇംഗ്ലണ്ടിലെ സഭ, കാന്റർബറി ആർച്ചുബിഷപ്പിന്റെ നേതൃത്വത്തിലായിരുന്നു. അതേസമയം റോമൻ സഭാചട്ടങ്ങളും സംഘടനാരീതികളും മറ്റും നടപ്പിലാക്കുന്നതിൽ റോമുമായി ബന്ധം പുലർത്തിയിരുന്നു. കാലക്രമേണ പോപ്പിന്റെ മേൽക്കോയ്മയും പ്രാബല്യത്തിൽവന്നു.പതിനാലാം നൂറ്റാണ്ടിൽ ഹെന്റി എട്ടാമൻ രാജാവ്, തന്റെ ഭാര്യയായ കാതറിൻ രാജ്ഞി ജീവിച്ചിരിക്കെതന്നെ കൊട്ടാരം നർത്തകിയായ അനിബോളിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച് മാർപാപ്പയ്ക്ക് കത്തയച്ചു. എന്നാൽ മാർപാപ്പ വിവാഹത്തിന് അനുവാദം നല്കിയില്ല. ഇതിൽ പ്രതിക്ഷേധിച്ച് രാജാവ് പുതിയ സഭ സ്ഥാപിക്കുകയാണുണ്ടായത്.[അവലംബം ആവശ്യമാണ്] പുതിയ സഭയിൽ വിശ്വസിക്കാൻ തയ്യാറാകാതിരുന്ന ചാൻസിലർ തോമസ് മൂർ സ്ഥാനഭൃഷ്ടനാക്കപ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്തു.[അവലംബം ആവശ്യമാണ്] പതിനാറാം ശതകത്തിൽ റ്റ്യൂഡർ ഭരണകാലത്ത് ഇംഗ്ലണ്ടിൽ നടന്ന മതനവീകരണമാണ് പോപ്പിന്റെ മേൽക്കോയ്മയ്ക്കും റോമുമായുള്ള ബന്ധത്തിനും അവസാനം കുറിച്ചത്. മാർട്ടിൻ ലൂഥർ, കാൽവിൻ, മുതലയാവരുടെ നേതൃത്വത്തിൽ നടന്ന മതനവീകരണത്തിന്റെ കാറ്റ് ഇംഗ്ലണ്ടിലും വീശുകയും നവീകരണാശയങ്ങൾ വേദശാസ്ത്ര പണ്ഡിതൻമാരിൽ സ്വാധീനം ചെലുത്തുകയും ചെയ്തു. പതിനേഴാം ശതകത്തിന്റെ പൂർവാർധത്തിൽ 'ഹൈചർച്ച്' ചിന്താഗതിയും ഉത്തരാർധത്തിൽ 'പ്രൊട്ടസ്റ്റന്റ്' ചിന്താഗതിയും പ്രബലപ്പെട്ടു. റോമൻ കത്തോലിക്കാ വിശ്വാസാചാരങ്ങളുടെയും പ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങളുടെയും ഏതാണ്ട് ഇടയ്ക്കുള്ള ഒരു അനുരഞ്ജനപഥമാണ് ആംഗ്ളിക്കൻ സഭയിൽ 1662-ലെ പ്രാർഥനാ പുസ്തകത്തിന്റെ പ്രകാശനത്തോടുകൂടെ തുറക്കപ്പെട്ടത്.
രാഷ്ട്രത്തോടു ബന്ധപ്പെട്ടു വളർന്നു വികസിച്ച ചർച്ച് ഒഫ് ഇംഗ്ലണ്ട് ഒരു സുസ്ഥാപിത സഭയെന്നനിലയിൽ (Established Church) രാഷ്ട്രവുമായുള്ള ബന്ധം ഇന്നും പുലർത്തിപ്പോരുന്നു. ഇപ്പോൾ ഇംഗ്ളണ്ടിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ടുഭാഗം ആംഗ്ലിക്കൻ സഭയുടെ അംഗങ്ങളാണ്.
