From Wikipedia, the free encyclopedia
ബീജസങ്കലനത്തിന് പാകമായ സ്ത്രീബീജകോശത്തെ അണ്ഡം എന്നു വിളിക്കുന്നു. ആംഗലേയത്തിൽ ഓവം(Ovum) എന്ന് പറയുന്നു. മുട്ട (Egg) എന്ന വാക്ക് അണ്ഡത്തെ കുറിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. മനുഷ്യസ്ത്രീയിൽ ഏകദേശം 28 ദിവസങ്ങളുള്ള ഒരു ആർത്തവ ചക്രത്തിന്റെ ഏതാണ്ട് മധ്യത്തിലായി 14-ലാം ദിവസത്തോടനുബന്ധിച്ചു ഒരണ്ഡം അഥവാ ഒരു മുട്ട പൂർണ്ണ വളർച്ചയെത്തുന്നു. ഇത് അണ്ഡവിസർജനം അഥവാ ഓവുലേഷൻ (ovulation) എന്നറിയപ്പെടുന്നു. ഗർഭധാരണം നടക്കാൻ കൂടുതൽ സാധ്യതയുള്ളത് ഈ ദിവസങ്ങളിലാണ്. അതിനാൽ ഈ സമയങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്. എന്നാൽ ആർത്തവചക്രം കൃത്യമല്ലാത്തവരിൽ അണ്ഡവിസർജന തീയതി കണക്കാക്കുന്നത് അത്ര എളുപ്പമല്ല. ശരീര താപനിലയിലുള്ള നേരിയ വർദ്ധന, യോനീസ്രവത്തിലുള്ള വ്യത്യാസം എന്നിവ അണ്ഡവിസർജനത്തൊടനുബന്ധിച്ചു കാണാറുണ്ട്. പൂർണ്ണ വളർച്ചയെത്താത്ത അണ്ഡത്തെ അപക്വ അണ്ഡം (Premature egg) എന്നും പുരുഷബീജവുമായി സങ്കലനം കഴിഞ്ഞതിനെ ബീജസങ്കലിതാണ്ഡം അഥവാ നിക്ഷിപ്താണ്ഡം (fertilized) എന്നും പറയുന്നു. ഇതാണ് ഭ്രൂണമായി (embryo) മാറുന്നത്. അണ്ഡത്തിലൂടെ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് ജനതികവും പാരമ്പര്യവുമായ ഘടകങ്ങൾ (genetic) അണ്ഡകോശം വഴി കൈമാറ്റം ചെയ്യപ്പെടുന്നു.
പൂർണവളർച്ചയെത്തിയ ഒരു അണ്ഡത്തിന് ഏതാണ്ട് ഗോളാകൃതിയായിരിക്കും. ഇഴജന്തുക്കൾ, പക്ഷികൾ തുടങ്ങിയവയിൽ ഇതു ദീർഘഗോളാകൃതിയിലായിരിക്കും; ഷഡ്പദങ്ങളിൽ അല്പം കൂടി ദീർഘവും സ്പോഞ്ച് മുതലായ ജീവികളിൽ അനിശ്ചിതാകാരത്തിലും. നഗ്നനേത്രങ്ങൾക്ക് അദൃശ്യമായവയും 8 സെ.മീറ്ററോളം വ്യാസം ഉള്ളവയും ഉണ്ട്. ഒട്ടകപ്പക്ഷിയുടെയും ക്ലാമിഡോസെലാച്ചി (Chlamydoselachi)[1] എന്നയിനം സ്രാവിന്റെയും അണ്ഡങ്ങളാണ് ഏറ്റവും വലിപ്പം കൂടിയവ.
മുട്ടയിടുന്ന ജന്തുക്കളെ അണ്ഡജങ്ങൾ (oviparous)[2] എന്നും പ്രസവിക്കുന്നവയെ ജരായുജങ്ങൾ (viviparous)[3] എന്നും വിളിക്കുന്നു. പ്രകൃതിയിൽ അണ്ഡജങ്ങളാണ് കൂടുതൽ. മാതൃശരീരത്തിൽനിന്ന് അണ്ഡം പുറത്തുവന്നതിനുശേഷം മാത്രമേ അണ്ഡജങ്ങളിൽ പരിവർധനം (development) നടക്കുകയുള്ളൂ. അതുതന്നെ രണ്ടുവിധത്തിലുണ്ട്.
