From Wikipedia, the free encyclopedia
പന്ത്രണ്ടു മുതൽ പതിനേഴുവരെ നൂറ്റാണ്ടുകളിൽ യൂറോപ്പിൽ പ്രചാരത്തിലിരുന്ന ഒരു കഥയിൽ, പൗരസ്ത്യദേശത്ത്, മുസ്ലിങ്ങളുടേയും "വിഗ്രഹാരാധകരുടേയും" രാജ്യങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്നതായി സങ്കല്പിക്കപ്പെട്ട സമ്പന്നമായ ക്രൈസ്തവദേശത്തെ രാജാവായിരുന്നു പ്രെസ്റ്റർ ജോൺ. ഈ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള കഥകൾ മദ്ധ്യകാല യൂറോപ്യൻ ഭാവനയുടെ വർണ്ണപ്പൊലിമയാർന്ന ഭാഗങ്ങളിലൊന്നാണ്. യേശുവിന്റെ പിറവിക്കഥകളിൽ പരാമർശിക്കപ്പെടുന്ന മൂന്നു പൂജരാജാക്കന്മാരിൽ ഒരാളുടെ പിൻഗാമിയായി കരുതപ്പെട്ട പ്രെസ്റ്റർ ജോൺ, വിശുദ്ധനും ഉദാരനിധിയുമായ ഒരു ഭരണാധികാരിയായി സങ്കല്പിക്കപ്പെട്ടു. വിചിത്രജീവികൾ നിറഞ്ഞ അദ്ദേഹത്തിന്റെ ധനികദേശത്തായിരുന്നു മാർ തോമാ ക്രിസ്ത്യാനികളുടെ പാത്രിയർക്കീസ് വാണിരുന്നതെന്നും വിശ്വസിക്കപ്പെട്ടുപോന്നു. "അലക്സാണ്ടറുടെ കവാടം", "യുവത്വത്തിന്റെ ജലധാര" തുടങ്ങിയ അതിശയങ്ങൾ അടങ്ങിയ അദ്ദേഹത്തിന്റെ രാജ്യം, ഭൗമികപറുദീസയുമായി അതിർത്തി പങ്കിട്ടിരുന്നു. രാജ്യത്തിലെ പ്രവിശ്യകളെല്ലാം കാണാമായിരുന്ന ഒരു കണ്ണാടി അദ്ദേഹത്തിനുണ്ടായിരുന്ന വിശിഷ്ടവസ്തുക്കളിൽ പെട്ടിരുന്നു. മദ്ധ്യ-നവോത്ഥാന കാലങ്ങളിൽ, രാജാക്കന്മാരുടെ കീഴിലുള്ള പ്രദേശങ്ങളുടെ വിശദാംശങ്ങൾ വിവരിച്ച് ചുമതലകൾ കല്പിച്ചുകൊടുക്കുന്നതിനായി നിർമ്മിക്കപ്പെട്ട "സ്പെക്ക്യുലം" സാഹിത്യത്തിന്റെ(speculum literature) ആദ്യമാതൃക ഈ കണ്ണാടിയാണ്.[1]
പ്രെസ്റ്റർ ജോണിന്റെ ദേശമായി ആദ്യം സങ്കല്പിക്കപ്പെട്ടത് ഇന്ത്യയാണ്; ഇന്ത്യയിൽ നെസ്തോറിയൻ ക്രിസ്ത്യാനികളുടെ പ്രേഷിതദൗത്യം നേടിയ വിജയത്തെക്കുറിച്ചുള്ള കഥകളും, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തോമസ് അപ്പസ്തോലന്റെ യാത്രകളെ സംബന്ധിച്ച് "തോമായുടെ നടപടികൾ" എന്ന അപ്രമാണിക ഗ്രന്ഥത്തിലുണ്ടായിരുന്ന വിവരണങ്ങളും ഈ കഥാസമൂഹത്തിന്റെ ആദ്യബീങ്ങളായിരിക്കാം. പാശ്ചാത്യലോകവും