From Wikipedia, the free encyclopedia
ഹാൻ കാലഘട്ടത്തിലെ കൊട്ടാരം ചരിത്രകാരനായ സിമാ കിയാൻ ബീ. സീ. 94-ൽ എഴുതിയ പുസ്തകമാണ് വലിയ ചരിത്രകാരന്റെ രേഖകൾ (Records of the Grand Historian) അഥവാ ഷിജി. അതുവരെയുള്ള ചൈനയുടേയും ചൈനക്കാർക്ക് അറിയുമായിരുന്ന മറ്റ് രാജ്യങ്ങളുടേയും ചരിത്രമാണ് ഈ പുസ്തകത്തിൽ പറയുന്നത്.
കൊട്ടാരം ചരിത്രകാരനും ജ്യോതിഷിയുമായിരുന്ന സിമാ ടാനാണ് ഷിജി എഴുതിത്തുടങ്ങിയത്. അദ്ദേഹത്തിന്റെ മരണശേഷം മകനായ സിമാ കിയാൻ ഇത് പൂർത്തിയാക്കി. രണ്ട് പകർപ്പുകളാണ് ആദ്യം എഴുതിയത്. ഇതിലൊന്ന് കൊട്ടാരത്തിലും മറ്റേത് സിമാ കിയാന്റെ വീട്ടിലും സൂക്ഷിച്ചിരുന്നു. അക്കാലത്ത് ജീവിച്ചിരുന്ന മറ്റ് പല ചരിത്രകാരന്മാരും ഇതിൽ തിരുത്തലുകളും കൂടുതൽ വിവരങ്ങളും ചേർത്തു.
(ചൈനയിൽ കുടുമ്പനാമം ആദ്യവും വ്യക്തിനാമം രണ്ടാമതുമാണ് എഴുതുന്നത്. സിമാ എന്നത് കുടുമ്പനാമം ആണ്. കിയാൻ ആണ് അദ്ദേഹത്തിന്റെ പേര്.)
താങ്ങ് കാലഘട്ടത്തിനു മുൻപ് എഴുതപെട്ട രണ്ട് പകർപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇവ രണ്ടും ജപ്പാനിലെ ഇഷിയാമ-ദേര ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. താങ്ങ് കാലഘട്ടത്തിൽ നിന്നുമുള്ള ഒൻപത് പകർപ്പുകളും (ആറെണ്ണം ജപ്പാനിൽ, മൂന്നെണ്ണം ബെയ്ജിങ്ങിൽ) നിരവധി സോങ്ങ് കാലഘട്ട അച്ചടികളും നിലവിലുണ്ട്.
526,000 അക്ഷരങ്ങളാണ് ഷിജിയിലുള്ളത്. പെലൊപ്പൊനേസ്യൻ യുദ്ധത്തെക്കുറിച്ചുള്ള തുസിഡിഡസിന്റെ ചരിത്രത്തിന്റെ നാലിരട്ടി നീളവും ബൈബിളിന്റെ പഴയ നിയമത്തെക്കാൾ നീളവും ഇതിനുണ്ട്.[1]
ആദ്യം മുളത്തടിയിലും പിന്നീട് പരുത്തിയിലുമാണ് ഷിജി എഴുതിയത്. ഇവ വളരെയധികം ഭാരമുള്ളതും വിലയേറിയതുമായിരുന്നു. കടലാസ് കണ്ടുപിടിച്ചതിനുശേഷമാണ് ഷിജി വലിയ സംഖ്യകളിൽ പകർത്താനും ജനങ്ങൾക്കിടയിൽ പ്രചരിക്കാനും തുടങ്ങിയത്. ഷിജി അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:-