ഇപ്രകാരം പൂർണവളർച്ചയെത്താത്ത ജീവികളാണ് ലാർവ (larva). ഇവ കാലക്രമേണ കായാന്തരണം (metamorphosis)[4] ചെയ്തു പൂർണജീവി ആകുകയാണ് പതിവ്. ഉദാ.തവള.
ജരായുജങ്ങൾ പൂർണവളർച്ചയെത്തിയ കുഞ്ഞുങ്ങളെയാണ് പ്രസവിക്കുക. ഇവയുടെ അണ്ഡം, മാതാവിന്റെ ശരീരത്തിനുള്ളിൽവച്ചുതന്നെ ബീജസങ്കലനവും പരിവർധനവും സംഭവിച്ച് പൂർണജീവിയായിത്തീരുന്നു. കുഞ്ഞുങ്ങൾ പൂർണവളർച്ചയെത്തിയതിനുശേഷം മാത്രമേ അമ്മയുടെ ശരീരത്തിൽനിന്നു പുറത്തുവരുന്നുള്ളു. ഉദാ. സസ്തനികൾ.
മുട്ട വിരിഞ്ഞ് ലാർവകൾ ഉണ്ടാകുന്ന അണ്ഡജങ്ങളിലും ജരായുജങ്ങളിലും അണ്ഡം വളരെ ചെറുതായിരിക്കും. മുഴുവൻ പരിവർധനവും മുട്ടയ്ക്കുള്ളിൽവച്ചുതന്നെ നടക്കുന്ന അണ്ഡജങ്ങളിൽ താരതമ്യേന അണ്ഡം വളരെ വലുതാണ്. അണ്ഡത്തിനുള്ളിലെ പീതക(yolk)ത്തിന്റെ ഏറ്റക്കുറച്ചിലാണ് ഈ വ്യത്യാസത്തിനു നിദാനം. ഭ്രൂണത്തിന്റെ വളർച്ചയ്ക്കാവശ്യമായ പോഷകവസ്തുവാണ് പീതകം. സസ്തനികളിൽ അണ്ഡം വളരെ ചെറുതാണ്. അതിൽ പീതകം ഇല്ലെന്നുതന്നെ പറയാം. മുട്ടവിരിഞ്ഞു ലാർവകൾ ഉണ്ടാകുന്ന ജന്തുക്കളിൽ (ഉദാ. തവള) മുട്ട അല്പം കൂടി വലുതായിരിക്കും. മുട്ട വിരിയുന്നതുവരെയുള്ള വളർച്ചയ്ക്കാവശ്യമായ ആഹാരപദാർഥം അതിനുള്ളിൽ ശേഖരിച്ചിരിക്കുന്നതാണ് ഇതിനുകാരണം. പരിവർധനം പൂർണമായും അണ്ഡത്തിനുള്ളിൽ വച്ചുതന്നെ നടക്കുന്ന അണ്ഡജമാണ് പക്ഷി. അതിന്റെ മുട്ട വലുതായിരിക്കുന്നതിന്റെ കാരണവും ഇതുതന്നെ.
കോശദ്രവ്യത്തിൽ കാണുന്ന പീതകത്തിന്റെ അളവനുസരിച്ച് അണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം.
ലഘുപീതകാണ്ഡത്തിനും ഗുരുപീതകാണ്ഡത്തിനും മധ്യേയുള്ള അവസ്ഥയാണ് മധ്യപീതകാണ്ഡം (Mesolecithal egg).[8]
പീതകത്തിന്റെ സ്ഥാനത്തെ ആധാരമാക്കി അണ്ഡത്തെ മൂന്നായി തരംതിരിക്കാം:
അണ്ഡാശയത്തിൽ വളർന്നുവരുന്ന ഓരോ അണ്ഡവും സാധാരണഗതിയിൽ ഒരു അടുക്ക് പുടകകോശങ്ങളാൽ (follicle cells) വലയം ചെയ്യപ്പെട്ടിരിക്കുന്നു. സസ്തനികളിൽ ഈ പുടകകോശങ്ങളെ ആശയപുടകം (graffian fillicle)[13] എന്നുവിളിക്കുന്നു. പുടകത്തിനുള്ളിൽ കാണുന്ന ദ്രാവകത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ ജന്തുക്കളുടെ രതിവികാരത്തെ ഉദ്ദീപിപ്പിക്കാൻ ഉതകുന്നു. താഴ്ന്നയിനം ജന്തുക്കളിൽ പുടകകോശങ്ങൾ കാണാറില്ല.
