Remove ads
From Wikipedia, the free encyclopedia
സസ്യത്തിന്റെ ഏറ്റവും പ്രകടമായ ഭാഗമാണ് ഇല (ലത്തീൻ: Folium, ജർമ്മൻ: Blatt, French: Feuille, സ്പാനിഷ്, Hoja, ഇംഗ്ലീഷ്: Leaf). ഇലകളുടെ പച്ചനിറത്തിന് കാരണം അതിലെ ഹരിതകമെന്ന വസ്തുവാണ്. ഇലകളിൽ വെച്ചാണ് പ്രകാശസംശ്ലേഷണം നടക്കുന്നത്. ഇലകൾ കാണ്ഡത്തിലെ പർവ്വങ്ങളിൽ നിന്നാണ് പുറപ്പെടുന്നത്. ഓരോ ഇലയിടുക്കിലും സാധാരണയായി മുകുളങ്ങളുണ്ടായിരിക്കും. ഈ മുകുളങ്ങൾ ചില ചെടികളിൽ വളരെ ചെറുതാണ്. പുൽച്ചെടികൾ തുടങ്ങിയവയിൽ ഈ മുകുളങ്ങൾ ഇലഞെട്ടിന്റെ ചുവട്ടിലുള്ള ഒരു പോളപോലുള്ള ഭാഗംകൊണ്ട് മൂടിയിരിക്കും.
ഒരിലക്ക് സാധാരണയായി രണ്ട് ഭാഗങ്ങളുണ്ട്. ഒരു നീണ്ട തണ്ടും വിസ്തൃതമായി പരന്ന ഒരു ഭാഗവും. ഇതിൽ തണ്ടിനെ പത്രവൃന്തം എന്നും പരന്ന ഭാഗത്തെ പത്രപാളി എന്നും പറയുന്നു. പത്രവൃന്തംകൊണ്ടാണ് പത്രപാളിയെ കാണ്ഡവുമായി ഘടിപ്പിച്ചിരിക്കുന്നത്. ചിലചെടികളിൽ പത്രവൃന്തത്തിന്റെ അടിയിലായി രണ്ടു ചെറിയ ദളങ്ങൾ പോലുള്ള ഭാഗങ്ങൾ കാണുന്നു. ഇവയെ ഉപപർണ്ണങ്ങൾ എന്നു വിളിയ്ക്കുന്നു.തെച്ചി പോലുള്ള ചില ചെടികളിൽ പത്രവൃന്തം കാണപ്പെടുന്നില്ല. ഇത്തരം ഇലകളെ അവൃന്തപത്രങ്ങൾ എന്നു വിളിയ്ക്കുന്നു.([1]
പത്രപാളികളാണ് ഇലകളുടെ ഏറ്റവും പ്രധാന ഭാഗം. ഇതിനെ താങ്ങിനിർത്തുവാൻ ഒരു വ്യൂഹം സിരകളുണ്ട്. ഇവ ഇലകൾക്കകം മുഴുവൻ ജലവും ലവണവും വിതരണം ചെയ്യുന്നു. ഇലകളുടെ കോശങ്ങളിൽ നിന്നും പാകം ചെയ്യപ്പെടുന്ന ആഹാരം പുറത്തേയ്ക്ക് വഹിച്ച് കൊണ്ടുപോകുന്നതും ഈ സിരകളിലൂടെയാണ്.([2]
ആകൃതി വലിപ്പം തുടങ്ങിയ കാര്യങ്ങളിൽ ഒരേവൃക്ഷത്തിന്റെ ഇലകളിൽ തന്നെ വ്യത്യാസമുണ്ടാകാം. എല്ലാഇലകൾക്കും നേർത്തു പരന്ന് പച്ചനിറത്തിലുള്ള ലാമിന എന്നൊരു ഭാഗമുണ്ട്. ഇത് ഇലഞെട്ടു[3] (petiol--പത്രവൃന്തം) മൂലം ചെടിയുടെ തണ്ടുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ചില മാംസള സസ്യങ്ങളിൽ (succulent plats) [4]ഒരിലയ്ക്ക് ഒന്നര സെന്റീമീറ്റർ വരെ കനമുണ്ടായിരിക്കും (ഉദാ:Centure plants) ;[5] മറ്റു ചില ചെടികളിലെ ഇലകൾ തിളങ്ങുന്ന നിറങ്ങളോടുകൂടിയവ ആയിരിക്കും (ഉദാ. Poinsettia[6]--യുടെ തളിരിനോടടുത്ത ഇലകൾ ; കള്ളിച്ചെടികളിൽ കാണുന്നതുപോലെ രൂപമെടുത്താലുടൻ കൊഴിഞ്ഞുപോകുന്ന ഇലകളും (transitory) വിരളമല്ല. ഇത്തരം ചെടികളിൽ പച്ച തണ്ടുകളാണ് ഭക്ഷണം പാകംചെയ്യുന്ന ജോലി നിർവഹിക്കുന്നത്. പത്രവൃന്തങ്ങളും ഇലയുടെ ലാമിനയുംതമ്മിൽ ബന്ധിച്ചിരിക്കുന്ന വിധത്തിലും, ഇലകൾ തണ്ടുമായി ചേരുന്ന രീതിയിലും ലമിനയുടെ അഗ്രഭാഗം, അടിഭാഗം, വക്കുകൾ, സിരാപടലം എന്നിവയുടെ ഘടനയിലും എല്ലാം ഒന്ന് മറ്റൊന്നിൽ നിന്നും വ്യത്യസ്തമായിരിക്കും.
