From Wikipedia, the free encyclopedia
അദ്വൈതസിദ്ധാന്തം പിന്തുടരുന്ന ഭാരതത്തിലെ ഏറ്റവും വലിയ ബ്രാഹ്മണ സമൂഹമാണ് അയ്യർ അഥവാ 'ആര്യർ' എന്ന പേരിൽ അറിയപ്പെടുന്നത്. അയ്യർ വിഭാഗക്കാരായ ബ്രാഹ്മണരുടെ മാതൃഭാഷ മലയാളത്തോട് സാദൃശ്യമുള്ള സംസ്കൃതം കലർന്ന തമിഴാണ്. സംഘകാലത്തിനും[1] വളരെ മുൻപു തന്നെ തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രനഗരങ്ങളിൽ ഈ ബ്രാഹ്മണസമൂഹം അഗ്രഹാരങ്ങൾ എന്നറിയപ്പെടുന്ന ഭവനസമുച്ചയങ്ങളിൽ താമസിച്ചിരുന്നതായി കാണാം. തമിഴ് രാജവംശങ്ങൾ[2] ഖിൽജി, തുഗ്ലക്ക്, ഡെൽഹി, മുഗൾ, നൈസാം, പോർച്ചുഗീസ്, ഡച്ച് എന്നിങ്ങനെ ഒന്നിന് പിറകെ മറ്റൊന്നായുള്ള ബാഹ്യ രാഷ്ട്രീയ ഇടപെടലുകളിൽ ക്രമേണ തകർന്ന് അവസാനം ബ്രിട്ടീഷ് സാമ്രാജ്യത്തിനു മുന്നിൽ അപ്രത്യക്ഷമായതോടെ തമിഴ് ബ്രാഹ്മണർ കേരളം, കർണാടകം, ആന്ധ്രാപ്രദേശ് എന്നീ സമീപ പ്രദേശങ്ങളിലും കുടിയേറിപ്പാർക്കാനാരംഭിച്ചു. ഇക്കാലയളവിലാണ് ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് കേരളത്തിൽ പ്രചാരം സിദ്ധിച്ചത്. പിൽക്കാലത്ത് രാഷ്ട്രീയമായ പ്രതികൂല സാഹചര്യം കാരണമായി തമിഴ് ബ്രാഹ്മണർ ഒരു വലിയ പ്രവാസി സമൂഹമായി മാറുന്നതിനും ചരിത്രം സാക്ഷിയായി.
അയ്യൻ എന്നത് പ്രാകൃതത്തിലെ അയ്യ എന്ന പദത്തിൽ നിന്ന് ഉദ്ഭവിച്ചതാണ്. ശ്രേഷ്ഠൻ എന്നർഥം. സംസ്കൃതത്തിലെ ആര്യഃ എന്ന പദത്തിന് സമാനമായ പ്രാകൃതപദമാണ് 'അയ്യ'. ആര്യഃ എന്നതിന്റെ പാലിഭാഷയിലുള്ള പദമാണ് അയ്യ [3]. അയ്യൻ എന്ന് മലയാളത്തിൽ. പൂജകബഹുവചനരൂപം അയ്യർ.
സന്യാസം സ്വീകരിച്ചവർ ശങ്കരാചാര്യരുടെ അദ്വൈതം പിന്തുടരുമ്പോൾ ഗൃഹസ്ഥർ ശൃംഗേരി [4] ആശ്രമത്തിലെ വൈദിക ആചാരങ്ങൾ പിന്തുടരുന്നു. മറ്റു ചിലർ ഒപ്പം കാഞ്ചിപുരത്തെ ശാക്ത ആഗമ-താന്ത്രിക ആചാരങ്ങളും[5] അനുസരിക്കുന്നു. ചില ഉപവിഭാഗങ്ങൾ ഋഗ്വേദത്തിലെ ശാകലായന ശാഖ സംഹിതയായി പിന്തുടരുമ്പോൾ മറ്റു ചിലർ യജുർവേദത്തിലെ തൈത്തിരീയ-കാണ്വ സംഹിതകൾ, സാമവേദത്തിലെ കൌഥൂമീയ ജൈമിനീയ സംഹിതകൾ എന്നിവ ആചരിക്കുന്നു[6]. ഇവർ കാവേരീ-വേഗവതീ-താമ്രപർണ്ണീ തീരങ്ങളിൽ യാഗാധികാരമുള്ളവരാണ്.
