From Wikipedia, the free encyclopedia
കുറ്റവാളികളെ ഒരു മരക്കുരിശിൽ ആണിയടിച്ച് തളച്ചിട്ട് വധശിക്ഷ നടപ്പാക്കുന്ന രീതിയാണ് കുരിശിലേറ്റൽ. വധശിക്ഷക്ക് വിധിക്കപ്പെട്ടവന് വേദനാജനകവും പീഡാഭരിതവുമായ ഒരു മരണം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ രൂപപ്പെടുത്തിയതും പ്രാചീനവുമായ ഒരു ശിക്ഷാരീതിയാണിത്.
സെല്യൂസിഡ് സാമ്രാജ്യം, കാർത്തേജ്, റോമാ സാമ്രാജ്യം എന്നിവിടങ്ങളിൽ ബി.സി. നാലാം ശതകം മുതൽ ക്രിസ്തുവിനു ശേഷം നാലാം ശതകം വരെ കുരിശിലേറ്റൽ താരതമ്യേന കൂടിയ തോതിൽ നടപ്പാക്കപ്പെട്ടിരുന്നുവത്രേ. യേശുക്രിസ്തുവിനോടുള്ള ബഹുമാനത്താൽ കോൺസ്റ്റന്റെൻ ചക്രവർത്തി 337-ൽ ഈ ശിക്ഷാരീതി നിർത്തലാക്കുകയുണ്ടായി.[1][2] ഇത് ജപ്പാനിലും ഒരു ശിക്ഷാരീതിയായി ഉപയോഗത്തിലുണ്ടായിരുന്നു. അവിടെ ചില ക്രിസ്ത്യാനികളെ (ജപ്പാനിലെ ഇരുപത്താറു രക്തസാക്ഷികൾ) ഇപ്രകാരം വധിച്ചിട്ടുണ്ട്.
കത്തോലിക്കാ സഭയിലും, പൗരസ്ത്യ ഓർത്തഡോക്സ് സഭയിലും മറ്റും, യേശുവിന്റെ ദേഹബിംബം പേറുന്ന കുരിശ് അഥവാ 'ക്രൂശിതരൂപം' ഒരു പ്രധാന മതചിഹ്നമാണ്. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകളും മിക്ക ഓറിയന്റൽ ഓർത്തഡോക്സ് സഭകളും യേശുവിന്റെ രൂപമില്ലാത്ത കുരിശാണ് ഉപയോഗിക്കുന്നത്.
ലാറ്റിൻ ഭാഷയിൽ ക്രക്സ് എന്ന വാക്കിന്റെ അർത്ഥം കഴുമരമെന്നോ [3][4] ശൂലമെന്നോ[5] ആവാം.
ഇംഗ്ലീഷിലെ ക്രൂസിഫിക്സ് എന്ന പദം ലാറ്റിൻ ഭാഷയിലെ ക്രൂസിഫിക്സസ് എന്ന പദത്തിൽ നിന്നാണ് രൂപാന്തരപ്പെട്ടുണ്ടായത്. "കുരിശിലേറ്റപ്പെട്ടത്" എന്നോ "കുരിശിൽ ഉറപ്പിക്കപ്പെട്ടത്" എന്നോ ആണ് ഇതിന്റെ അർത്ഥം.[6]
അത് കണ്ടുനിൽക്കുന്നവരെ ഹീനമായ കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്നും തടയുക എന്ന ഉദ്ദേശത്തോടെയാണ് കുരിശിലേറ്റൽ സാധാരണഗതിയിൽ നടത്തിയിരുന്നത്. മരണശേഷം മൃതശരീരങ്ങൾ മറ്റുള്ളവർക്കുള്ള ഒരു താക്കീത് എന്ന നിലയ്ക്ക് പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഭയാനകവും, സാവധാനമായതും, വേദനയുള്ളതും, അപമാനകരവും, പരസ്യവുമായ മരണമായിരിക്കണം എന്ന ഉദ്ദേശത്തുകൂടിയാണ് കുരിശിലേറ്റൽ നടപ്പാക്കിയിരുന്നത്. കാലഘട്ടവും പ്രദേശവുമനുസരിച്ച് കുരിശിലേറ്റുന്ന രീതി വ്യത്യാസപ്പെട്ടിരുന്നു.
ശൂലത്തിലേറ്റൽ, മരത്തിൽ തറയ്ക്കൽ, തറയിൽ നാട്ടിയ തൂണിൽ തറയ്ക്കൽ, ഈ രീതികൾ ഇടകലർന്ന മറ്റു രീതികൾ എന്നീ മാർഗ്ഗങ്ങളെല്ലാം നടത്തുന്ന വധശിക്ഷകളെ കുരിശിലേറ്റൽ (ക്രൂസിഫിക്ഷൻ) എന്ന് വിളിച്ചിരുന്നു.[7]
ചില അവസരങ്ങളിൽ പ്രതിയെക്കൊണ്ട് കുറുകെയുള്ള പലക ശിക്ഷാസ്ഥലം വരെ ചുമപ്പിക്കുമായിരുന്നു. ഒരു മുഴുവൻ കുരിശിന്റെ ഭാരം 135 കിലോഗ്രാമിൽ കൂടുതലാകുമായിരുന്നു. കുറുകേ വയ്ക്കുന്ന ഭാഗത്തിന് 35 മുതൽ 60 വരെ കിലോഗ്രാം ഭാരമേ ഉണ്ടാകുമായിരുന്നുള്ളൂ. റോമിലെ എസ്ക്വിലിൻ കവാടത്തിനു വെളിയിൽ വധശിക്ഷ നടപ്പാക്കപ്പെടുന്ന പ്രത്യേക സ്ഥലമുണ്ടായിരുന്നുവെന്ന് ടാസിറ്റസ് എന്ന റോമൻ ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്.[8] ഇവിടെ ഒരു ഭാഗത്ത് അടിമകളെ കുരിശിലേറ്റാൻ സ്ഥലം നീക്കിവച്ചിരുന്നുവത്രേ.[9] സ്ഥിരമായി ഇവിടെ തൂണുകൾ നാട്ടപ്പെട്ടിട്ടുണ്ടാവാം. കുരിശിന്റെ കുറുകേയുള്ള ഭാഗത്ത് പ്രതിയുടെ കൈകൾ ആണിയടിച്ച് തളച്ച ശേഷം അത് ഈ തൂണുകളുമായി ബന്ധിക്കുകയായിരുന്നിരിക്കാം ചെയ്തിരുന്നത്.
വധശിക്ഷക്ക് വിധിക്കപ്പെട്ടവനെ കയറുകൊണ്ട് കുരിശിൽ ബന്ധിച്ചിരുന്നിരിക്കാം. യഹൂദ ചരിത്രകാരൻ ജോസഫസിന്റെ കൃതിയിൽ എ.ഡി.70-ൽ ജറുസലേം നഗരം പിടിച്ചെടുത്ത ശേഷം "സൈനികർ രോഷവും വെറുപ്പും കാരണം പിടിക്കപ്പെട്ടവരെ ഒന്നിനു പിറകേ ഒന്നായി ഒരു തമാശയ്ക്കെന്നോണം കുരിശിൽ ആണിയടിച്ചു തറച്ചു" എന്ന് പറയുന്നുണ്ട്[10] പ്രതികളെ കുരിശിലേറ്റാൻ ഉപയോഗിച്ച ആണിയും മറ്റും രോഗശാന്തിക്കുപകരിക്കും എന്ന വിശ്വാസത്താൽ ആൾക്കാർ ശേഖരിച്ചിരുന്നു.[11]
വധശിക്ഷയോടൊപ്പം തന്നെ കുരിശിലേറ്റൽ ഒരു അപമാനമാർഗ്ഗവുമായിരുന്നു. ചിത്രകാരന്മാർ കുരിശിൽ തറയ്ക്കപ്പെട്ടവരെ ഗുഹ്യഭാഗം മറയ്ക്കുന്ന ഒരു തുണി ധരിച്ചിരിക്കുന്നതായാണ് ചിത്രീകരിക്കുന്നതെങ്കിലും സെനേക്കയുടെ കൃതികളിൽ പ്രതികൾ പൂർണ്ണമായി നഗ്നരായിരുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.[12] പ്രതിക്ക് മലമൂത്രവിസർജ്ജനം ചെയ്യേണ്ടിവരുമ്പോൾ അത് മറ്റുള്ളവർക്കു മുന്നിൽ വച്ച് ചെയ്യേണ്ടി വരുമായിരുന്നു. ഇത് അസൗകര്യമുണ്ടാക്കും എന്നതിനു പുറമേ പ്രാണികളെ ആകർഷിക്കുകയും ചെയ്തിരുന്നു. "ഏറ്റവും ക്രൂരവും വെറുപ്പുളവാക്കുന്നതുമായ ശിക്ഷാരീതിയാണ്" കുരിശിലേറ്റൽ എന്ന് സിസറോ വിവരിച്ചിട്ടുണ്ട്.[13] "കുരിശ് എന്ന വാക്കിന്റെ പ്രയോഗം തന്നെ റോമൻ പൗരന്റെ ശരീരത്തിൽ നിന്നു മാത്രമല്ല; മനസ്സിൽ നിന്നും, കണ്ണുകളിൽ നിന്നും, ചെവിയിൽ നിന്നും മായ്ച്ചു കളയണം"[14] എന്നായിരുന്നു സിസറോയുടെ അഭിപ്രായം.
