മാളികപ്പുറത്തമ്മ
From Wikipedia, the free encyclopedia
കേരള സംസ്കാരത്തിൽ, അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിൽ, അയ്യപ്പനെ വിവാഹം ചെയ്യാൻ കാത്തിരിക്കുന്നതായി പരാമർശിക്കപ്പെടുന്ന ദേവി സങ്കൽപ്പമാണ് മാളികപ്പുറത്തമ്മ. കൂടാതെ ശക്തി സ്വരൂപിണിയായ മധുര മീനാക്ഷിയായും ഭഗവതി ആരാധിക്കപ്പെടുന്നുണ്ട്. ഇങ്ങനെ 2 ഭാവങ്ങളാണ് മാളികപ്പുറം ഭഗവതിക്ക് ഉള്ളത്.
ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ ഒരു ഉപദേവതയായി ആരാധിക്കപ്പെടുന്ന ദേവി മാളികപുറത്തമ്മയാണ്. ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിൽ ദർശനം നടത്തിയ ശേഷമാണ് മാളികപുറത്തമ്മയുടെ ശ്രീകോവിൽ സന്ദർശിക്കുന്നത്. ശബരിമലയിൽ, പ്രധാന മൂർത്തിയായ അയ്യപ്പസ്വാമിക്കു തുല്യമായ പ്രാധാന്യമുള്ള ഒരു പ്രതിഷ്ഠയാണ് മാളികപ്പുറത്തമ്മയുടേത്.[1]
മാലയിട്ട് വ്രതമെടുത്ത് ശബരിമലയിൽ പതിനെട്ടാംപടി കയറി തൊഴാനെത്തുത്ത എല്ലാ പുരുഷൻമാരെയും അയ്യപ്പൻ എന്നും എല്ലാ സ്ത്രീകളെയും മാളികപ്പുറത്തമ്മ എന്നുമാണ് തീർഥാടന കാലം കഴിയുന്നതുവരെ വിളിക്കുന്നത്.[2]
പദോൽപ്പത്തി
മാളികയുടെ ആകൃതിയിൽ നിർമ്മിക്കപ്പെട്ട ആലയത്തിൽ കുടികൊള്ളുന്നതിനാലാണ് മാളികപ്പുറത്തമ്മ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.[1]
ശ്രീകോവിൽ
ധർമ്മശാസ്താവിന്റെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നതിന് വടക്കുഭാഗത്ത് ഏകദേശം ഇരുന്നൂറു മീറ്റർ മാറിയാണ് മാളികപുറത്തമ്മയുടെ ശ്രീകോവിൽ സ്ഥിതി ചെയ്യുന്നത്.[3] പിച്ചള പൊതിഞ്ഞ ശ്രീകോവിലിൻ്റെ ഭിത്തിയിൽ അഷ്ടലക്ഷ്മിമാരുടെ രൂപം കൊത്തിയിട്ടുണ്ട്.[3] ആദ്യകാലത്ത് മാളികപ്പുറത്തമ്മയ്ക്ക് പീഠപ്രതിഷ്ഠ മാത്രമാണ് ഉണ്ടായിരുന്നത്. ശബരിമല ക്ഷേത്രം അഗ്നിക്കിരയായ ശേഷം നടത്തിയ പുനപ്രതിഷ്ഠയിൽ ബ്രഹ്മശ്രീ കണ്ഠരര് മഹേശ്വരര് തന്ത്രികളാണ് ഇന്ന് കാണുന്ന വിഗ്രഹം പ്രതിഷ്ഠിച്ചത്.[4] ശ്രീകോവിലിലെ ദേവിയുടെ പൂർണ്ണരൂപത്തിന് നാല് കൈകൾ ഉണ്ട്, ഓരോ കയ്യിലും ശംഖ്, ചക്രം, അഭയം, മുദ്ര എന്നിവയും ഉണ്ട്.[3][4] നിലവിൽ വിഗ്രഹം സ്വർണ്ണം പൊതിഞ്ഞതാണ്.[4] അതുപോലെ മേൾക്കൂരയും സോപാനവും സ്വർണ്ണം പൊതിഞ്ഞിട്ടുണ്ട്.[4]
ഐതീഹ്യം
മഹിഷീ നിഗ്രഹം
മഹിഷിയെ നിഗ്രഹിച്ച് ശാപമോക്ഷം നൽകിയപ്പോൾ മഹിഷി സുന്ദരിയായ ഒരു സ്ത്രീയായി മാറുകയും അയ്യപ്പനോട് തന്നെ വിവാഹം കഴിക്കാൻ അഭ്യർഥന നടത്തുകയും ചെയ്തു എന്നാണ് ഐതീഹ്യം.[3][5] ആ സ്ത്രീയാണ് മാളികപ്പുറത്തമ്മയായി ആരാധിക്കപ്പെടുന്നത്. നിത്യബ്രഹ്മചാരിയായ അയ്യപ്പൻ, തന്നെക്കാണാൻ കന്നി അയ്യപ്പൻമാർ ആരും വരാതിരിക്കുന്ന കാലത്ത് മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് വാക്ക് നൽകിയതായാണ് വിശ്വാസം.[3][4]