സ്കോട്ട്ലൻഡിലെ സുസ്ഥാപിതസഭ കാൽവിന്റെ ഉപദേശാടിസ്ഥാനത്തിലുള്ള പ്രെസ്ബിറ്റീരിയൻ സഭയാണ്. അവിടെ ആംഗ്ളിക്കൻ സഭ ഒരു ന്യൂനപക്ഷവും രാഷ്ട്രത്തിൽനിന്നു സ്വതന്ത്രവും ആണ്. ഹൈചർച്ച് അനുഭാവികളാണ് ഇതിലെ അംഗങ്ങളിൽ ഭൂരിഭാഗവും. അയർലൻഡിലാകട്ടെ, ഭൂരിപക്ഷം ആളുകൾ റോമൻ കത്തോലിക്കാസഭയിൽപ്പെട്ടവരാണ്. ആംഗ്ലിക്കൻ സഭാംഗങ്ങൾ സുവിശേഷഘോഷണത്തിനു പ്രഥമസ്ഥാനം കൊടുക്കുന്ന ഇവാൻജലിക്കൽ ചിന്താഗതിക്കാർ ആകുന്നു.
ബ്രിട്ടീഷുകാർ മറ്റു രാജ്യങ്ങളിൽ കുടിയേറിപ്പാർത്ത് കച്ചവടം നടത്തുകയും സാമ്രാജ്യസീമ വർധിപ്പിക്കുകയും ചെയ്തതും ആംഗലേയ മിഷനറിമാർ സുവിശേഷപ്രചരണാർഥം നാനാരാജ്യങ്ങളിലേക്കു പോയതും ആംഗ്ലിക്കൻസഭ ഒരു ആഗോളസഭയായിത്തീരുവാൻ കാരണമായിത്തീർന്നു.
ഇന്ത്യയിൽ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ, ചർച്ച് ഓഫ് നോർത്ത് ഇന്ത്യ എന്നിവയാണ് പ്രധാന ആംഗ്ലിക്കൻ സഭാ വിഭാഗങ്ങൾ. ഇവയ്ക്ക് പുറമേ സുറിയാനി പൈതൃകം പിന്തുടരുന്ന മാർത്തോമാ സഭയും ആംഗ്ലിക്കൻ കൂട്ടായ്മയുടെ ഭാഗമാണ്.
ആംഗ്ലിക്കൻസഭയുടെ പ്രവർത്തനം പതിനേഴാം ശതകത്തിന്റെ പ്രാരംഭത്തിൽത്തന്നെ ഇന്ത്യയിൽ ആരംഭിച്ചു. ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഉദ്യോഗസ്ഥൻമാരായി ഇന്ത്യയുടെ പലഭാഗങ്ങളിൽ താമസിച്ചിരുന്ന ഇംഗ്ലീഷുകാർക്ക് മതകർമങ്ങൾ നടത്തിക്കൊടുക്കുന്നതിന് ആംഗലേയ പുരോഹിതൻമാർ കമ്പനിയുടെ ചാപ്ളേന്മാരായി നിയമിക്കപ്പെട്ടു. സൂറത്ത്, ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ യഥാക്രമം 1614, 1647, 1661, 1690 എന്നീ വർഷങ്ങളിൽ പുരോഹിതൻമാർ നിയമിതരായി. ഇംഗ്ലീഷുകാരുടെ ആത്മീയാവശ്യങ്ങൾ നടത്തിക്കൊടുക്കുന്നതിനു മാത്രമേ അവർക്ക് ഉത്തരവാദിത്തമുണ്ടായിരുന്നുള്ളുവെങ്കിലും ചില പുരോഹിതൻമാർ അങ്ങിങ്ങായി മതാധ്യാപനത്തെ ലക്ഷ്യമാക്കി വിദ്യാലയങ്ങൾ ആരംഭിക്കുകയുണ്ടായി. തുറമുഖപ്പട്ടണങ്ങളിൽ മാത്രമല്ല, ഇംഗ്ലീഷുകാർ താമസിച്ചിരുന്ന ഉൾനാടുകളിലും (ഉദാ. കാൺപൂർ, ബഹറൻപൂർ, ആഗ്ര, തിരുനെൽവേലി) ചാപ്ളേൻമാർ നിയമിക്കപ്പെട്ടു. തന്നെയുമല്ല സുവിശേഷസംഘടനകളായ എസ്.