പലപ്പോഴും കുരിശിലേറ്റപ്പെടുന്നയാളുടെ കാലുകളിലെ അസ്ഥികൾ ഒരു ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തച്ചുനുറുക്കുമായിരുന്നു. ഈ പ്രവൃത്തിയെ ക്രൂസിഫ്രാഞ്ചിയം (crurifragium) എന്നായിരുന്നു വിളിച്ചിരുന്നത്. കുരിശിലേറ്റപ്പെട്ടവരുടെ മരണം വേഗത്തിലാക്കുക എന്നതു കൂടാതെ കണ്ടുനിൽക്കുന്നവരെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുക എന്നതും ഈ പ്രവൃത്തിയുടെ ലക്ഷ്യമായിരുന്നു.[15] അടിമകളുടെ കാലുകൾ കുരിശിലേറ്റൽ കൂടാതെ തന്നെ ഇപ്രകാരം തകർക്കുമായിരുന്നു[15].
പ്രതിയെ തറയ്ക്കുന്ന തടിക്ക് പല രൂപങ്ങൾ ഉണ്ടായിരുന്നു. ജറുസലേമിനെ സൈന്യം വളഞ്ഞ സമയത്ത് (70 എ. ഡി.) പലതരം പീഡനങ്ങളും പല രീതിയിൽ കുരിശിൽ തറയ്ക്കൽ നടന്നതും ജോസഫസ് വിവരിക്കുന്നുണ്ട്.[17] സെനേക എന്ന ചരിത്രകാരനും പലതരം കുരിശിലേറ്റലുകൾ വിവരിക്കുന്നു[12]
ചിലപ്പോൾ ഒരു തൂണിലായിരുന്നു കുരിശിലേറ്റൽ നടന്നിരുന്നത്. ഇതിനെ ക്രക്സ് സിംപ്ലക്സ് എന്നായിരുന്നു വിളിച്ചിരുന്നത്.[18] ചിലപ്പോൾ തൂണിനു മുകളിലായി T ആകൃതിയുണ്ടാകുന്ന രീതിയിൽ (ക്രക്സ് കോമ്മിസ്സ) മുകളിലായോ ക്രിസ്ത്യൻ കുരിശുകളിൽ കാണുന്ന മാതിരി മുകളറ്റത്തിനു തൊട്ടു താഴെ മാറിയോ (ക്രക്സ് ഇമ്മിസ്സ)[19] ആയിരുന്നു കുറുകേയുള്ള ഭാഗം ഘടിപ്പിച്ചിരുന്നത്. യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത് യേശുവിനെ ഒരു തൂണിലായിരുന്നു കുരിശിലേറ്റിയതെന്നും ക്രക്സ് ഇമ്മിസ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കണ്ടുപിടിത്തമായിരുന്നെന്നുമാണ്. X, Y ആകൃതികളിലും കുരിശുകൾ ഉണ്ടായിരുന്നു.
പുതിയ നിയമത്തിൽ കുരിശിന്റെ ആകൃതിയെപ്പറ്റി വിവരിക്കുന്നില്ല. എ.ഡി. 100 മുതലുള്ള കൃതികളിൽ T ആകൃതിയുള്ള കുരിശിനെപ്പറ്റിയോ [20] നെടുകേയും കുറുകേയുമുള്ള ഭാഗങ്ങളുള്ള കുരിശിനെപ്പറ്റിയോ ആണ് പ്രതിപാദിക്കുന്നത്.[21]
കുരിശുമരണം ചിത്രീകരണങ്ങളിൽ സാധാരണയായി യേശുവിന്റെ കൈപ്പത്തികളിൽ ആണിയടിച്ചിരിക്കുന്നതായാണ് കാണുക. യോഹന്നാന്റെ സുവിശേഷം 20:25-ൽ "കൈകളിലെ ആണിപ്പഴുതുകൾ" എന്ന പ്രയോഗമുള്ളതിനാലാവാം ഇത്. "χείρ" എന്ന ഗ്രീക്കുപദം കൈപ്പത്തി എന്ന അർത്ഥത്തിൽ മൊഴിമാറ്റിയതുകൊണ്ടുണ്ടായതാവാം ഈ ധാരണയുണ്ടായത്. "χείρ" എന്ന വാക്ക് തോളുമുതൽ താഴോട്ടുള്ള ഭാഗത്തെ മുഴുവൻ സൂചിപ്പിക്കാനാണ് സാധാരണ ഉപയോഗിച്ചിരുന്നത്.[22] കൈപ്പത്തിയെ മാത്രം സൂചിപ്പിക്കാൻ "ἄκρην οὔτασε χεῖρα" എന്നായിരുന്നു ഉപയോഗിച്ചിരുന്നത്.[23]
കയറുകൊണ്ട് ബന്ധിക്കാതെ തന്നെ ശരീരം കുരിശിൽ ഉറച്ചിരിക്കണമെങ്കിൽ കണങ്കൈയ്യിൽ റേഡിയസ്, അൾന എന്നീ അസ്ഥികൾക്കു മദ്ധ്യേ ആണി തറച്ചിരുന്നിരിക്കാം എന്ന സാദ്ധ്യതയുണ്ട്.[24]
നാഷണൽ ജ്യോഗ്രാഫിക് ചാനലിൽ സംപ്രേഷണം ചെയ്ത "ക്വെസ്റ്റ് ഫോർ ട്രൂത്ത്: ദി ക്രൂസിഫിക്ഷൺ" എന്ന ഒരു ഡോക്യുമെന്ററിയിൽ [25] കൈപ്പത്തിയിൽ ആണിയടിച്ചാലും ഒരാളെ കുരിശിൽ തറയ്ക്കാൻ സാധിക്കും എന്ന് വെളിപ്പെടുത്തുകയുണ്ടായി. കാലുകൾ കുരിശിന്റെ വശത്ത് ആണിയടിച്ച് തറയ്ക്കുന്നതുമൂലം ശരീരഭാരത്തിന്റെ ഭൂരിഭാഗവും കാലുകളിലാവും താങ്ങുക. ഇത് കൈപ്പത്തിയിലെ ആണിയിൽ ശരീരം മുഴുവനായി താങ്ങേണ്ടിവരുന്ന അവസ്ഥ ഇല്ലാതാക്കും.
ഫ്രെഡറിക് സുഗൈബ് മറ്റൊരു സാദ്ധ്യത മുന്നോട്ടു വയ്ക്കുകയുണ്ടായി. ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത്. തള്ളവിരലിനു താഴെയുള്ള മാംസളഭാഗത്തു നിന്ന് മണിബന്ധത്തിലേയ്ക്ക് കാർപൽ ടണൽ എന്ന ഭാഗത്തുകൂടി കടന്നു പോകുന്നവിധമാണ് ആണിയടിച്ചതെങ്കിലും ശരീരഭാരം താങ്ങാൻ സാധിക്കും.