മധുര മീനാക്ഷി
പാണ്ഡ്യ പാരമ്പര്യമുള്ള പന്തളത്തെ രാജാവ് തൻ്റെ കുലദൈവമായി ആരാധിക്കുന്ന മധുര മീനാക്ഷി ഭഗവതിയാണ് മാളികപ്പുറത്തമ്മയെന്നാണ് മറ്റൊരു ഐതീഹ്യം. ഇപ്രകാരം പരാശക്തി സങ്കൽപ്പവും മാളികപ്പുറം ക്ഷേത്രത്തിൽ ഉണ്ട്.[1][4]
ചീരപ്പൻചിറ തറവാടുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ
അയ്യപ്പൻ കളരി പഠിക്കാൻ വന്ന മുഹമ്മയിലെ ചീരപ്പൻചിറ തറവാട്ടിലെ കളരിഗുരുവിൻ്റെ മകളായ ചെറൂട്ടിയാണ് മാളികപ്പുറത്തമ്മ എന്നതാണ് മറ്റൊരു വിശ്വാസം.[6] ചെറൂട്ടിക്ക് അയ്യപ്പനോട് തോന്നിയ പ്രണയം അയ്യപ്പനോട് തുറന്ന് പറഞ്ഞുവെന്നും, എന്നാൽ താൻ നൈഷ്ഠിക ബ്രഹ്മചാരിയായാണെന്ന് മറുപടി നൽകിയെന്നും, പിന്നീട് അയ്യപ്പനെ കാണാൻ പോയ ചെറൂട്ടിയെ വാവരുടെ നേതൃത്വത്തിൽ അയ്യപ്പന്റെ അടുത്ത് എത്തിച്ചുവെന്നുമാണ് ഐതീഹ്യം.[6] ചെറൂട്ടിക്ക് പകരം ലീല,[4] ലളിത,[7] പൂങ്കുടി[8] എന്നീ പേരുകളും മാളികപ്പുറത്തമ്മയുടേതായി പറയുന്നുണ്ട്. അയ്യപ്പൻ ശബരിമലയിൽ സമാധിയായപ്പോൾ അതിന് സമീപം ലളിത ഒരു മാളിക തീർത്ത് അവിടെ തപസ്സ് ചെയ്തുവെന്നും ഐതിഹ്യം.[9]
മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത്
കന്നി അയ്യപ്പൻമാർ ആരും വരാതിരിക്കുന്ന കാലത്ത് മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് അയ്യപ്പൻ വാക്ക് നൽകി എന്ന ഐതീഹ്യവുമായി ബന്ധപ്പെട്ട് ശബരിമലയിൽ മകരവിളക്ക് ഉത്സവം സമാപിച്ചശേഷം രാത്രിയിൽ നടത്തുന്ന ചടങ്ങാണ് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്ത്.[10] ആദ്യം മാളികപ്പുറത്തെ ശ്രീകോവിലിൽ നിന്നും പതിനെട്ടാം പടിയിലേക്കും അവസാന ദിവസം ശരംകുത്തിയിലേക്കും മാളികപ്പുറത്തമ്മയെ എഴുന്നള്ളിക്കും. സന്തോഷത്തോടെ ശരംകുത്തിയിലെത്തുന്ന മാളികപ്പുറത്തമ്മ, ശരംകുത്തിയിൽ കന്നി അയ്യപ്പന്മാർ നിക്ഷേപിച്ച ശരങ്ങൾ കണ്ട് വിഷമത്തോടെ തിരിച്ച് മടങ്ങുന്നതാണ് ചടങ്ങ്.[10] വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശരംകുത്തിയിലേയ്ക്ക് പോകുന്ന മാളികപ്പുറത്തമ്മ തിരിച്ചു മടങ്ങുമ്പോൾ ഒരു തീവെട്ടിയുടെ വെളിച്ചം മാത്രമാണ് അകമ്പടിയായി ഉണ്ടാകുക.[10]
പ്രധാന വഴിപാടുകൾ
ശബരിമല കോടതി വിധി
ശബരിമലയിൽ ഋതുമതികളായ സ്ത്രീകൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം ഉണ്ടായ ചർച്ചകളിൽ മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട കഥകളും വ്യാപകമായി പരാമർശിക്കപ്പെടുകയുണ്ടായി. ചിലർ മാളികപ്പുറത്തമ്മയുടെ കഥ പറഞ്ഞ് യുവതീ പ്രവേശനത്തെ അനുകൂലിച്ചപ്പോൾ,[13] മറ്റു പലരും ഇതേ കഥ പറഞ്ഞ് യുവതീ പ്രവേശനത്തെ എതിർക്കുകയും ചെയ്തു.[14][15]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.