From Wikipedia, the free encyclopedia
ഹിന്ദു വിശ്വാസപ്രകാരം ഉർവശ്ശി ഒരു അപ്സരസാണ്.[1] ഇന്ദ്രദേവന്റെ രാജ സഭയിലെ നർത്തകികളിൽ ഒരാളായിരുന്നു ഉർവശി.[1] അപ്സരസ്സുകളിൽ ഏറ്റവും സുന്ദരിയായി ഉർവശിയെ കണക്കാക്കിയിരുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
നരനാരായണന്മാർ എന്നറിയപ്പെട്ടിരുന്ന ധർമദേവന്റെ പുത്രന്മാരിൽ നാരായണ മഹർഷിയിൽ നിന്നാണ് ഉർവശി ജനിച്ചത്. ബദര്യാശ്രമത്തിൽ തപസ്സു ചെയ്തുകൊണ്ടിരുന്ന നരനാരായണന്മാരുടെ ഘോരതപസ്സ് കണ്ട് പരിഭ്രാന്തനായ ദേവേന്ദ്രൻ തപോവിഘ്നം വരുത്തുന്നതിനായി അപ്സരസ്സുകളെ അയച്ചുവെന്നും അപ്പോൾ നാരായണ മഹർഷി തന്റെ തുടയിൽനിന്ന് അതിസുന്ദരിയായ ഒരു സ്ത്രീയെ സൃഷ്ടിച്ച് ദേവേന്ദ്രന് തന്റെ അപ്സരസ്സുകളുടെ സൗന്ദര്യത്തിലുണ്ടായിരുന്ന ഗർവ്വം അടക്കി എന്നും ദേവീഭാഗവതത്തിൽ പരാമർശം കാണുന്നു. മഹർഷിയുടെ ഊരുവിൽനിന്ന് ജനിച്ച സുന്ദരിക്ക് ഉർവശി എന്ന പേര് ലഭിച്ചു.[1] പിന്നീട് മഹർഷി ഉർവ്വശിയെ ദേവേന്ദ്രനു തന്നെ ദാനം ചെയ്തതായും പറയുന്നു.[1]
മുനി ശാപമാണ് ഉർവശിയെ മനുഷ്യസ്ത്രീയായി മാറ്റിയത്. ഇതിനു കാരണമായി രണ്ടു വ്യത്യസ്ത കഥകൾ പുരാണത്തിലുണ്ട്.
ചന്ദ്രവംശത്തിലെ രാജാവായിരുന്ന പുരൂരവസിന്റെ ഭാര്യയായി ഉർവശി മഹാഭാരതത്തിലും ഋഗ്വേദത്തിലും പരാമർശിക്കപ്പെടുന്നു.[1][2] ബൃഹസ്പതി പത്നിയായ താരയിൽ ചന്ദ്രനു ജനിച്ച പുത്രൻ ബുധനായിരുന്നു പുരൂരവസ്സിന്റെ പിതാവ്. മാതാവ് പ്രജാപതി വൈവസ്വത മനുവിന്റെ പുത്രിയായ ഇളയും. കേശി എന്ന ദാനവനാൽ അപഹരിക്കപ്പെട്ട ഉർവശിയെ ക്ഷത്രിയരാജാവ് പുരൂരവസ്സ് രക്ഷിക്കുകയും ദേവലോകത്ത് തിരിച്ചെത്തിക്കുകയും ചെയ്തു.ഇതോടെ രാജാവും ഉർവശിയും പര്സപരം അനുരക്തയായി. രാജാവിന്റെ ബഹുമാനാർഥം ദേവസദസ്സിൽ അവതരിപ്പിക്കപ്പെട്ട ലക്ഷ്മി സ്വയംവരം എന്ന നൃത്തനാടകത്തിൽ സ്വയം മറന്നാടവേ പ്രണയാതുരയായ ഉർവശിയുടെ നാവു പിഴച്ചു, വിഷ്ണു എന്നതിനു പകരം പുരൂരവസ്സെന്ന് ഉച്ചരിച്ചു പോയി. ക്രുദ്ധനായ നാട്യാചാര്യൻ ഭരതമുനി ഉർവശിയെ ശപിച്ചു- മനുഷ്യസ്ത്രീയാകട്ടെയെന്ന്. പുരൂരവസ്സിന്റെ ഭാര്യയായി ഭൂമിയിൽ കഴിയാൻ ഉർവശി തയ്യാറായി. പക്ഷെ ചെല നിബന്ധനകൾ മുന്നോട്ടു വെച്ചു. താൻ പുത്രസമാനം സ്നേഹിക്കുന്ന