From Wikipedia, the free encyclopedia
ഇരുട്ടിലും മങ്ങിയവെളിച്ചത്തിലുമുള്ള കാഴ്ചക്കുറവിനാണ് നിശാന്ധത (Night blindness, Nyctalopia) എന്ന് പറയുന്നത്. നിശാന്ധതയുള്ള വ്യക്തികൾക്ക് പകലും, കൂടിയ പ്രകാശം (കൃത്രിമ വെളിച്ചം) ഉള്ള രാത്രികളിലും കാഴ്ചയ്ക്ക് യാതൊരു തകരാറും ഉണ്ടായിരിക്കില്ല. ഇരുട്ടിലോ പകൽ സമയത്ത് മങ്ങിയ വെളിച്ചമുള്ള മുറിയിൽ (സിനിമാ തിയെറ്റർ) കയറുമ്പോഴോ ആണ് കാഴ്ചക്കുറവ് അനുഭവപ്പെടുന്നത്.
നിശാന്ധത | |
---|---|
മറ്റ് പേരുകൾ | നിക്റ്റലോപ്പിയ |
നിശാന്ധതയുടെ പ്രഭാവം. ഇടത് വശത്ത് സാധാരണ രാത്രി കാഴ്ച. വലത് വശത്ത് നിശാന്ധതയുള്ളവർ കാണുന്ന രീതിയിലെ കാഴ്ച. | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം, ഒപ്റ്റോമെട്രി |
ലക്ഷണങ്ങൾ | രാത്രിയിൽ/വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലെ കാഴ്ചയുടെ മങ്ങൽ |
റെറ്റിനയുടെ ധർമത്തിലുണ്ടാവുന്ന ജനിതകമായ തകരാറുകളും ജീവകം എയുടെ അപര്യാപ്തതയും നിശാന്ധതയ്ക്ക് കാരണമാകുന്നു. ഹ്രസ്വദൃഷ്ടി, ഗ്ലോക്കോമ, തിമിരം, റെറ്റിനൈറ്റിസ് പിഗ്മെന്റൊസ എന്നിവ കാരണവും നിശാന്ധത ഉണ്ടാവാം.[1] നേത്രഗോളത്തിലെ ആന്തരപാളിയായ റെറ്റിന പ്രകാശ രശ്മികളെ സ്വീകരിച്ച് രാസോർജമാക്കിമാറ്റുന്നു. ഈ ഊർജ്ജം നാഡീ അഗ്രങ്ങളെ ഉത്തേജിപ്പിക്കുന്നതിന്റെ ഫലമായി ആവേഗങ്ങൾ ആവിർഭവിക്കുകയും അവ നേത്രനാഡിയിൽ കൂടി സഞ്ചരിച്ച് മസ്തിഷ്കത്തിലെത്തുകയും ചെയ്യുന്നതോടെയാണ് ദൃശ്യാനുഭവം ഉണ്ടാകുന്നത്. റെറ്റിനയിലെ പ്രകാശ സംവേദീകോശങ്ങളായ റോഡുകൾക്കും കോണുകൾക്കും ഉണ്ടാകുന്ന അപചയമാണ് കാഴ്ചയ്ക്കുണ്ടാകുന്ന തകരാറുകളുടെ ഒരു പ്രധാന കാരണം. പകൽ കാഴ്ചയ്ക്ക് കോണുകളാണ് സഹായകമാവുന്നത്. ചാരമോ മങ്ങിയതോ ആയ നിറങ്ങളുടെ മാത്രം സംവേദനം ലഭ്യമാക്കുന്ന റോഡുകളാണ് രാത്രി കാഴ്ചയ്ക്ക് പ്രയോജനപ്പെടുന്നത്. അതിനാൽ റോഡുകളുടെ സാധാരണ പ്രവർത്തനത്തിനു തടസ്സമാകുന്നതെന്തും നിശാന്ധതയ്ക്ക് കാരണമായിത്തീരാറുണ്ട്. പ്രകാശം വീഴുമ്പോൾ റോഡുകൾ ഉത്തേജിപ്പിക്കപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന നാഡീ ആവേഗങ്ങൾ സൃഷ്ടിക്കുന്നത് റോഡോപ്സിൻ അഥവാ വിഷ്വൽ പർപ്പിൾ എന്ന രാസപദാർഥത്തിന്റെ പ്രതിപ്രവർത്തനമാണ്. റോഡോപ്സിൻ രൂപീകരണത്തിന് ജീവകം 'എ' അനിവാര്യമാണ്. അതിനാൽ ജീവകം 'എ' യുടെ അപര്യാപ്തത നിശാന്ധതയ്ക്ക് ഒരു പ്രധാന കാരണമാണ്. ജീവകം 'എ' യുടെ മറ്റ് അപര്യാപ്തതാ രോഗങ്ങൾ പ്രകടമാകുന്നതിന് മുന്നോടിയായാണ് പലപ്പോഴും നിശാന്ധതയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. നിശാന്ധത ചിലപ്പോൾ പാരമ്പര്യമായും പകർന്നു കിട്ടാറുണ്ട്. ഈ രോഗികളിൽ ജീവകം 'എ' കൊണ്ടുള്ള ചികിത്സ ഫലപ്രദമാകാറില്ല. ഗ്ലോക്കോമ, റെറ്റിനയുടെ വേർപെടൽ (retenal detachment) സ്കർവിയുടെ അനുബന്ധമായി ഉണ്ടാവുന്ന നേത്ര തകരാറുകൾ എന്നിവയും നിശാന്ധതയ്ക്ക് കാരണമാകാറുണ്ട്.
ഓലസ് കൊർണേലിയസ് സെൽസസ്, എ.ഡി 30 ൽ നിശാന്ധതയെക്കുറിച്ച് വിശദീകരിക്കുകയും, ഫലപ്രദമായ ഭക്ഷണപദാർത്ഥം (വിറ്റാമിൻ എ യുടെ നല്ല ഉറവിടമായ കരൾ) ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.
ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ചന്ദ്രപ്രകാശത്തിൽ ഉറങ്ങുന്നതിലൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു താൽക്കാലിക രാത്രി അന്ധതയാണ് മൂൺബ്ലിങ്ക് എന്നും അറിയപ്പെടുന്ന നൈക്റ്റലോപ്പിയ എന്ന് വിശ്വസിച്ചിരുന്നതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[3]
ഫ്രഞ്ച് ഭാഷയിൽ, നിക്റ്റലോപ്പിയയും (nyctalopie) ഹെമറലോപ്പിയയും (héméralopie) വിപരീത അർത്ഥത്തിലാണ് സൂചിപ്പിച്ചിരുന്നത്, ആദ്യത്തേത് ഇരുട്ടിലും പ്ലെയിൻ ലൈറ്റിലും കാണാനുള്ള കഴിവ് ആയും, രണ്ടാമത്തേത് അങ്ങനെ ചെയ്യാനുള്ള കഴിവില്ലായ്മ ആയും ആണ് വിശദീകരിച്ചത്. പുരാതന ഗ്രീക്ക് ഭാഷയിൽ (nuktálōps) രണ്ട് തരത്തിലും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ലത്തീനിൽ ഈ വിപരീതം എ.ഡി രണ്ടാം നൂറ്റാണ്ടിലാണ് സംഭവിച്ചതെന്ന് കരുതപ്പെടുന്നു.[4]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.