ചില ചിത്രീകരണങ്ങളിൽ ഒരു കാൽത്താങ്ങും കാണപ്പെടാറുണ്ട്. ഇത് പുരാതന സ്രോതസ്സുകളിലൊന്നും പരാമർശിക്കപ്പെടുന്നില്ല. അലക്സാമെനോസ് ഗ്രാഫിറ്റോ എന്ന ചിത്രമാണ് കുരിശുമരണത്തിന്റെ നിലവിലുള്ള ഏറ്റവും പഴയ ചിത്രീകരണമായി കണക്കാക്കപ്പെടുന്നത്. ഇതിൽ ഒരു കാൽത്താങ്ങ് കാണുന്നുണ്ടത്രേ.[26] ചില പുരാതന സ്രോതസ്സുകളിൽ സെഡൈൽ എന്ന ഒരു ചെറിയ ഇരിപ്പിടം കുരിശിൽ ഘടിപ്പിച്ചിരുന്നതായി പറയുന്നുണ്ട്.[27] കൈപ്പത്തിയിൽ ശരീരഭാരത്താൽ ചെലുത്തപ്പെടുന്ന മർദ്ദം കുറയ്ക്കാൻ ഇതും ഉപകരിച്ചിരുന്നിരിക്കാം. കോർണു എന്ന മുനയുള്ള ഒരു ഭാഗവും ഒരുപക്ഷേ ഈ ഇരിപ്പിടത്തിൽ ഘടിപ്പിക്കപ്പെട്ടിരുന്നിരിക്കാം. ഗുദത്തിലേയ്ക്കോ യോനിയിലേയ്ക്കോ തുളഞ്ഞുകയറുന്നവിധമായിരുന്നിരിക്കണം ഇതിന്റെ നിർമിതി.[12] ഇത്തരം സംവിധാനങ്ങൾ വേദന കുറയ്ക്കാനല്ല, മറിച്ച് മരിക്കാനെടുക്കുന്ന സമയം കൂട്ടാനേ ഉപകരിക്കുമായിരുന്നുള്ളൂ. കോർണു വേദനയും അപമാനവും വർദ്ധിപ്പിക്കാനും ഉപകരിച്ചിരുന്നിരിക്കാം.
1968-ൽ ജെറുസലേമിന് വടക്കു കിഴക്കായി ഗിവ്'അത് ഹാ-മിവ്റ്റാർ എന്ന സ്ഥലത്ത് കുരിശിലേറ്റപ്പെട്ട ഒരാളുടെ ശരീരാവശിഷ്ടം കണ്ടെത്തുകയുണ്ടായി. ഇയാൾ ഒന്നാം നൂറ്റാണ്ടിൽ കുരിശിലേറ്റപ്പെട്ടതായിരുന്നുവത്രേ. ഉപ്പൂറ്റിയിലെ കാൽകേനിയസ് എന്ന അസ്ഥിയുടെ വശത്തുനിന്ന് ആണി തുളച്ച നിലയിലായിരുന്നു കാണപ്പെട്ടത്. ആണിയുടെ അറ്റം വളഞ്ഞു പോയിട്ടുണ്ടായിരുന്നതിനാൽ ഇത് കാലിൽ നിന്ന് ഊരിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ആണിക്ക് 11.5 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ഇയാളുടെ കാര്യത്തിൽ കാലിന്റെ ഉപ്പൂറ്റികൾ കുരിശിന്റെ നെടുകേയുള്ള തൂണിന്റെ ഇരുവശവുമായി ആണിയടിച്ചുറപ്പിച്ചിരുന്നിരിക്കാം എന്നനുമാനിക്കപ്പെടുന്നു.[28][29][30] പുരാതന കുരിശിലേറ്റലിന്റെ ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ള ഒരേയൊരു അവശിഷ്ടമാണ് ഈ അസ്ഥികൂടം.[31]
കുരിശിലേറ്റപ്പെട്ടയാൾ മരിക്കാനെടുക്കുന്ന സമയം മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ നീണ്ടേയ്ക്കാം. കുരിശിലേറ്റാൻ ഉപയോഗിച്ച രീതി, പ്രതിയുടെ ആരോഗ്യം, കാലാവസ്ഥ എന്നിങ്ങനെ പല ഘടകങ്ങളും മരിക്കാനെടുക്കുന്ന സമയത്തെ സ്വാധീനിക്കാം. രക്തസ്രാവം മൂലമുണ്ടാകുന്ന ഹൈപോവോളീമിക് ഷോക്ക്, അണുബാധ, ജലാംശനഷ്ടം എന്നിങ്ങനെ പല കാരണങ്ങളാൽ മരണം സംഭവിക്കാം.[32][33]
ശരീരഭാരം മുഴുവൻ താങ്ങുന്നത് കൈകളിലാണെങ്കിൽ ശ്വാസം മുട്ടൽ മൂലം മരണം സംഭവിക്കാം എന്ന അഭിപ്രായം പിയറി ബാർബെറ്റ് എന്ന ഡോക്ടർ മുന്നോട്ടുവയ്ക്കുകയുണ്ടായി.[34] അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നെഞ്ചും ശ്വാസകോശങ്ങളൂം ക്രമാതീതമായി വികസിക്കുന്നതിനാൽ ശ്വാസം ഉള്ളിലേയ്ക്ക് വലിക്കാൻ പ്രയാസം നേരിടുമെന്നും അതുമൂലം പ്രതിക്ക് കൈകളിൽ ഭാരം കൊടുത്ത് ശരീരം മുകളിലേയ്ക്കുയർത്തിയോ കാലുകളിൽ ബലം കൊടുത്തോ ശ്വാസം വലിക്കേണ്ടിവരുമെന്നുമാണ്. ഇത് ക്രമേണ ക്ഷീണം മൂലം ശരീരം തളരാൻ കാരണമാകുമത്രേ. തളർന്ന് ശരീരം ഉയർത്താൻ സാധിക്കാതെവരുമ്പോൾ മിനിട്ടുകൾക്കുള്ളിൽ ശ്വാസം മുട്ടൽ മൂലം പ്രതി മരിക്കാനിടയാകുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഫ്രെഡറിക് സുഗൈബ് നടത്തിയ പരീക്ഷണങ്ങൾ കാണിക്കുന്നത് കൈകൾ ലംബത്തിൽ നിന്ന് 60°-യോ 70°-യോ കോണിൽ നിലകൊള്ളുന്ന സ്ഥിതിയിൽ മനുഷ്യർക്ക് ബുദ്ധിമുട്ടില്ലാതെ ശ്വാസം വലിക്കാൻ സാധിക്കുമെന്നാണ്. പരീക്ഷണത്തിൽ പങ്കെടുത്തവർക്ക് വളരെ വേഗം വർദ്ധിക്കുന്ന തരത്തിൽ വേദന തോന്നിയിരുന്നു.[35][36] ഈ നിരീക്ഷണം വളരെ ദൈർഘ്യമുള്ളതും വേദനാജനകവുമായ മരണം നൽകണമെന്നുദ്ദേശിച്ചാണ് റോമാക്കാർ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നതെന്ന വാദത്തെ സാധൂകരിക്കുന്നു. സാധാരണഗതിയിൽ കാലുകളുടെ അസ്ഥികൾ തല്ലിയൊടിക്കുമായിരുന്നത്രേ. ട്രോമാറ്റിക് ഷോക്ക്, ഫാറ്റ് എംബോളിസം, കാലുകളിൽ ഭാരം താങ്ങാൻ കഴിയാത്തതുമൂലമുണ്ടാകുന്ന (കൈകളിൽ ശരീരഭാരം താങ്ങേണ്ടിവരുന്നതു മൂലമുണ്ടാകുന്ന) ശ്വാസം മുട്ടൽ എന്നീ കാരണങ്ങളാൽ മരണം വേഗം നടക്കാൻ ഇത് കാരണമാകും.
മരണത്തിനു മുൻപ് 2 മുതൽ 4 ദിവസം വരെയായിരുന്നു സാധാരണഗതിയിൽ ആൾക്കാർ പീഡനമനുഭവിച്ച് കുരിശിൽ കിടന്നിരുന്നത്.[37] ഒൻപതു ദിവസം വരെ കുരിശിലേറ്റപ്പെട്ടയാൾ ജീവിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുരിശിലേറ്റിയാലുടൻ തന്നെ മരണമുണ്ടാകില്ല എന്നതിനാൽ കുറച്ചുസമയം മാത്രം കുരിശിലേറ്റപ്പെട്ട ശേഷം രക്ഷപ്പെടൽ സാദ്ധ്യമാണ്. മതപരമായ ചടങ്ങ് എന്ന നിലയിൽ എല്ലാ വർഷവും കുരിശിലേറ്റപ്പെടുന്നവർ ഉദാഹരണം.