പി.സി.കെ. (Society for the Propagation of Christian Knowledge), എസ്.പി.ജി. (Soceity for the Propagation of Gospel) മുതലായവ പതിനെട്ടാം ശതകം മുതലും സി.എം.എസ്. (ചർച്ച് മിഷൻ സൊസൈറ്റി) പത്തൊമ്പതാം ശതകത്തിലും ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. 1771-ൽ പാളയംകോട്ടയിൽ ക്രിസ്തുമതം സ്വീകരിച്ചവർ ചേർന്നുണ്ടായ ആംഗ്ലിക്കൻ സഭ രൂപമെടുത്തു. സഭയിലെ ഒരു പ്രമുഖനായിരുന്ന സത്യനാഥൻ 1790-ൽ ആംഗ്ളിക്കൻ പൗരോഹിത്യം സ്വീകരിച്ചു. 1805-ൽ അവിടെ ആയിരക്കണക്കിനു ഭാരതീയർ ആംഗ്ലിക്കൻ സഭയിൽ ചേരുകയുണ്ടായി. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ ചാപ്ളേനായിരുന്ന ഹെന്റി മാർട്ടിൻ സുവിശേഷപ്രചരണാർഥം അക്ഷീണം പ്രവർത്തിച്ചവരുടെ കൂട്ടത്തിൽപ്പെടുന്നു.
ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ചാർട്ടർ 1813-ൽ പുതുക്കിയതോടുകൂടിയാണ് ഇന്ത്യയിൽ ബിഷപ്പിനെ അയയ്ക്കുവാൻ വ്യവസ്ഥയുണ്ടായത്. ഒന്നാമത്തെ ബിഷപ്പായ മിഡിൽട്ടൺ 1814-ൽ ഇന്ത്യയും ഓസ്ട്രേലിയയും പൂർവദ്വീപുകളും ചേർന്ന രാജ്യങ്ങളുടെയും ബിഷപ്പായി നിയമിതനായി. ഇദ്ദേഹത്തിന്റെ ആസ്ഥാനം കൊൽക്കത്തയായിരുന്നു; പിന്നീട് ചെന്നൈ (1835), മുംബൈ (1837) തുടങ്ങിയ സ്ഥലങ്ങളിലും. 1877-ൽ തിരുവിതാംകൂർ-കൊച്ചിയെയും ഒരു മഹായിടവകയായി തിരിച്ച് ബിഷപ്പിന്റെ ഭരണത്തിൻകീഴിലാക്കി.
ഇന്ത്യയിൽ ആംഗ്ലിക്കൻസഭ സ്ഥാപിക്കുന്നതിൽ വളരെ ഔത്സുക്യം പ്രദർശിപ്പിച്ച ചാപ്ളേനായിരുന്നു ക്ലോഡിയസ് ബുക്കാനൻ. 1927 വരെ ഇന്ത്യയിലെ ആംഗ്ലിക്കൻസഭ ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിലുള്ള സുസ്ഥാപിത സഭയെന്നനിലയിൽ ചർച്ച് ഒഫ് ഇംഗ്ളണ്ടിന്റെ ഒരു ഭാഗമായിരുന്നു. ഏതാനും ചില അധികാരങ്ങളും പദവികളും നല്കി മെത്രാപ്പൊലിത്താ (ആർച്ച് ബിഷപ്പ് സ്ഥാനമല്ല) യെന്ന സ്ഥാനത്തേക്ക് 1883-ൽ കൊൽക്കത്താ ബിഷപ്പിനെ ഉയർത്തി. ഇന്ത്യാക്കാരനായ ആദ്യ ആംഗ്ലിക്കൻ ബിഷപ്പ് വി.എസ്. അസേറിയ (1912-45) ആയിരുന്നു.