ഒരു ഉപവിഭാഗവും മറ്റൊരു ഉപവിഭാഗം ആചരിക്കുന്ന സമ്പ്രദായങ്ങളിൽ അടുത്ത കാലം വരെ പങ്കുകൊണ്ടിരുന്നില്ല. പൊതുവേ പരസ്പരം വിവാഹ ബന്ധത്തിലും ഏർപ്പെട്ടിരുന്നില്ല. പഴയകാല വൈദിക യാഗ പാരമ്പര്യം തഞ്ചാവൂർ മുതൽ മൈസൂർ വരെയുള്ള കാവേരിയുടെ തീരത്ത് ഇന്നും ചില ഗ്രാമങ്ങളിൽ നിലനില്ക്കുന്നു.[7]
കൂടാതെ നർമ്മദാ നദിക്കപ്പുറത്തുനിന്ന് വന്ന വടമർ(വടക്കന്മാർ), ദീക്ഷിതർ, മഹാരാഷ്ട്രയിൽ നിന്ന് വന്ന ദേശസ്ഥ ബ്രാഹ്മണരുടെ പിൻഗാമികൾ, കാശിക്കാർ അഥവാ രാമേശ്വരം-രാമനാഥപുരം ഭാഗത്തെ വാരാണസി ബ്രാഹ്മണപൂജാരിമാരുടെ പിൻഗാമികൾ, കൃഷ്ണാ-ഗോദാവരീ പ്രദേശങ്ങളിൽ നിന്ന് വന്ന വൈദികർ, സോമയാജികൾ, ശാസ്ത്രികൾ, വേദാന്തികൾ, ബൃഹദ്ചരണം, ചോള ദേശീയർ അഥവാ ചോഴിയർ, മുക്കാണിയർ, വാത്തിമാർ, പ്രഥമശാഖി, അഷ്ടസഹസ്രം, കാണിയാളർ, ഗുരുക്കൾ എന്നിങ്ങനെയാണ് ഉപ വിഭാഗങ്ങളുടെ ഘടന. ഇവരിൽ ചിലർ രാമാനുജ ആചാര്യരുടെ വൈഷ്ണവ ആചാരങ്ങൾ സ്വീകരിച്ച് 'അയ്യങ്കാർ' എന്ന പേർ സ്വീകരിച്ച് മറ്റൊരു ഉപവിഭാഗമായി. വടമർ[8] അഥവാ വടക്കന്മാർ ചിലയിടങ്ങളിൽ വൈഷ്ണവ അയ്യങ്കാർമാരുമായി വിവാഹ ബന്ധം പുലർത്തിയിരുന്നു. ഇവർ ഭസ്മത്തോടൊപ്പം വൈഷ്ണവനാമവും ധരിക്കുന്നു. മറ്റുള്ളവർ ഭസ്മം ധരിക്കുന്നു. ഇവരും കാവേരീ തീരത്ത് യാഗാധികാരമുള്ളവരാണ്.
