From Wikipedia, the free encyclopedia
എപ്പിക്ക്യൂറിയനിസം എന്നറിയപ്പെടുന്ന ദർശനവ്യവസ്ഥയുടെ സ്ഥാപകനായ ഗ്രീക്ക് ചിന്തകനായിരുന്നു എപ്പിക്ക്യൂറസ് (ഗ്രീക്ക്: Ἐπίκουρος, എപ്പിക്ക്യൂറോസ്; അർത്ഥം: "പങ്കാളി, സഖാവ്"; ജനനം:സാമോസ് ദ്വീപ്, ക്രി.മു. 341; മരണം: ഏഥൻസ്, ക്രി.മു. 270; 72 വയസ്സ്). അദ്ദേഹത്തിന്റെ മുന്നൂറോളം വരുന്ന രചനകളിൽ, ചില ശകലങ്ങളും ഏതാനും കത്തുകളും മാത്രമാണ് ലഭ്യമായുള്ളത്. എപ്പിക്ക്യൂറസിന്റെ പേരിൽ അറിയപ്പെടുന്ന ചിന്താവ്യവസ്ഥയുടെ വലിയൊരുഭാഗം ശിഷ്യന്മാരുടേയും വ്യാഖ്യാതാക്കളുടേയും സൃഷ്ടിയാണ്.
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതത്തിലേയ്ക്കുള്ള വഴിയാണ് തത്ത്വചിന്തയ്ക്ക് അന്വേഷിക്കാനുള്ളതെന്ന് എപ്പിക്ക്യൂറസ് കരുതി. ശാന്തിയുടേയും ഭയരഹിത്യത്തിന്റേതുമായ "അതരാക്സിയ"(Ataraxia), വേദനയില്ലായ്മയുടെ "അപോനിയ"(Aponia) എന്നീ അവസ്ഥകൾ പ്രാപിച്ച്, സുഹൃത്തുക്കളോടൊത്ത് സ്വയം പര്യാപ്തിയിലുള്ള ജീവിതമാണ് അദ്ദേഹത്തിന്റെ ചിന്ത ലക്ഷ്യമാക്കിയത്. സുഖവും വേദനയുമാണ് നന്മ-തിന്മകളുടെ മാനദണ്ഡമെന്നും, മരണം ശരീരത്തിന്റേയും ആത്മാവിന്റേയും അന്ത്യമാകയാൽ അതിനെ ഭയപ്പെടേണ്ടതില്ലെന്നും, ദൈവങ്ങൾ മനുഷ്യരെ സമ്മാനിക്കുകയോ ശിക്ഷിക്കുകയോ ചെയ്യുകയില്ലെന്നും, പ്രപഞ്ചം സ്ഥലകാലസീമകൾ ഇല്ലാത്തതാണെന്നും, ലോകത്തിൽ സംഭവിക്കുന്നതെല്ലാം ശൂന്യതയിൽ പരമാണുക്കളുടെ ചലനത്തിന്റേയും പ്രതിപ്രവർത്തനത്തിന്റേയും ഫലമാണെന്നും അദ്ദേഹം പഠിപ്പിച്ചു.
ക്രി.വ. 351-ൽ ഏഥൻസിൽ നിന്ന് ഈജൻ കടലിലെ സാമോസ് ദ്വീപിൽ കുടിയേറിയ ഏഥീനിയൻ പൗരന്മാരായിരുന്നു എപ്പിക്ക്യൂറസിന്റെ മാതാപിതാക്കളായ നിയോക്കിൾസും കേരസ്ട്രേറ്റും. ആ കുടിയേറ്റത്തിന് പത്തു വർഷത്തിനു ശേഷം ക്രി.വ. 341 ഫെബ്രുവരിയിലാണ് എപ്പിക്ക്യൂറസ് ജനിച്ചത്[1] പന്ത്രണ്ടാമത്തെ വയസ്സിൽ തത്ത്വചിന്തയുമായി പ്രണയത്തിലായ അദ്ദേഹം, പാംഫിലിയസ് എന്ന പ്ലേറ്റോണിക ഗുരുവിന്റെ കീഴിൽ അദ്ദേഹം നാലു വർഷം തത്ത്വചിന്ത പഠിച്ചു. പതിനെട്ടാം വയസ്സിൽ, രണ്ടുവർഷത്തെ സൈനികസേവനത്തിനായി എപ്പിക്ക്യൂറസ് ഏഥൻസിലേയ്ക്കു പോയി. നാടകകൃത്ത് മിയാൻഡർ എപ്പിക്ക്യൂറസിനൊപ്പം സൈനികസേവനം അനുഷ്ടിച്ചു.അലക്സാണ്ടർ ചക്രവർത്തിയുടെ മരണത്തിനുശേഷം, അദ്ദേഹത്തിന്റെ സേനാധിപന്മാരിലൊരാളായിരുന്ന പെർഡിക്കാസ് സാമോസിലുണ്ടായിരുന്ന ഏഥൻസുകാരെയെല്ലാം ഇന്നത്തെ ടർക്കിയിലുള്ള കൊളോഫോണിലേയ്ക്ക് നിർബ്ബന്ധപൂർവം മാറ്റി. ഏഥൻസിലെ സൈനികസേവനത്തിനൊടുവിൽ എപ്പിക്ക്യൂറസും കൊളോഫോണിൽ സ്വന്തം കുടുംബത്തോടു ചേർന്നു. അവിടെ അദ്ദേഹം ഡെമോക്രിറ്റസിന്റെ ആശയങ്ങൾ പഠിപ്പിച്ചിരുന്ന നൗസിഫേൻസിന്റെ ശിഷ്യനായി.