മംഗോളിയരുമായുണ്ടായ സമ്പർക്കത്തെ തുടർന്ന്, പ്രെസ്റ്റർ ജോണിന്റെ ദേശം മദ്ധ്യേഷ്യയിലാണെന്ന് കരുതപ്പെട്ടു. ഏറ്റവും ഒടുവിൽ പോർത്തുഗീസ് സഞ്ചാരികളാകട്ടെ, എത്യോപ്യയിൽ പ്രെസ്റ്റർ ജോണിനെ തങ്ങൾ കണ്ടെത്തിയതായി വിശ്വസിച്ചു. അങ്ങനെ, ഒട്ടേറെ തലമുറകളിൽ സാഹയാത്രികരുടെ ഭാവനയെ ദീപ്തമാക്കിയ അന്വേഷണങ്ങളുടെ പിടികിട്ടാത്ത കേന്ദ്രമായിരുന്നു പ്രെസ്റ്റർ ജോണിന്റെ സങ്കല്പദേശം. വംശീയവും മതപരവുമായ സംഘർഷങ്ങൾ മൂലം ദേശാതിവർത്തിയായ മാനവീയസങ്കല്പം അസാദ്ധ്യമായിരുന്ന യുഗങ്ങളിൽ, സംസ്കാരങ്ങൾക്കും ഭൂപ്രകൃതികൾക്കും ഉപരിയായി മനുഷ്യജാതിയെ മുഴുവൻ ഉൾക്കൊള്ളുന്ന ക്രിസ്തീയ സാർവലൗകികതയെക്കുറിച്ചുള്ള യൂറോപ്യൻ ധാരണകളുടെ കേന്ദ്രപ്രതീകമായി പ്രെസ്റ്റർ ജോൺ നിലകൊണ്ടു.
പ്രെസ്റ്റൻ ജോൺ ഐതിഹ്യത്തിന്റെ നേരിട്ടുള്ള ഉല്പത്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പൗരസ്ത്യദേശങ്ങളെ സംബന്ധിച്ച് പാശ്ചാത്യലോകത്ത് നിലവിലുണ്ടായിരുന്ന മുൻകഥകളും, അവിടങ്ങളിൽ യാത്ര ചെയ്ത ആദ്യസഞ്ചാരികളുടെ വിവരണങ്ങളും ഈ ഐതിഹ്യശേഖരത്തിൽ കടന്നു കൂടിയിട്ടുണ്ടെന്ന് ഉറപ്പാണ്. ഇതിന്റെ വളർച്ചയെ ഏറെ സഹായിച്ച ഒരു രേഖ, ഇൻഡ്യയിൽ തോമസ് അപ്പസ്തോലൻ നടത്തിയതായി പറയപ്പെടുന്ന സുവിശേഷപ്രഘോഷണത്തെക്കുറിച്ച് മൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട "തോമായുടെ നടപടികൾ" എന്ന അപ്രാമാണിക ഗ്രന്ഥമാണ്. അസാമാന്യതകളുടേയും അത്ഭുതങ്ങളുടേയും നാടായ ഇൻഡ്യയെക്കുറിച്ചും അവിടെ അപ്പസ്തോലൻ സ്ഥാപിച്ചതായി പറയപ്പെടുന്ന "വിശുദ്ധ തോമസിന്റെ ക്രിസ്ത്യാനികൾ" എന്ന ക്രിസ്തീയ സമൂഹത്തെക്കുറിച്ചുമുള്ള പ്രെസ്റ്റൻ ജോൺ കഥകളുടെ മൂലസ്രോതസ്സുകളിലൊന്ന് ഈ രചനയാണ്. [2]
അതുപോലെ തന്നെ പേർഷ്യയിലെ ക്രിസ്തീയസഭയുടെ വ്യാപനത്തെക്കുറിച്ചുള്ള കഥകളും പ്രെസ്റ്റർ ജോൺ ഐതിഹ്യത്തിനു കൊഴുപ്പുകൂട്ടിയിരിക്കാം. നെസ്തോറിയൻ സഭ എന്നും അറിയപ്പെടുന്ന ഈ സഭ പല ഏഷ്യൻ രാജ്യങ്ങളിലും പ്രചരിക്കുകയും അസാധാണതകൾ നിറഞ്ഞവരെങ്കിലും ക്രിസ്ത്യാനികൾ തന്നെയായ ഒരു വിദൂര വിഭാഗത്തെക്കുറിച്ചുള്ള പാശ്ചാത്യസങ്കല്പങ്ങൾക്ക് ബലം പകരുകയും ചെയ്തു.