കൊല്ലണമെന്ന ഉദ്ദേശത്തോടു കൂടിയാണ് കുരിശിലേറ്റൽ നടന്നതെങ്കിലും ഇടയ്ക്കുവച്ച് നിർത്തലാക്കിയതിനാൽ പ്രതി രക്ഷപ്പെട്ടതിന്റെ ഒരുദാഹരണം പുരാരേഖകളിലുണ്ട്. ജോസഫസ് ഇതെപ്പറ്റി എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:
“ | ഞാൻ ധാരാളം തടവുകാരെ കുരിശിലേറ്റപ്പെട്ടിരിക്കുന്നതു കാണുകയുണ്ടായി. അതിൽ മൂന്നുപേർ എനിക്ക് പരിചയമുള്ളവരാണെന്ന് കണ്ടപ്പോൾ വ്യാകുലപ്പെട്ട് കണ്ണിൽ അശ്രുക്കളുമായി ഞാൻ ടൈറ്റസിനെ സമീപിച്ച് അവരെപ്പറ്റി പറഞ്ഞു. അവരെ ഉടൻ തന്നെ താഴെയിറക്കാനും രക്ഷപെടാൻ വേണ്ടവിധം ശുശ്രൂഷിക്കാനും ടൈറ്റസ് ആജ്ഞാപിച്ചു. എങ്കിലും അവരിൽ രണ്ടുപേർ വൈദ്യന്റെ പരിചരണത്തിലായിരിക്കെ മരണമടഞ്ഞു. മൂന്നാമൻ രക്ഷപ്പെട്ടു.[38] | ” |
തന്റെ മൂന്നു സുഹൃത്തുക്കളെ എങ്ങനെയായിരുന്നു കുരിശിലേറ്റിയതെന്നോ അവർ എത്ര സമയം കുരിശിൽ കിടന്നുവെന്നോ ജോസഫസ് വ്യക്തമാക്കുന്നില്ല.
യേശുക്രിസ്തുവിനെയും ഇപ്രകാരം മരിക്കുന്നതിനു മുൻപായി താഴെയിറക്കുകയായിരുന്നുവെന്ന് ചിലർ [39][40] അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇസ്ലാം മതത്തിലെ വിശ്വാസവും യേശുവിന്റെ മരണം കുരിശിലായിരുന്നില്ല എന്നാണ്. ഈ അഭിപ്രായത്തിനെതിരായ പ്രധാന വാദം യേശുവിന്റെ നെഞ്ചിൽ കുന്തം കുത്തിയിറക്കുന്നതായി യോഹന്നാന്റെ സുവിശേഷത്തിൽ പറയുന്നതാണ്. നാലു പ്രധാന (കാനോനിക്കൽ) സുവിശേഷങ്ങളിൽ അവസാനത്തേതായ യോഹന്നാന്റെ സുവിശേഷത്തിലൊഴികെ മറ്റു സുവിശേഷങ്ങളിൽ ഈ സംഭവം വിവരിക്കാത്തതിനാൽ കുന്തം കുത്തിയ കഥ സുവിശേഷകർത്താവ് കെട്ടിച്ചമച്ചതാവാം എന്നതാണ് ഇതിനെതിരായുള്ള വാദഗതി.[41]
യോഹന്നാന്റെ സുവിശേഷത്തിൽ കുന്തം കൊണ്ട് കുത്തിയപ്പോൾ നെഞ്ചിൽ നിന്ന് രക്തവും ജലവും ഒഴുകി എന്ന വിവരണം അക്കാലത്തെ ശരീരശാസ്ത്രജ്ഞാനം വച്ച് കെട്ടിച്ചമയ്ക്കാൻ സാദ്ധ്യമല്ലാത്ത ഒന്നാണെന്നും ഇത് ആ വിവരണം സത്യമാണെന്നതിന്റെ തെളിവാണെന്നും വാദമുണ്ട്.[42][43]
ഡ്ബ്ല്യൂ. ഡി. എഡ്വാർഡ്സ്, ഡബ്ലിയൂ. ജെ. ഗാബെൽ, എഫ്. ഇ. ഹോസ്മർ എന്നീ വൈദ്യശാസ്ത്രവിദഗ്ദ്ധർ ഗ്രീക്കുഭാഷയിലെ പുതിയനിയമവും വൈദ്യശാസ്ത്രജ്ഞാനവും ഉപയോഗിച്ചു നടത്തിയ വിശകലനം ഇപ്രകാരമാണ്:
“ | യേശുവിനെ യഹൂദന്മാരും റോമാക്കാരും വിചാരണ ചെയ്യുകയും, ചാട്ടവാർ കൊണ്ടടിക്കുകയും കുരിശുമരണത്തിനു വിധിക്കുകയും ചെയ്തു. ചാട്ടവാറടി ശരീരത്തിൽ നീളത്തിൽ പൊട്ടിയ മുറിവുകളും അതിൽ നിന്ന് സാരമായ രക്തസ്രാവവും ഉണ്ടാക്കിയിരുന്നിട്ടുണ്ടാവും. ഇത് ഹൈപോവോളീമിക് ഷോക്ക് എന്ന അവസ്ഥയ്ക്ക് വഴിവച്ചിരിക്കാം. യേശുവിന് ഗോൽഗൊത്തയിലേയ്ക്ക് കുരിശിന്റെ കുറുകേയുള്ള ഭാഗം ചുമക്കാൻ പ്രയാസമുണ്ടായി എന്നത് ഇതിന്റെ തെളിവാണ്. കുരിശിലേറ്റലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മണിബന്ധങ്ങളും അതിനു ശേഷം കാലുകളും കുരിശിനോട് ആണിയടിച്ചുറപ്പിച്ചിരുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ യേശുവിനെ കുരിശിൽ ആണിയടിച്ചുറപ്പിച്ചതാണെന്ന വിവരണമുള്ളൂ. മറ്റു മൂന്നു സുവിശേഷങ്ങലിലും ആണികളുടെ കാര്യം പ്രസ്താവിക്കുന്നില്ല. യോഹന്നാന്റെ സുവിശേഷം മറ്റു സുവിശേഷങ്ങൾ എഴുതിയതിന് ഇരുപതു വർഷമെങ്കിലും ശേഷമാണ് എഴുതപ്പെട്ടത്. എഴുത്തിന്റെ രീതിയും ഭാവവും മറ്റുള്ളവയിൽ നിന്ന് വളരെ വ്യത്യസ്തമാണ്. ആദ്യ മൂന്ന് സുവിശേഷങ്ങളിൽ യേശു "നിങ്ങളുടെ കാലത്തുതന്നെ" ലോകാവസാനം വരുമെന്ന് പ്രവചിക്കുന്ന ഒരു പ്രവാചകനാണ്. അതു നടന്നില്ല. അതിനാൽ യോഹന്നാന്റെ സുവിശേഷത്തിലെ സന്ദേശം തികച്ചും വ്യത്യസ്തമാണ്. ഈ സുവിശേഷങ്ങളൊന്നും അവയെഴുതി എന്നു പറയപ്പെടുന്നവരാൽ എഴുതപ്പെട്ടവയല്ലാത്തതിനാൽ അവ വാമൊഴി ചരിത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് എന്നതാണ് വസ്തുത. എന്താണ് സംഭവിച്ചതെന്ന് നമുക്ക് വ്യക്തമായി അറിയില്ല എന്നതാണ് സത്യം. ദൃക്സാക്ഷികൾ ഇതെപ്പറ്റി ഒന്നും എഴുതിയിട്ടില്ല. അദ്ദേഹം ശരിക്കും കുരിശിൽ മരിച്ചിരുന്നുവോ? കുരിശിൽ ബോധംകെട്ടുകിടന്ന യേശുവിനെ താഴെയിറക്കിയതാണെന്ന വാദം (സ്വൂൺ തിയറി) ശരിയാണോ? വളരെ നേരത്തേതന്നെ യേശുവിനെ താഴെയിറക്കിയെങ്കിൽ അദ്ദേഹത്തിന് ജീവനുണ്ടാകാൻ സാദ്ധ്യതയുണ്ടായിരുന്നു. അദ്ദേഹം മരിച്ചിരുന്നുവെങ്കിൽ തളർച്ച, മൂലം ശ്വാസം മുട്ടുൽ, ഹൈപോവോളീമിക് ഷോക്ക് എന്ന കാരണങ്ങളാലാവണം അതു സംഭവിച്ചത്. ലഭ്യമായ ചില തെളിവുകളുടെ ആധുനിക വൈദ്യശാസ്ത്രമുപയോഗിച്ചുള്ള വിശകലനം സൂചിപ്പിക്കുന്നത് കുരിശിൽനിന്നിറക്കുമ്പോൾ യേശുവിന് ജീവനുണ്ടായിരുന്നില്ല എന്നാണ്. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം പറയുന്നതുപോലെ യേശുവിന്റെ നെഞ്ചിൽ കുന്തം കൊണ്ട് കുത്തിയിരുന്നില്ല എങ്കിൽ അദ്ദേഹത്തിനെ കുരിശിൽ നിന്നിറക്കുമ്പോൾ ജീവനുണ്ടായിരുന്നിരിക്കാനാണ് സാദ്ധ്യത [44][45] | ” |
യഹൂദ ചരിത്രകാരൻ ജോസഫസിന്റെ കൃതിയിലും മറ്റു ഗ്രന്ഥങ്ങളിലും ആയിരക്കണക്കിനാൾക്കാരെ റോമാസാമ്രാജ്യത്തിൽ കുരിശിലേറ്റിയതിനെപ്പറ്റി പറയുന്നുണ്ടെങ്കിലും ഇതുവരെ യേശുവിന്റെ കാലത്തിനോടടുത്ത് കുരിശിലേറ്റപ്പെട്ട ഒരു മനുഷ്യന്റെ അസ്ഥി മാത്രമേ പുരാവസ്തുഗവേഷകർക്ക് ലഭിച്ചിട്ടുള്ളൂ. 1968-ൽ ജറുസലേമിൽ നിന്നാണ് ഇത് ലഭിച്ചത്. മറവുചെയ്തവരുടെ അസ്ഥികളും മറ്റും സംരക്ഷിക്കപ്പെടുന്നതുപോലെ കുരിശിലേറ്റപ്പെട്ടയാളുകളുടെ ശരീരാവശിഷ്ടങ്ങൾ സാധാരണഗതിയിൽ സംരക്ഷിക്കപ്പെടാൻ സാദ്ധ്യതയില്ല. ശരീരം ചീഞ്ഞളിയുംവരെ കുരിശിൽത്തന്നെ കിടത്തുന്നതാണിതിനു കാരണം. കുടുംബാംഗങ്ങൾ ആചാരപ്രകാരം മറവുചെയ്തതിനാലാണ് ഇയാളുടെ അസ്ഥികൾ ലഭ്യമായതത്രേ.