ക്രി.മു. 311/10 കാലത്ത് എപ്പിക്ക്യൂറസ് മിറ്റിലീനിൽ അദ്ധ്യാപകനായെങ്കിലും അത് പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ അവിടം വിട്ടുപോകേണ്ടിവന്നു. തുടർന്ന് ലമ്പ്സാക്കൂസിൽ അദ്ധ്യാപകനായ അദ്ദേഹം അവിടത്തുകാരുടെ സഹായത്തോടെ ക്രി.മു. 306-ൽ ഏഥൻസിൽ ഒരു വിദ്യാലയം തുടങ്ങി. എപ്പിക്ക്യൂറസിന്റെ പ്രതിഭയേയും സ്വഭാവത്തേയും കുറിച്ച് മതിപ്പുതോന്നിയ ലമ്പ്സാക്കൂസുകാർക്ക് അദ്ദേഹത്തെ തങ്ങളുടെ വിദൂരനഗരത്തിനുമാത്രമായി വച്ചുകൊണ്ടിരിക്കുന്നത് സ്വാർത്ഥതയായിരിക്കുമെന്നു തോന്നി. അതിനാൽ ഏഥൻസിൽ വിദ്യാലയം തുടങ്ങാനായി 80 മിനാകൾ ധനസഹായം ചെയ്ത് അവർ അദ്ദേഹത്തെ അവിടേക്കയച്ചു. അപ്പോൾ അദ്ദേഹത്തിന് 35 വയസ്സുണ്ടായിരുന്നു.[2] സ്റ്റോയിക്കുകളുടെ സ്റ്റോആ, പ്ലേറ്റോയുടെ അനുയായികളുടെ അക്കാദമി എന്നീ വിദ്യാലയങ്ങളുടെ നടുവിലുള്ള ഒരു തോട്ടമാണ് എപ്പിക്ക്യൂറസ് തന്റെ വിദ്യാലയത്തിനായി തെരഞ്ഞെടുത്തത്. അതിനാൽ ആ പാഠശാല "ആരാമം" എന്നറിയപ്പെട്ടു.
ഡെമോക്രിറ്റസ് അടക്കമുള്ള പല ചിന്തകരുടേയും സ്വാധീനം അദ്ദേഹത്തിന്റെ ചിന്തയിൽ ഉണ്ടായിരുന്നു. എന്നാൽ എപ്പിക്ക്യൂറസ് ഇത്തരം സ്വാധീനങ്ങൾ തള്ളിപ്പറയുകയും താൻ സ്വയം പഠിച്ചവനാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. മനുഷ്യന്റെ ഭാഗധേയങ്ങൾ മുൻനിശ്ചിതമാണോ എന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ നിലപാട്, ഡെമോക്രിറ്റസിന്റേതിൽ നിന്ന് ഭിന്നമായിരുന്നു.
എപ്പിക്ക്യൂറസിന്റെ ജീവിതകാലമത്രയും അദ്ദേഹത്തിന്റെ വിദ്യാലയത്തിൽ ചെറുതെങ്കിലും വിശ്വസ്തമായൊരു ശിഷ്യവൃന്ദം ഉണ്ടായിരുന്നു. അതിന്റെ സാമ്പത്തികകാര്യങ്ങൾ നോക്കിയിരുന്ന ഹെർമാർക്കൂസ്, ഡൊമീനിയൂസ്, ലിയോന്റിയൂസ്, അയാളുടെ ഭാര്യ തെമിസ്റ്റാ, നർമ്മസാഹിത്യകാരനായ കൊളോട്ടീസ്, ഗണിതശാസ്ത്രവിദഗ്ദ്ധൻ പോളിയാനസ്, എപ്പിക്ക്യൂറിയൻ ചിന്തയുടെ മുഖ്യ പ്രചാരകനായിത്തീർന്ന ലാമ്പസാക്കൂസിലെ ചെറിയ മെട്രോഡോറസ് എന്നിവരായിരുന്നു അതിലെ മുഖ്യ അംഗങ്ങൾ. വർഗ്ഗ-വംശ-ലിംഗ പരിഗണയില്ലാതെ, എല്ലാവർക്കും പ്രവേശനമുള്ളതായിരുന്നു എപ്പിക്ക്യൂറസിന്റെ വിദ്യാലയം. പുരാതന ഗ്രീസില്‍, പ്രത്യേക ഔദാര്യമെന്ന മട്ടിലല്ലാതെ സാധാരണരീതിയിൽ വനിതകൾക്ക് പ്രവേശനം നൽകിയ ആദ്യത്തെ ദാർശനികവിദ്യാലയമായിരുന്നു എപ്പിക്ക്യൂറസിന്റേത്.[3] ആരാമത്തിന്റെ വാതിൽക്കൽ ഇങ്ങനെ എഴുതി വച്ചിരുന്നതായി സെനെക്കാ രേഖപ്പെടുത്തിയിട്ടുണ്ട്:[4]:
“ | യാത്രക്കാരാ, ഇവിടെ തങ്ങിയിട്ടുപോകുന്നത് നിങ്ങൾക്കു നന്നായിരിക്കും; ഇവിടെ ഏറ്റവും വിലമതിയ്ക്കപ്പെടുന്നത് സന്തോഷമാണ്. | ” |
സന്തുഷ്ടിയുടെ ഒരു പ്രധാനഘടകമായി എപ്പിക്ക്യൂറസ് കണക്കാക്കിയത് സൗഹൃദത്തെയാണ്. പലനിലയ്ക്കും അദ്ദേഹത്തിന്റെ വിദ്യാലയം, ഒന്നിച്ചു ജീവിക്കുന്ന ഒരു സുഹൃദ്‌വലയത്തെ അനുസ്മരിപ്പിച്ചു. എന്നാൽ തന്റെ അനുയായികൾക്കിടയിൽ അദ്ദേഹം ശ്രേണിബദ്ധമായ ഒരു ഘടന സൃഷ്ടിച്ചു. വിദ്യാലയത്തിന്റെ മൂല്യസിദ്ധാന്തങ്ങളോട് വിശ്വസ്തസ്തത പുലർത്തിക്കൊള്ളാമെന്ന ശപഥവും അതിലെ അംഗങ്ങൾക്ക് ഏടുക്കേണ്ടിയിരുന്നു.