[3]മംഗോളിയരുടേയും മദ്ധ്യേഷ്യയിലെ തുർക്കി വംശജരുടേയും ഇടയിൽ നെസ്തോറിയന്മാർ നേടിയതായി പറയപ്പെട്ട പ്രേഷിത വിജയങ്ങൾ പാശ്ചാത്യ ഭാവനയെ ആവേശം കൊള്ളിച്ചു; ക്രിസ്ത്വബ്ദം ആയിരാമാണ്ടിനുശേഷം, കെരായിറ്റുകൾ എന്ന തുർക്കി-മംഗോളിയൻ ഗോത്രത്തിലെ ആയിരിക്കണക്കിനു പേർ ക്രിസ്തുമതം സ്വീകരിച്ചുവെന്നതും പ്രെസ്റ്റർ ജോൺ സങ്കല്പത്തെ സഹായിച്ചിരിക്കാമെന്ന് ഫ്രഞ്ചു ചരിത്രകാരനായ റെനെ ഗ്രൗസറ്റ് കരുതുന്നു. നൂറ്റാണ്ടുകൾക്കുശേഷവും ഈ ഗോത്രം, ക്രിസ്തീയനാമങ്ങൾ ഉപയോഗിക്കുന്ന പതിവ് നിലനിർത്തിയിരുന്നു.[4]ആദ്യകാല ക്രിസ്തീയസഭാപിതാക്കന്മാരുടെ രചനകളുടെ ഒരു പ്രത്യേക വായനയെ ആധാരമാക്കി നാലാം നൂറ്റാണ്ടിലെ സഭാചരിത്രകാരനായ കേസറിയായിലെ യൂസീബിയസ് പരാമർശിക്കുന്ന സിറിയയിലെ മൂപ്പനായ ജോണിനെക്കുറിച്ചുള്ള(John the Presbyter of Syria) കഥകളും പ്രെസ്റ്റർ ജോൺ ഐതിഹ്യത്തിന്റെ കാമ്പിൽ ചേർന്നിരിക്കാം.[5] ക്രിസ്തുശിഷ്യനായ യോഹന്നാന്റെ പേരിൽ ക്രിസ്തീയ ബൈബിളിന്റെ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ള രണ്ടു ലേഖനങ്ങളുടെ കർത്താവായി ഒരു രേഖയിൽ പരാമർശിക്കപ്പെടുന്ന ഇദ്ദേഹം,[6] യൂസീബിയസിന്റെ ഗുരുവായിരുന്ന ഇറാനീമോസിന്റെ ഗുരു, രക്തസാക്ഷി പേപ്പിയസ് മെത്രാന്റെ ഗുരുവായിരുന്നതായി സങ്കല്പിക്കപ്പെട്ടു. എന്നാൽ ഒന്നാം നൂറ്റാണ്ടിലേതായി കരുതപ്പെട്ട ഈ ജോണിന് പ്രെസ്റ്റർ ജോണുമായി പേരിന്റെ കാര്യത്തിലല്ലാതെ എന്തെങ്കിലും ബന്ധമുണ്ടെന്നു കരുതുക ബുദ്ധിമുട്ടാണ്.[7]
പ്രെസ്റ്റർ ജോൺ ഐതിഹ്യത്തിന്റെ പിൽക്കാലരൂപം, പൗരസ്ത്യലോകത്തെ സംബന്ധിച്ച പുരാതന, മദ്ധ്യ കാലങ്ങളിലെ ഭൂമിശാസ്ത്രവിവരണങ്ങളും യാത്രാവിവരണങ്ങളും ഉൾപ്പെടെയുള്ള സാഹിത്യരചനകളോട് കടപ്പെട്ടിരിക്കുന്നു. ഈ കഥകളിലെ വിശദാംശങ്ങൾ "നാവികനായ സിൻബാദ്" തുടങ്ങിയ സാഹിത്യ, കപടേതിഹാസ രചനകളിൽ നിന്നു സ്വീകരിക്കപ്പെട്ടവയാണ്.[8] അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടവുമായി ബന്ധപ്പെട്ട "അലക്സാണ്ടർ കഥകൾ" പ്രെസ്റ്റർ ജോൺ ഐതിഹ്യത്തെ ഗണ്യമായി സ്വാധീനിച്ചു.[9]