ജർമിനൽ എപ്പിത്തീലിയം (germinal epithelium)[14] എന്ന ഒരു പറ്റം കോശങ്ങളിൽ നിന്നാണ് അണ്ഡങ്ങൾ രൂപപ്പെടുന്നത്. കോശകേന്ദ്രം സ്ഥിതിചെയ്യുന്ന കോശദ്രവ്യവും അതിനെചുറ്റി കോശചർമവും സാധാരണ കോശങ്ങളിലെന്നപോലെ അണ്ഡത്തിലും കാണപ്പെടുന്നു. കോശദ്രവ്യത്തിലാണ് പീതകം കാണപ്പെടുക. കോശകേന്ദ്രത്തിന്റെ സ്ഥാനം പീതകത്തെ ആശ്രയിച്ചിരിക്കും. പീതകം കുറവുള്ളവയിൽ കോശകേന്ദ്രം അണ്ഡത്തിന്റെ കേന്ദ്ര ഭാഗത്തായിരിക്കും. എന്നാൽ പീതകം കൂടുതലുള്ളവയിൽ അത് സജീവധ്രുവ(animal pole)[15] ത്തിലേക്കു മാറി കാണപ്പെടുന്നു. മധ്യപീതകാണ്ഡത്തിലാണെങ്കിൽ കേന്ദ്രഭാഗത്ത് പീതകമുള്ളതിനാൽ കോശകേന്ദ്രം ഒരുവശത്തേക്കു മാറിയാണ് സ്ഥിതിചെയ്യുന്നത്. കോശകേന്ദ്രത്തിലെ ക്രോമസോമുകളുടെ എണ്ണം സാധാരണകോശങ്ങളിൽ ഉള്ളതിന്റെ നേർപകുതിയായിരിക്കും നോ: ക്രമാർധഭംഗം
കോശദ്രവ്യത്തിന്റെ സ്ഥാനവും പീതകത്തിന്റെ സ്ഥാനത്തെ ആശ്രയിച്ചിരിക്കും. അന്ത്യപീതകാണ്ഡത്തിൽ കോശദ്രവ്യം സജീവധ്രുവത്തിൽ കാണുമ്പോൾ, കേന്ദ്രപീതകാണ്ഡത്തിൽ അത് പരിധിയിൽ ആയിരിക്കും.
കൂടാതെ പല അണ്ഡങ്ങളിലും അവയുടെ പരിധിയിലായി ഇലക്ട്രോൺ മൈക്രോസ്കോപ്പിന്റെ സഹായത്താൽ മാത്രം കാണാൻ കഴിയുന്ന ആവൃതിസ്തരം (cortical layer) എന്നറിയപ്പെടുന്ന ഒരു ഭാഗമുണ്ട്.
സാധാരണ കോശങ്ങളിലുള്ള മൈറ്റോക്കോൺഡ്രിയ (mitochondia), ഗോൾഗി ബോഡികൾ (golgi bodies) മുതലായവ അണ്ഡങ്ങളിലും കാണപ്പെടുന്നു.
(Egg membranes).
അണ്ഡത്തെ പൊതിഞ്ഞിരിക്കുന്ന ചർമങ്ങളാണ് അണ്ഡചർമങ്ങൾ. ഓരോ അണ്ഡവും ഒന്നോ അതിൽ കൂടുതലോ ചർമങ്ങൾക്കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നു. പരിവർധനം ചെയ്തുകൊണ്ടിരിക്കുന്ന ഭ്രൂണത്തെ ബാഹ്യപരിതഃസ്ഥിതികളിൽനിന്നു സംരക്ഷിക്കുക എന്നതാണ് അണ്ഡചർമങ്ങളുടെ പ്രധാനധർമം. ചർമങ്ങളുടെ ഉദ്ഭവത്തെ ആശ്രയിച്ച് അവയെ മൂന്നായി തിരിക്കാം.