എപ്പിക്ക്യൂറസ് ഒരിക്കലും വിവാഹം കഴിച്ചില്ല. സുഹൃത്തുക്കളോടൊത്ത്, ഏറെ ലളിതമായി അടങ്ങിയൊതുങ്ങിയ ജീവിതമാണ് അദ്ദേഹം നയിച്ചത്. സമ്മാനം മോഹിച്ചോ ശിക്ഷയെ ഭയന്നോ ദൈവങ്ങളെ ആരാധിക്കുന്നതിൽ വിശ്വസിക്കാതിരുന്ന അദ്ദേഹം നഗരത്തിലെ മതപരമായ ആചരണങ്ങളിലൊക്കെ ഉത്തരവാദിത്തബോധത്തോടെ പങ്കെടുത്തു. എന്നാൽ രാഷ്ട്രനീതിയിലും പൊതുകാര്യങ്ങളിലും നിന്ന് അദ്ദേഹം അകന്നു നിന്നു. സന്തുഷ്ടമായ ജീവിതത്തിന് ആവശ്യമായുള്ളത് ശുദ്ധവായുവും, സാധാരണഭക്ഷണവും, തലചായ്ക്കാനൊരിടവും, ഒരു കട്ടിലും, ഏതാനും പുസ്തകങ്ങളും ഒരു സുഹൃത്തും മാത്രമാണെന്ന് അദ്ദേഹം കരുതി. വെള്ളവും, ഇത്തിരി വീഞ്ഞും അപ്പവും പാൽക്കട്ടിയുമായിരുന്നു എപ്പിക്ക്യൂറസിന്റെ ആഹാരം.[ക] എല്ലാവരോടും എപ്പിക്ക്യൂറസ് ദയയോടെ പെരുമാറി. അദ്ദേഹം തന്റെ മാതാപിതാക്കളെ ബഹുമാനിക്കയും സഹോദരങ്ങളോട് ഔദാര്യപൂർവം പെരുമാറുകയും പരിചാരകരോട് ദയകാണിക്കുകയും ചെയ്തു. പരിചാരകർ ദാർശനികാന്വേഷണങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളികളായിരുന്നു. എപ്പിക്ക്യൂറസിന്റെ വിദ്യാലയത്തിൽ അടിമകൾക്കും സ്ത്രീകൾക്കും എല്ലാം പ്രവേശനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രിയശിഷ്യന്മാരിൽ ഒരാൾ, തന്റെ തന്നെ അടിമ മൈസിസ് ആയിരുന്നു. ലിയോൺഷിയം എന്ന രാജദാസി(courtesan) എപ്പിക്ക്യൂറസിന്റെ വെപ്പാട്ടിയും ഇഷ്ടശിഷ്യയുമായി. അവളിൽ അദ്ദേഹത്തിന് ഒരു കുട്ടി ജനിക്കുകയും അദ്ദേഹത്തിന്റെ സ്വാധീനത്തിൽ അവൾ അനേകം ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തു.[2]
വിദ്യാലയത്തെ കുടുംബത്തിനു പകരമാക്കി, 36 വർഷം എപ്പിക്ക്യൂറസ് തന്റെ ആരാമത്തിൽ പഠിപ്പിച്ചു. വൃക്കയിലെ കല്ല് അദ്ദേഹത്തെ അലട്ടിയിരുന്നു.[5] ഒടുവിൽ അത് അദ്ദേഹത്തിന്റെ മരണത്തിനു കാരണമായി.[6] 72-ആമത്തെ വയസ്സിൽ മരിക്കുന്നതിനു തൊട്ടുമുൻപ്, കഠിനമായ വേദനയിലായിരിക്കെ അദ്ദേഹം സുഹൃത്തും ശിഷ്യനുമായിരുന്ന ലാമ്പ്സാക്കൂസുകാരൻ ഇഡോമെനിയസിന് ഇങ്ങനെ എഴുതി:
“ | ഞാൻ നിനക്ക് ഈ കത്തെഴുതുന്നത് സന്തോഷകരമായ ഒരു ദിവസമാണ്. അത് എന്റെ ജീവിതത്തിലെ അവസാനദിവസവുമാണ്. കാരണം, വേദനാജനകമായ മൂത്രതടസ്സവും കഠിനമായ വയറിളക്കവും ചേർന്ന്, എന്റെ ദുരിതം ഇനി അധികമാകാൻ ഒന്നുമില്ലെന്നാക്കിയിരിക്കുന്നു. എന്നാൽ നമ്മുടെ ദാർശനികാന്വേഷണങ്ങളുടെ അനുസ്മരണം നൽകുന്ന ആനന്ദം ഈ ദുരിതങ്ങളെയൊക്കെ വെല്ലാൻ പോന്നതാണ്. മെട്രോഡോറസിന്റെ മക്കളെ, ആ ചെറുപ്പക്കാരൻ എന്നോടും തത്ത്വചിന്തയോടും കാട്ടിയ വിശ്വസ്തതയ്ക്കു ചേരും വിധം പോറ്റിവളർത്തണമെന്നാണ് എനിക്ക് നിന്നോട് അപേക്ഷിക്കാനുള്ളത്.[7] | ” |