ഗുപ്ത ഭരണ കാലത്ത് വിക്രമാദിത്യൻ ഉജ്ജയിനിയിൽ നിന്ന് തമിഴ്നാട്ടിലേക്കയച്ചവർ അഥവാ വിക്രമ സംവത്സരം ആചരിക്കുന്നവർ, പഞ്ചസഭാ നടരാജ ആരാധനാ സമ്പ്രദായക്കാരായ തഞ്ചാവൂർ ബ്രാഹ്മണർ, സൗരർ അഥവാ നവഗ്രഹ അർച്ചകർ, ഗാണപത്യർ, തിരുപ്പതിയിൽ നിന്ന് വന്ന ആദ്യകാല വൈഖാനസ-പാഞ്ചരാത്ര വൈഷ്ണവർ, ആദി ശങ്കര ശിഷ്യനായ മണ്ഡനമിശ്രൻ ഗംഗാ തീരത്തുനിന്ന് ശൃംഗേരിയിൽ കൊണ്ടുവന്നവരുടെ കൂട്ടത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് വന്നവർ, ഭാഗവതന്മാർ, കൂടാതെ ചെറിയ വിഭാഗങ്ങളായി അഗസ്ത്യമഹർഷിയുടെ നാഡിജ്യോതിഷക്കാർ, സിദ്ധ-ആഗമ-സമ്പ്രദായക്കാർ, സംഘകാല നമ്പിമാർ, ശൈവ സിദ്ധാന്തക്കാർ, ഹൊയ്സള കർണ്ണാടകർ കൊണ്ടുവന്നവർ, ചിദംബരക്കാർ, ഭാസ്കരരായർ മഹാരാഷ്ട്രയിൽ നിന്ന് കൊണ്ട് വന്ന ശാക്ത-ശ്രീ ചക്ര ഉപാസനാ സമ്പ്രദായക്കാർ, തിരുനെൽവേലിയിലേക്ക് എ. ഡി 700-നും 800-നും ഇടയിൽ കുടിയേറിയ കാശ്മീർ ശൈവ പാരമ്പര്യം ഉള്ളവർ എന്നിവരും തമിഴ്നാട്ടിൽ ഉണ്ട്.[9] ഇവരിൽ പലരും ഇന്ന് കാവേരീ-വേഗവതീ-താമ്രപർണ്ണീ തീരങ്ങളിൽ യാഗാധികാരമുള്ളവരാണ്.
ആദി ശങ്കരാചാര്യരുടെ ജന്മഭൂമി എന്ന നിലയിൽ ഇവർ കേരളവുമായും മലയാളികളുമായും അടുത്ത ബന്ധം കാത്തു സൂക്ഷിച്ചു. വേണാട്ടെ രാജാവായ രവി വർമ്മ കുലശേഖരനെ 1312-ൽ മധുരയിൽ വച്ച് സംഘകാല ചേര രാജ പരമ്പരയിലെ പിൻഗാമി എന്ന നിലയിൽ അദ്വൈത സിദ്ധാന്ത സംരക്ഷണയ്ക്കായി ദക്ഷിണ ഭാരത ചക്രവർത്തിയായി ഇവർ അഭിഷേകം ചെയ്തു.[10] വിദേശ ആക്രമണങ്ങളെ ചെറുക്കാൻ കളരിപ്പയറ്റ് അറിയാവുന്ന മലയാളി യുവാക്കളെ വിളിച്ചുകൂട്ടി സൈന്യം രൂപീകരിക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിൽ നവോത്ഥാനം നടത്തിയ ശങ്കരമഠങ്ങളാണ് തമിഴ്നാട്ടിലും കേരളത്തിലും വീണ്ടും അദ്വൈത പ്രസ്ഥാനത്തിലേക്ക് ബ്രാഹ്മണർ എന്ന നിലയിൽ പിൽക്കാല കുടിയേറ്റക്കാരെയും ഉപവിഭാഗങ്ങളെയും വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെ ഒന്നിച്ച് കൊണ്ടുവന്നത്. ആസ്ഥാനം കർണ്ണാടകയിൽ ആണെങ്കിലും ഇന്ന് ശൃംഗേരി മഠത്തിന് നൂറ്റാണ്ടുകൾക്ക് ശേഷം തമിഴ്നാട്ടിൽ മിക്ക ജില്ലകളിലും ശാഖകളുണ്ട്. കേരളത്തിലുമുണ്ട്. കേരള ബ്രാഹ്മണ സഭയും വിദ്യാഭ്യാസ നവോത്ഥാനത്തിൽ പങ്കുവഹിച്ചു. സമീപ കാലത്തായി കാഞ്ചിമഠവും വിദ്യാഭ്യാസപരമായി ആധുനികതയിലേക്ക് മുന്നേറാൻ ഈ സമുദായത്തെ പ്രാപ്തരാക്കി.[11]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.