എല്ലാ ജന്തുക്കളിലും പ്രഥമചർമത്തെ പീതകചർമം (vitelline membrane) എന്നുവിളിക്കുന്നു. ബീജസങ്കലനത്തോടുകൂടി ഇത് ബീജസങ്കലനചർമ (fertilization membrane )മായി മാറുന്നു. ദ്വിതീയചർമം സസ്തനികളിൽ സോണാ പെലൂസിഡാ (zona pellucida) എന്നും ക്യൂമുലസ് ഊഫോറസ് (cumulus oophorus) എന്നും അറിയപ്പെടുന്ന ഭാഗങ്ങളാണ്. ഷഡ്പദങ്ങളിലും കെഫലോപോഡുകളിലും ഇതിനെ കോറിയോൺ (chorion) എന്നു പറയുന്നു. സസ്തനികളിൽ പുടകകോശങ്ങളാണോ അതോ അണ്ഡത്തിലെ കോശദ്രവ്യം തന്നെയാണോ ഈ ചർമം നിർമിച്ചെടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല. തവളയിൽ കാണുന്ന ജല്ലിയും കോഴിമുട്ടയിലുള്ള വെള്ളക്കരുവും അതിനുപുറമേ കാണുന്ന പാടയും അതിനുപുറത്തുള്ള മുട്ടത്തോടും തൃതീയചർമങ്ങളാണ്.
(Polarity).
പീതകത്തിന് അണ്ഡത്തിലുള്ള സ്ഥാനത്തേയും ക്രമാർധഭംഗസമയം ധ്രുവപിണ്ഡങ്ങളെ (polar bodies) അണ്ഡത്തിൽനിന്നു വേർപെടുത്തുന്ന സ്ഥാനത്തേയും ആസ്പദമാക്കി അണ്ഡത്തിന്റെ ധ്രുവത നിശ്ചയിക്കാവുന്നതാണ്. അന്ത്യപീതകാണ്ഡത്തിൽ പീതകം അടിഞ്ഞുകൂടിയിരിക്കുന്ന ഭാഗത്തെ നിർജീവധ്രുവം (vegetal pole) എന്നും കോശദ്രവ്യം സ്ഥിതിചെയ്യുന്ന എതിർഭാഗത്തെ സജീവധ്രുവം (animal pole)എന്നും വിളിക്കുന്നു. അതുപോലെതന്നെ, ക്രമാർധഭംഗത്തിൽ ധ്രുവപിണ്ഡങ്ങളെ കോശദ്രവ്യത്തിനു വെളിയിൽ തള്ളുന്ന ഭാഗമാണ് സജീവധ്രുവം. സജീവധ്രുവത്തെയും നിർജീവധ്രുവത്തെയും അണ്ഡത്തിന്റെ കേന്ദ്രത്തിൽകൂടി ബന്ധിപ്പിക്കുന്ന ഒരു സങ്കല്പരേഖയാണ് ധ്രുവാക്ഷം (polar axis). ഈ അക്ഷത്തിലെ ഏതെങ്കിലും ഒരു ബിന്ദുവിലായിരിക്കും കോശകേന്ദ്രം സ്ഥിതിചെയ്യുന്നത്.
ഒരു അണ്ഡത്തിലെ സൂക്ഷ്മഭാഗങ്ങൾ മിക്കവാറും ധ്രുവാക്ഷത്തെ ആധാരമാക്കിയായിരിക്കും ക്രമീകരിക്കപ്പെടുക. ചിലത് സജീവധ്രുവത്തിൽ വളരെ കൂടുതലായും നിർജീവധ്രുവത്തിലേക്ക് വരുന്തോറും ക്രമേണ കുറഞ്ഞും കാണപ്പെടുന്നു; നേരേമറിച്ചുള്ളവയും വിരളമല്ല.
(Symmetry).
മിക്കവാറും അണ്ഡങ്ങൾക്കു ത്രിജനസമമിതിയാണുള്ളത്. ഷഡ്പദങ്ങളുടെ അണ്ഡങ്ങൾക്ക് ദ്വിപാർശ്വസമമിതി (bilateral symmetry) കാണാം. ദീർഘവൃത്താകൃതിയിലുള്ള ഈ അണ്ഡങ്ങളെ രണ്ടായി വിഭജിക്കുന്ന തലം ഭ്രൂണത്തിന്റെ ദ്വിപാർശ്വസമമിതിയെ ആണ് കുറിക്കുന്നത്. കോഴിമുട്ടയുടെ നീളം കൂടിയ അക്ഷത്തിന് ലംബമായിട്ടായിരിക്കും അതിലെ ഭ്രൂണത്തിന്റെ ദ്വിപാർശ്വസമമിതിതലം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.