ആകസ്മികമായാണ് ഒരസ്ഥിമാടത്തിൽ നിന്ന് ഈ അസ്ഥികൾ ലഭിച്ചതത്രേ. 'ഹാഗാകോലിന്റെ മകൻ യെഹോഹനാൻ' എന്ന് അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.[46][47] ജെറുസലേം യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിലെ ആന്ത്രപ്പോളജിസ്റ്റ് നികു ഹാസ് ഈ സ്ഥലം പരിശോധിച്ചപ്പോൾ, ഇയാളെ കുരിശിലേറ്റുകയായിരുന്നു എന്നതിന്റെ തെളിവായി, വശത്തുനിന്നും ആണി തുളച്ചു കയറിയ നിലയിൽ ഒരു ഉപ്പൂറ്റിയിലെ അസ്ഥി ലഭിച്ചു. ആണിയുടെ സ്ഥാനത്തിൽ നിന്നും വ്യക്തമാകുന്നത് കാലുകൾ വശങ്ങളിൽ നിന്നാണ് തുളച്ചതെന്നും മുന്നിൽ നിന്നല്ല എന്നുമാണ്. കാലുകൾ ആണിയടിച്ചുറപ്പിച്ചത് ഒരുമിച്ച് കുരിശിന്റെ മുന്നിൽ നിന്നായിരുന്നുവോ അതോ രണ്ടുകാലും പ്രത്യേകമായി കുരിശിന്റെ വശങ്ങളിലാണോ എന്ന കാര്യത്തിൽ പല അഭിപ്രായങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ആണിയുടെ അഗ്രത്തിൽ ഒലീവ് മരത്തിന്റെ സൂക്ഷ്മഭാഗങ്ങളുണ്ടായിരുന്നു. അയാളെ ഒലീവ് മരത്തിലോ ഒലീവ് മരം കൊണ്ടുണ്ടാക്കിയ കുരിശിലോ ആയിരിക്കും കുരിശിലേറ്റിയതെന്ന് ഇതിൽ നിന്ന് അനുമാനിക്കാം. ഒലീവ് മരങ്ങൾക്ക് വലിയ പൊക്കമില്ലാത്തതിനാൽ അയാളെ സാധാരണ മനുഷ്യന്റെ ഉയരത്തിലായിരുന്നിരിക്കാം കുരിശിലേറ്റിയതെന്ന് ഊഹിക്കാം.
ആണിയുടെ തലയ്ക്കും അസ്ഥിക്കുമിടയിലായി ഒരു അക്കേഷ്യ മരത്തിന്റെ കഷണവും കാണപ്പെട്ടു. പ്രതി സ്വന്തം കാല് ആണിയുടെ തലയിലൂടെ ഊരിയെടുക്കാതിരിക്കാനാവണം ഇതു ചെയ്തത്. ഇയാളുടെ കാലിലെ അസ്ഥികൾ ഒടിഞ്ഞതായാണ് കാണപ്പെട്ടത്. യോഹന്നാന്റെ സുവിശേഷം 19:31-35-ൽ പറഞ്ഞിരിക്കുന്നതുപോലെ മരണം വേഗത്തിലാക്കാൻ അസ്ഥികൾ ഒടിച്ചതിനാലാവണം ഇങ്ങനെ കാണപ്പെട്ടത്. റോമാസാമ്രാജ്യത്തിന്റെ കാലത്ത് ഇരുമ്പിന് ക്ഷാമമുണ്ടായിരുന്നതിനാൽ ചെലവു ചുരുക്കാൻ മൃതശരീരങ്ങളിൽ നിന്ന് ആണികൾ എടുത്തുമാറ്റപ്പെട്ടിരുന്നിരിക്കണം. ഹാസിന്റെ അഭിപ്രായത്തിൽ ആണിയുടെ അറ്റം തിരിച്ചെടുക്കാനാവാത്തവിധം വളഞ്ഞുപോയതിനാലാവണം ഒരാണിമാത്രം കാണപ്പെട്ടത്.
ഇയാളുടെ കാർപൽ അസ്ഥികൾക്ക് (കൈപ്പത്തിയിൽ മണിബന്ധത്തിൽ കാണപ്പെടുന്ന ചെറിയ അസ്ഥികൾ) ഒടിവൊന്നും കാണപ്പെട്ടിരുന്നില്ല. വലതു കൈയ്യിലെ റേഡിയസ് അസ്ഥിയുടെ ഉൾഭാഗത്തായി ഒരു ഉരവുള്ളതായി ഹാസ് കണ്ടെത്തുകയുണ്ടായി. ഈ വസ്തുതകളിൽ നിന്ന് മണിബന്ധത്തിനു മുകളിലായി റേഡിയസ്, അൾന എന്നീ അസ്ഥികൾക്കിടയിലായായിരിക്കണം ആണിയടിച്ചതെന്നാണ് ഹാസ് അനുമാനിക്കുന്നത്. ഹാസിന്റെ പല കണ്ടുപിടിത്തങ്ങളോടും ചില ശാസ്ത്രജ്ഞർ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്. റേഡിയസ് അസ്ഥിയിലെ ഉരവുകൾ പരിക്കുമൂലമുണ്ടായതല്ല എന്നും അതിനാൽ ഇത് കുരിശിലേറ്റലിന്റെ തെളിവല്ലെന്നുമാണ് വാദം.[48]
കുരിശിലേറ്റലോ ശൂലത്തിലേറ്റലോ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ പേർഷ്യയിലും (അക്കമെനിഡ് പേർഷ്യ), മാസഡോണിയയിലും, കാർത്തേജിലും നിലവിലുണ്ടായിരുന്നു. വധശിക്ഷ നടപ്പാക്കാൻ ചുമതലയുള്ള റോമൻ സൈനികർക്ക് മരണമുറപ്പാകുംവരെ വധശിക്ഷാസ്ഥലത്തുനിന്ന് പോകാനനുവാദമില്ലാതിരുന്നതിനാൽ അവർ അസ്ഥികൾ ഒടിക്കുക, നെഞ്ചിൻകൂടിൽ ശക്തിയായടിക്കുക, നെഞ്ചിൽ കത്തി കുത്തിയിറക്കുക, കുരിശിനു കീഴിൽ പുകച്ച് ശ്വാസം മുട്ടിക്കുക തുടങ്ങി മരണം വേഗത്തിലാക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചിരുന്നു.[33]
ഗ്രീക്കുകാർ കുരിശിലേറ്റലിനെതിരായ നിലപാടാണ് പൊതുവേ എടുത്തിരുന്നത്.[53] എന്നിരുന്നാലും ഹെറോഡോട്ടസ് തന്റെ ഹിസ്റ്ററീസ്, (ix.120–122) എന്ന പുസ്തകത്തിൽ 479 ബി.സി.യിൽ അഥീനക്കാർ പേർഷ്യൻ സൈന്യാധിപനെ വധിച്ചത് വിവരിക്കുന്നുണ്ട്:
“ | അവർ അയാളെ ഒരു മരപ്പലകയിൽ ആണിയടിച്ചുറപ്പിച്ചശേഷം ഉയരത്തിൽ തൂക്കിയിട്ടു .... ഇത് കുരിശുമരണമനുഭവിച്ച അർടൈക്റ്റസ് ആയിരുന്നു." | ” |
[54] സാധാരണഗതിയിൽ ഗ്രീക്കുകാർ ഈത്തരം ക്രൂരത കാണിക്കാത്തതാണെന്നും നാട്ടുകാരുടെ വികാരത്തിനു കീഴ്പെട്ടതുകൊണ്ടോ കുറ്റത്തിന്റെ വലിപ്പം കൊണ്ടോ ആയിരിക്കാം ഇങ്ങനെ ചെയ്തതെന്നും ഹൗ, വെല്സ് എന്നിവർ കമന്ററി ഓൺ ഹെറോഡോട്ടസ് എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നുണ്ട്.[55]