ജീവിതത്തിന്റേയും പ്രപഞ്ചത്തിന്റേയും അംശം മാത്രമായ മനുഷ്യന് അവയുടെ പൂർണ്ണതയെ വിശദീകരിക്കാൻ സാധിക്കുകയില്ലെന്നും അതിനാൽ തത്ത്വചിന്തയുടെ ധർമ്മം ലോകത്തെ വിശദീകരിക്കുകയല്ലെന്നും എപ്പിക്ക്യൂറസ് കരുതി. സന്തുഷ്ടിയ്ക്കുവേണ്ടിയുള്ള നമ്മുടെ അന്വേഷണത്തെ സഹായിക്കുകയാണ് തത്ത്വചിന്തയ്ക്ക് ചെയ്യാനുള്ളത്. തത്ത്വചിന്തയിൽ ഏറ്റവും ഉറപ്പോടെ സ്വീകരിക്കാവുന്ന നിലപാട് സുഖം നന്മയും വേദന തിന്മയും ആണെന്നതാണ്.[2]
ഹർഷത്തിന്റേയും വേദനയുടേയും അനുഭവങ്ങളിൽ നിന്നാണ് നന്മതിന്മകൾ ഉറവെടുക്കുന്നതെന്ന വിശ്വാസമാണ് എപ്പിക്ക്യൂറിയൻ ചിന്തയുടെ അടിസ്ഥാനം. ഇതനുസരിച്ച്, ഹർഷദായകമായത് നന്മയും വേദനയുണ്ടാക്കുന്നത് തിന്മയുമാണ്. അതിനാൽ ഹർഷവും വേദനയുമാണ് നന്മതിന്മകൾ തമ്മിലുള്ള ധാർമ്മികമായ തിരിവിന്റെ ആത്യന്തികമായ അടിസ്ഥാനം. ചിലപ്പോഴെങ്കിലും ഹർഷത്തിനു പകരം നാം വേദന തെരഞ്ഞെടുക്കുന്നെങ്കിൽ അത് പിന്നീട് വലിയ ഹർഷത്തിലേയ്ക്കു നയിക്കും എന്ന പ്രതീക്ഷയിലാണ്. മരണത്തേയും ദൈവശിക്ഷയേയും ഓർത്തുള്ള ഭയത്തിൽ നിന്നുള്ള മുക്തി അദ്ദേഹം പ്രധാനമായി കരുതി. വേദനയില്ലാത്ത അവസ്ഥയിൽ നമുക്ക് ഹർഷം ആവശ്യമില്ല. സമ്പൂർണ്ണ ശാന്തിയുടെ അതരാക്സിയ എന്ന അവസ്ഥയിൽ അപ്പോൾ നാം എത്തിച്ചേരുന്നു.
സുഖത്തിന്റെ പിന്നാലെയുള്ള കടിഞ്ഞാണില്ലാത്ത പരക്കം പാച്ചിലിന്റെ വക്താവായി എപ്പിക്ക്യൂറസ് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ശാരീരികവും മാനസികവുമായ വേദനകൾ ഒഴിഞ്ഞ സംതൃപ്തിയുടേയും ശാന്തിയുടേയും അവസ്ഥ മാത്രമാണ് അദ്ദേഹം ലക്ഷ്യം വച്ചത്. അന്തിമമായി വേദനയിലേയ്ക്കു മാത്രം നയിക്കുന്ന അതിരില്ലാത്ത ഭോഗതൃഷ്ണയെ എപ്പിക്ക്യൂറസ് ഏടുത്തുപറഞ്ഞ് വിമർശിച്ചിരുന്നു. പ്രേമത്തിന്റെ പോലും വഴിവിട്ട ഉപാസനയ്ക്കെതിരെ അദ്ദേഹം മുന്നറിയിപ്പു നൽകി. അതേസമയം വിശ്വസിക്കാവുന്ന ഒരുപറ്റം സുഹൃത്തുക്കൾ ഉണ്ടായിരിക്കുകയെന്നത്, പ്രശാന്തമായ ജീവിതം ഉറപ്പുവരുത്താൻ അനിവാര്യമാണെന്ന് അദ്ദേഹം കരുതി.
എപ്പിക്ക്യൂറസ് ദൈവങ്ങളെ നിഷേധിച്ചില്ല. എന്നാൽ ഈ ലോകം ദൈവങ്ങൾ സൃഷ്ടിച്ചതോ അവരാൽ പരിപാലിക്കപ്പെടുന്നതോ ആണെന്ന് അദ്ദേഹം കരുതിയില്ല. വിദൂരമായ ഏതോ ലോകത്തിൽ മരണമില്ലാതെ സന്തുഷ്ടജീവിതം നയിക്കുന്ന ദൈവങ്ങൾ നമ്മുടെ കാര്യത്തിൽ താത്പര്യമെടുക്കാത്തവരാകയാൽ ഈ ജീവിതത്തിലോ മറ്റൊരു ജീവിതത്തിലോ അവർ നമ്മെ ശിക്ഷിക്കുകയോ സമ്മാനിക്കുകയോ ചെയ്യുന്നില്ല.[8] മരണത്തെ ഭയപ്പെടേണ്ടതില്ലെന്ന് എപ്പിക്ക്യൂറസ് കരുതി. മരണത്തോടെ നാം ഒന്നും അനുഭവിക്കാനാവാത്ത ഇല്ലായ്മയിലെത്തിച്ചേരുന്നതു കൊണ്ട് മരണം നമുക്ക് വേദന തരുന്നില്ല. "മരണം ഞങ്ങൾക്ക് ഒന്നുമല്ല" എന്ന എപ്പിക്ക്യൂറസിന്റെ വചനം പ്രസിദ്ധമാണ്. നാം ഉണ്ടായിരിക്കുമ്പോൾ മരണം ഇല്ല; മരണം ഉള്ളപ്പോൾ, നാം ഇല്ല. എല്ലാ സംവേദനവും ബോധം തന്നെയും മരണത്തിൽ ഇല്ലാതായിത്തീരുന്നതു കൊണ്ട്, മരണത്തിൽ സുഖമോ ദുഃഖമോ ഇല്ല. മരണത്തിൽ ബോധം ഉണ്ട് എന്ന തെറ്റിദ്ധാരണയിൽ നിന്നാണ് മരണഭയം ഉടലെടുക്കുന്നത്. ഞാൻ ഇല്ലായിരുന്നു; ഞാൻ ഉണ്ടായിരുന്നു; ഞാൻ ഇല്ല; ഞാനത് കാര്യമാക്കുന്നില്ല – എന്ന എപ്പിക്ക്യൂറിയൻ ആപ്തവാക്യം പല പുരാതന റോമൻ ശവകുടീരങ്ങളിലും എഴുതിവച്ചിരുന്നു. ഇന്ന് മാനവവാദികളുടെ ശവസംസ്കാരങ്ങളിൽ ഇത് ഉപയോഗിക്കാറുണ്ട്.[9]