രണ്ട് ആട്ടിൻകുട്ടികൾ സദാ തന്നോടൊപ്പം ഉണ്ടായിരിക്കും പശുവിൻ നെയ്യൊഴികെ മറ്റൊരു വിധ ആഹാരവും കഴിക്കുകയില്ല, പിന്നെ രതിക്രിയയിലേർപ്പെടുമ്പോൾ മാത്രമേ രാജാവിന്റെ നഗ്നരൂപം താൻ കാണുകയുള്ളു. ഉർവശിയുടെ നീണ്ടു പോകുന്ന ഭൂവാസം ദേവലോകത്ത് അസ്വസ്ഥതയും അസൗകര്യങ്ങളും ഉണ്ടാക്കി. അപ്സരസുകളുടെ തോഴന്മാരായിരുന്ന ഗന്ധർവന്മാരുടെ കൗശലപൂർവമായ ഇടപെടലുകൾ മൂലം രാജാവിന് നിബന്ധനകൾ ലംഘിക്കേണ്ടി വന്നു. ഉർവശി ഭൂമി ഉപേക്ഷിച്ച് തിരിച്ചു ദേവലോകത്തേക്ക് പോവുകയും ചെയ്തു. പക്ഷെ പിന്നീട് ഇരുവരുടേയും വിരഹതാപം കണ്ട് മനസ്സലിഞ്ഞ് ഗന്ധർവന്മാർ പുരൂരവസ്സിനെ ഒരു ഗന്ധർവനാക്കി മാറ്റി ദേവലോകത്ത് എത്തിച്ചുവത്രെ.[2]
ഉർവശിയുടേയും പുരൂരവസ്സിന്റേയും ഈ പ്രണയ കഥയെ അടിസ്ഥാനമാക്കി മഹാകവി കാളിദാസൻ രചിച്ച നാടകമാണ് വിക്രമോർവശീയം ഇതിൽ പുരൂരവസ്സിന്റെയും ഉർവ്വശിയുടെയും അനുരാഗം പ്രതിബന്ധങ്ങളിലൂടെ കടന്നു പോയി വിജയിക്കുന്ന കഥയാണ്.
ഇന്ദ്രസദസ്സിലെ അതിഥിയായി പുരൂരവസ്സ് താമസിച്ചിരുന്ന കാലത്ത് ഉർവ്വശിയെ ഒരസുരൻ അപഹരിക്കാൻ ശ്രമിക്കുകയും പുരൂരവസ്സ് ആ അസുരനെ തോൽപ്പിച്ച് ഉർവ്വശിയെ സ്വതന്ത്രയാക്കുകയും ചെയ്തു.[1] തുടർന്ന് പുരൂരവസ്സിൽ ആകൃഷ്ടയായ ഉർവ്വശി, ഇന്ദ്രസദസ്സിലെ ഒരു നാടകത്തിൽ സ്വന്തം കഥാപാത്രം പറയേണ്ടുന്ന സംഭാഷണ മധ്യേ വിഷ്ണു എന്നതിനു പകരം സ്വകാമുകന്റെ പേരു പറഞ്ഞതിൽ കോപിഷ്ഠനായ നാടകാചാര്യൻ ഭരതമുനി ഉർവ്വശിയെ ശപിക്കുകയും, ശാപാനുസാരിയായി പുരൂരവസ്സിന്റെ ഭാര്യയായി ഭൂമിയിൽ താമസിക്കേണ്ടി വരികയും ചെയ്തു. പിന്നീട് ഒരു അവർക്ക് ഒരു പുത്രനുണ്ടായപ്പോൾ, ഉർവ്വശിക്ക് ഭർത്താവിനെയും മകനെയും പിരിഞ്ഞ് പോകേണ്ടി വന്നു.[1] സ്ത്രീകൾ കടന്നു കൂടാത്ത കുമാരവനത്തിൽ ഉർവ്വശി കടക്കാനിടയാകുകയും ഒരു വള്ളിയായിത്തീർന്ന ഉർവശിയെ പുരൂരവസ്സ് തേടിക്കണ്ടു പിടിച്ച് ഒന്നു ചേർന്നതിലാണ് കഥാവസാനം രചിക്കപ്പെട്ടിരിക്കുന്നത്.
ദേവലോകസന്ദർശനത്തിനെത്തിയ മിത്ര-വരുണ മുനിമാർ ഉർവശിയുടെ അലൗകിക സൗന്ദര്യം കണ്ട് അവളിൽ ആകൃഷ്ടയായി സ്വയമറിയാതെ പൊകു വേദിയിൽ വെച്ച് മുനിമാർത്ത് സ്ഖലനമുണ്ടായി. ക്രുദ്ധരായ മുനിമാർ തങ്ങൾക്കീ അവസ്ഥ വരുത്തിവെച്ച ഉർവശിയെ ശപിച്ചു- മനുഷ്യസ്ത്രീയാകട്ടെയെന്ന്.
