വിളവെടുപ്പുത്സവം From Wikipedia, the free encyclopedia
ദ്രാവിഡരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 13ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കൽ ആഘോഷിക്കുന്നത്. അതായത് തമിഴ് മാസമായ മാർകഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തിയതി അവസാനിക്കുന്നു. ഓരോ ദിവസങ്ങൾക്കും വ്യത്യസ്ത ചടങ്ങുകളും വിശ്വാസങ്ങളുമുണ്ട്. പ്രധാന ആഘോഷമായ തൈപ്പൊങ്കൽ മകരമാസം ഒന്നാം തിയതിയാണ് ആഘോഷിക്കുന്നത്. അതിനാൽ മകരസംക്രാന്തി എന്നും ഇതിന് പേരുണ്ട്. വേവിച്ച അരി എന്നാണ് പൊങ്കൽ എന്ന പദത്തിന്റെ അർത്ഥം. ഇത് തമിഴരുടെ ഏറ്റവും പ്രസിദ്ധപ്പെട്ട പർവമാണ്.
പൊങ്കൽ | |
---|---|
ആചരിക്കുന്നത് | തമിഴർ |
തരം | ഉത്സവം |
പ്രാധാന്യം | വിളവെടുപ്പുത്സവം,കൃഷിയുടെ ദേവനായ സൂര്യഭഗവാനോടുള്ള നന്ദിപ്രകടനം |
ആഘോഷങ്ങൾ | മധുരപലഹാരങ്ങൾ ,സമ്മാനങ്ങൾ ,ഗൃഹസന്ദർശനം |
തിയ്യതി | തമിഴ് മാസമായ തൈമാസത്തിലെ ആദ്യദിവസം |
ആഘോഷങ്ങളുടെ ആദ്യ ദിവസം അതായത് മാർഗ്ഗഴിയുടെ അവസാന ദിവസം ബോഗി (ഇംഗ്ലീഷ്: bhogi, തമിഴ്: போகி) എന്നറിയപ്പെടുന്നു. വിള നന്നാവാൻ ലഭിച്ച നല്ല കാലാവസ്ഥയ്ക്ക് സൂര്യദേവനോട് നന്ദി പറയുകയാണ് ഈ ദിവസം ചെയ്യുന്നത്. അടുത്ത വർഷത്തെ വിളവെടുപ്പ് നന്നാവണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. പഴയ സാധനങ്ങൾ തീയിലിട്ടു കത്തിക്കുന്നു. ചാണകവും തടിയുമാണ് തീ കത്തിക്കാൻ ഉപയോഗിക്കുക.
രണ്ടാം ദിവസമാണ് തൈപ്പൊങ്കൽ. അന്ന് പൂജയുണ്ടാകും. വർണ്ണാഭമായ കോലം മുറ്റത്തൊരുക്കുന്നു. അരി പാലിൽ വേവിയ്ക്കും. വീടിന് പുറത്ത് അടുപ്പു കൂട്ടിയാണ് ഇതു ചെയ്യുക. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും. പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. ഇതിനുപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക. വിവാഹം കഴിഞ്ഞ് ഒരുവർഷം തികഞ്ഞ വധുവിന്റെ വീട്ടുകാർക്ക് പൊങ്കൽപാത്രം, അരി, ശർക്കര, പുതുവസ്ത്രം എന്നിവ നല്കും.
മൂന്നാംദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. കർഷകരാണ് ഭക്തി നിർഭരം മാട്ടുപൊങ്കൽ ആഘോഷിക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പ് വരെ കന്നുകാലികളെ ഉപയോഗിക്കുന്ന തമിഴ്കുടുംബങ്ങൾ മാട്ടുപൊങ്കലിന് കന്നുകാലികളെ കുളിപ്പിച്ച് ഭസ്മവും വർണപ്പൊടികളും അണിയിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്നു. കാലികളുടെ ദീർഘായുസ്സിനും കാർഷിക വിളകളുടെ ഇടതടവില്ലാത്ത വിളവെടുപ്പിനും നല്ല കാലാവസ്ഥക്കുമായി മാട്ടുപൊങ്കലിൽ പ്രാർഥിക്കുന്നു. ഭഗവാൻ ശിവൻ തന്റെ വാഹനമായ നന്ദിയെ ശപിച്ചുവെന്നും നന്ദി ഭൂമിയിലെത്തി കർഷകരെ നിലമുഴാൻ സഹായിക്കുന്നുവെന്നുമാണ് വിശ്വാസം.
മധുര ജില്ലയിൽ മാട്ടുപൊങ്കലിനോടനുബന്ധിച്ച് മുൻകാലങ്ങളിൽ ജല്ലിക്കെട്ട് നടത്തിയിരുന്നു. എന്നാൽ നിരവിധി യുവാക്കൾക്ക് ജീവഹാനി നേരിട്ടതോടെ തമിഴ്‌നാട് സർക്കാർ ഇതിനു നിരോധനം ഏർപ്പെടുത്തി. എന്നാൽ ഹൈക്കോടതി ഉത്തരവിലൂടെ നിബന്ധനകളോടെ ഇപ്പോഴും ഇവ നടന്നുവരുന്നുണ്ട്.
നാലാം ദിവസം കാണും പൊങ്കൽ എന്ന ആഘോഷമുണ്ടാകും. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണിത്. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകും
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.