എപ്പിക്ക്യൂറസിന്റെ ജ്ഞാനശാസ്ത്രം(epistemology), ഐന്ദികസംവേദനത്തിന് പ്രാധാന്യം കല്പിച്ചു. അദ്ദേഹത്തിന്റെ "കാരണവൈവിദ്ധ്യസിദ്ധാന്തം" (Principle of Multiple Explanations), തത്ത്വചിന്തയ്ക്ക് ലഭിച്ച പ്രധാനസംഭാവനകളിൽ ഒന്നാണ്. ഒരു പ്രതിഭാസത്തിന് ഒന്നിലേറെ വിശദീകരണങ്ങൾ സാധ്യമാണെങ്കിൽ എല്ലാ വിശദീകരങ്ങളും സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് ഈ സിദ്ധാന്തം വാദിക്കുന്നത്.
സ്റ്റോയിക്കുകളേയും മറ്റും പോലെ എപ്പിക്ക്യൂറിയന്മാർ രാഷ്ട്രനീതിയിൽ താത്പര്യം കാട്ടിയില്ല. അത് കുഴപ്പങ്ങളിൽ കൊണ്ടെത്തിക്കുകയേയുള്ളു എന്നു അവർ കരുതി. ഒറ്റപ്പെട്ട ജീവിതമാണ് എപ്പിക്ക്യൂറസ് നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ ആരാമത്തെ ആധുനികകാലത്തെ കമ്മ്യൂണുകളോടുപമിക്കാം. അറിയപ്പെടാതെ ജീവിക്കുക; ആരുടേയും ശ്രദ്ധ ആകർഷിക്കാതെ ജീവിതത്തിലൂടെ കടന്നുപോവുക; മഹത്ത്വത്തെയോ, ധനത്തെയോ, അധികാരത്തെയോ പിന്തുടരാതെ, ഭക്ഷണവും സുഹൃത്തുക്കളുടെ സഹവാസവും മറ്റും നൽകുന്ന ഇത്തിരി സുഖങ്ങൾ ആസ്വദിച്ചു ജീവിക്കുക എന്നതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ.
അവനവനും മറ്റുള്ളവർക്കും ഏറ്റവും കുറച്ചു ദോഷം വരും വിധമുള്ള ജീവിതമാണ് പരമാവധി സന്തുഷ്ടിയിലേയ്ക്കുള്ള വഴി എന്ന പാരസ്പര്യത്തിന്റെ ധാർമ്മികത(Ethics of Reciprocity) ഗ്രീക്ക് ചിന്തയിൽ ആദ്യമായി അവതരിപ്പിച്ചത് എപ്പിക്ക്യൂറസാണ്. ഉപദ്രവങ്ങൾ പരമാവധി കുറച്ച് അവനവനും മറ്റുള്ളവർക്കും സന്തുഷ്ടി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു എപ്പിക്ക്യൂറസ് നിർദ്ദേശിച്ച ധാർമ്മികത:
“ | നല്ലബുദ്ധിയോടെ നന്നായും നീതിപൂർവമായും, ഉപദ്രവിക്കാതെയും ഉപദ്രവിക്കപ്പെടാതെയുള്ള ജീവിതമല്ലാതെ മറ്റൊരു സന്തുഷ്ടജീവിതം സങ്കല്പിക്കുക വയ്യ;[10]) സന്തുഷ്ടജീവിതം മാത്രമേ നല്ലബുദ്ധിയും നന്മയും നീതിനിഷ്ടയും നിറഞ്ഞതായിരിക്കുകയുള്ളൂ.[11] |
” |
ശാസ്ത്രത്തിന്റേയും ശാസ്ത്രീയരീതിയുടേയും വികാസത്തിൽ എപ്പിക്ക്യൂറസിന്റെ ചിന്തയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. നിരീക്ഷണങ്ങളുടേയും യുക്തി ഉപയോഗിച്ചുള്ള കണ്ടെത്തലിന്റേയും അടിസ്ഥാനത്തിലല്ലാതെ ഒന്നും വിശ്വസിക്കരുതെന്ന് അദ്ദേഹം നിർബ്ബന്ധിച്ചു. പ്രകൃതിയേയും ഭൗതികശാസ്ത്രത്തേയും സംബന്ധിച്ച അദ്ദേഹത്തിന്റെ പല ആശയങ്ങളും ആധുനികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുടെ പൂർവദർശനമായിരുന്നു. ക്രി.മു. 800-നും 200-നും ഇടയ്ക്ക്, ലോകത്താകമാനം സംഭവിച്ചതായി കരുതപ്പെടുന്ന ബൗദ്ധിക ഉണർവിന്റെ നായകന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.