മറ്റു ചില ചരിത്രകാരന്മാരെപ്പോലെ രാജാക്കന്മാരെ ദൈവത്താൽ നിയോഗിക്കപ്പെട്ടവരായി സിമാ കിയാൻ കണ്ടില്ല. ചരിത്രവ്യക്തികളെ ഔദ്യോഗിക പദവികളുടെ അടിസ്ഥാനത്തിലല്ല അവർക്ക് യഥാർത്ഥത്തിൽ ഉണ്ടായിരുന്ന കഴിവുകളുടെ അടിസ്ഥാനത്തിലാണ് ഷിജി വിലയിരുത്തുന്നത്. ഉദാഹരണത്തിന് പേരിൽ മാത്രം രാജാവായിരുന്ന ചിലരെ രാജാക്കന്മാരുടെ പട്ടികയിൽനിന്നും ഒഴിവാക്കുകയും ഔദ്യോഗികമായി രാജാവല്ലെങ്കിലും വളരെയധികം സ്വാധീനമുണ്ടായിരുന്ന ചിലരെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചരിത്രസംഭവങ്ങളുടെ ദൃക്സാക്ഷികളുടെ വിവരണങ്ങൾക്ക് സിമാ കിയാൻ വലിയ വില കൽപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ച് പറയുമ്പോൾ അവരെ കഴിയുന്നതും പുകഴ്ത്താനും, അവരുടെ തീരുമാനങ്ങൾ ന്യായീകരിക്കാനും ഷിജിയിൽ ശ്രമിക്കുന്നുണ്ട്. എന്നാൽ ഒരു വ്യക്തിയുടെ കുറവുകൾ ഒഴിവാക്കപ്പെടുന്നില്ല, അവ മറ്റുള്ളവരുടെ ജീവചരിത്രങ്ങളിലേക്ക് മാറ്റപ്പെടുന്നു എന്ന് മാത്രം.[2]
കൊട്ടാരം ചരിത്രകാരനെന്ന നിലയ്ക്ക് പഴയ പുസ്തകങ്ങളും രേഖകളും സിമാ കിയാന് ലഭ്യമായിരുന്നു. ഷിജിയിൽ ഇത്തരത്തിലുള്ള നിരവധി പുസ്തകങ്ങൾ താൻ വായിച്ചതായി സിമാ കിയാൻ പറയുന്നുണ്ട്. പുസ്തകങ്ങൾക്കുപുറമേ ദൃക്സാക്ഷി വിവരണങ്ങളും താൻ തന്നെ കണ്ട കാര്യങ്ങളും സിമാ കിയാൻ ഉൾപ്പെടുത്തി. ഇതിനായി ചൈനയിലെ പല ചരിത്ര സ്മാരകങ്ങളും അദ്ദേഹം സന്ദർശിച്ചു. രണ്ട് പുസ്തകങ്ങൾ തമ്മിൽ വൈരുദ്ധ്യം ഉണ്ടാകുന്ന സ്ഥലങ്ങളിൽ സിമാ കിയാൻ ഇത് എടുത്ത് പറയുന്നുണ്ട്.
ആയിരത്തോളം വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ എങ്ങനെ ഇത്ര വിശദമായി വിവരിക്കാൻ കഴിയുന്നു എന്ന് പല ചരിത്രകാരന്മാരും ചോദിച്ചിട്ടുണ്ട്. ഷിജിയെക്കാൾ പുരാതനമായ രേഖകളും പുസ്തകങ്ങളും ഇന്ന് വിരളമാണ്. എന്നാൽ ഇവ ലഭ്യമായ സാഹചര്യങ്ങളിലെല്ലാം ഷിജിയുമായി ഒത്തുപോവുകയാണ് ചെയ്യുന്നത്.[3]
ഇപ്പോൾ നിലവിലുള്ളാ ഏറ്റവും പഴയ പകർപ്പ് ക്രിസ്തുവർഷം 420-നും 589-നും ഇടയ്ക്ക് എഴുതപ്പെട്ടതാണ്. അച്ചടിക്കപ്പെട്ട ഏറ്റവും പഴയ പകർപ്പ് സോങ്ങ് കാലഘട്ടത്തുനിന്നുമാണ്.
നാൻജിങ്ങിലെ ജിൻലിങ് കമ്പനി 1959-ൽ അച്ചടിച്ച പകർപ്പാണ് ഇന്ന് സാധാരണയായി ഉപയോഗിക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.