ഇലകൾ കാണ്ഡത്തിന്റെ ഒരു ഭാഗമായതിനാൽ ജലസംവഹനത്തിനുള്ള ഖരവ്യൂഹം (xylem) കുഴലുകളും പദാർഥസംവഹനത്തിനുള്ള മൃദുവ്യൂഹം (phloem) കുഴലുകളും ചിത്രത്തിൽ കാണാം. മിക്ക ഇലകളുടേയും പുറത്ത് പല ഉപയോഗത്തിനുമുള്ള ചെറിയ രോമ (trichomes) (small hairs) മുകുളങ്ങളും കാണാം.
ഇല ഉണ്ടാക്കപ്പെട്ടിരിക്കുന്നത് കോശങ്ങളുടെ ഒരു കൂട്ടമായിട്ടാണ്. ചെടിയുടെ ഒരു അവയവം പോലെയാണിത്. ചെടികളിൽ കാണപ്പെടുന്ന പ്രധാന കലകൾ താഴെപറയുന്നവയാണ് .
മുകളിൽ കൊടുത്തിരിക്കുന്ന മൂന്ന് കോശജാലങ്ങളാണ് ഒരു ഇലയുടെ സാധാരണ വർഗലക്ഷണമായി കണക്കാക്കാവുന്നത്,
(സിരാവ്യൂഹം) ജന്തുജാലങ്ങളിലെ രക്തധമനികൾക്കു സമാനമായി ഇലകളുടെ പച്ച നിറത്തിലുള്ള പരന്ന ഭാഗമായ ലാമിനയിൽ നേർത്ത ഞരമ്പുകൾ കാണാം. .ഇവയെ മൊത്തത്തിൽ സിരാവ്യൂഹം എന്നു പറയുന്നു. സിരാപടലങ്ങൾ ഒരോ സസ്യങ്ങളിലും വ്യത്യസ്തമായിട്ടാണ് കാണുക.പ്രധാനമായും രണ്ടു തരം സിരാവ്യൂഹങ്ങളാണുള്ളത്.സമാന്തരസിരാവിന്യാസവും ജാലികാസിരാവിന്യാസവും. പ്രധാന സിരയും മറ്റു സിരകളും എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിനെ ആശ്രയിച്ച് ഇലകളെ വിവിധങ്ങളായി തരംതിരിക്കാറുണ്ട്.ജാലികാരൂപത്തിലും , സമാന്തരവ്യൂഹത്തിലും വ്യത്യസ്തങ്ങളായ ഇല വൈവിധ്യമുണ്ട്.