എപ്പിക്ക്യൂറസിന്റെ ചിന്ത അദ്ദേഹത്തിനു മുൻപും അദ്ദേഹത്തിന്റെ കാലത്തുമുള്ള ഗ്രീക്ക് ചിന്തയിൽ നിന്ന് വ്യത്യസ്തമായിരുന്നെങ്കിലും ആ ചിന്താസരണികളുടെ പ്രതിനിധിയായ ഡെമോക്രിറ്റസിനെപ്പോലുള്ളവരോട് പലതരത്തിലും കടപ്പെട്ടുമിരുന്നു. ഡെമോക്രിറ്റസിനെപ്പോലെ അദ്ദേഹവും അണുവാദി(atomist) ആയിരുന്നു. പ്രപഞ്ചത്തിന്റെ മൗലികഘടകങ്ങളായിരിക്കുന്നത് ശൂന്യതയിൽ പറന്നുനടക്കുന്ന ഇത്തിരിപ്പോന്ന പദാർത്ഥകണങ്ങളായ അണുക്കളാണെന്ന് അദ്ദേഹം കരുതി. അണുക്കളെ അദ്ദേഹം നിറമോ, താപനിലയോ, സ്വരമോ, രുചിയോ, ഗന്ധമോ ഇല്ലാത്തവയായി സങ്കല്പിച്ചു. എന്നാൽ വലിപ്പത്തിലും, ഭാരത്തിലും, ആകൃതിയിലും അവയ്ക്കിടയിൽ വ്യത്യാസമുണ്ട്. പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം, അലക്ഷ്യമായി ചലിക്കുന്ന ഈ പദാർത്ഥകണങ്ങളുടെ കൂട്ടിമുട്ടലിന്റേയും, തെന്നിമാറലിന്റേയും, പ്രതിപ്രവർത്തനങ്ങളുടേയും ഫലമാണ്. അണുക്കൾ എപ്പോഴും നേർദിശയിൽ സഞ്ചരിക്കുന്നുവെന്ന ഡെമൊക്രിറ്റസിന്റെ വിശ്വാസം എപ്പിക്ക്യൂറസ് പങ്കിട്ടില്ല. അണുക്കളുടെ സഞ്ചാരപഥത്തിൽ ചിലപ്പോഴൊക്കെ അപഭ്രംശം(swerve) ഉണ്ടായേക്കാമെന്ന് അദ്ദേഹം കരുതി. മുൻകാലങ്ങളിലെ അണുസിദ്ധാന്തങ്ങൾ ഉൾക്കൊണ്ടിരുന്ന പൂർവനിശ്ചിതവാദത്തിൽ(determinism]] ചെന്നുപെടാതെ, തെരഞ്ഞെടുപ്പിനുള്ള മനുഷ്യമനസ്സുകളുടെ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.[12] മൗലികകണികകളുടെ നിശ്ചിതമല്ലാത്ത അലക്ഷ്യചലനത്തെ സംബന്ധിച്ച ക്വാണ്ടം ബലതന്ത്രത്തിന്റെ കണ്ടെത്തലുകളുമായി ചേർന്നുപോകുന്നതാണ് എപ്പിക്ക്യൂറസിന്റെ ചിന്ത.
നമ്മുടെ ഈ പ്രപഞ്ചത്തിനപ്പുറത്ത് എണ്ണമറ്റ ലോകങ്ങൾ ഉണ്ടെന്നു സമ്മതിച്ച എപ്പിക്ക്യൂറസ്, ആ ലോകങ്ങളെക്കുറിച്ച് ചിന്തിച്ച് തലകീറുന്നത് മൗഢ്യമാണെന്ന് വാദിച്ചു.[2]
ശിഷ്യന്മാരുടെ ഒരു ദീർഘപരമ്പര, എപ്പിക്ക്യൂറസിന്റെ കാലശേഷം അദ്ദേഹത്തിന്റെ സ്മരണയേയും ആശയങ്ങളേയും പരിപാലിച്ചു. അദ്ദേഹത്തോടുള്ള വിശ്വസ്തതമൂലം, നൂറ്റാണ്ടുകളോളം അവർ ഗുരുവിന്റെ വചനങ്ങൾ ഒരു വാക്കുപോലും മാറ്റാതെ കാത്തുപോന്നു. എന്നാൽ പലപ്പോഴും അനുയായികളുടെ വ്യാഖ്യാനങ്ങൾ എപ്പിക്ക്യൂറസിന്റെ ദർശനത്തെ ലളിതവൽക്കരിച്ച് തെറ്റിദ്ധാരണയ്ക്ക് ഇടം കൊടുത്തു. ഏറ്റവും പ്രധാന ശിഷ്യൻ ലാമ്പ്‌സാക്കൂസിലെ മെട്രോഡോറസ് "നല്ല കാര്യങ്ങളൊക്കെ ഉദരവുമായി ബന്ധപ്പെട്ടിരിക്കുന്നു" എന്ന ഒറ്റവാക്യത്തിൽ എപ്പിക്ക്യൂറിയൻ ചിന്തയെ സംഗ്രഹിച്ച് ഗ്രീസിനെ ഞെട്ടിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. എതിരാളികൾ ഇതിനെ ആമാശയദർശനം (gastrology) എന്നു പരിഹസിച്ചു. പൊതുവേ, എപ്പിക്ക്യൂറസിന്റെ ചിന്തയെ യവനലോകം പരസ്യമായി നിന്ദിക്കുകയും സ്വകാര്യമായി പിന്തുടരുകയും ചെയ്തു. യവനീകരിക്കപ്പെട്ട യഹൂദരുടെ മേൽ അതു ചെലുത്തിയ സ്വാധീനത്തെ ഭയന്ന യഹൂദ റബ്ബൈമാർ അപ്പിക്കോറൊസ്(Apicoros) എന്ന പദത്തെ, മതത്യാഗി എന്നതിന്റെ പര്യായമാക്കി. ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടിന്റെ ആരംഭപാദത്തിൽ, യുവാക്കളെ വഴിപിഴപ്പിക്കുന്നു എന്ന ആരോപണത്തിൽ, റോം എപ്പിക്ക്യൂറിയൻ ചിന്തകന്മാരെ പുറത്താക്കി. എന്നിട്ടും, കോൺസ്റ്റാന്റൈൻ ചക്രവർത്തിയുടെ കാലം വരെ എപ്പിക്ക്യൂറിയൻ ചിന്ത റോമിൽ പ്രചരിച്ചു.[2]