ആംഗ്ലിക്കൻസഭ പല രാജ്യങ്ങളിലായി വളർന്നതോടെ ഓരോ രാജ്യത്തുമുള്ള സഭയെ പ്രവിശ്യയായി തിരിച്ച് കാന്റർബറി ആർച്ച് ബിഷപ്പിന്റെ ഭരണത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രസഭകളായി പ്രഖ്യാപിച്ചിട്ടുണ്ട്. മിഷനറി മഹായിടവകകൾ ആർച്ചുബിഷപ്പിന്റെ നേരിട്ടുള്ള ഭരണത്തിലാണ്. വിശ്വാസാചാരങ്ങൾ, സഭാഭരണരീതികൾ എന്നിവ നിശ്ചയിക്കുവാൻ അതത് പ്രവിശ്യയ്ക്കു സ്വാതന്ത്ര്യമുണ്ട്.
ക്ലോഡിയസ് ബുക്കാനൻ തിരുവിതാംകൂർ സന്ദർശിച്ചതിനുശേഷം ഇംഗ്ളണ്ടിലെ സി.എം.എസ്സിന് അയച്ച റിപ്പോർട്ടിന്റെ ഫലമായിട്ടുകൂടെയാണ് സി.എം.എസ്. മിഷനറിമാർ കേരളത്തിൽ വന്നുചേർന്നത്. കൂടാതെ റാണിലക്ഷ്മിഭായിയുടെ കാലത്ത് അന്നത്തെ റസിഡന്റും റാണിയുടെ ദിവാനുമായിരുന്ന കേണൽ മൺറോ തന്റെ സ്വാധീനം ഉപയോഗിച്ച് മിഷനറി പ്രവർത്തനത്തിനു പ്രോത്സാഹനം നല്കുകയും കോട്ടയത്ത് സുറിയാനി സഭയിലെ പട്ടക്കാരെ പഠിപ്പിക്കുവാൻ 1813-ൽ ഒരു കോളജ് സ്ഥാപിക്കുകയും ചെയ്തു. ആദ്യം മിഷനറിയായി വന്ന തോമസ് നോർട്ടൺ ആലപ്പുഴ കേന്ദ്രമാക്കി (1816) പ്രവർത്തിച്ചു. ഇദ്ദേഹം ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കുവേണ്ടി ആലപ്പുഴയിൽ സഭ സ്ഥാപിക്കുകയും സ്കൂളുകൾ ആരംഭിക്കുകയും ചെയ്തു. 1817-ൽ കൊച്ചി കേന്ദ്രമാക്കി തോമസ് ഡോസനും, അതേവർഷം കോട്ടയത്തു ബഞ്ചമിൻ ബെയിലിയും, 1818 - ൽ ജോസഫ് ഫെന്നും, 1819 - ൽ ഹെന്റി ബേക്കറും സുറിയാനിസഭയുടെ സഹായാർഥം സി.എം.എസ്. അയച്ച മിഷൻ ഓഫ് ഹെൽപ് എന്ന ദൗത്യം നിർവഹിക്കുവാൻ പരിശ്രമിച്ചു. സുറിയാനിസഭയുമായി ഒത്തിണങ്ങിപ്പോകുവാൻ മിഷനറിമാർക്ക് കഴിയാതെ വന്നതിനാൽ 1837-ൽ അവർ തമ്മിൽ പിരിഞ്ഞു. ആംഗ്ളിക്കൻസഭ തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു. ചില സുറിയാനി കുടുംബങ്ങൾ മിഷനറിമാരോടു ചേരുകയുണ്ടായി. അക്കാലത്ത് അധഃകൃതരെന്നു കണക്കാക്കപ്പെട്ടിരുന്ന ദലിതരിൽനിന്നും ചിലർ ക്രിസ്തുമതം സ്വീകരിച്ച് ആംഗ്ളിക്കൻ സഭാംഗങ്ങളാകുകയും ചെയ്തു. 1879-ൽ ബിഷപ്പ് സ്പീച്ചിലിയുടെ കീഴിൽ തിരുവിതാംകൂർ - കൊച്ചി ഒരു മഹായിടവകയായി രൂപംകൊണ്ടു. ഇദ്ദേഹത്തിനുശേഷം ഹോഡ്ജസ്, ഗിൽ, മൂർ, കോർഫീൽഡ്, സി.കെ. ജേക്കബ് എന്നിവർ ആംഗ്ളിക്കൻ ബിഷപ്പുമാരായി സഭയ്ക്കു നേതൃത്വം നല്കിയിട്ടുണ്ട്. അംഗ്ലിക്കൻ സഭയുടെ നാട്ടുകാരനായ ആദ്യത്തെ പട്ടക്കാരൻ മലയാള വ്യാകരണകൃത്തും പ്രസിദ്ധ ഗദ്യകാരനും ആയിരുന്ന ജോർജു മാത്തനും, ആദ്യത്തെ നാട്ടുകാരനായ ബിഷപ്പ് സി.കെ.ജേക്കബും ആയിരുന്നു.