സമാന്തരവ്യൂഹം : (parallel venation)-സമാന്തരമായി പോകുന്ന സിരകൾ ഇലയുടെ അഗ്രഭാഗംവരെ എത്തുന്നു.ഏക ബീജ പത്ര (Monocot)സസ്യങ്ങളിലാണിത് കാണപ്പെടുന്നത്. സമാന്തരസിരാവിന്യാസമുള്ള ഇലകളിൽ പ്രധാന സിരകളെല്ലാം ഇലയുടെ അടിമുതൽ അഗ്രം വരെ സമാന്തരമായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണം പുൽച്ചെടികൾ, മുള. എന്നാൽ വാഴ തുടങ്ങിയ ചില സസ്യങ്ങളിൽ ഇലയിൽ സിരകൾ ഒരു പ്രധാന മധ്യ സിരയിൽനിന്നു ലംബമായി വശങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇതിലും സിരകളുടെ ക്രമീകരണം സമാന്തരരീതിയിലാണ്.തെങ്ങോല,പനയോല, വാഴയില തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.vazhayilapanayola
വലയുടെ ആകൃതിയിൽ സിരകൾ കാണപ്പെടുന്ന "ജാലികാരൂപി"(reticulate venation).ഇവ ദ്വിബീജ പത്ര (Dicot)വൃക്ഷങ്ങളിലും സസ്യങ്ങളിലും മാത്രം കാണപ്പെടുന്നു. ജാലികാസിരാവിന്യാസമുള്ള ഇലകളിൽ സിരകൾ ശാഖോപശാഖകളായി പിരിഞ്ഞ് വലക്കണ്ണികൾ പോലെ വ്യാപിച്ചിരിക്കുന്നു. ഇവയിൽ മിക്കവയിലും ഒരു പ്രധാന മധ്യ സിരയുണ്ട്. ഇതിൽനിന്നാണ് മറ്റെല്ലാ സിരകളും പുറപ്പെടുന്നത്. മാവ്, ആൽ, പ്ലാവ് തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ഇലകൾ ആകൃതിയിലും വലിപ്പത്തിലും വളരെ വിഭിന്നങ്ങളാണ്. മിക്ക ഇലകളിലും ഒരു പത്രപാളി മാത്രമേ കാണുകയുള്ളൂ. ചില ഇലകളിൽ ഈ പത്രപാളി അനേകം ഭാഗങ്ങളായി കീറപ്പെട്ടിരിക്കുന്നു. ഇങ്ങനെ കീറപ്പെട്ടിരിക്കുന്ന ഒരു പത്രപാളി മാത്രമേ ഇലയ്ക്കുള്ളൂ എങ്കിൽ ഇത്തരം ഇലകളെ ലഘു പത്രങ്ങളെന്നു പറയുന്നു. പത്രവൃന്തം ചെടിയുടെ തണ്ടുമായി യോജിക്കുന്നിടത്തു ഒരു ചെറിയ മുകുളം കാണപ്പെടുന്നതാണ് ലഘുപത്രത്തിന്റെ സവിശേഷത. ചെമ്പരത്തി, ഓക്ക്, ലൈലാക്ക്, മത്ത,പ്ലാവ്, മരച്ചീനി എന്നിവ ഉദാഹരണങ്ങളാണ്.
എന്നാൽ ചില ചെടികളിൽ പത്രപാളി അനേകം ചെറുഘടകങ്ങളായി പൂർണ്ണമായും വിഭജിക്കപ്പെട്ടിരിക്കുന്നു. ഈ ഓരോന്നിനും പ്രത്യേകം ഞെട്ടുണ്ടാകും. അവയെ പരസ്പരം കേടുകൂടാതെ വേർപെടുത്താൻ കഴിയും. ഈ ഓരോ ചെറു ഘടകങ്ങളെയും പത്രകം എന്ന് പറയും. ഇത്തരം പത്രകങ്ങളായി ഭാഗിക്കപ്പെടുന്ന ചെടിയെ പത്രകം എന്ന് വിളിയ്ക്കുന്നു. പത്രകങ്ങളുടെ ക്രമീകരണരീതി അനുസരിച്ച് ബഹുപത്രകങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു. ചില ബഹുപത്രങ്ങളിൽ പത്രകങ്ങൾ പുറപ്പെട്ടിരിക്കുന്നത് പത്രവൃന്തത്തിന്റെ അഗ്രത്തിലുള്ള ഒരു ഭാഗത്തുനിന്നുമാണ്. ഇത്തരം ബഹുപത്രങ്ങളെ ഹസ്തകബഹുപത്രങ്ങൾ (Palmately Compound Leaf) എന്നു പറയുന്നു.മുള്ളിലവ്, പരുത്തി, കാട്ടുകടുക് എന്നിവയുടെ ഇലകൾ ഇത്തരം ബഹുപത്രങ്ങളാണ്. എന്നാൽ മറ്റുചില ബഹുപത്രങ്ങളിൽ പത്രകങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് ഒരു പ്രധാന മധ്യ അക്ഷത്തിന് ഇരുവശങ്ങളിലായി ഓരോ വരിയായിട്ടാണ്. ഇത്തരം ബഹുപത്രങ്ങളെ പിഛ്ചക ബഹുപത്രം എന്നു പറയുന്നു. ഉദാഹരണം: വേപ്പ്, ശീമക്കൊന്ന, പുളി.