പുരൂരവസ്സിന് ഉർവശിയിൽ ആറു പുത്രന്മാർ ജനിച്ചു. ആയു, ധീമാൻ, അമാവസു, ദ്രിധായു, വനായു, ശതായു എന്നിങ്ങനെയാണ് ഉർവശിയുടെ മക്കൾ.[3]
അപ്സരസ് ഉർവ്വശിയുടെ പുത്രനാണ് അഗസ്ത്യൻ. ദേവന്മാരായ മിത്ര-വരുണന്മാർ അത്യന്ത സുന്ദരിയായ ഉർവ്വശിയെ കാണുകയും, അതു മൂലമുണ്ടായ ധാതു സ്കലനത്തെ ഒരു കുംഭത്തിൽ നിക്ഷേപിക്കുകയും ചെയ്തു. ആ കുംഭത്തിൽ നിക്ഷേപിക്കപ്പെട്ട് വീര്യത്തിൽ നിന്നുമാണ് അഗസ്ത്യൻ ജനിച്ചതെന്നു പറയപ്പെടുന്നു.[4] ഒരിക്കൽ അഗസ്ത്യൻ ഇന്ദ്രസഭ സന്ദർശിക്കുകയും, ആസമയത്ത് നൃത്തം ചെയ്ത ഉർവശിയുടെ പിഴവിൽ കോപാകുലനായ ഋഷി, ഉർവശിയെ ശപിക്കുകയും, മനുഷ്യ കുലത്തിൽ മാധവി എന്ന നാമത്തിൽ ജനിക്കാനിടവരുത്തുകയും ചെയ്തു എന്നും ഒരു കഥയുണ്ട്.[5]
നിമി എന്ന അസുരന്റെ ശാപത്തിൽ ശരീരം നഷ്ടപ്പെടുത്തിയ വസിഷ്ഠൻ പിന്നീട് ഉർവശിയുടെയും മിത്ര-വരുണന്മാരുടെ മകനായി അയോനിജനായി ശരീരം കൈക്കൊള്ളുകയും. അവരുടെ മകനായി അറിയപ്പെടുകയും ചെയ്തു. മിത്ര-വരുണന്മാർ ഉർവശിയെ കണ്ട് മോഹിതന്മാരാകുകയും അവരുടെ വീര്യം സ്ഘലിച്ച് പകുതി ഒരു കുടത്തിലും മറ്റു പകുതി വെള്ളത്തിലും ആയി വീഴുകയും. കുടത്തിൽ വീണ പകുതിയിൽ നിന്നു അഗസ്ത്യനും മറ്റു പകുതിയിൽ നിന്ന് വസിഷ്ഠനും പിറന്നു. ഒരു ഗർഭപാത്രത്തിൽ പ്രവേശിക്കാതെ വീണ്ടും പിറവിയെടുത്തതിനാൽ അദ്ദേഹത്തിന്റെ വേദജ്ഞാനവും കഴിവുകളും നഷ്ടപ്പെടാതെ സംരക്ഷിക്കാനായി എന്നും പറയപ്പെടുന്നു.[3]
വിഭാണ്ഡകൻ എന്ന മുനി ഉർവശിയെ കണ്ടു മോഹിക്കുകയും, ഋഷിയുടെ വീര്യം നദിയിൽ സ്രവിക്കുകയും ചെയ്തു. ആ വീര്യം ഭക്ഷിച്ച ഒരു പ്രാവിൽനിന്നും വിഭാണ്ഡകന് ജനിച്ച മകനാണ് ഋഷ്യശൃംഗൻ.[6]
ഒരിക്കൽ ഇന്ദ്രന്റെ സദസ്സിൽ സന്ദർശകനായി വന്ന അർജ്ജുനനെ ഉർവ്വശി മോഹിച്ചു. ഉർവ്വശി തന്റെ അച്ഛനായ ഇന്ദ്രന്റെ സഖിയായതിനാലും തന്റെ വംശമായ ചന്ദ്രവംശത്തിലെ പുരൂരവസ്സിന്റെ പത്നിയായിരുന്നതിനാലും ഉർവ്വശിയെ അമ്മയായി അഭിസംബോധന ചെയ്ത അർജ്ജുനനെ ഉർവ്വശി ശപിച്ച് ശിഖണ്ഡിയാക്കി എന്നും മഹാഭാരതത്തിൽ പറയുന്നു.[7] ഉർവ്വശിയുടെ ശാപം അർജ്ജുനന് അജ്ഞാതവാസ കാലത്ത് ഉപകാരമായിത്തീർന്നു. ഇതിനോടനുബന്ഥിച്ചാണ് ഉർവ്വശീ ശാപം ഉപകാരമായി എന്ന പഴഞ്ചൊല്ല് പ്രചരിക്കുന്നത്.
ആധുനിക കാലഘട്ടത്തിലും സാഹിത്യത്തിലും ചിത്രകലയിലും ഉർവശിയെ പല കലാകാരന്മാരും ഒരു പ്രചോദനമായി ഉൾക്കൊണ്ടിട്ടുണ്ട്.
രാഷ്ട്രകവിയായിരുന്ന രാംധാരി സിങ് ദിൻകർ ഉർവശിയെ കുറിച്ച് എഴുതിയ കവിതക്ക് 1972-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറും ഉർവശിക്കായി ഒരു കവിത എഴുതിയിട്ടുണ്ട്.[8] രാജാ രവിവർമ്മ ഉർവശിയേയും പുരൂരവസ്സിനേയും ചിത്രീകരിച്ചു കൊണ്ട് വരച്ച പ്രസിദ്ധമായ ഒരു ചിത്രവും ഉണ്ട്. വിഷ്ണു നാരായണൻ നമ്പൂതിരി മലയാളത്തിൽ ഉർവ്വശി നൃത്തം എന്ന കവിതയും എഴുതിയട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.