ടാർസസ്വാസിയായ പൗലോസ് അപ്പസ്തോലൻ (ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനം 3:13) തുടങ്ങിയുള്ള ക്രിസ്ത്യൻ എഴുത്തുകാർ, കുരിശുമരണവും നിയമാവർത്തനം പുസ്തകത്തിലെ 21:22-23 എന്നീ വരികളും തമ്മിൽ സാദൃശ്യം കാണുന്നുണ്ട്. നിയമാവർത്തനത്തിൽ വിവരിക്കുന്നത് ഒരു മരത്തിൽ കെട്ടിത്തൂക്കുന്നതിനെപ്പറ്റിയാണ്. പുരാതന യഹൂദ നിയമം കല്ലെറിയൽ, ചുട്ടുകൊല്ലൽ, കഴുത്തു ഞെരിക്കൽ, ശിരഛേദം എന്നിങ്ങനെ നാല് വധശിക്ഷാമാർഗ്ഗങ്ങളേ അനുവദിച്ചിരുന്നുള്ളൂ. കുരിശിലേറ്റൽ പുരാതന യഹൂദനിയമത്താൽ നിരോധിതമായിരുന്നു.[56]
അലക്സാണ്ടർ ചക്രവർത്തി ഫിനീഷ്യൻ നഗരമായിരുന്ന ടൈർ കീഴടക്കിയശേഷം 2000 പേരെ കുരിശിലേറ്റുകയുണ്ടായി.[57] അലക്സാണ്ടറിന്റെ സുഹൃത്ത് ഹെഫൈസ്റ്റിയണിനെ ചികിത്സിച്ചതിൽ പിഴവുവരുത്തിയ ഡോക്ടറെയും കുരിശിലേറ്റുകയുണ്ടായത്രേ. തന്റെ ഔദ്യോഗിക ചരിത്രകാരനായിരുന്ന കാലിസ്തനിസിനെയും അദ്ദേഹം കുരിശിലേറ്റിയിരുന്നു എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നുണ്ട്. രാജാവിനെ ആരാധിക്കുന്ന പേർഷ്യൻചടങ്ങ് അലക്സാണ്ടർ സ്വീകരിച്ചതിനെ എതിർത്തതായിരുന്നുവത്രേ ഇതിനു കാരണം.
കാർത്തേജിൽ, കുരിശിലേറ്റൽ വ്യവസ്ഥാപിതമായ ഒരു ശിക്ഷാരീതിയായിരുന്നു. പരാജയപ്പെട്ട സൈന്യാധിപരെ ഇപ്രകാരം വധിക്കാറുണ്ടായിരുന്നുവത്രേ.
പുരാതനറോമിലെ കുരിശിലേറ്റൽ എന്ന ശിക്ഷാരീതി പ്രാചീനകാലത്തെ ആർബോറി സസ്പെൻഡേർ (പരലോകത്തെ ദൈവങ്ങൾക്ക് സമർപ്പിക്കപ്പെട്ട നിർഭാഗ്യവാനായ മരത്തിൽ - ആർബോർ ഇൻഫെലിക്സ്- തൂക്കിയിട്ടുകൊല്ലുക) എന്ന പ്രാചീനരീതിയുടെ തുടർച്ചയിൽനിന്നുണ്ടായതാണെന്ന അഭിപ്രായം നിലവിലുണ്ട്. ഇതിനെ വില്യം എ. ഓൾഡ്ഫാദർ നിരാകരിക്കുന്നു. പൂർവികാചാരമനുസരിച്ചുള്ള ഇത്തരം ശിക്ഷയിൽ (സപ്ലീസിയം മോറെ മജോറം) പ്രതിയെ ഏതെങ്കിലും മരത്തിൽ (ദൈവങ്ങൾക്ക് സമർപ്പിക്കപ്പെട്ടതല്ല) നിന്ന് തൂക്കിയിട്ടശേഷം തച്ചുകൊല്ലുക എന്നതായിരുന്നു രീതിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.[58] എ. ഡി. ഒന്നാം ശതകത്തിൽ മരങ്ങൾ കുരിശിലേറ്റലിനുപയോഗിക്കപ്പെട്ടതായി ടെർടല്യൺ പ്രസ്താവിക്കുന്നുണ്ട്.[59] സെനേക്യ (ഇളയയാൾ) നിർഭാഗ്യവാനായ തടി ഇൻഫെലിക്സ് ലിഗ്നം എന്ന് കുരിശിനെ വിവരിക്കുന്നുണ്ട്.[60] പ്ലേറ്റസ്, പ്ലൂട്ടാർക്ക് എന്നിവരാണ് പ്രതികൾ കുരിശിന്റെ കുറുകേയുള്ള ഭാഗം (പാറ്റിബുലം) നെടുയേയുള്ള ഭാഗം (സ്ടൈപ്സ്) നിൽക്കുന്നയിടം വരെ ചുമന്നുകൊണ്ടു പോകുന്ന കാര്യം വിവരിക്കുന്ന രണ്ടു പ്രധാന സ്രോതസ്സുകൾ.[61]
അടിമകളെയും, കടൽക്കൊള്ളക്കാരെയും, ദേശദ്രോഹികളെയും കൊല്ലാൻ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നു. രാജ്യദ്രോഹം പോലെയുള്ളതൊഴികെയുള്ള അവസരങ്ങളിൽ റോമൻ പൗരന്മാർക്ക് കുരിശിലേറ്റൽ ശിക്ഷ വിധിച്ചിരുന്നില്ലത്രേ.
മൂന്നാം അടിമയുദ്ധം (73–71 ബി.സി.), ബി.സി. രണ്ടാം നൂറ്റാണ്ടിലും ഒന്നാം നൂറ്റാണ്ടിലും നടന്ന മറ്റു റോമൻ ആഭ്യന്തരയുദ്ധങ്ങൾ, ജറുസലേമിന്റെ നശീകരണം (70 എ.ഡി.) എന്നിവയോടനുബന്ധിച്ചാണ് കുപ്രസിദ്ധമായ കൂട്ട കുരിശിലേറ്റലുകൾ നടന്നിട്ടുള്ളത്.
പുരാതന റോമൻ നിയമവ്യവസ്ഥപ്രകാരം കുരിശിലേറ്റൽ ശിക്ഷ സമൂഹത്തിൽ പ്രതിക്കുള്ള താഴ്ന്ന സ്ഥാനം പ്രദർശിപ്പിക്കാനുള്ള ഒരവസരം കൂടിയായിരുന്നു. ആദ്യകാലങ്ങളിൽ ഇത് അടിമകൾക്കു മാത്രം നൽകപ്പെട്ടിരുന്ന ശിക്ഷയായിരുന്നുവത്രേ. റോമൻ പൗരന്മാരെ നിവൃത്തിയുണ്ടെങ്കിൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിഴയോ നാടുകടത്തലോ ആയിരുന്നു അവർക്കു നൽകിയിരുന്ന ശിക്ഷ.
ശിക്ഷയ്ക്കു മുന്നേ പ്രതിയെ ചാട്ടവാറടിക്ക് വിധേയമാക്കുമായിരുന്നു. അതിനു ശേഷം കുരിശിന്റെ കുറുകേയുള്ള ഭാഗം (പാറ്റിബുലം) ശിക്ഷ നടപ്പാക്കുന്ന സ്ഥലത്തേയ്ക്ക് പ്രതിയെക്കൊണ്ട് ചുമപ്പിക്കുമായിരുന്നുവത്രേ. ശിക്ഷിക്കപ്പെട്ടവരെ വിവസ്ത്രരാക്കുമായിരുന്നു. പുതിയ നിയമത്തിലെ സുവിശേഷങ്ങളെല്ലാം സൈനികർ യേശുവിന്റെ വസ്ത്രങ്ങൾ പങ്കിട്ടതായും മേലങ്കിയുടെ അവകാശത്തിനായി നറുക്കെടുത്തതായി വിവരിക്കുന്നുണ്ട് (ഉദാഹരണം മത്തായിയുടെ സുവിശേഷം 27:35; മാർക്കോസിന്റെ സുവിശേഷം 15:24, ലൂക്കോസിന്റെ സുവിശേഷം 23:34; യോഹന്നാന്റെ സുവിശേഷം 19:23-25).