1947-ൽ സി.എം.എസ്-ലെ അഥവാ ആംഗ്ലിക്കൻ സഭയിലെ ഒരു വിഭാഗം മെതഡിസ്റ്റ് സഭയുമായി ചേർന്ന് സി.എസ്.ഐ. (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ) എന്ന പേരിൽ പുതിയ സഭയായി മാറി. എന്നാൽ ഈ ലയനത്തിൽ പങ്ക് ചേരാതിരുന്ന അവശേഷ വിഭാഗമാണ് കേരളത്തിലെ ഇപ്പോഴത്തെ ആംഗ്ലിക്കൻ സഭ.[2]
റോമൻ കത്തോലിക്കാ-ഓർത്തഡോക്സ് വിശ്വാസങ്ങളോട് ചായ്വ് ഉള്ള ആംഗ്ലോ-കാത്തലിക് അഥവാ 'ഹൈചർച്ചു'കാരും, പ്രൊട്ടസ്റ്റന്റ് ചിന്താഗതിയുള്ള ഇവാൻജലിക്കൽ അഥവാ 'ലോചർച്ച്'കാരും ആംഗ്ലിക്കൻ സഭയിലുണ്ട്. ഹൈചർച്ച് വിഭാഗക്കാർ പൗരോഹിത്യത്തിനും പാരമ്പര്യത്തിനും പ്രാചീനവും കാതോലികവുമായ മതാചാരങ്ങൾക്കും പ്രാധാന്യം നല്കുന്നു. ലോചർച്ച് വിഭാഗക്കാർ ബൈബിളിനെയും 1662-ലെ പ്രാർത്ഥനാപുസ്തകത്തെയും ആധാരമാക്കിയുള്ള ലളിതമായ ആരാധനാസമ്പ്രദായത്തെയും മുറുകെപ്പിടിക്കുന്നു. ഹൈചർച്ച്-ലോചർച്ച് ചിന്താഗതികൾ തമ്മിലുള്ള അനുരഞ്ജനമെന്ന നിലയിൽ മധ്യവർത്തികളായ സ്വതന്ത്ര ചിന്താഗതിക്കാരും ആംഗ്ലിക്കരിലുണ്ട്.
ദിയാക്കോൻ (Deacon), പ്രെസ്ബിറ്റർ (Priest), എപ്പിസ്കോപ്പാ (Bishop) എന്നീ മൂന്നു പുരോഹിത സ്ഥാനങ്ങൾ സഭയിൽ പാലിക്കപ്പെട്ടുപോരുന്നു. ദിയാക്കോന് ജ്ഞാനസ്നാനകർമം, വിവാഹശുശ്രൂഷ, കുർബാന എന്നിവ നടത്തുവാനും ബിഷപ്പിന്റെ അനുമതിയോടുകൂടി പ്രസംഗിക്കുവാനും പ്രെസ്ബിറ്റർക്ക് കുർബാന നടത്തുവാനും അധികാരമുണ്ട്. വിശ്വാസസ്ഥിരീകരണം, പട്ടം നല്കൽ എന്നിവ ബിഷപ്പിന്റെ ചുമതലയിൽപ്പെടുന്നു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആംഗ്ലിക്കൻ സഭാ കൂട്ടായ്മ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.