ഉയിർപ്പുകാലം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
പൗരസ്ത്യ സുറിയാനി ആചാരക്രമം പ്രകാരം ഉയിർപ്പ് ഞായർ മുതൽ പന്തകുസ്ത തിരുനാൾ വരെയുള്ള ഏഴ് ആഴ്ചകളാണ് ഉയിർപ്പുകാലം അഥവാ ക്യംതാക്കാലം എന്ന് അറിയപ്പെടുന്നത്[1]. ക്രൈസ്തവ മത വിശ്വാസത്തിന്റെ മർമ്മമായ യേശുവിന്റെ പുനരുൽത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും മേൽ യേശു വരിച്ച വിജയം, കുരിശ് രക്ഷയുടെയും മഹത്ത്വത്തിന്റെയും അടയാളമായി ഉയർത്തപ്പെടുന്നത്, ഈശോയുടെ ഉയിർപ്പ് നിത്യരക്ഷയുടെ അച്ചാരമായി മാറുന്നത് തുടങ്ങിയവയാണ് ഈ കാലത്തിലെ പ്രധാന ചിന്തകൾ. സകല വിശുദ്ധരുടെ ദിവസം, മാർ തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം, മാർ അദ്ദായി, മിശിഹായുടെ സ്വർഗ്ഗാരോഹണം എന്നിവയാണ് ഈ കാലഘട്ടത്തിലെ പ്രധാന തിരുനാളുകൾ. ലത്തീൻ റീത്തിലെ പെസഹാക്കാലം ഇതിനോട് ചേർന്നാണ് ആചരിക്കുന്നത്.
ആരാധനക്രമ വർഷം |
---|
റോമൻ ആചാരക്രമം |
കൽദായ ആചാരക്രമം |
|
ഉയിർപ്പുകാലം ആദ്യഞായർ അഥവാ ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ് ഉയിർപ്പുതിരുന്നാൾ അഥവാ ഈസ്റ്റർ. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ. ഈ ദിവസത്തിൽ ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസികൾ പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്നൊരാൾ പറയുമ്പോൾ 'സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു' എന്ന് മറ്റേയാൾ പ്രതിവചിക്കുമായിരുന്നു[2]. സീറോ മലബാർ സഭകയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ക്യംതാ പെരുന്നാൾ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.
ഉയിർപ്പുകാലത്തെ ആദ്യത്തെ ആഴ്ചയെ ആഴ്ചകളുടെ ആഴ്ച എന്നാണ് വിളിക്കുന്നത്. സഭാവത്സരത്തിന്റെ തന്നെ കേന്ദ്രബിന്ദുവായിട്ടാണ് ഈ ആഴ്ചയെ കണക്കാക്കുന്നത്[3].
[4]ഈസ്റ്റർ ഞായർ കഴിഞ്ഞു വരുന്ന ഞായറാഴ്ച അഥവാ ഉയിർപ്പുകാലം രണ്ടാം ഞായർ പുതുഞായർ എന്നാണ് അറിയപ്പെടുന്നത്. ആദിമസഭയിൽ പുതിയതായി ക്രൈസ്തവമതം സ്വീകരിച്ചവർക്ക് ജ്ഞാനസ്നാനം നൽകിയിരുന്നത് ഉയിർപ്പ് ഞായറാഴ്ചയായിരുന്നു. ഇവരെ പുതുക്രിസ്ത്യാനികൾ എന്നാണ് വിളിച്ചിരുന്നത്. ജ്ഞാനസ്നാനം എന്നത് ക്രൈസ്തവ വിശ്വാസപ്രകാരം പുതിയ ജീവിതത്തിന്റെ തുടക്കം ആയതിനാൽ ഉയിർപ്പു ഞായറിൽ ജ്ഞാനസ്നാനം സ്വീകരിച്ചവർക്ക് പിന്നീട് വരുന്ന ഞായർ പുതുഞായർ ആണ്.
ആഗോളക്രൈസ്തവ സഭ ഈ ദിനത്തിൽ [5][6] വി. തോമസ് ശ്ലീഹായുടെ വിശ്വാസപ്രഖ്യാപനമാണ് അനുസ്മരിക്കുന്നത്. ആയതിനാൽ മാർത്തോമാ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ദിനമാണ് പുതുഞായർ.
ഉയിർപ്പുകാലം ഒന്നാം ആഴ്ചയിലെ വെള്ളിയാഴ്ചയാണ് സീറോ മലബാർ സഭ സകലവിശുദ്ധരുടെ ദിനമായി ആചരിക്കുന്നത്. പാശ്ചാത്യ-ലത്തീൻ റീത്തിൽ ഉള്ള സഭകളാകട്ടെ നവംബർ ഒന്നാം തിയതിയാണ് സകലവിശുദ്ധരുടെ ദിനം ആചരിക്കുന്നത്.
ഉയിർപ്പുകാലം അഞ്ചാം ഞായർ ആണ് മാർ അദ്ദായിയുടെ തിരുനാൾ ദിനമായി ആചരിക്കുന്നത്. മാർ അദ്ദായി, മാർ മാരി എന്നിവർ പൗരസ്ത്യസഭയുടെ അപ്പസ്തോലന്മാർ എന്നാണ് അറിയപ്പെടുന്നത്. ക്രൈസ്തവസഭയുടെ ആരംഭകാലത്ത് റോമും പേർഷ്യയും ആയിരുന്നു പ്രധാന സാമ്രാജ്യങ്ങൾ. ഭൂമിശാസ്ത്രപരമായി പേർഷ്യ പൗരസ്ത്യരാജ്യമാണ്. ആയതിനാൽ പേർഷ്യയിൽ ക്രൈസ്തവമതം സ്ഥാപിച്ച മാർ അദ്ദായിയേയും മാർ മാരിയേയും പൗരസ്ത്യസഭയുടെ അപ്പസ്തോലന്മാർ എന്ന് വിളിച്ചു.
[7]മാർ അദ്ദായി തോമാസ് ശ്ലീഹായുടെ ശിഷ്യൻ ആണെന്നും, അതല്ല, യേശു അയച്ച എഴുപത് പേരിൽ ഒരാളാണ് എന്നും ഭാഷ്യമുണ്ട്. എദേസ്സൻ സഭയുടെ സ്ഥാപകൻ കൂടിയാണ് മാർ അദ്ദായി. ഉയിർപ്പുകാലം അഞ്ചാം ഞായർ ആണ് മാർ അദ്ദായിയുടെ തിരുനാൾ ദിനമായി ആചരിച്ചിരുന്നത് എങ്കിലും നിലവിലെ കലണ്ടർ അനുസരിച്ച് [കൈത്താക്കാലം] രണ്ടാം വെള്ളിയാഴ്ച മാർ മാരിയുടെ തിരുനാളിനൊപ്പം ആണ് മാർ അദ്ദായിയുടെ തിരുനാൾ വരുന്നത്.
ഉയിർപ്പുകാലം നാൽപ്പതാം ദിവസമാണ് യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാൽ. ഉയിർപ്പുകാലത്തിലെ ആറാം ആഴ്ചയാണ് സ്വർഗ്ഗാരോഹണം അനുസ്മരിക്കുന്നത്. തന്റെ ശിഷ്യന്മാരുടെ മുന്നിൽ വെച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്തു എന്ന ബൈബിൾ ഭാഗമാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്[8].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.