റോമാസാമ്രാജ്യത്തിലെ ആദ്യ ക്രിസ്ത്യൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ 337 എ.ഡി.യിൽ ക്രിസ്തുവിനോടുള്ള ബഹുമാനാർത്ഥം കുരിശിലേറ്റൽ നിരോധിക്കുകയുണ്ടായി.[1][62][63]
ഖുറാനിൽ കുരിശിലേറ്റൽ പലപ്രാവശ്യം പരാമർശിക്കുന്നുണ്ട്. സൂറ 7:124, ഫിറൗൻ (ഫറവോയുടെ അറബി) തന്റെ പ്രധാന മന്ത്രവാദികളെ "കുരിശിലേറ്റുക" എന്ന കൽപ്പന കൊടുക്കുന്നുണ്ട്.[64] സൂറ 12:41-ൽ യൂസുഫ് പ്രവാചകൻ ആ നാട്ടിലെ രാജാവ് തന്റെ തടവുകാരിലൊരാളെ കുരിശിലേറ്റും എന്ന് പ്രവചിക്കുന്നുണ്ട്.[65]
സൂറ 5:33-ൽ ഖുറാനിൽ കുരിശിലേറ്റലിനെപ്പറ്റി ഒരു ശിക്ഷാരീതി എന്ന നിലയിൽ പരാമർശിക്കുന്നുണ്ട്. മോഷ്ടിച്ച ശേഷം കൊലപാതകം നടത്തുന്നയാൾക്കുള്ള ശിക്ഷയാണ് കുരിശിലേറ്റൽ.
350 വർഷക്കാലം വധശിക്ഷയില്ലാതിരുന്നതിനു ശേഷം സെങ്കുക്കു കാലഘട്ടത്തിലാണ് (1467–1573), കുരിശിലേറ്റൽ പുനരാരംഭിച്ചത്.[67] ഇവിടങ്ങളിൽ ക്രിസ്തുമതം എത്തിയതിനെത്തുടർന്നാണ് ജപ്പാൻകാർക്ക് ഈ ശിക്ഷയെക്കുറിച്ചുള്ള അറിവുലഭിച്ചതെന്നാണ് വിശ്വസിക്കുന്നത്.[67] ഹരിറ്റ്സുകെ (磔) എന്നാണ് ഇത് ജപ്പാനിൽ അറിയപ്പെട്ടിരുന്നത്. ടോകുഗാവ ഷോഗണേറ്റിന്റെ ഭരണകാലത്തും അതിനു മുൻപും ഈ രീതി ഉപയോഗത്തിലുണ്ടായിരുന്നു. പ്രതികളെ (മിക്കവാറും മാടമ്പിമാർ ശിക്ഷിച്ച സാധാരണക്കാർ) "T" ആകൃതിയിലുള്ള ഒരു കുരിശിലാണ് തറച്ചിരുന്നത്. കുരിശിലേറ്റിയ ശേഷം ആരാച്ചാർ നിലത്തു നിന്നുകൊണ്ട് നെഞ്ചിനു താഴെ കുന്തം കൊണ്ട് കുത്തിയായിരുന്നു പ്രതിയെ വധിച്ചിരുന്നത്. അതിനു ശേഷം ശരീരം കുറച്ചു സമയം കുരിശിൽത്തന്നെ നിർത്തി പ്രദർശിപ്പിച്ചിരുന്നു.
1597-ൽ നാഗസാക്കിയിൽ 26 ക്രിസ്ത്യാനികളെ കുരിശിലേറ്റുകയുണ്ടായി. ഇവരിൽ പൗളോ മികി, ഫിലിപ്പ് ഓഫ് ജീസസ്, പെഡ്രോ ബൗട്ടിസ്റ്റ എന്നിവരും പെടുന്നു. പത്തുവർഷം ഫിലിപ്പീൻസിൽ ജോലി ചെയ്ത ഒരു ഫ്രാൻസിസ്കൻ പാതിരിയായിരുന്നു ബൗട്ടിസ്റ്റ. ജപ്പാനിൽ ക്രിസ്ത്യാനികളുടെ നീണ്ടകാലത്തെ പീഡനത്തിന്റെ തുടക്കം കുറിച്ചത് ഈ സംഭവമായിരുന്നു. 1871-ൽ ക്രിസ്തുമതത്തിൽ ചേരുന്നത് കുറ്റകരമല്ലാതാക്കുന്നതുവരെ ഇത് തുടർന്നു.
മൈജി കാലഘട്ടത്തിന്റെ തുടക്കത്തിൽ (1865-8) സ്വന്തം യജമാനന്റെ മകനെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കുറ്റത്തിന്, സോകിഷി എന്ന 25 വയസുകാരൻ ഭൃത്യൻ കുരിശിലേറ്റപ്പെടുകയുണ്ടായി.[68] ഒരു തൂണിൽ കുറുകേ ഉറപ്പിച്ച രണ്ടു മരക്കഷണങ്ങളിൽ ഇയാളെ കെട്ടിയുറപ്പിക്കുകയായിരുന്നു ചെയ്തത് (ആണിയടിക്കുകയല്ല).
രണ്ടാം ലോക മഹായുദ്ധക്കാലത്ത് യുദ്ധത്തടവുകാരെ ശിക്ഷിക്കാൻ കുരിശിലേറ്റൽ ഉപയോഗിച്ചിരുന്നു. റിംഗർ എഡ്വാർഡ്സ് എന്ന ആസ്ട്രേലിയൻ യുദ്ധത്തടവുകാരനെ കന്നുകാലികളെ കൊന്നു എന്ന കുറ്റത്തിന് കുരിശിൽ തറയ്ക്കുകയുണ്ടായി. കുരിശിൽ 63 മണിക്കൂർ ജീവനോടെയിരുന്ന അയാളെ പിന്നീട് താഴെയിറക്കുകയായിരുന്നു.