ഉറവിടങ്ങൾ എന്തൊക്കെ ആയിരുന്നാലും, പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കലിക്സ്റ്റസ് രണ്ടാമൻ മാർപ്പാപ്പയുടെ ഭരണകാലത്ത്(1119-1124) ഇൻഡ്യയുടെ പാത്രിയർക്കീസ് റോം സന്ദർശിച്ചതായും ഇൻഡ്യാക്കാരനായ ഒരു മെത്രാപ്പോലീത്ത കോൻസ്റ്റാന്റിനോപ്പിൾ സന്ദർശിച്ചതായും ഉള്ള വാർത്തകളോടെ ഈ ഐതിഹ്യം ഉശിരോടെ നിലവിൽ വന്നു. [10] വിശുദ്ധ തോമസിന്റെ ക്രിസ്ത്യാനികളുടെ പ്രതിനിധികളായി പറയപ്പെടുന്ന ഈ മതമേധാവികളുടെ സന്ദർശനങ്ങളെപ്പറ്റി ഒന്നും ഉറപ്പു പറയുക വയ്യ. അവയെ സംബന്ധിച്ച് ലഭ്യമായ രേഖകൾ മൗലികമല്ല. എന്നാൽ ജർമ്മൻ നാളാഗമക്കാരനായ ഫ്രീസിങ്ങിലെ ഓട്ടോ 1145-ലെ നാളാഗമത്തിൽ, തലേവർഷം വിറ്റെർബോ-യിൽ, യൂജീൻ മൂന്നാമൻ മാർപ്പാപ്പയുടെ സദസ്സിൽ സിറിയയിൽ ജബാലയിലെ മെത്രാനായിരുന്ന ഹഗ് എന്നയാളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.[11][12]അന്തിയോക്യായിലെ റെയ്മണ്ട് രാജകുമാരന്റെ പ്രതിനിധിയായിരുന്ന ഹഗ്, എഡേയുടെമേലുള്ള സാരസൻ ഉപരോധം തർക്കാൻ പാശ്ചാത്യലോകത്തിന്റെ സഹായം അഭ്യർത്ഥിക്കാൻ വന്നതായിരുന്നു. ഈ സഹായാഭ്യർത്ഥനയാണ് രണ്ടാം കുരിശുയുദ്ധം പ്രഖ്യാപിക്കാൻ യൂജീൻ മാർപ്പാപ്പയെ പ്രേരിപ്പിച്ചത്. നെസ്തോറിയൻ ക്രിസ്ത്യാനികൾക്കിടയിൽ പുരോഹിതന്റേയും രാജാവിന്റേയും ഇരട്ടസ്ഥാനങ്ങൾ അലങ്കരിക്കുന്ന പ്രെസ്റ്റർ ജോൺ, അടുത്ത കാലത്തു നടന്ന ഒരു വലിയ യുദ്ധത്തിൽ മീഡിന്റേയും പേർഷ്യയുടേയും സാമ്രാട്ടുകൾക്ക് സഹോദരനായിരുന്ന സമിയാർദ്ദിയെന്നയാളിൽ നിന്ന് എക്ബത്താന നഗരത്തെ മോചിപ്പിച്ചതായി മാർപ്പാപ്പയുടെ സാന്നിദ്ധ്യത്തിൽ ഓട്ടോയോട് ഹഗ് പറഞ്ഞു. അതിനു ശേഷം പ്രെസ്റ്റർ ജോൺ വിശുദ്ധനഗരത്തെ മോചിപ്പിക്കാനായി യെരുശലേമിലേയ്ക്ക് പുറപ്പെട്ടെങ്കിലും ടൈഗ്രിസ് നദിയിൽ ഉണ്ടായ വെള്ളപ്പൊക്കം മൂലം അദ്ദേഹത്തിന് സ്വരാജ്യത്തേയ്ജ്ക് മടങ്ങേണ്ടി വന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.