എപ്പിക്ക്യൂറസിന്റെ ചിന്തയുടെ ഏറ്റവും അറിയപ്പെടുന്ന വക്താവ്, ജൂലിയസ് സീസറിന്റെ സമകാലീനനായിരുന്ന റോമൻ കവി ലുക്രീഷസ് (ക്രി.മു.96-55) ആണ്. അദ്ദേഹത്തിന്റെ "വസ്തുക്കളുടെ സ്വഭാവത്തെക്കുറിച്ച്" (On the Nature of things) എന്ന കൃതി എപ്പിക്ക്യൂറസിന്റെ ചിന്തയുടെ സംഗ്രഹമാണ്. അന്ധവിശ്വാസങ്ങളിലും ഭയത്തിലും കുരുക്കുന്ന മതങ്ങളുടെ ഭീകരസ്വാധീനത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിച്ച രക്ഷകനായി ആ രചനയിൽ ലുക്രീഷസ് എപ്പിക്ക്യൂറസിനെ ചിത്രീകരിച്ചു. എന്നാൽ ലുക്രീഷസിന്റെ രചന താമസിയാതെ വിസ്മൃതിയിലാണ്ടു. മദ്ധ്യയുഗങ്ങളിൽ അതിന്റെ പ്രതികളെല്ലാം നശിപ്പിക്കപ്പെട്ടു. ആ നാശത്തെ എങ്ങനെയോ അതിജീവിച്ച ഒരു കൈയെഴുത്തുപ്രതിയെ ആശ്രയിച്ച്, നവോത്ഥാനകാലത്ത് വീണ്ടും പ്രചരിച്ച ആ കൃതി ഏറെ അംഗീകരിക്കപ്പെട്ടു. ഇംഗ്ലീഷ് കവി ഷെല്ലിയും മറ്റും ലുക്രീഷസിനെ ഏറെ മാനിച്ചു.[13]
യവനവൈദ്യത്തെ ആദ്യമായി റോമിൽ എത്തിച്ച ബിത്തിനിയായിലെ എപ്പിക്ക്യൂറിയനായ അസ്‌ക്ലേപിയേഡ്സ്, എപ്പിക്ക്യൂറസിന്റെ സിദ്ധന്തങ്ങളെ വൈദ്യദർശനത്തിലും ചികിത്സാപദ്ധതിയിലും ഉൾപ്പെടുത്തി. രോഗികളെ ദയാസൗഹാർദ്ദങ്ങളോടെ വേദനയേല്പിക്കാതെ സന്തോഷപൂർവം ചികിത്സിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. മനോരോഗികളെ മനുഷ്യത്വപൂർവം ചികിത്സിക്കണമെന്ന് അദ്ദേഹം വാദിച്ചു. മാനസികവിഭ്രാന്തിയിലായിരുന്നവരെ അദ്ദേഹം ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച്, ആഹാരനിയന്ത്രണം തിരുമ്മൽ തുടങ്ങിയ സ്വാഭാവികമാർഗ്ഗങ്ങളിലൂടെ ചികിത്സിച്ചു. അതിശയകരമാം വിധം ആധുനികമായ ചികിത്സാരീതികൾ പിന്തുടർന്ന അദ്ദേഹം മനോചികിത്സയുൾപ്പെടെയുള്ള വൈദ്യശാസ്ത്രശാഖകളിൽ പുതിയ വഴി തുറന്നവനായും തന്മാത്രാവൈദ്യശാസ്ത്രത്തിന്റെ(molecular medicine) പോലും പൂർവദർശിയായും കണക്കാക്കപ്പെടുന്നു.[14]
എപ്പിക്ക്യൂറസിന്റേത് സത്യസന്ധമായ വിശ്വാസസംഹിതയായിരുന്നു. സുഖത്തേയും ഇന്ദ്രിയാനുഭവങ്ങളേയും കുറിച്ച് പറഞ്ഞ നല്ലവാക്കുകൾ അദ്ദേഹത്തെ സാധാരണ ചിന്തകന്മാരിലും തത്ത്വാന്വേഷികളിലും നിന്ന് വ്യത്യസ്തനാക്കുന്നു. വേദനയുടെ അഭാവത്തെ ആനന്ദമായും, ജീവിതത്തിന്റെ സാഹസികതയിലും തികവിലും നിന്നുള്ള തിരിഞ്ഞോട്ടത്തെ ജ്ഞാനമായും കാണുന്ന നിഷേധാത്മകതയാണ് ആ ചിന്തയുടെ ഏറ്റവും വലിയ കുറവ്. അവിവാഹിതജീവിതത്തിനു പറ്റിയ ഒന്നാംതരം പദ്ധതിയായല്ലാതെ, സമൂഹത്തിനു വഴികാട്ടാൻ കെല്പുള്ള ദർശനമായി അതിനെ കണക്കാക്കാനാവില്ലെന്ന് വിൽ ഡുറാന്റ് പരിഹസിക്കുന്നു.