From Wikipedia, the free encyclopedia
കേരളത്തിലെ പാലക്കാട് ജില്ലയുടെ കിഴക്കുഭാഗത്ത് കേരളത്തിൻ്റെ കിഴക്കൻ അതിർത്തിയിൽ, പശ്ചിമഘട്ടത്തിൽ ഉള്ള വിടവാണ് പാലക്കാട് ചുരം അഥവാ പാലക്കാട് വിടവ് (Palakkad Gap). ഇതിൻ്റെ വടക്കുഭാഗത്ത് വാളയാർ മലകളും തെക്കുഭാഗത്ത് നെല്ലിയാമ്പതി മലകളുമാണ്. ഇത് പാലക്കാട് ജില്ലയെ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന 41 കീ. മീ. വീതിയുള്ള ഒരു സമതലപ്രദേശമാണ്. സധാരണചുരങ്ങളിൽ കാണാറുള്ളതുപോലെ കുത്തനെയുള്ള കയറ്റിറക്കങ്ങളോ ഇടുങ്ങിയ മലമ്പാതകളോ ഇവിടെയില്ല. കേരളക്കരയ്ക്കും ഇന്നത്തെ തമിഴനാടിന്നുമിടയിൽ പ്രാചീനകാലം മുതൽ നടന്നുപോന്നിട്ടുള്ള എല്ലാ മനുഷ്യപ്രയാണങ്ങളുടേയും വ്യാപാരസംരംഭങ്ങളുടേയും പ്രധാനമാർഗ്ഗം ഇതു വഴിക്കാണ്.[1]
പാലക്കാട് ചുരം | |
---|---|
Location | കേരളം, ഇന്ത്യ |
Range | പശ്ചിമ ഘട്ടം |
ഈ ചുരത്തിലൂടെയാണ് കേരളത്തെയും തമിഴനാടിനേയും ബന്ധിച്ചുകൊണ്ടുള്ള ഒരു പ്രധാന ദേശീയപാതയും ( ദേശീയപാത 47 ) ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ ഒരു തീവണ്ടി പാതയും (ചെന്നൈ - ഷൊർണൂർ) കടന്നുപോകുന്നത്. ക്രിസ്താബ്ദത്തിന്റെ [സി.ഇ] ആദ്യശതകങ്ങളിൽ ദക്ഷിണേന്ത്യയും റോമാ സാമ്രാജ്യവുമായി, കേരളതീരത്തെ മുസിരിസ് കേന്ദ്രീകരിച്ച് നടന്നിരുന്ന കടൽ വഴിയുള്ള വ്യാപാരത്തിനെ തമിഴ്നാടുമായി ബന്ധിപ്പിച്ചിരുന്നതും ഈ ചുരമായിരുന്നു. വിവിധ കാലഘട്ടങ്ങളിലായി തമിഴ്നാട്ടിൽ നിന്ന് വിവിധ വിഭാഗങ്ങളിൽപെട്ട ആളുകൾ ഈ തുറസ്സു വഴി കടന്നുവന്ന് പെരിയാറിൻ്റെ തടം മുതൽ കോഴിക്കോടു വരെയുള്ള പ്രദേശങ്ങളിൽ താമസമുറപ്പിക്കുകയും കേരളസംസ്കാരത്തിൽ ഇഴുകിച്ചേരുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കൈത്തറി നെയ്ത്തുകാർ, തോൽപ്പാവക്കൂത്തു നടത്തുന്ന പുലവർമാർ തുടങ്ങിയവരൊക്കെ ഇതുവഴി കടന്നുവന്നവരാണ്. സമീപപ്രദേശങ്ങളിലെ കാലാവസ്ഥയിലും സാംസ്ക്കാരികത്തനിമകളിലും കൂടി പാലക്കാട് ചുരത്തിൻ്റെ സ്വാധീനം പ്രകടമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂർ പടയുടെ മലബാർ ആക്രമണത്തിലും ഈ ചുരം അതിൻ്റേതായ ഒരു പങ്ക് വഹിച്ചിരുന്നു.
വീതിയിൽ ലോകത്തിലെ ഏറ്റവും വലിയ[അവലംബം ആവശ്യമാണ്] വിടവാണ് പാലക്കാട് ചുരം.
കാലവർഷത്തിൻ്റെ കാര്യത്തിലും ഈ ചുരം പ്രധാന പങ്കു വഹിക്കുന്നു. തെക്കു- പടിഞ്ഞാറൻ കാലവർഷകാറ്റ് തമിഴ് നാട്ടിലേക്കും വടക്കു- കിഴക്കൻ കാലവർഷക്കാറ്റ് കേരളത്തിലേക്കും വീശുന്നത് ഇതിലൂടെയാണ്. ജനുവരി- ഫെബ്രുവരി മാസങ്ങളിലെ പാലക്കാട്- തൃശ്ശൂർ ജില്ലകളിലെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നത് ഈ ചുരമാണ്. ഇതിലൂടെ വീശുന്ന വരണ്ട കാറ്റാണ് ഇതിനു കാരണം.
ചുരത്തിൻ്റെ തെക്കും വടക്കും 2000 മീ. വരെ പൊക്കമുള്ള മലനിരകളാണ്. 144 മീറ്ററാണ് ചുരത്തിൻ്റെ ഏറ്റവും കൂടിയ പൊക്കം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.