ഒന്നാം ലോകമഹായുദ്ധക്കാലത്ത് ജർമൻ സൈനികർ ഒരു കാനഡക്കാരൻ സൈനികനെ ബയണറ്റുകളോ കത്തികളോ ഉപയോഗിച്ച് മരത്തിലോ ബാൺ ഭിത്തിയിലോ തറച്ചു എന്ന കിംവദന്തികളുണ്ടായിരുന്നു. 1915-ൽ ഒന്നാം കനേഡിയൻ ഡിവിഷനിലെ പ്രൈവറ്റ് ജോർജ് ബാരിയായിരുന്നു ഈ കഥ ആദ്യം പറഞ്ഞത്. യുദ്ധത്തിനു ശേഷമുള്ള ഒരു ഔദ്യോഗിക അന്വോഷണത്തിനും കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ നടത്തിയ സ്വതന്ത്ര അന്വേഷണത്തിനും ഇതിന്റെ തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ല.[69] ബ്രിട്ടീഷ് ഡോക്യുമെന്ററി നിർമാതാവ ഇയൈൻ ഓവർട്ടൺ ഈ കഥ സത്യമാണ് എന്നവകാശപ്പെട്ടുകൊണ്ട് ഒരു ലേഖനം 2001-ൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ സൈനികൻ ഹാരി ബാൻഡ് ആയിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.[69][70]
സോവിയറ്റ് യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം ഈസ്റ്റ് പ്രഷ്യ കീഴടക്കിയശേഷം ജർമനിക്കാരായ സാധാരണക്കാരെ പല അവസരത്തിൽ കുരിശിലേറ്റിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.[71]
ഇറാനിലെ നിയമപ്രകാരം (ഇസ്ലാമിക ക്രിമിനൽ നിയമം, ആർട്ടിക്കിൾ 195) കുരിശിലേറ്റൽ ഔദ്യോഗികമായ ഒരു ശിക്ഷാരീതിയാണ്.[72][73] എന്നിരുന്നാലും ഈ ശിക്ഷാരീതി ഇതുവരെ നടപ്പിലാക്കപ്പെട്ടതായ ഉദാഹരണങ്ങളൊന്നും ലഭ്യമല്ല. കുരിശിലേറ്റപ്പെട്ടയാൾ മൂന്നു ദിവസം ജീവിച്ചിരുന്നാൽ അയാളെ വിട്ടയയ്ക്കും.[74] ഇറാനിലെ നിയമത്തിൽ തൂക്കിക്കൊല്ലലിനെപ്പറ്റിയുള്ള വിവരണം ഇപ്രകാരമാണ്: "പ്രതിയെ കുരിശിന്റെ ആകൃതിയുള്ള കഴുമരത്തിൽ മുതുക് കുരിശിനോട് ചേർന്ന് മക്കയ്ക്ക് അഭിമുഖമായി കാലുകൾ തറയിൽ നിന്ന് ഉയർന്നു നിൽക്കുന്ന വിധം വേണം തൂക്കിലേറ്റാൻ" [75]
സുഡാനിലെ പീനൽ കോഡനുസരിച്ച് കുരിശിലേറ്റലും ഒരു ശിക്ഷാരീതിയാണ്. 2002-ൽ 88 ആൾക്കാരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോൾ അവരെ തൂക്കിലേറ്റുകയോ കുരിശിലേറ്റുകയോ ചെയ്തിട്ടുണ്ടാകാം എന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഊഹിക്കുകയുണ്ടായി. പ്രതികൾക്ക് ന്യായമായ വിചാരണയും ലഭിച്ചിരുന്നില്ലത്രേ.[76]
മ്യാന്മാറിലെ കായിൻ പ്രവിശ്യയിൽ താത്മഡൗ സൈന്യം കാരെൻ വംശത്തിൽപ്പെട്ട ഗ്രാമീണരെ കുരിശിലേറ്റിക്കൊന്നതായി ഒരു മനുഷ്യാവകാശസംഘടന പരാതിപ്പെടുകയുണ്ടായി.[77][78]
റൊമേനിയയിൽ, 2005-ൽ, ഐറീന കോൺനീസി എന്ന 23-കാരിയായ ഒരു ക്രിസ്ത്യൻ കന്യാസ്ത്രീയെ പുരോഹിതനായ ഡാനിയൽ മാരിസിക്ക കുരിശിലേറ്റി കൊല്ലുകയുണ്ടായി. കന്യാസ്ത്രീയെ പിശാചു ബാധിച്ചു എന്നായിരുന്നു അയാളുടെ വിശ്വാസം. പത്രപ്രവർത്തകർ ഇക്കാര്യത്തെപ്പറ്റി എന്താണ് ഇത്ര പ്രശ്നമുണ്ടാക്കുന്നതെന്ന് ഡാനിയലിന് മനസ്സിലായില്ല. അയാൾ പറഞ്ഞത് "ഭൂതബാധയകറ്റൽ റൊമാനിയൻ ഓർത്തഡോക്സ് സഭയിൽ സാധാരണയായി നടക്കുന്നതാണ്. ഞാനുപയോഗിച്ച രീതി മറ്റു പാതിരിമാർക്ക് അറിയാത്തതൊന്നുമല്ല" എന്നാണ്. മരണത്തിലേയ്ക്ക് നയിച്ച അന്യായ തടങ്കൽ നടത്തി എന്ന കുറ്റത്തിന് ഡാനിയലിനെയും മറ്റു നാല് കന്യാസ്ത്രീകളെയും പിന്നീട് ശിക്ഷിക്കുകയുണ്ടായി.[79]
2009 നവംബർ 23-ന് സൗദി അറേബ്യയിൽ ഒരു 22 കാരനെ ശിരഛേദം ചെയ്തു വധിക്കാനും മരണശേഷം കുരിശിലേറ്റാനും വിധിക്കുകയുണ്ടായി. അയാളുടെ കബന്ധം മരപ്പലകകളിൽ കെട്ടി പരസ്യപ്രദർശനം നടത്തുകയായിരുന്നു ചെയ്തത്. മൂന്നിനും ഏഴിനുമിടയിൽ പ്രായമുള്ള അഞ്ചു കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നതായിരുന്നു അയാളുടെ കുറ്റം. ബലാത്സംഗത്തിനുശേഷം ഇവരെ മരിക്കാനായി മരുഭൂമിയിൽ ഉപേക്ഷിക്കുകയായിരുന്നുവത്രേ.[80]
2011 മേയ് 1-ന് , ദക്ഷിണകൊറിയയിൽ ഒരു ടാക്സി ഡ്രൈവറെ ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയിൽ കുരിശിലേറ്റപ്പെട്ട നിലയിൽ കാണപ്പെട്ടതിനെപ്പറ്റി അന്വേഷണം നടക്കുകയുണ്ടായി.[81]
വെളിച്ചത്തിന്റെ സഹോദരന്മാർ (Hermanos de Luz) എന്നറിയപ്പെടുന്ന ഒരു കൂട്ടം റോമൻ കത്തോലിക്കർ ന്യൂ മെക്സിക്കോയിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ വർഷം തോറും കുരിശുമരണം പുനരാവിഷ്കരിക്കാറുണ്ട്. പീഡാനുഭവം സ്വയം തിരഞ്ഞെടുക്കുന്നയാളെ ഇവർ കുരിശിൽ കെട്ടുകയാണ് ചെയ്യുക (ആണിയടിക്കുകയല്ല).
ചില കത്തോലിക്കർ സ്വമനസാലെ ദുഖവെള്ളിയാഴ്ച്ച മരണത്തിലെത്താത്തവിധം കുരിശിലേറ്റൽ നടത്താറുണ്ട്. യേശുവിന്റെ കുരിശുമരണത്തെയും പീഡാനുഭവങ്ങളേയും അനുകരിക്കുകയാണ് ഇവരുടെ ഉദ്ദേശമെങ്കിലും മതാധികാരികൾ ഇതിനെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണെടുക്കുന്നത്. 1833 മുതൽ മെക്സിക്കോ സിറ്റിയുടെ വെളിയിൽ ഇസ്റ്റാപലാപ പട്ടണത്തിൽ എല്ലാ വർഷവും കുരിശിലേറ്റൽ അനുകരിക്കുന്ന ചടങ്ങ് നടക്കാറുണ്ട്.[82]
വിശ്വാസം പ്രദർശിപ്പിക്കാൻ നടക്കുന്ന കുരിശിലേറ്റലുകൾ ഫിലിപ്പീൻസിലും നടക്കാറുണ്ട്. വിശ്വാസികൾ കനം കുറവുള്ള ആണികൾ കൈയ്യിലൂടെ തുളച്ചു കയറ്റിയശേഷം ഒരു പടിയുടെ സഹായത്തോടെ കുറച്ചുനേരം കുരിശിൽ നിൽക്കുകയാണ് ചെയ്യുക. ഹ്രസ്വമായ സമയത്തുമാത്രമേ ഇത് നടക്കാറുള്ളൂ. റൊണാൾഡോ ഡെൽ കാമ്പോ എന്ന ഒരു മരപ്പണിക്കാരൻ തന്റെ ഭാര്യയുടെ പ്രസവം സുഖകരമായി നടന്നാൽ 15 വർഷം തുടർച്ചയായി ദുഖവെള്ളിയാഴ്ച്ച കുരിശിലേറിക്കൊള്ളാം എന്ന് പ്രതിജ്ഞയെടുത്തുവത്രേ.[83] റൂബൻ എനാജെ എന്നയാൾ 2007 വരെ സാൻ പെഡ്രോ ക്യൂടഡ് എന്ന സ്ഥലത്ത് 21 പ്രാവശ്യം കുരിശിലേറുകയുണ്ടായി.[84][85] മതാധികാരികൾ ഇതിനെതിരാണെങ്കിലും ആളുകൾ സ്വയം കുരിശിലേറുന്നതും ചാട്ടവാറടിയേൽക്കുന്നതും തടയാനാവില്ല എന്നാണ് സർക്കാരിന്റെ അഭിപ്രായം. കുരിശിലേറുന്നവർ ടെറ്റനസിനെതിരായ പ്രതിരോധക്കുത്തിവെപ്പെടുക്കണമെന്നും ആണികൾ അണുവിമുക്തമാക്കണമെന്നും ആരോഗ്യവകുപ്പധികാരികൾ നിബന്ധന വച്ചിട്ടുണ്ട്.[86]
പല അവസരങ്ങളിലും കുരിശുമരണം അനുകരിക്കുന്നയാളെ ചാട്ടവാർ കൊണ്ടടിക്കുകയും മുൾക്കിരീടം അണിയിക്കുകയും ചെയ്ത ശേഷമായിരിക്കും കുരിശിലേറ്റുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.