[2][ഖ] സൂക്ഷ്മതയോ, അറിവിനുവേണ്ടിയുള്ള ദാഹമോ എപ്പിക്ക്യൂറസിന്റെ ചിന്തയിൽ കാണാനാവില്ല. ഡെമോക്രിറ്റസിന്റെ അണുസിദ്ധാന്തത്തെ ഉൾക്കൊള്ളാനായെങ്കിലും, യവനശാസ്ത്രത്തിന്റേയും ദർശനത്തിന്റേയും സൃഷ്ടിയ്ക്കുപിന്നിൽ പ്രവർത്തിച്ച ധീരമായ ആകാംക്ഷയിൽ നിന്നുള്ള തിരിഞ്ഞോട്ടമായിരുന്നു എപ്പിക്ക്യൂറസിന്റെ ചിന്ത. ചന്ദ്രബിംബത്തിന്റെ വൃദ്ധിക്ഷയങ്ങൾക്ക് ദൈവങ്ങളുടെ ഇടപെടൽ നിർദ്ദേശിക്കാത്ത ഒന്നിലേറെ വിശദീകരണങ്ങൾ സാധ്യമാണെങ്കിൽ, കൂടുതൽ കൃത്യമായ വിശദീകരണം ഏതെന്ന് അന്വേഷിക്കുന്നത് അലസകൗതുകമായിരിക്കുമെന്ന് എപ്പിക്ക്യൂറസ് കരുതി. ഈ മനോഭാവം മൂലം, ശാസ്ത്രപുരോഗതിയ്ക്ക് യാതൊരു സംഭാവനയും എപ്പിക്ക്യൂറസിന്റെ അനുയായികളിൽ നിന്ന് ലഭിച്ചില്ല. വ്യക്തിപരമായ സന്തുഷ്ടിയിൽ മാത്രമായിരുന്നു അവരുടെ താത്പര്യം.[13]
മനുഷ്യരെ ഭയത്തിൽ നിന്ന് മോചിപ്പിക്കാൻ എപ്പിക്ക്യൂറസ് ആശ്രയിച്ചത് ദൈവപരിപാലനയിലും മരണാനന്തരജീവിതത്തിലും ഉള്ള വിശ്വാസത്തിന്റെ തിരസ്കാരമാണെന്നത് ആധുനികരെ അത്ഭുതപ്പെടുത്തിയേക്കാമെന്ന് ബെർട്രാൻഡ് റസ്സൽ ചൂണ്ടിക്കാണിക്കുന്നു. ആധുനികർക്ക് അത് വിഷാദദർശനമായി തോന്നിയേക്കാം. യവനസംസ്കാരത്തിന്റെ അധഃപതനകാലത്ത് ഉത്ഭവിച്ച എപ്പിക്ക്യൂറസിന്റെ ചിന്ത, ആ കാലഘട്ടത്തിന്റെ മനോഭാവത്തെ പ്രതിഫലിപ്പിച്ചു എന്നു റസ്സൽ വിശദീകരിക്കുന്നു. ആവേശം കെട്ട ആ യുഗത്തിന്, ആത്മാവിന് അതിന്റെ പരീക്ഷണങ്ങളിൽ മുക്തി നൽകുന്ന കെട്ടുപോകൽ (extinction), സന്നിഗ്ദതകൾ നിറഞ്ഞ നിത്യജീവിതത്തേക്കാൾ ആകർഷകമായി തോന്നിയിരിക്കണം.[13]
മിക്കവാറും മനുഷ്യരോട് ഔദാര്യപൂർവം പെരുമാറിയിരുന്ന എപ്പിക്ക്യൂറസ്, ഇതരചിന്തകന്മാർക്കുനേരേ, പ്രത്യേകിച്ച് ആശയപരമായി താൻ കടപ്പെട്ടിരുന്നവരോട്, വ്യത്യസ്തമായൊരു മനോഭാവമാണ് അവലംബിച്ചത്. ഡെമോക്രിറ്റസിനോടോ മറ്റേതെങ്കിലും ചിന്തകനോടോ തനിക്ക് കടപ്പാടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചില്ല. സ്വന്തം ഗുരു നൗസിഫേൻസിനെപ്പോലും എപ്പിക്ക്യൂറസ് തള്ളിപ്പറയുകയും നിന്ദിക്കുകയും ചെയ്തു. നൗസിഫേൻസിനെ അദ്ദേഹം പരാമർശിച്ചിരുന്നതു തന്നെ "നത്തക്കക്ക" (mollusc) എന്ന പരിഹാസപ്പേരിലാണ്. മുൻചിന്തകന്മാരെ വിശേഷിപ്പിക്കാൻ എപ്പിക്ക്യൂറസ് ഉപയോഗിച്ചിരുന്ന ശകാരവാക്കുകളുടെ ഒരു പട്ടിക തന്നെ ഡയോജനിസ് ലായെർട്ടിയസ് അവതരിപ്പിക്കുന്നുണ്ട്. തന്റെ സിദ്ധാന്തങ്ങളുടെ കാര്യത്തിൽ അവലംബിച്ച "ഏകാധിപത്യപരമായ പിടിവാശിയും"(dictatorial dogmatism) എപ്പിക്ക്യൂറസിന്റെ ഒരു ബലഹീനതയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[13]
ക. ^ ആയ പ്രായത്തിൽ കണക്കിലേറെ തിന്ന് ഉദരരോഗിയായതിനു ശേഷമാണ് എപ്പിക്ക്യൂറസിന് അല്പാഹാരം ശീലമാക്കേണ്ടി വന്നതെന്ന് ശത്രുക്കൾ പറഞ്ഞു പരത്തി. എന്നാൽ ഇത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് പൊതുവേ സമ്മതിക്കപ്പെട്ടിട്ടുണ്ട്.[2]
ഖ. ^ "It provides an excellent design for bachelorhood, but hardly for a society."
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.