ഒരു സസ്യത്തിൽ സൂര്യപ്രകാശം കൂടുതൽ ഏൽക്കത്തവിധത്തിലാണ് കാണ്ഡത്തിൽ ഇലകൾ ക്രമീകരിച്ചിരിക്കുന്നത്. ഇലകളുടെ ഈ ക്രമീകരണത്തിന് പത്രവിന്യാസം( phyllotaxis) എന്നു പറയുന്നു. പത്രവിന്യാസത്തിലെ മുഖ്യവൈവിദ്ധ്യങ്ങൾ ഇവയാണു്:
ഒരു പർവ്വത്തിൽനിന്നും ഒരില പുറപ്പെട്ട് ഒന്നിടവിട്ട പർവ്വങ്ങളിലെ ഇലകൾ ഒരേ കോണിലും ഇടയ്ക്കുള്ളവ അതിന്റെ എതിർവശത്തുമായി വരത്തക്ക രീതിയിൽ ഇടവിട്ടിടവിട്ട് ഇലകൾ ക്രമീകരിച്ചിരിക്കുന്നതിനെ ഏകാന്തരന്യാസം (alternate or spiral phyllotaxis)എന്ന് പറയുന്നു.
ചെമ്പരത്തി, മാവ്, പ്ലാവ് തുടങ്ങിയ സസ്യങ്ങൾ ഏകാന്തരന്യാസത്തിന്റെ ഉദാഹരണങ്ങളാണ്.
ചില ചെടികളിൽ ഒരു പർവത്തിൽനിന്നും രണ്ടിലകൾ വിപരീത വശങ്ങളിലേക്കു പുറപ്പെട്ടിരിക്കുന്നു. (opposite phyllotaxis)
ഇത്തരം ചെടികളിൽ, ഒരു പർവത്തിലെ ഇലകൾ അടുത്ത പർവ്വത്തിലേ ഇലകൾക്ക് നേരെ മുകളിൽ വരാത്തവിധം അവ പരസ്പരം ലംബമായാണു് ക്രമീകരിച്ചിരിക്കുന്നതെങ്കിൽ അതിനെ അഭിന്യാസം( decussate)എന്ന് പറയുന്നു.
തെച്ചി, കാപ്പിച്ചെടി, തുടങ്ങിയവയിൽ കാണപ്പെടുന്നത് അഭിന്യാസമാണ്.
അപൂർവ്വം ചില ചെടികളിൽ ഒരു പർവ്വത്തിൽ നിന്ന് രണ്ടിലേറേ ഇലകൾ പുറപ്പെട്ടിരിക്കുന്നതു കാണാം. അരളിൽ മൂന്നും പാലയിൽ അഞ്ചോ അതിലധികമോ ഇലകൾ അടുത്ത പർവത്തിലെ ഇലകൾക്ക് നേരെ മുകളിൽ വരാത്തരീതിയിലാണ് ക്രമീകരണം. ഒരു പർവ്വത്തിലെ ഇലകൾക്കിടയിലുള്ള സ്ഥാനത്തിനു നേർക്കായിരിക്കാം അടുത്ത പർവത്തിനുള്ളിലെ ഇലകൾ വളർന്നിരിക്കുന്നത്. ഇത്തരം പത്രവിന്യാസങ്ങളെ വർത്തുളന്യാസം(whorled phyllotaxis) എന്ന് പറയുന്നു.
ചെടികളിൽ നിന്നും കുറേ ജലം ഇലകളിലെ ആസ്യരന്ധ്രങ്ങൾ (stomata) എന്നറിയപ്പെടുന്ന സുഷിരങ്ങളിലൂടെ ആവിയായി പോകുന്നു. ഈ പ്രവർത്തനമാണ് സസ്യസ്വേദനം.
വിവിധതരത്തിലുള്ള സാഹചര്യമനുസരിച്ച് പലതരത്തിലുള്ള അനുകൂലനങ്ങൾ ഇലകളിൽ കണ്ടുവരുന്നുണ്ട്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.